കൊടുംമഞ്ഞിൽ, റോത്തങ് പാസിൽ രണ്ടര വയസ്സുകാരനും അമ്മൂമ്മയും
13,000 അടി ഉയരെ, കൊടുംമഞ്ഞ് മൂടിയ റോത്തങ് പാസിലേക്കു യാത്ര പ്ലാൻ ചെയ്യുമ്പോൾ പലരോടും ഈ ചോദ്യോത്തരവേള ആവർത്തിക്കേണ്ടി വന്നിരുന്നു. പക്ഷേ, ആസൂത്രണവും കരുതലും ഒപ്പം പ്രകൃതിയുടെ തുണയും കൂടിയായപ്പോൾ ലഭിച്ചത് അവിസ്മരണീയ യാത്രാനുഭവം. രണ്ടരയടിയിലേറെ കനത്തിൽ മഞ്ഞുമൂടിയ റോത്തങ്പാസിൽ ഞങ്ങളെത്തുമ്പോൾ നട്ടുച്ചനേരത്തും താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്....
13,000 അടി ഉയരെ, കൊടുംമഞ്ഞ് മൂടിയ റോത്തങ് പാസിലേക്കു യാത്ര പ്ലാൻ ചെയ്യുമ്പോൾ പലരോടും ഈ ചോദ്യോത്തരവേള ആവർത്തിക്കേണ്ടി വന്നിരുന്നു. പക്ഷേ, ആസൂത്രണവും കരുതലും ഒപ്പം പ്രകൃതിയുടെ തുണയും കൂടിയായപ്പോൾ ലഭിച്ചത് അവിസ്മരണീയ യാത്രാനുഭവം. രണ്ടരയടിയിലേറെ കനത്തിൽ മഞ്ഞുമൂടിയ റോത്തങ്പാസിൽ ഞങ്ങളെത്തുമ്പോൾ നട്ടുച്ചനേരത്തും താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്....
13,000 അടി ഉയരെ, കൊടുംമഞ്ഞ് മൂടിയ റോത്തങ് പാസിലേക്കു യാത്ര പ്ലാൻ ചെയ്യുമ്പോൾ പലരോടും ഈ ചോദ്യോത്തരവേള ആവർത്തിക്കേണ്ടി വന്നിരുന്നു. പക്ഷേ, ആസൂത്രണവും കരുതലും ഒപ്പം പ്രകൃതിയുടെ തുണയും കൂടിയായപ്പോൾ ലഭിച്ചത് അവിസ്മരണീയ യാത്രാനുഭവം. രണ്ടരയടിയിലേറെ കനത്തിൽ മഞ്ഞുമൂടിയ റോത്തങ്പാസിൽ ഞങ്ങളെത്തുമ്പോൾ നട്ടുച്ചനേരത്തും താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്....
? എവിടേക്കാ യാത്ര?
– ഒന്നു റോത്തങ് പാസ് വരെ..
? ആഹാ. കൂട്ടുകാരെയും കൂട്ടി ട്രിപ്പടിയാണല്ലേ..
– അല്ല. ഭാര്യയും കുഞ്ഞും അമ്മയുമൊക്കെയുണ്ട്..
? അയ്യോ. അത് വലിയ റിസ്ക് അല്ലേ..
– അത് പോയി നോക്കിയാലല്ലേ അറിയാൻ പറ്റൂ..
13,000 അടി ഉയരെ, കൊടുംമഞ്ഞ് മൂടിയ റോത്തങ് പാസിലേക്കു യാത്ര പ്ലാൻ ചെയ്യുമ്പോൾ പലരോടും ഈ ചോദ്യോത്തരവേള ആവർത്തിക്കേണ്ടി വന്നിരുന്നു. പക്ഷേ, ആസൂത്രണവും കരുതലും ഒപ്പം പ്രകൃതിയുടെ തുണയും കൂടിയായപ്പോൾ ലഭിച്ചത് അവിസ്മരണീയ യാത്രാനുഭവം. രണ്ടരയടിയിലേറെ കനത്തിൽ മഞ്ഞുമൂടിയ റോത്തങ്പാസിൽ ഞങ്ങളെത്തുമ്പോൾ നട്ടുച്ചനേരത്തും താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്. രണ്ടര വയസ്സുകാരൻ പേരക്കുട്ടിയും 57കാരിയായ അമ്മൂമ്മയുമടക്കം യാത്രാസംഘത്തിലുണ്ടായിരുന്ന 5 പേരും അപൂർവ യാത്രാനുഭവത്തിൽ മതിമറന്നു. കനത്ത മഞ്ഞുവീഴ്ച മൂലം അടൽ ടണൽ അടച്ചതോടെ കീലോങ്ങിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു എന്നതുമാത്രം ഏക സങ്കടം.
