ഒരു യാത്ര മുടങ്ങിയത് കൊണ്ടാണ് ഭീമന്റെ വഴിയിലെത്തിയത്; നടി മേഘ തോമസ് പറയുന്നു
‘നാട്ടിലുള്ളവർക്ക് പറമ്പും പാടവുമൊന്നും വല്യ സംഭവമല്ലായിരിക്കും. എന്നെപ്പോലെ കേരളത്തിൽനിന്നകന്ന് തിരക്കുള്ള നഗരങ്ങളിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. കാണാനും ആസ്വദിക്കുവാനും എനിക്കേറ്റവും ഇഷ്ടം അമ്മവീടും നാട്ടിൻപുറവുമാണ്.’ നാട്ടിൻപുറത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ
‘നാട്ടിലുള്ളവർക്ക് പറമ്പും പാടവുമൊന്നും വല്യ സംഭവമല്ലായിരിക്കും. എന്നെപ്പോലെ കേരളത്തിൽനിന്നകന്ന് തിരക്കുള്ള നഗരങ്ങളിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. കാണാനും ആസ്വദിക്കുവാനും എനിക്കേറ്റവും ഇഷ്ടം അമ്മവീടും നാട്ടിൻപുറവുമാണ്.’ നാട്ടിൻപുറത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ
‘നാട്ടിലുള്ളവർക്ക് പറമ്പും പാടവുമൊന്നും വല്യ സംഭവമല്ലായിരിക്കും. എന്നെപ്പോലെ കേരളത്തിൽനിന്നകന്ന് തിരക്കുള്ള നഗരങ്ങളിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. കാണാനും ആസ്വദിക്കുവാനും എനിക്കേറ്റവും ഇഷ്ടം അമ്മവീടും നാട്ടിൻപുറവുമാണ്.’ നാട്ടിൻപുറത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ
‘നാട്ടിലുള്ളവർക്ക് പറമ്പും പാടവുമൊന്നും വല്യ സംഭവമല്ലായിരിക്കും. എന്നെപ്പോലെ കേരളത്തിൽനിന്നകന്ന് തിരക്കുള്ള നഗരങ്ങളിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. കാണാനും ആസ്വദിക്കുവാനും എനിക്കേറ്റവും ഇഷ്ടം അമ്മവീടും നാട്ടിൻപുറവുമാണ്.’ നാട്ടിൻപുറത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ ഒാർമകൾ പങ്കുവയ്ക്കുകയാണ് ഭീമന്റെ വഴി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി മേഘ തോമസ്.
കിന്നരി ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഭീമന്റെ കിന്നരിയെന്ന സുന്ദരിയോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട് മലയാളികൾക്ക്. പെണ്ണുങ്ങൾ എല്ലായിടത്തും പൊളിയല്ലേ എന്ന് സിനിമാസ്റ്റൈലിൽത്തന്നെ തിരിച്ചുചോദിച്ചുകൊണ്ടാണ് കിന്നരിയെന്ന മേഘാ തോമസ് മനോരമ ഓൺലൈനോട് സംസാരിച്ചുതുടങ്ങിയത്. ശ്യാമപ്രസാദ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മലയാളിയും ഡൽഹി സ്വദേശിയുമായ മേഘയുടെ ഏറ്റവും പുതിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി.
ഡൽഹിയിൽ ജനിച്ചു വളർന്ന മേഘയ്ക്ക് ഇഷ്ടം കൂടുതൽ മലയാളക്കരയോടാണ്. കൊല്ലത്തുകാരൻ അച്ഛനും കാസർകോടുകാരി അമ്മയും മേഘയുടെ ഇഷ്ടങ്ങൾക്ക് ആക്കം കൂട്ടി. അവരുടെ നാടുകൾ കേരളത്തിന്റെ രണ്ടറ്റങ്ങളായതിനാൽ ഒരു വരവു വരുമ്പോൾ കേരളം മുഴുവൻ കാണാനുള്ള അവസരം തനിക്ക് ലഭിക്കാറുണ്ടെന്നു മേഘ. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനുള്ള ഭാഗ്യമുണ്ടായി. ഡൽഹിയിൽവച്ച് ഏറ്റവും മിസ് ചെയ്യുന്നതും അച്ഛൻ വീടും അമ്മ വീടുമാണ്.
