ലൈംഗിക തൊഴിലാളികളുടെ നമുക്കറിയാത്ത ജീവിതം; സൊനാഗച്ചി എന്ന ചുവന്ന തെരുവിലൂടെ ഒരു യാത്ര
‘‘രണ്ടു ജോലിയും ഒരു കൂലിയും! അതിലും ഭേദം ഒരു ജോലിക്ക് കൂലി വാങ്ങുന്നതാണ്. അങ്ങിനെ ഞാൻ സോനാഗച്ചിയിൽ എത്തി’’ – ലൈംഗികത്തൊഴിലാളിയായ മോളിയുടെ വാക്കുകളിൽ നിസ്സംഗത. സോനാഗച്ചിയിൽ എത്തിയ ഓരോ സ്ത്രീക്കും പറയാനുള്ളത് നിസ്സംഗതയിലേക്കുള്ള അവരുടെ ജീവിത യാത്രകൾ. സോനാഗച്ചിയെ പറ്റി വായിച്ചറിഞ്ഞതും
‘‘രണ്ടു ജോലിയും ഒരു കൂലിയും! അതിലും ഭേദം ഒരു ജോലിക്ക് കൂലി വാങ്ങുന്നതാണ്. അങ്ങിനെ ഞാൻ സോനാഗച്ചിയിൽ എത്തി’’ – ലൈംഗികത്തൊഴിലാളിയായ മോളിയുടെ വാക്കുകളിൽ നിസ്സംഗത. സോനാഗച്ചിയിൽ എത്തിയ ഓരോ സ്ത്രീക്കും പറയാനുള്ളത് നിസ്സംഗതയിലേക്കുള്ള അവരുടെ ജീവിത യാത്രകൾ. സോനാഗച്ചിയെ പറ്റി വായിച്ചറിഞ്ഞതും
‘‘രണ്ടു ജോലിയും ഒരു കൂലിയും! അതിലും ഭേദം ഒരു ജോലിക്ക് കൂലി വാങ്ങുന്നതാണ്. അങ്ങിനെ ഞാൻ സോനാഗച്ചിയിൽ എത്തി’’ – ലൈംഗികത്തൊഴിലാളിയായ മോളിയുടെ വാക്കുകളിൽ നിസ്സംഗത. സോനാഗച്ചിയിൽ എത്തിയ ഓരോ സ്ത്രീക്കും പറയാനുള്ളത് നിസ്സംഗതയിലേക്കുള്ള അവരുടെ ജീവിത യാത്രകൾ. സോനാഗച്ചിയെ പറ്റി വായിച്ചറിഞ്ഞതും
‘‘രണ്ടു ജോലിയും ഒരു കൂലിയും! അതിലും ഭേദം ഒരു ജോലിക്ക് കൂലി വാങ്ങുന്നതാണ്. അങ്ങനെ ഞാൻ സോനാഗച്ചിയിൽ എത്തി’’ – ലൈംഗികത്തൊഴിലാളിയായ മോളിയുടെ വാക്കുകളിൽ നിസ്സംഗത. സോനാഗച്ചിയിൽ എത്തിയ ഓരോ സ്ത്രീക്കും പറയാനുള്ളത് നിസ്സംഗതയിലേക്കുള്ള അവരുടെ ജീവിത യാത്രകൾ.
സോനാഗച്ചിയെ പറ്റി വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ എന്നിൽ ഭീതി ജനിപ്പിച്ചു. പുരുഷൻമാരാൽ വഞ്ചിക്കപ്പെട്ട്, ചുവന്ന തെരുവിൽ വലിച്ചെറിയപ്പെട്ട സ്ത്രീകൾ ആയിരുന്നൂ കൂടുതലും വിവരണങ്ങളിൽ നിറഞ്ഞത്.
നിരന്തരമായ യാത്രകൾ സമ്മാനിച്ച ധൈര്യത്തിന്റെ പിൻബലത്തിലാണ് 2022 മാർച്ചിൽ കൊൽക്കത്തയിലെ സോനാഗച്ചി സന്ദർശിക്കാൻ തീരുമാനിച്ചത്. സുഹൃത്തും ആനന്ദ് ബസാർ പത്രികയിലെ ലേഖകനുമായ സമ്രാട്ട് ആദ്യം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട്, ‘ഒറ്റയ്ക്ക് പോകണ്ട. ലൈംഗികത്തൊഴിലാളികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ദർബാർ എന്ന എൻജിഒയിലെ ആരെയെങ്കിലും കൂട്ടി പോകാൻ ഏർപ്പാടാക്കാം’ എന്ന് പറഞ്ഞു.
