മനസ്സിലും ചെറുശംഖിലും സൂക്ഷിക്കുന്നു, ഈ യാത്രയുടെ കടലിരമ്പം
കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു ദൂരദർശനിൽ വന്നിരുന്ന രാമായണം സീരിയൽ. രാമ–രാവണ യുദ്ധവും സീതാദേവിയെ തേടിയിറങ്ങിയ രാമൻ സഞ്ചരിച്ച സ്ഥലങ്ങളുമൊക്കെ ഇന്നുമുണ്ട് ഓർമയിൽ. രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പെട്ടെന്നൊരു യാത്ര ഒത്തു വന്നപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുതും വലുതുമായ നിരവധി കോവിലുകൾ
കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു ദൂരദർശനിൽ വന്നിരുന്ന രാമായണം സീരിയൽ. രാമ–രാവണ യുദ്ധവും സീതാദേവിയെ തേടിയിറങ്ങിയ രാമൻ സഞ്ചരിച്ച സ്ഥലങ്ങളുമൊക്കെ ഇന്നുമുണ്ട് ഓർമയിൽ. രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പെട്ടെന്നൊരു യാത്ര ഒത്തു വന്നപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുതും വലുതുമായ നിരവധി കോവിലുകൾ
കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു ദൂരദർശനിൽ വന്നിരുന്ന രാമായണം സീരിയൽ. രാമ–രാവണ യുദ്ധവും സീതാദേവിയെ തേടിയിറങ്ങിയ രാമൻ സഞ്ചരിച്ച സ്ഥലങ്ങളുമൊക്കെ ഇന്നുമുണ്ട് ഓർമയിൽ. രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പെട്ടെന്നൊരു യാത്ര ഒത്തു വന്നപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുതും വലുതുമായ നിരവധി കോവിലുകൾ
കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു ദൂരദർശനിൽ വന്നിരുന്ന രാമായണം സീരിയൽ. രാമ–രാവണ യുദ്ധവും സീതാദേവിയെ തേടിയിറങ്ങിയ രാമൻ സഞ്ചരിച്ച സ്ഥലങ്ങളുമൊക്കെ ഇന്നുമുണ്ട് ഓർമയിൽ. രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പെട്ടെന്നൊരു യാത്ര ഒത്തു വന്നപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുതും വലുതുമായ നിരവധി കോവിലുകൾ നിറഞ്ഞ രാമേശ്വരം. അതിലൊരോന്നിനും പറയാനുണ്ട് രാമകഥകൾ. ആ കഥകൾ പിൻതുടർന്ന് ചെല്ലുന്ന ധനുഷ്കോടിയെന്ന വിസ്മയം. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന സ്ഥലം. ശ്രീലങ്ക 24 കിലോമീറ്റർ അടുത്ത്. മൂന്ന് വശത്തും കടൽ, തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ പാതകളും സഞ്ചാരികൾക്കു സമ്മാനിക്കുന്ന അനുഭവം ഹൃദ്യമാണ്. കടലും കരയും നീലാകാശവും. കാറ്റും കോളും മാറി ജീവിതം തിരിച്ചു പിടിക്കാൻ പ്രതീക്ഷയോടെ കടലിലേക്കിറങ്ങുന്ന മനുഷ്യരും വസിക്കുന്ന ധനുഷ്കോടി.
മനസ്സു നിറച്ച് രാമേശ്വരം
അമൃത എക്സ്പ്രസിൽ രാവിലെ 10 മണിക്ക് മധുരയിലെത്തി. അവിടെനിന്ന് ഓട്ടോയിൽ റിങ് റോഡ് വഴി ഹൈവേയിൽ. രാമേശ്വരത്തേക്കുള്ള ബസും നോക്കി അൽപസമയം. ഒരാൾക്ക് 136 രൂപ ടിക്കറ്റ് ചാർജ്. നാലു മണിക്കൂർ, നല്ല റോഡിലൂടെയുള്ള യാത്ര ഒട്ടും മടുപ്പില്ല. പുറത്തേക്കു നോക്കിയാൽ നീലാകാശവും പച്ചപ്പാടങ്ങളും.
