ചന്ദനനിറത്തിൽ തിളങ്ങി ഗണപതി ക്ഷേത്രം; ഇത് പുണെയിലെ ദഗുഡുശേട്ട്
‘പുറത്തു പോകുന്നുണ്ടോ അതോ ഉറക്കമാണോ ഇന്നത്തെ പരിപാടി?’
വാതിലില്‍ മുട്ടിവിളിക്കുന്ന ശബ്ദം കേട്ടാണ് ഉണരുന്നത്.
‘അയ്യോ, അല്ല. ഞാന്‍ പുറത്ത് പോകുവാ..’ അപര്‍ണ്ണച്ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട് വാച്ചിലേക്ക് നോക്കി. സമയം ഒമ്പത് കഴിഞ്ഞു. പ്രഭാതഭക്ഷണം കഴിച്ച് ചേച്ചി തന്ന സ്ഥലങ്ങളുടെ ലിസ്റ്റുമായി ശ്രീജിത്ത് ചേട്ടന്റെ ബുള്ളറ്റുമായി പുണെ നഗരത്തിന്റെ ഹൃദയത്തുടിപ്പുകളിലേക്കിറങ്ങി. ബുധുവാര്‍ പേട്ടിലേക്കാണ് സഞ്ചാരം. പുണെയിലെ റെഡ് സ്ട്രീറ്റാണ് ബുധുവാര്‍ പേട്ട്. 5000 ൽപരം പേരാണ് ഇവിടെ ലൈംഗിക തൊഴിലിലുള്ളത്. ഇന്ത്യയിലെ റെഡ് സ്ട്രീറ്റുകളില്‍ മൂന്നാം സ്ഥാനമാണ് ബുധുവാര്‍ പേട്ടിനുള്ളത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന വലിയ മാര്‍ക്കറ്റും കൂടിയാണ് ബുധുവാര്‍ പേട്ട്. എറണാകുളത്തെ ബ്രോഡ് വേയും കോഴിക്കോട്ടെ മിഠായിതെരുവും പോലെ തിരക്കുള്ള മാര്‍ക്കറ്റ്.. ചെറിയ വഴികളും അതിലേ സര്‍ക്കസ് അഭ്യാസികളെ പോലെ വാഹനം ഓടിക്കുന്നവരുമുള്ള സ്ഥലം. ഞാനും എങ്ങനെയോ അതിനുള്ളിലുടെ ബുള്ളറ്റ് ഓടിച്ച് ബുധുവാര്‍ പേട്ടിലെത്തി.
രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അപര്‍ണ്ണച്ചേച്ചി പറഞ്ഞിരുന്നു, വഴി ചോദിക്കുമ്പോള്‍ ബുധുവാര്‍ പേട്ട് എന്ന് ചോദിക്കരുത്. കാരണം ആളുകള്‍ തെറ്റിദ്ധരിക്കുകയും നിങ്ങളെ റെഡ് സ്ട്രീറ്റില്‍ എത്തിക്കുകയും ചെയ്യുമെന്ന്. എനിക്ക് കാണേണ്ട സ്ഥലം റെഡ്‌സ്ട്രീറ്റ് അല്ലായിരുന്നു. അതിനുള്ളില്‍ ശിവാജി റോഡില്‍ സ്ഥിതി ചെയ്യുന്ന ദഗുഡുശേട്ട് ഹല്‍വായ് ഗണപതി ക്ഷേത്രമായിരുന്നു. മാര്‍ക്കറ്റിലെ തിരക്കു കാരണം ദഗുഡുശേട്ട് ക്ഷേത്രത്തിന് അര കിലോമീറ്റര്‍ മാറി ബൈക്ക് പാര്‍ക്ക് ചെയ്തു. ക്ഷേത്രത്തിലേക്ക് നടക്കുന്നിടെ, റെഡ്‌സ്ട്രീറ്റാണ് ഇത് എന്ന കാര്യം മറന്നു പോയി. വഴിയില്‍ കാണുന്ന സുന്ദരികളായ യുവതികളുടെ സൗന്ദര്യം ആസ്വദിച്ച് നടന്നു. മാര്‍ക്കറ്റിനുള്ളില്‍ത്തന്നെ വഴിയോടു ചേര്‍ന്നാണ് ദഗുഡുശേട്ട് ക്ഷേത്രം. മഹാരാഷ്ട്രയിലെ പ്രശസ്തമായ ക്ഷേത്രം കൂടിയാണിത്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.
ഇവിടെ നടക്കുന്ന പത്തു ദിവസത്തെ ഗണേശ ഉത്സവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പങ്കെടുക്കാറുണ്ട്. ഒരുകോടി രൂപയ്ക്കാണ് ഗണപതിയുടെ വിഗ്രഹം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. മതില്‍ക്കെട്ടുകള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങിയിരിക്കുന്നതുപോലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. മുന്നിലെ ചെറിയ കവാടം ചില്ലിട്ടിരിക്കുകയാണ്. വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗണപതിയെ കാണുന്നതിനും പ്രാര്‍ഥിക്കുന്നതിനുമുള്ള സൗകര്യാര്‍ഥമാണ് ഇത്.