∙ കരുതലോടെ ഒരുക്കം
എന്റെ രണ്ടര വയസ്സുകാരൻ മകൻ ഋതുവും അവന്റെ 57 വയസ്സുകാരി അമ്മൂമ്മ ഗീതയും റോത്തങ്ങിലെ കൊടുംതണുപ്പിനെ എങ്ങനെ നേരിടുമെന്നതായിരുന്നു മനാലി യാത്രയുടെ പ്ലാനിങ്ങിൽ ആദ്യം നേരിട്ട പ്രതിസന്ധി. യാത്രയുടെ സകലകാര്യങ്ങളും ആസൂത്രണം ചെയ്തുതന്ന പ്രിയസുഹൃത്തും പ്രമുഖ പർവതാരോഹകനുമായ പ്രീതം മേനോൻ ആണ് ഇക്കാര്യത്തിലും തുണച്ചത്.
അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും പ്രായവും ആരോഗ്യവും പരിഗണിച്ച് വിന്റർ ക്ലോത്ത്സ് (തണുപ്പ് ചെറുക്കാനുള്ള വസ്ത്രങ്ങൾ) തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്ത്. തെർമൽ, സ്വെറ്റർ, ജാക്കറ്റ്, വൂളൻ സോക്സ്, ഹൈക്കിങ് ഷൂസ്, ഡബിൾ ലെയർ ക്യാപ്, ഗ്ലൗസ് എന്നിവ ഗുണനിലവാരം ഉറപ്പാക്കി വാങ്ങിവച്ചു. ഇരുവരുടെയും ഡോക്ടർമാരുടെ അഭിപ്രായം തേടി. നേരിട്ടേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ സംഭരിച്ചു. യാത്രാപാതയിൽ തടസമുണ്ടായാലോ എവിടെങ്കിലും കുടുങ്ങിയാലോ അതിജീവിക്കാൻ പാകത്തിനു ഡ്രൈ ഫൂഡ്സ് തയാറാക്കി.
∙ കുള്ളുവിലെ കുളിരിൽ
വിമാനമാർഗം ഡൽഹിയിലെത്തി റോഡ് മാർഗം 550 കിലോമീറ്റർ താണ്ടി മനാലി എത്തുന്നവിധമാണു മിക്കവരും ഹിമാചൽ യാത്ര തിരഞ്ഞെടുക്കാറുള്ളതെങ്കിലും ചണ്ഡീഗഡ് വഴിയായിരുന്നു ഞങ്ങളുടെ യാത്ര. ചണ്ഡീഗഡിൽ നിന്നാണെങ്കിൽ മനാലിയിലേക്കുള്ള റോഡ് യാത്ര 305 കിലോമീറ്ററായി കുറയുമെന്നതായിരുന്നു കാരണം. 15 മണിക്കൂറിനു പകരം 10 മണിക്കൂറായി യാത്രാസമയവും കുറഞ്ഞുകിട്ടി. ഒന്നാംദിനം രാത്രി 12.30ന് ഞങ്ങൾ ചണ്ഡീഗഡ് എയർപോർട്ടിനു പുറത്തെത്തുമ്പോൾ ഡ്രൈവർ ഹർജീന്ദർ സിങ് ഇന്നോവയുമായെത്തി. ഛത്തിസ്ഗഡ് അതിർത്തി നഗരമായ ബിലാസ്പൂർ വരെ ആയിരുന്നു ആദ്യഘട്ടം. നിലമ്പൂർ നാടുകാണിച്ചുരത്തിലൂടെ ഗൂഢല്ലൂർ വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് ഓർമ വന്നത്.