ടാക്സിയിൽ അങ്ങോട്ടു പുറപ്പെടുമ്പോൾ നെഞ്ചിൽ ഒരു ഭാരം എടുത്തുവച്ച പോലെ തോന്നി. കാണാൻ പോകുന്ന കാഴ്ചകൾ എന്നെ സങ്കടക്കടലിൽ ആഴ്‌ത്തുമോ എന്ന് ഞാൻ ഭയപ്പെട്ടു.
പന്ത്രണ്ടരയ്ക്ക് ദർബാർ മഹിളാ സമന്വയ സമിതിയുടെ ഓഫിസിൽ ശന്തനു ദാ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ ഇരുപതു കൊല്ലമായി ദർബാറുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകനായ ശാന്തനു ദായ്‌ക്കൊപ്പം നേരിയ നെഞ്ചിടിപ്പോടെ ആണ് ഒന്നാം നിലയിലേക്കുള്ള പടികൾ കയറിയത്.
‘‘1992 ഇൽ സ്മരജിത് ജനയാണ് ദർബാർ തുടങ്ങിയത്. അന്ന് ലൈംഗികത്തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു. പലരും കസ്റ്റമേഴ്സിൽനിന്നു ശാരീരിക ഉപദ്രവങ്ങൾ നേരിട്ടു. ഗർഭനിരോധന ഉറകൾ ധരിക്കാൻ വിസമ്മതിച്ചതുകൊണ്ട് തൊഴിലാളികൾക്കിടയിൽ ഗുഹ്യ രോഗങ്ങൾ സർവസാധാരണമായിരുന്നു. ഗർഭനിരോധന ഉറ നിർബന്ധമാക്കിയാണ് ദർബാർ തുടക്കം കുറിച്ചത്. സൗജന്യ നിരക്കിൽ ഉറകൾ കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തതോടെ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ മനസ്സിലായിത്തുടങ്ങി. കൂട്ടത്തോടെ അവർ സംഘടനയിൽ ചേർന്നു. ഇന്നിപ്പോൾ അറുപതിനായിരത്തിലധികം അംഗങ്ങളുണ്ട്. സംഘടന ഭാരവാഹികൾ പൂർണമായും ലൈംഗികത്തൊഴിലാളികളാണ്’’.
കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കുറച്ചു സ്ത്രീകൾ അങ്ങോട്ട് കയറി വന്നു. ‘‘ദർബാർ നടത്തുന്ന ബാങ്കിൽ പൈസ ഇടാൻ വന്നവരാണ്. ഞാൻ അത് വാങ്ങിവച്ചിട്ടു വരാം’’ ശന്തനു ദാ കൗണ്ടറിൽ ഇരുന്നു പൈസ വാങ്ങി. അവരുടെ പാസ്ബുക്ക് പതിപ്പിച്ചു നൽകി. ഞാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരിയുടെ മുഖം ശ്രദ്ധിച്ചു. പാസ്ബുക്കിലെ ബാലൻസ് കണ്ട് അവരുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
‘‘ഏതൊരു സ്ത്രീക്കും സ്വന്തം കാലിൽ നിൽക്കാൻ സാമ്പത്തിക ഭദ്രത അത്യാവശ്യമാണ്. അത് തിരിച്ചറിഞ്ഞു പ്രവർത്തിച്ച ദർബാർ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ബാങ്ക് തുടങ്ങുന്നതിനു മുമ്പ് ഇവർ സമ്പാദിക്കുന്ന പൈസ പലവഴിക്ക് ചെലവായിത്തീരുമായിരുന്നു. ഇന്ന്, കിട്ടുന്ന ഓരോ രൂപയും അവർ ബാങ്കിൽ ഇടാൻ ശ്രദ്ധിക്കുന്നു. അവരുടെ മക്കളുടെ വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ പല ആവശ്യങ്ങൾക്ക് ഈ പൈസ ഉപകരിക്കുന്നു.’’
അപ്പോഴേക്കും ശുവാസിസ് ഞങ്ങളോടൊപ്പം ചേർന്നു. അദ്ദേഹം പതിനൊന്നു കൊല്ലമായി ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനു പ്രവർത്തിക്കുന്നു. ബാങ്കിൽ തിരക്കുള്ളതുകൊണ്ട് ശുവാസിസ് ഒപ്പം ആയിരുന്നു ഞാൻ സോനാഗച്ചിയിലേക്ക് ഇറങ്ങിയത്.