സൈഡിലൂടെയുള്ള വഴിയില്‍ ചെരുപ്പുകളും അതിന്റെ പുറകില്‍ ബാഗുകളും സൂക്ഷിക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെ ഞാന്‍ ഷൂവും ബാഗും കൊടുത്ത ശേഷം സെക്യൂരിറ്റി ചെക്കിനായി ക്യൂവില്‍ നിന്നു. വെള്ള നിറത്തിലും ചന്ദനനിറത്തിലും തീര്‍ത്ത കൊത്തുപണികള്‍. കൊത്തുപണികള്‍ ഇല്ലാത്ത ഒരിഞ്ച് സ്ഥലം പോലും ഇല്ല ഈ ക്ഷേത്രത്തില്‍. ചന്ദനനിറമുള്ള മതില്‍ വരെ കൊത്തുപണിയാല്‍ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിനു മുകളിലായി ശിവന്റെയും പാര്‍വതിയുടെയും മടിയില്‍ ഇരിക്കുന്ന ഗണപതിയുടെ പ്രതിമയുണ്ട്.
ദഗുഡുശേട്ട് ക്ഷേത്രം കണ്ടാല്‍ തന്നെ ചന്ദനവാസന അനുഭവിക്കാം. അത്ര മനോഹരമാണ് അതിന്റെ കൊത്തുപണികളും ചന്ദനനിറ പെയ്ന്റിങ്ങും. കർണാടകയില്‍ നിന്ന് പുണെയിലേക്ക് കുടിയേറിപ്പാര്‍ത്ത ദഗുഡുശേട്ട് ഹല്‍വായ് എന്ന മധുരപലഹാരവ്യാപാരിയാണ് ഈ ഗണപതി വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. ദഗുഡുശേട്ടിന്റെ ഏകമകന്‍ പ്ലേഗ് പിടിപെട്ട് മരിച്ചു. ദുഃഖിതരായ ദഗുഡുശേട്ട് ദമ്പതികളോട് ഗുരുജിയായ മാധവനാഥ് ഗണപതിയുടെ പ്രതിഷ്ഠ ഉണ്ടാക്കി സ്വന്തം മകനെപ്പോലെ സംരക്ഷിക്കാന്‍ പറഞ്ഞു. അതെന്തിനാണെന്ന് ചോദിച്ച ദഗുഡുശേട്ടിനോട് ഗുരുജി പറഞ്ഞുവത്രേ, ഇത് മകനെപ്പോലെ നിങ്ങളെ സംരക്ഷിക്കുകയും മക്കള്‍ പ്രശസ്തരാകുമ്പോള്‍ മാതാപിതാക്കള്‍ക്കും ആ പ്രശസ്തി കിട്ടുന്നതുപോലെ നിങ്ങള്‍ക്കും പ്രശസ്തി കിട്ടുകയും ചെയ്യുമെന്ന്. കാക ഹാല്‍വായ് എന്ന പേരില്‍ പുണെയില്‍ ഇന്നും ദഗുഡുശേട്ടിന്റെ മധുരപലഹാര കടയുണ്ട്. ഇന്ന് ക്ഷേത്രം നോക്കുന്നത് ഹല്‍വായ് ഗണപതി ട്രസ്റ്റാണ്. ഓള്‍ഡ്ഏജ് ഹോം, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസം, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ട്രസ്റ്റ് നടത്തുന്നു.
സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്ത് പ്രവേശിച്ചു വെള്ളിയില്‍ കൊത്തിയ ചുവരുകള്‍, ഗണേശമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് തറയില്‍ ഇരിക്കുന്ന വിശ്വാസികള്‍. സ്വര്‍ണ്ണത്തില്‍ കുളിച്ചിരിക്കുന്ന ഭീമന്‍ ഗണേശ വിഗ്രഹം. വിഗ്രഹത്തിന് പിന്നിലെ ഭിത്തിയും സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. മറ്റു ഗണേശ വിഗ്രഹങ്ങള്‍ പോലെയല്ല, അതിമനോഹരമാണ് തുമ്പിക്കൈ കൊമ്പില്‍ ചുറ്റി ഇരിക്കുന്ന വെളുത്ത് സുന്ദരനായ ഗണപതി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലത മങ്കേഷ്‌ക്കര്‍ തുടങ്ങിയ പ്രമുഖര്‍ സമ്മാനിച്ചതാണ് ഇവിടുത്തെ സ്വര്‍ം എന്ന് പറയപ്പെടുന്നു. വിശ്വാസികള്‍ കൊടുക്കുന്ന തേങ്ങയും പൂമാലയും പൂജാരികള്‍ വാങ്ങി തേങ്ങ ഉടച്ച് തിരിച്ച് നല്‍കുന്നു. അധികം നേരം നില്‍ക്കാനോ ചിത്രങ്ങള്‍ പകര്‍ത്താനോ സമ്മതിക്കില്ല. അതുകൊണ്ട് പെട്ടെന്നു തന്നെ പുറത്തിറങ്ങി. സഞ്ചാരികളുടെയും വിശ്വാസികളുടെയും തിരക്കാണ് ക്ഷേത്രത്തിന് അകത്തും പുറത്തും. ക്ഷേത്രത്തിന് പുറത്തുനിന്ന് ഗണപതിയെ ക്യാമറയില്‍ പകര്‍ത്തി അടുത്ത സ്ഥലം ലക്ഷ്യമാക്കി ബൈക്കിനടുത്തേക്ക് നടന്നു.
English Summary: Budhwar Peth Pune Travel