മൂന്നു മണിയോടെ രാമേശ്വരത്തെത്തി. ബുക്ക് ചെയ്ത ഹോട്ടൽ (NNP Grand) ബസ് സ്റ്റാൻഡിന് അടുത്തു തന്നെയായിരുന്നു. ഒട്ടും സമയം കളയാതെ ഓട്ടോയ്ക്ക് നേരേ ഹോട്ടലിലെത്തി. നാലുമണിയോടെ രാമേശ്വരം കാഴ്ചകൾ കാണാൻ ഇറങ്ങി. ഹോട്ടലിനു മുൻപിൽ ഇറങ്ങി നിൽക്കുമ്പോൾ ഓട്ടോക്കാരെത്തി. സ്ഥലം ചുറ്റിക്കാണിക്കാമെന്നു വാഗ്ദാനം. 600 രൂപ മുതൽ മുകളിലേക്കാണ് ചാർജ് പറയുന്നത്. ഒരു മടിയും കൂടാതെ വിലപേശുക. ഒടുവിൽ 400 രൂപയ്ക്ക് സ്ഥലങ്ങൾ കാണിക്കാം എന്ന് സമ്മതിച്ച ഓട്ടോയിൽ കയറി. (രാമേശ്വരം യാത്ര പ്ലാൻ ചെയ്യുമ്പോൾത്തന്നെ അവിടെയുള്ള സ്ഥലങ്ങളെപ്പറ്റി ധാരണയുണ്ടാക്കുന്നതു നല്ലതാണ്. ടൂറിസ്റ്റുകളാണെന്നു കണ്ടാൽ ഇരട്ടി ചാർജാണ് ഓട്ടോക്കാർ വാങ്ങുന്നത്).
ആദ്യം ഡോ. എ.പി.ജെ.അബ്ദുൽ കലാം മെമ്മോറിയലിലേക്ക്. ക്യാമറയും മൊബൈലും അകത്തു കയറ്റാൻ പറ്റില്ല. ഓട്ടോയിൽ വച്ചേക്കൂ എന്ന് ഓട്ടോക്കാരൻ. വേണ്ട, കയ്യിലെടുത്തോളാമെന്നു പറഞ്ഞു മുന്നോട്ട്. ഉള്ളിൽ കയറാൻ ധാരാളം ആളുക കാത്തു നിൽക്കുന്നുണ്ട്. മനോഹരമായ ഉദ്യാനത്തിനു മുൻപിൽനിന്ന് ചിത്രങ്ങൾ എടുക്കാം. ഫോണും ബാഗും കൂട്ടത്തിലൊരാളെ ഏൽപിച്ച് അകത്തേക്ക്. ഡോ.കലാമിന്റെ ധാരാളം ചിത്രങ്ങളും ലോകനേതാക്കൾക്കൊപ്പമുള്ള ആൾരൂപങ്ങളും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തെ അടക്കം ചെയ്തതിനടുത്ത് അവസാന യാത്രയിൽ കൂടെയുണ്ടായിരുന്ന ബാഗിലെ വസ്ത്രങ്ങളും ഡയറിയും ചെരുപ്പും ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും വച്ചിട്ടുണ്ട്. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് മനസ്സിനെ ജ്വലിപ്പിച്ച പ്രതിഭ. പ്രാർഥനകൾ അർപ്പിക്കാൻ നിരവധി ആളുകൾ അവിടേക്ക് എത്തിക്കൊണ്ടിരുന്നു.
അടുത്തത് വില്ലൂണ്ടി തീർഥത്തിലേക്ക് (Viluandi Tirth) കടലിലേക്ക് നീളുന്ന പാലത്തിനറ്റത്തുള്ള, ശുദ്ധജലം ലഭിക്കുന്ന കിണറും കണ്ടു വരാം. രാമേശ്വരത്തെ 64 വിശുദ്ധ തീർഥങ്ങളിലൊന്നാണ്. എല്ലാ സമയത്തും ഇതിൽനിന്നു ശുദ്ധജലം ലഭിക്കില്ലെന്ന് വെള്ളം കോരിത്തന്നയാൾ പറഞ്ഞു. ഉപ്പുരസമുള്ള വെള്ളമാണ് ലഭിച്ചത്. തീർഥാടകർ ഭക്തിപൂർവം ഈ തീർഥം കുടിക്കാറുണ്ട്. ശ്രീരാമൻ സീതാദേവിയുെട ദാഹം മാറ്റാൻ വില്ല് കുലച്ച് അമ്പെയ്ത സ്ഥലത്ത് ഉറവയായി തീർഥമായതിനാലാണ് വില്ലൂണ്ടി തീർഥമെന്ന് അറിയപ്പെടുന്നത്.