കൊല്ലം തൊട്ട് കാസർകോട് വരെ
‘എല്ലാവരും നാട്ടിലേക്ക് എത്തിക്കഴിഞ്ഞാൽ ഹോളിഡേ പാക്കേജ് എന്നു പറഞ്ഞ് ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ടൂർ പാക്കേജ് എടുക്കും. എനിക്കിഷ്ടം അമ്മയുടെ വീടും മുറ്റവും തൊടിയുമെല്ലാമാണ്. അമ്മയുടെ വീട് കാസർകോട് ചെറുപുഴയാണ്, എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം. നാട്ടിലുള്ളവർക്ക് ഈ പറമ്പും പാടവുമൊന്നും വലിയ കാര്യമായിരിക്കില്ല. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരുമിച്ച് ഇത്രയും മരങ്ങളും പച്ചപ്പും കാണുന്നത് അദ്ഭുതം തന്നെയാണ്. പ്രത്യേകിച്ച് ഡൽഹി പോലെ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന, കോൺക്രീറ്റ് കാടായി മാറിക്കൊണ്ടിരിക്കുന്ന ഒരു നഗരത്തിലെ വാസിയെന്ന നിലയിൽ. അമ്മവീട്ടിലെത്തിയാൽ മുറ്റത്ത് ഇറങ്ങി നടക്കും. എന്റെ സുഹൃത്തുക്കളൊക്കെ നാട്ടിലെത്തിയാൽ പറയും കറങ്ങാൻ പോകാമെന്ന്. പക്ഷേ ഞാൻ വീടിനെചുറ്റിപ്പറ്റി നടക്കാനാണ് ഇഷ്ടപ്പെടുന്നത്.
അച്ഛന്റെയും അമ്മയുടേയും വീട് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായതിനാൽ അവിടങ്ങളിലേക്കുള്ള യാത്രകൾ തന്നെ ഗംഭീരമാണ്. ഡൽഹി പോലെ ഭയങ്കര തിരക്കുള്ളയിടത്തുനിന്നു വരുന്ന ഒരാൾക്ക് കേരളം സ്വർഗമാണ്. വീട്ടിലെ പറമ്പിൽ അടയ്ക്കയും തേങ്ങയുമെല്ലാം പെറുക്കി നടക്കുന്നതിന്റെ സുഖമൊന്നു വേറെയാണ്. പ്രകൃതിയോട് ചേർന്നിരിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്.’
ഡൽഹി v/s കേരളം
രണ്ട് സ്ഥലങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്നാണ് മേഘയുടെ അഭിപ്രായം. ‘രണ്ടിടങ്ങൾക്കും അതിന്റേതായ വ്യത്യസ്തതകളും വൈബുമുണ്ട്. ഡൽഹി ഒരു അനുഭവമാണ്. ഇന്ത്യയുടെ ഭുപടമെടുത്താൽ തലഭാഗത്തേയ്ക്കും കൈകളിലേക്കുമുളള എല്ലാ രക്തധമനികളും ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണെന്ന് പറയാം. ഇന്ത്യയിൽ എവിടേക്കു പോകണമെങ്കിലും നമുക്ക് ഡൽഹി തൊട്ട് പോകാം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവർ അധിവസിക്കുന്ന ഒരു മിനി ഇന്ത്യയാണ് ഡൽഹി.
ഒരു സ്ഥലത്തിന്റെ അർഥവും ആത്മാവും അറിയണമെങ്കിൽ അവിടെനിന്നു സൂര്യോദയവും സൂര്യാസ്തമയവും കാണണമെന്നാണ്. എവിടേക്കു യാത്ര തിരിച്ചാലും ഇൗ കാഴ്ചകൾ ആസ്വദിക്കാതെ ഞാൻ മടങ്ങാറില്ല. ഡൽഹിയിൽ ഏറ്റവും മനോഹരമായ സൂര്യോദയം എവിടെപ്പോയാൽ കാണാമെന്ന് എന്നോട് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാം അത് ജുമാ മസ്ജിദിന് സമീപമാണെന്ന്. ആ ദൃശ്യം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അതിരാവിലെ സുഹൃത്തുക്കൾക്കൊപ്പം മസ്ജിദിലേക്ക് പോകും. സൂര്യോദയത്തിന് മുമ്പുതന്നെ അവിടെയെത്തും. സമീപത്തുള്ള ചെറിയ ടീ ഷോപ്പിൽനിന്നു നല്ല ചൂട് ചായയും ഫ്രൂട്ട് ബണ്ണും കഴിക്കും. ആ ബണ്ണിന്റെ സുഗന്ധവും ചൂടുചായയും കുടിച്ചങ്ങനെ നിൽക്കുമ്പോൾ സൂര്യൻ സ്വർണ്ണകിരണങ്ങൾ വാരിവിതറി ഉദിച്ചുയരുന്നത് കാണാം. ഇത്രയും മനോഹരമായൊരു കാഴ്ച ചിലപ്പോൾ മറ്റെവിടേയും കാണാനാവില്ല.