ഉറക്കത്തെ പായിക്കാൻ ഓരോ 50 കിലോമീറ്ററിലും ഹർജീന്ദർ വണ്ടി നിർത്തി. ധാബകളിൽ നിന്നു മസാലച്ചായ കുടിച്ചു. ശ്രദ്ധയോടെ വേഗം കുറയാതെ വണ്ടിയോടിച്ചു. ഹിമാചൽ അതിർത്തിയിലെ സുന്ദർ നഗറിലേക്കു കടന്നപ്പോൾ വണ്ടിയിലെ ഹീറ്റർ മതിയാകില്ലെന്നു തോന്നിപ്പോയി. അത്ര മാത്രമായിരുന്നു പുറത്തെ തണുപ്പ്. നേരം പുലരാറായപ്പോൾ വണ്ടി മനാലി റോഡിലെ ചെങ്കുത്തായ പർവത പ്രദേശങ്ങളിലെത്തി. പാറ തുരന്നുണ്ടാക്കിയ റോഡുകളിൽ പലയിടത്തായി തുരങ്കങ്ങൾ. തലയ്ക്കു മീതെ പതിച്ചേക്കുമെന്ന മട്ടിലുള്ള പാറകളാണ് ഒരു വശത്തെങ്കിൽ മറുവശത്ത് നൂറുകണക്കിന് അടിതാഴ്ചയിൽ തല്ലിയൊഴുകുന്ന ബിയാസ് നദി. ജ്യോഗ്രഫി പാഠപുസ്തകത്തിൽ കണ്ടുമറന്ന നദീനാമങ്ങൾ വീണ്ടും ഓർമവന്നു. കുളുവിലെത്തിയപ്പോൾ നേരംവെളുത്തു. ഡ്രൈവർ ഹർജീന്ദർ ഓർമിപ്പിച്ചു, ‘കുളു എന്നല്ല, ഉച്ചാരണം കുള്ളു എന്നാണ്..’ കുളു ആയാലും കുള്ളു ആയാലും കുളിരിനു കുറവുണ്ടായില്ല.
∙ കാണാൻ കൊതിച്ച മണാലി
കുള്ളുവിൽ നിന്നു മനാലിയിലേക്ക് ഓരോ കിലോമീറ്ററും എണ്ണിയായിരുന്നു യാത്ര. കാരണം, അത്രത്തോളം എല്ലാവരും ക്ഷീണിച്ചിരുന്നു. തണുത്തുറഞ്ഞ മലനിരകളാല്‍ ചുറ്റപ്പെട്ട മനാലിയിലെത്തുമ്പോൾ രാവിലെ 10.30 ആയി. ആശാപുരി എന്ന വൃത്തിയും ഭംഗിയുമുളള ഹോട്ടലിൽ ഞങ്ങളെയിറക്കി യാത്രാക്കൂലിയും വാങ്ങി കൈകൂപ്പി ഹർജീന്ദർ ക്ഷീണിച്ചവശനായി യാത്രപറഞ്ഞുപോയി. യാത്രയിലുടനീളം ഹർജീന്ദർ ഒരുപോള കണ്ണടച്ചിരുന്നില്ല. സത്യത്തിൽ ഞങ്ങളും ഉറങ്ങിയിരുന്നില്ല. കാരണം, 10 മണിക്കൂർ യാത്രയിലുടനീളം വണ്ടിയിൽ ഹർജീന്ദർ ഉച്ചത്തിൽ പ്ലേ ചെയ്തത് ചില സിക്ക് ഭക്തിഗാനങ്ങളാണ്.