അവിടെനിന്നു നേരേ പാമ്പൻ പാലത്തിലേക്ക്. കടലിനുമുകളിലെ പാലത്തിലൂടെ ഒരു ട്രെയിൻ പോകുന്നത് കണ്ടപ്പോൾ തിരിച്ചുള്ള യാത്ര ട്രെയിനിലാക്കിയാലോ എന്നായി ആലോചന. സൂര്യാസ്തമയത്തിന്റെ മനോഹാരിത കണ്ടും പകർത്തിയും സമയം പോയത് അറിഞ്ഞില്ല. തിരിച്ച് രാമേശ്വരത്തെ പ്രധാന ക്ഷേത്രത്തിൽ എത്തി. മനോഹരമായ ചുമർ ചിത്രങ്ങളും കൊത്തുപണികളുമുള്ള ക്ഷേത്രത്തിനുള്ളിൽ കയറാൻ ക്യാമറയും മറ്റും പുറത്ത് ചെറിയ കടകളിലെ ലോക്കറിൽ ഏൽപിക്കണം. അതുകൊണ്ട് പിറ്റേദിവസം വൈകുന്നേരം ക്യാമറയൊക്കെ ഹോട്ടൽറൂമിൽ സുരക്ഷിതമായി വച്ചു വന്നിട്ട് ക്ഷേത്രത്തിനുള്ളിൽ കയറാം എന്ന തീരുമാനത്തിലെത്തി. ക്ഷേത്രം ചുറ്റിനടന്നു കണ്ടു. തിരിച്ചു റൂമിലെത്തി.
ധനുഷ്കോടിയിലേക്ക്, എന്നേയ്ക്കുമായി സൂക്ഷിക്കാൻ രണ്ടു കടലോളം ഓർമകൾ
തിരയിളകുന്ന ഇന്ത്യൻ മഹാസമുദ്രവും ശാന്തമായ ബംഗാൾ ഉൾക്കടലും ചേരുന്നയിടമാണ് ധനുഷ്കോടി. പണ്ടുപണ്ട്, മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു പട്ടണത്തിന്റെ എല്ലാ പകിട്ടുമുണ്ടായിരുന്നു. അതിൽ സിംഹഭാഗവും 1964 ഡിസംബർ 22 ലെ ചുഴലിക്കാറ്റ് കവർന്നെടുത്തു. ഇപ്പോഴും കുറച്ചു പേർ അവിടെ ചെറിയ കുടിലുകളിൽ ജീവിക്കുന്നുണ്ട്. രാവിലെ 6.20 നുള്ള ബസിനാണ് രാമേശ്വരത്തു നിന്നു ധനുഷ്കോടിയിലേക്കുള്ള യാത്ര തുടങ്ങിയത്. ഹോട്ടലിനു മുന്നിൽനിന്ന് ഒരു ഓട്ടോ വിളിച്ചാണ് ബസ് സ്റ്റോപ്പിലേക്ക് എത്തിയത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഓട്ടോക്കാർ ട്രിപ്പിനു പോകാം എന്ന് പറഞ്ഞു വരും. 800–600 രൂപയൊക്കെയാണ് പറയുന്നത്. രാമേശ്വരത്തുനിന്നു ധനുഷ്കോടിയിലേക്ക് TNSTC (Tamil Nadu State Transport Corporation) യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ്. 30 രൂപയുടെ ടിക്കറ്റ് സൗജന്യമായി തരും. രാവിലെ തന്നെ ബസിൽ മീൻപിടിക്കാനുള്ള സാമഗ്രികളുമായി തദ്ദേശവാസികളുമുണ്ട്. ഏഴിന് ബസ് ധനുഷ്കോടിയിലെ അരിച്ചൽമുന – ദേശീയപാത അവസാനിക്കുന്നത് ഇവിടെയാണ്. വർഷങ്ങൾക്കു മുൻപ് കുറച്ചു ദൂരം വരെയേ ബസ് ഉണ്ടായിരുന്നുള്ളൂ. ശേഷം ജീപ്പിൽ മണൽപരപ്പിലൂടെയായിരുന്നു യാത്ര. ഇപ്പോൾ സൗകര്യമായി. അങ്ങ് അറ്റം വരെ സ്വകാര്യ വാഹനങ്ങളിൽ പോകാം. ഒന്നര മണിക്കൂർ ഇടവിട്ട് സ്റ്റേറ്റ് ബസും ഉണ്ട്.