കേരളത്തിനെക്കുറിച്ച് പറയുകയാണെങ്കിൽ ഏറ്റവും ഭംഗിയുള്ളത് നാട്ടിലെ മഴയാണ്. ഡൽഹിയിലൊക്കെ മൺസൂൺ രണ്ടാഴ്ചയൊക്കെയേ കാണൂ. നാട്ടിലെത്തിയാൽ ഞാൻ മഴയത്തിറങ്ങി കളിക്കുന്നത് കാണുമ്പോൾ ആറാം തമ്പുരാനിലെ സീൻ റിക്രീയേറ്റ് ചെയ്യപ്പെടും. ഹായ് മഴ എന്നുപറഞ്ഞ് ഞാൻ മഴയത്തേക്ക് ഇറങ്ങുന്ന സമയം ചുറ്റുമുള്ളവർ മഞ്ജു വാര്യർ സ്റ്റൈലിൽ ചോദിക്കും, അതെന്താ മഴ മുമ്പു കണ്ടിട്ടില്ലേ എന്ന്. പക്ഷേ ഇവിടുത്തെ കാറ്റും മഴയുമെല്ലാം വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിൽ നിറയ്ക്കുക. അത് പറഞ്ഞറിയിക്കാനാവില്ല.’
ഡൽഹിയിലെ തണുപ്പാണ് മനോഹരം
‘ഡൽഹിയിലെ തണുപ്പാണ് എറ്റവും മനോഹരം. ഡൽഹി കാണാനിറങ്ങുന്നവർ തണുപ്പുള്ള സമയത്ത് ചെന്നില്ലെങ്കിൽ ആ യാത്ര പൂർണമായില്ലെന്നാണ് അർഥം. മഞ്ഞ് പെയ്യാറില്ലെങ്കിലും നല്ല നനുത്ത കാലാവസ്ഥയാണ് ഡൽഹിയിൽ. മൂടൽമഞ്ഞ് പൊതിഞ്ഞു നിൽക്കുന്ന ഡൽഹിയിലൂടെ നടക്കാൻ ഭയങ്കര രസമാണ്. സ്കൂളിൽനിന്നു ക്ഷീണിച്ച് വരുമ്പേൾ തണുത്ത കഞ്ഞിയിൽ മുളകും ഉള്ളിയും തൈരുമൊഴിച്ച് അച്ഛൻ തരുന്നതാണ് ഇന്നും ഡൽഹിയോടൊപ്പം എന്റെ മനസ്സിൽ കുളിർമയോടെ നിൽക്കുന്ന ഓർമ. ഒരു ഡൽഹി മലയാളിയുടെ ജിവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നാണ് സമൂസയ്ക്കും ജിലേബിയ്ക്കും ഇടയിലെ ഈ കഞ്ഞി.’
ലോക്ഡൗൺ വഴി ഭീമനിലേക്ക്
‘കൊറോണക്കാലത്താണ് ഭീമന്റെ വഴിയിലേക്ക് എന്ന സിനിമയിലേക്ക് എത്തിയത്. എല്ലാവരെയും പോലെ കൊറോണക്കാലത്ത് വീടിനുള്ളിലായിരുന്നു ജീവിതം. ആ കാലത്ത് സ്വയം മനസ്സിലാക്കാനുളള സമയം കിട്ടി. രണ്ട് മാസത്തോളം എറണാകുളത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ആറ് സിനിമ വരെ കണ്ട ദിവസങ്ങളുണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പത്തെ ദിവസം എനിക്ക് ഷൂട്ടുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പിറ്റേന്ന് ഹർത്താലായിരുന്നു. എന്നാൽ അതുകഴിഞ്ഞ് മടങ്ങാം എന്ന് കരുതി പ്ലാനിട്ട എന്നെ കൊറോണയും ലോക്ഡൗണും കൂടി വീട്ടിൽ ലോക്കാക്കി. എല്ലാവരും തിരിച്ചുപോയിരുന്നു. ആ വലിയ വീട്ടിൽ ഞാൻ മാത്രം ഒറ്റയ്ക്ക്. അടുത്തുള്ള വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. ആദ്യമൊക്കെ നല്ല രസം തോന്നി. കുറേ സമയമുണ്ടല്ലോ. പക്ഷേ ദിവസങ്ങൾ പിന്നിട്ടപ്പോള്‍ ആകെ ബോറടിയായി.