ഉറക്കം അകറ്റാനുള്ള മാർഗമായിരുന്നു അത്. ഒരുപാട്ട് ഇരുപതും മുപ്പതും തവണ കേട്ട് വരികൾ എല്ലാവർക്കും കാണാപ്പാഠമായി. മനാലിയിലെത്തുമ്പോഴേക്കും സിക്ക് മതത്തിൽ ചേർന്നാലോ എന്ന മാനസികാവസ്ഥയിലായി താനെന്നു തമാശ പൊട്ടിച്ചത് എന്റെ ഭാര്യ ലക്ഷ്മിയുടെ സഹോദരി പാർവതിയാണ്. പക്ഷേ, ഞങ്ങളുടെ യാത്രാക്ഷീണമൊക്കെ മഞ്ഞുകൊണ്ടു മൂടാൻ പാകത്തിനു കാത്തുനിൽക്കുകയായിരുന്നു മനാലി. ശൈത്യകാലത്തിന്റെ വരവ് അറിയിച്ചു മലകളെല്ലാം മഞ്ഞിൽമൂടിയിരുന്നു.
∙ പ്രിയപ്പെട്ട റോത്തങ്പാസ്
യാത്രാക്ഷീണമൊക്കെ തീർത്ത് ആദ്യദിവസത്തെ കറക്കത്തിനായി റൂം വിട്ട് എല്ലാവരും പുറത്തെത്തുമ്പോൾ സമയം ഉച്ചയ്ക്കു 2 മണി പിന്നിട്ടിരുന്നു. പ്രശസ്തമായ ഹഡിംബ ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം, ജോഗിനി വെള്ളച്ചാട്ടം തുടങ്ങിയവ കണ്ട് വൈകിട്ടു തിരിച്ചെത്തി എല്ലാവരും നന്നായി വിശ്രമിച്ചു. കാരണം, പിറ്റേന്നാണ് റോത്തങ്ങിലേക്കുള്ള യാത്ര. രണ്ടാം ദിവസം രാവിലെ 9 മണിക്കു തന്നെ ഹോട്ടലിൽ നിന്നു പുറപ്പെട്ടു. പർവത പാതകളിലെ മൈക്കൽ ഷൂമാക്കറെന്ന മട്ടിൽ ഡ്രൈവർ പവൻ കപൂർ ആത്മവിശ്വാസത്തോടെ വണ്ടിയോടിച്ചു. മനാലിയിൽ നിന്നു 51 കിലോമീറ്ററാണ് റോത്തങ് പാസിലേക്കുള്ള ദൂരം. ഈ യാത്രയത്രയും ദുർഘട പർവതമേഖലകളിലൂടെയാണ്. റോഡ് നല്ലതാണെന്നത് ആശ്വാസമായി. ഞങ്ങൾ ധരിച്ചിരുന്ന വിന്റർ ക്ലോത്ത്സിനു പുറമെ മഞ്ഞിൽ കളിക്കാൻ പാകത്തിന് വിന്റർ ജംപ് സ്യൂട്ടുകൾ വാടകയ്ക്കെടുത്തിരുന്നു.
ശൈത്യകാലത്തിനു തുടക്കമായതിനാൽ റോത്തങ് പാസിലേക്കുള്ള പാതയിൽ കാര്യമായ തിരക്കുണ്ടായില്ല. ഓരോ ഹെയർപിൻ കയറുമ്പോഴും തണുപ്പ് ഉടുപ്പുതുളച്ചു കയറിക്കൊണ്ടിരുന്നു. വ്യൂ പോയിന്റ് അല്ലാത്ത ഒരിടവും ഈ യാത്രയിലെവിടെയും കാണാനാകില്ല. പാരാഗ്ലൈഡിങ് പോലുള്ള സാഹസിക കാഴ്ചകൾ കണ്ട് റോത്തങ്പാസിലെത്തുമ്പോൾ സമയം ഉച്ചയ്ക്കു 12 മണി. 13,058 അടി ഉയരെ ഞങ്ങൾ. ഹിമവാന്റെ തലപ്പത്തെത്തിയതു പോലൊരു ഫീലിൽ എല്ലാവരും. മഞ്ഞിൽ തെന്നിനീങ്ങുന്ന കായിക വിനോദമായ സ്കീയിങ് നടത്താൻ പണമടച്ചിരുന്നതിനാൽ അൽപനേരം ആ സാഹസികതയിൽ ഏർപ്പെട്ടു. പക്ഷേ, ഏതു നിമിഷവും തലയടിച്ചു വീഴാമെന്ന സാധ്യതയുള്ളതിനാൽ ഭാര്യ ലക്ഷ്മി മാത്രം ആ പണിക്കു പോയില്ല. പകരം, ബുദ്ധിപൂർവം മറ്റൊരു പണി ചെയ്തു. സ്കേറ്റിങ്ങിനുള്ള ബ്ലേഡിനു മേലെ വെറുതെ കയറിനിന്നു ഗൈഡിനെക്കൊണ്ടു കുറെ ഫോട്ടോ എടുപ്പിച്ചു. ബാക്കിയുള്ളവർ യഥാർഥത്തിൽ സ്കീയിങ്ങിലായിരുന്നതിനാൽ പടമെടുക്കാൻ ഓർത്തതുമില്ല. ഇപ്പോൾ, റോത്തങ്ങിലെടുത്ത ചിത്രങ്ങൾ നോക്കുമ്പോൾ സ്കീയിങ് നടത്തിയ ഒരേയൊരാൾ ലക്ഷ്മി മാത്രം.