ആറു മണിക്കു ശേഷമേ വാഹനങ്ങൾ ചെക്ക് പോസ്റ്റിൽനിന്ന് ഇങ്ങോട്ടു കടത്തിവിടുകയുള്ളൂ. ഒരു നഗരത്തിന്റെ സിംഹഭാഗവും കടൽ കവർന്നെടുത്തതിന്റെ മുറിപ്പാടുകൾ ഇപ്പോഴും അവിടെയുണ്ട്. ഉദയസൂര്യനെ സാക്ഷിയാക്കി ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് സഞ്ചാരികൾ. ഒന്നര മണിക്കൂറിനു ശേഷം വന്ന അടുത്ത ബസിൽ കയറി അവിടുത്തെ പഴയ പള്ളിയും പോസ്റ്റോഫിസും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇറങ്ങി. ചിത്രങ്ങളിലൂടെ പരിചിതമായ ഇടം, നീലാകാശവും ചെറിയ പച്ചത്തുരുത്തായി മാറിയ പഴയ പോസ്റ്റോഫിസും കണ്ടു. വഴിയോരക്കടയിൽ പല വിലയിലുള്ള മീനുകൾ ലഭ്യമാണ്.
ഐസ് ഇട്ടു വച്ച മീനിൽ ഇഷ്ടമുള്ളതിനെ വിലപറഞ്ഞെടുത്താൽ കടയിലെ ചേച്ചിമാർ വെട്ടി ഉപ്പും മുളകുപൊടിയും മഞ്ഞൾ പൊടിയും തിരുമ്മി എണ്ണയിൽ വറുത്തെടുത്ത് തരും. മീൻ രുചി ഉഗ്രനാണ്. കടൽത്തീരത്ത് രാവിലെ കടലിൽ മീൻപിടിക്കാൻ പോയി തിരിച്ചെത്തുന്നവരും വളരെ കുറച്ച് സഞ്ചാരികളും മാത്രം. സമയം പത്തുമണി കഴിഞ്ഞിരുന്നു. മുത്തും ചിപ്പിയും കൊണ്ട് അലങ്കരിച്ച മാല, വള എന്നിവയൊക്കെ ഇവിടെ ചെറിയ കടകളിൽ വാങ്ങാൻ കിട്ടും. വെയിൽ കൂടുന്തോറും ചൂടൂം കൂടി വരുന്നു.
അടുത്തത് കോദണ്ഡരാമർ കോവിലിലേക്കാണ് (Kothandaramar Temple) പോകേണ്ടത്. ബസ് കാത്തു നിൽക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്നു ട്രാവലറിൽ എത്തിയവരെ പരിചയപ്പെടുന്നത്. ചൂടു കൂടുന്നതു കൊണ്ട് ഒട്ടും മടിച്ചില്ല. ‘ചേട്ടാ, ഞങ്ങളെക്കൂടി അടുത്ത കോവിലിലേക്ക് ഇറക്കാമോ?’ ‘അതിനെന്താ..’
രാവണനെ പരാജയപ്പെടുത്തിയ രാമൻ, രാവണന്റെ സഹോദരനായ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയത് കോദണ്ഡരാമസ്വാമി കോവിലിലാണെന്നാണ് വിശ്വാസം. കോവിലിൽനിന്നു പുറത്തിറങ്ങുമ്പോൾ കടൽപരപ്പിന് അപ്പുറത്ത് രാമേശ്വരത്തെ പ്രധാന ക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിൽനിന്ന് അരക്കിലോമീറ്റർ നടന്നാൽ പ്രധാന റോഡിലേക്ക് എത്തും. ഓട്ടോക്കാർ 80 രൂപ വരെ വാങ്ങും. എന്തായാലും പ്രധാന റോഡിലേക്ക് എത്തിയപ്പോൾത്തന്നെ തിരിച്ചു രാമേശ്വരത്തേക്കു പോകാനുള്ള ബസ്സും കിട്ടി. തിരിച്ചും സൗജന്യയാത്ര സ്ത്രീകൾക്ക്. ബസിൽ രാവിലെ പോയവരിൽ ചിലർ പാത്രങ്ങൾ നിറയെ മീനുമായിട്ടാണ് മടങ്ങുന്നത്.