ആ കാലത്താണ് ഞാൻ ഏറ്റവും കൂടുതൽ എന്നിലേക്ക് നോക്കാൻ തുടങ്ങിയത്. ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു. ആരുമില്ലെങ്കിലും അതിജീവിക്കുമെന്ന ബോധ്യമുണ്ടാവുന്നത് ആ കാലത്തായിരുന്നു. അങ്ങനെ രണ്ടു മാസത്തെ ഏകാന്ത വാസത്തിനുശേഷം പുറത്തിറങ്ങാനായപ്പോൾ ഞാൻ തിരിച്ച് എന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും അവിടെ 20 ദിവസം താമസിക്കുകയും ചെയ്തു.
അവിടെ വച്ചാണ് എറണാകുളത്തുനിന്നു ഷൂട്ടിനായി വിളി വന്നത്. ഇവിടെയെത്തിയെങ്കിലും അത് നടന്നില്ല. കയ്യിൽ അങ്ങനെ വല്യ സമ്പാദ്യമൊന്നുമില്ല. ഉണ്ടായിരുന്നത് രണ്ട് മാസം ഒറ്റയ്ക്ക് താമസിച്ചപ്പോൾ എടുക്കേണ്ടിയും വന്നു, അങ്ങനെ കുറച്ച് കഷ്ടപ്പാടിൽ നിൽക്കുന്ന സമയത്താണ് ഭീമൻ എന്നിലേക്ക് വഴിവെട്ടിവരുന്നത്. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി.’
എന്റെ ട്രെയിൻ യാത്രകൾ
ഒത്തിരി മറക്കാനാവാത്ത അനുഭവങ്ങൾ തനിക്ക് യാത്രകളിലുണ്ടായിട്ടുണ്ടെന്ന് മേഘ പറയുന്നു. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച ട്രെയിൻ യാത്രകൾ. ‘ഒരിക്കൽ എറണാകുളത്തുനിന്നു ഡൽഹിയിലേക്ക് ട്രെയിനിൽ പോവുകയാണ്. എറണാകുളത്തുനിന്നു മൂന്ന് ദിവസത്തെ യാത്രയുണ്ട് ഡൽഹിയിലേക്ക്. അങ്ങനെ യാത്ര നിസാമുദിനിൽ അവസാനിക്കാറായി. എറണാകുളത്തുനിന്നു കയറിയവരിൽ അധികവും ഡല്‍ഹിയിൽ ഇറങ്ങാനുള്ളവരാണ്.
സ്റ്റേഷൻ എത്താൻ ഒരു മണിക്കൂർ കൂടിയുണ്ട്. ഞാനൊരു ബുക്ക് വായിക്കുകയായിരുന്നു. അന്നേരം ഒരു അങ്കിൾ എന്റെ അടുത്ത് വന്നിരുന്നിട്ട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് ഞാൻ ആക്ടിങ് പഠിക്കുകയാണ്, സിനിമയിലേക്ക് നോക്കുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹം ഉടനെ പഴ്സ് തുറന്ന് പുള്ളിയുടെ ഡ്രൈവിങ് ലൈസൻസ് തപ്പിയെടുത്ത് എന്റെ കയ്യിൽ തന്നിട്ട് അതിൽ ഓട്ടോഗ്രാഫ് എഴുതാൻ പറഞ്ഞു. ഞാനാകെ അമ്പരന്നുപോയി. നമ്മൾ പണ്ട് പ്ലസ്ടുവിന് ഒപ്പിട്ടതല്ലാതെ എന്റെ അറിവില്‍ മറ്റൊരു ഒപ്പും ഞാൻ വേറെ എവിടെയും ഇട്ടിട്ടില്ല. ഞാനന്ന് ചെറിയ റോളുകളൊക്കെ ചെയ്യുന്നുള്ളൂ. എന്നെ ആർക്കും അറിയുക പോലുമില്ല. ഞാനദ്ദേഹത്തോട് അതും പറഞ്ഞു. പക്ഷേ അദ്ദേഹം എന്നെ നിർബന്ധിപ്പിച്ച് ഒപ്പിട്ട് വാങ്ങിയിട്ട് പറഞ്ഞതിങ്ങനെയായിരുന്നു, ‘നീ വലിയൊരാളാകുമെന്ന് എനിക്കുറപ്പുണ്ട്. അന്ന് ഞാൻ ഈ ഓട്ടോഗ്രാഫുമായി നിന്റെ വീട്ടിൽ വരുമ്പോൾ എനിക്ക് ചായ തരണം’.