∙ അൽപം പേടിച്ച നിമിഷങ്ങൾ
റോത്തങ് പാസ് കടന്നാൽ പിന്നെ ലേ, ലഡാക്ക് മേഖലകളിലേക്കുള്ള ഹിമപാതയാണ്. അവിടേക്കു പോകാൻ ശ്രമിച്ചാൽ അപകടമാണെന്നതിനാൽ റോത്തങ് പാസില്‍ ഒന്നര മണിക്കൂർ ചെലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി. ഇതിനിടെ, ഋതു അൽപം ക്ഷീണിതനായി കാണപ്പെട്ടതോടെ എല്ലാവരുമൊന്നു പേടിച്ചു. ഇത്രയേറെ ഉയരമുള്ള മേഖലകളിൽ അനുഭവപ്പെടാറുള്ള ആരോഗ്യ പ്രശ്നങ്ങളിലൊന്നാണിതെന്നു ഞങ്ങൾ നേരത്തെ മനസ്സിലാക്കിയിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവർക്കു ശ്വാസമെടുക്കാനും പ്രയാസം തോന്നിത്തുടങ്ങിയതോടെ മടങ്ങാമെന്നു തീരുമാനിക്കുകയായിരുന്നു.
ബിയാസ് നദീതീരത്തെ ഹോട്ട് എയർ ബലൂൺ കാഴ്ചയും കണ്ടു ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി. പിറ്റേന്ന് അടൽ ടണൽ വഴി കീലോങ്ങിലേക്കു പുറപ്പെട്ടെങ്കിലും ടണലിനു മുന്നിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. കനത്ത മഞ്ഞുവീഴ്ചയിൽ ടണൽ അടച്ചതായിരുന്നു കാരണം. സോളങ് വാലിയിലെ കേബിൾകാർ യാത്രയും കഴിഞ്ഞു മൂന്നു ദിവസത്തെ മനാലി ‘പര്യവേഷണം’ അവസാനിപ്പിക്കുന്ന ദിവസമാണ് വെതർ വാണിങ് പ്രഖ്യാപനം വരുന്നത്. മഞ്ഞുവീഴ്ച മൂലം റോത്തങ് പാസ്, ലേ റോഡ്, സോളങ് വാലി റോഡ് തുടങ്ങിയവ അടച്ചു എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. ഒരു ദിവസം വൈകിയിരുന്നെങ്കിൽ റോത്തങ് പാസ് കാണാതെ ഞങ്ങൾക്കു മടങ്ങേണ്ടി വന്നേനെ. അടൽ ടണലിലൂടെ കീലോങ്ങിലേക്കുള്ള യാത്ര മുടങ്ങിയെങ്കിലും ആർക്കും നിരാശയില്ല. കാണാത്തതല്ല, കണ്ടതു തന്നെയാണ് അതിമനോഹരം.
English Summary: Rohtang Pass And Manali Travel Experience