രാമേശ്വരത്ത് എത്തി ഭക്ഷണം കഴിച്ച് അൽപം വിശ്രമത്തിനു ശേഷം താമസസ്ഥലത്തിന് അടുത്തുള്ള രാമ തീർഥം(Ram Theertham), ലക്ഷ്മണ തീർഥം (Lakshmana Theertham), പഞ്ചമുഖി ഹനുമാൻ (5 Faced Hanuman) കോവിൽ എന്നീ ക്ഷേത്രങ്ങളിൽ പോയി. അവിെടനിന്ന് ഒരു ഓട്ടോയിൽ നാലു കിലോമീറ്റർ അകലെയുള്ള രാമര്‍ പാദം (ഗന്ധമദന പർവതം) ക്ഷേത്രത്തിലേക്ക്.
ഇവിടെ നിന്നാണ് ശ്രീരാമൻ ലങ്കയിലേക്കുള്ള യാത്ര ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. രാമേശ്വരത്തെ ഏറ്റവും ഉയർന്ന പ്രദേശമാണ്. തിരിച്ച് താമസസ്ഥലത്ത് എത്തിയശേഷം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി. രാവിലെ മധുരയ്ക്കുള്ള ട്രെയിൻ വിവരങ്ങൾ അന്വേഷിച്ചു. രാവിലെ 4 ന് ടിക്കറ്റ് കൗണ്ടർ തുറക്കുമ്പോൾ ടിക്കറ്റ് എടുക്കാം. 5.45 ന് ട്രെയിൻ പുറപ്പെടും. ഒരാൾക്ക് 70 രൂപയാണ് നിരക്ക്.
റയിൽവേ സ്റ്റേഷനിൽനിന്നു തിരിച്ച് ഓട്ടോയ്ക്ക് രാമനാഥസ്വാമി ക്ഷേത്രത്തിലേക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴിയുള്ള ക്ഷേത്രമാണിത്. 21 തീർത്ഥ കുളങ്ങൾ ഇവിടെയുണ്ട്. ചുവർ ചിത്രങ്ങളും കൊത്തുപണികളും തീർഥങ്ങളും നിറഞ്ഞ മനോഹരമായ ക്ഷേത്രം. ചന്ദനവും കർപ്പൂരവും മണക്കുന്ന ഇടവഴികൾ. കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ കണ്ട് മനസ്സു നിറഞ്ഞ രണ്ടാം ദിവസം.
അതിരാവിലെ ട്രെയിനിൽ മധുരയിലേക്ക്. രാജ്യത്തെ എൻജിനീയറിങ് വിസ്മയങ്ങളിൽ ഒന്നായ പാമ്പൻപാലത്തിലൂടെ മധുരയിലേക്ക്, രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണിത്. കപ്പലുകൾക്ക് കടന്ന് പോകാൻ കഴിയുന്ന രീതിയിൽ പകുത്ത് മാറാൻ സാധിക്കുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം. ട്രെയിനിൽ ഇരുന്ന് താഴേക്കു നോക്കുമ്പോൾ താഴെ അലയടിക്കുന്ന കടൽ. ഒരിക്കലെങ്കിലും ഈ യാത്ര ചെയ്യണം, മൂന്നര മണിക്കൂറോളം സമയം വേണ്ടി വന്നു മധുരയിൽ എത്താൻ. നീലക്കടൽ പുറകിൽ മറയുമ്പോൾ കൈയിൽ സൂക്ഷിച്ച ചെറിയ ശംഖിൽ കേൾക്കാം തീരത്തോടു ചേരുന്ന തിരയുടെ ചൊല്ല്...
English Summary: Rameswaram and Dhanushkodi Travel Experience