ചിലപ്പോൾ നമുക്കു നമ്മളെത്തന്നെ വിശ്വാസമില്ലാതാകുന്ന ഘട്ടങ്ങൾ വരാറുണ്ട്. ചില മനുഷ്യർ വാക്കുകൾ കൊണ്ട് നൽകുന്ന ധൈര്യവും ആത്മവിശ്വാസവുമാണ് നമ്മളെ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ പ്രേരിപ്പിക്കുന്നത്. സിനിമയിലേക്ക് ഞാൻ സ്വയം വന്നതാണ്. എന്റെ ആഗ്രഹങ്ങൾക്ക് ഇതുപോലെയുള്ള പല യാത്രകളും പ്രചോദനമായിട്ടുണ്ടെന്ന് പറയാം. യാത്രയിൽനിന്ന് ഒത്തിരി സുഹൃത്തുക്കളേയും എനിക്ക് ലഭിച്ചിട്ടുണ്ട്. ട്രെയിനിൽ പോകുമ്പോൾ സംസാരിച്ച് സുഹൃത്തുക്കളാകുന്നവരുണ്ട്. നല്ല ഓർമകളാണ് എനിക്ക് ഓരോ ട്രെയിൻ യാത്രയും സമ്മാനിച്ചിട്ടുള്ളത്.’
കോമൺവെൽത്ത് വിജയികൾക്കൊപ്പമുള്ള യാത്ര
‘കോമൺവെൽത്ത് ഗെയിംസ് വിജയികൾക്കൊപ്പം യാത്രചെയ്യാനായതും മറക്കാനാവില്ല. ഒരു സാധാരാണക്കാരിയെന്ന നിലയിൽ വളരെ വലിയൊരു അഭിമാന നിമിഷമായിരുന്നു ആ യാത്ര. അവരെയൊക്കെ നേരിട്ടുകാണുന്നതിനൊപ്പം ജീവിതത്തിലാദ്യമായി കോമൺവെൽത്ത് മെഡൽ കയ്യിൽ പിടിക്കാനുള്ള ഭാഗ്യവുമുണ്ടായി. അതൊന്നും ഒരിക്കലും മറക്കാനാവില്ല.
ഇന്ത്യയിൽത്തന്നെ കുറേ യാത്രകൾ നടത്തിയിട്ടുണ്ട്. ഹിമാലയം, ഹൈദരാബാദ്, ബെംഗളൂരു, കൂർഗ്, കന്യാകുമാരി, മൂന്നാർ എന്നിങ്ങനെ നീളുന്നു അവ. അധികവും ജോലിയുടെ ഭാഗമായിട്ടാണെങ്കിലും ഓരോ യാത്രയും എനിക്ക് നല്ല ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്. വിദേശയാത്ര പോകാൻ സാധിച്ചിട്ടില്ല. പാസ്പോർട്ട് എടുത്ത് റെഡിയാക്കി വച്ചിട്ടുണ്ട്. ഹാരി പോട്ടറിനോട് ഒരു പ്രത്യേക ഇഷ്ടമുള്ളതുകൊണ്ടാണോ എന്തോ, കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ലണ്ടൻ കാണണമെന്നത്. യൂറോപ്പ് മുഴുവനും ചുറ്റിയടിക്കണം. അവസരം ഒത്തുകിട്ടിയാൽ ഇൗ യാത്രാമോഹങ്ങൾ സാക്ഷാത്കരിക്കണം.’
English Summary: Actress Megha Thomas Travel Experience