‘‘ഒരു കാരണവശാലും മൊബൈൽ ബാഗിൽനിന്ന് പുറത്തെടുക്കുകയോ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.’’ ശുവാസിസ് എന്നെ ഓർമിപ്പിച്ചു. ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. റോഡിന് ഇരുവശത്തും മൂന്നും നാലും നിലകളുള്ള ഫ്ളാറ്റുകളായിരുന്നു. അവിടേക്കു കണ്ണോടിച്ചെങ്കിലും ആരെയും കാണാനായില്ല. സാധാരണ ഒരു ഹൗസിങ് കോളനിയെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. ഏറ്റവും താഴത്തെ നിലയിൽ റോഡിനെ അഭിമുഖീകരിച്ച് അടഞ്ഞു കിടക്കുന്ന കൊച്ചു കടകൾ.
‘‘ഈ ഫ്ളാറ്റുകളിലാണ് പതിനായിരത്തോളം ലൈംഗികത്തൊഴിലാളികൾ താമസിക്കുന്നത്. പകൽ എല്ലാവരും ഉറക്കമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഇവിടെ ആളുകൾ വന്നു തുടങ്ങും.’’ ശുവാസിസ് സ്വരം താഴ്ത്തി പറഞ്ഞു.
വഴിയിൽ പൈപ്പിൻചുവട്ടിൽ നിന്ന് കുളിക്കുന്ന ആണുങ്ങളെ ശ്രദ്ധിച്ചു. ഇവിടെ ലൈംഗികത്തൊഴിലാളികൾ മാത്രമല്ല, ദല്ലാളായി പ്രവർത്തിക്കുന്ന ബാബുമാരും ഉണ്ട്. കുറച്ചു നടന്നപ്പോൾ ദർബാറിന്റെ കെട്ടിടത്തിൽ എത്തി. താഴത്തെ നിലയിൽ ഒന്നു രണ്ടു പുരുഷന്മാരും സ്ത്രീകളും ചർച്ചയിലായിരുന്നു. തൊട്ടടുത്ത മുറിയിൽ ദർബാർ നടത്തുന്ന ക്ലിനിക്കിലെ ഡോക്ടർ രോഗികളെ പരിശോധിക്കുന്നു. ഞങ്ങൾ മുകളിലത്തെ നിലയിൽ പോയി.
അവിടെ ഒരു മൂലയ്ക്ക്, സൽവാർ ധരിച്ച പൊക്കം കുറഞ്ഞ സ്ത്രീ ഇരുന്നിരുന്നു. പേര് മോളി. പതിനേഴാം വയസ്സിൽ കല്യാണം, പതിനെട്ടാം വയസ്സിൽ പ്രസവം, പത്തൊമ്പതാം വയസ്സിൽ വൈധവ്യം. ഇതായിരുന്നു അവരുടെ ജീവിതം മാറ്റി മറിച്ചത്.
‘‘ഭർത്താവു മരിച്ചപ്പോൾ കുട്ടിയെ നോക്കണ്ടേ? ഞാൻ അദ്ദേഹം ജോലി ചെയ്തിരുന്ന സൈറ്റിൽ സിമന്റ് കുഴക്കാൻ പോയിത്തുടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെ കഠിനമായ ജോലി. ശേഷം രാത്രിയിൽ കോൺട്രാക്ടറുടെ കൂടെ കിടക്കണം. വിസമ്മതിച്ചാൽ ജോലിക്കു നിർത്തില്ല. ആകെ കിട്ടുന്നത് ഇരുന്നൂറു രൂപ. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ചൂഷണത്തിന് നിന്ന് കൊടുത്തു മടുത്തു. രണ്ടു ജോലിയും ഒരു കൂലിയും! അതിലും ഭേദം ഒരു ജോലിക്ക് കൂലി വാങ്ങുന്നതാണ്. അങ്ങനെ ഞാൻ സോനാഗച്ചിയിൽ എത്തി.’’
മൂന്നു കാറ്റഗറി ആയിട്ടാണ് ലൈംഗികത്തൊഴിലാളികളെ തിരിച്ചിരിക്കുന്നത്. സൗന്ദര്യം ഇതിന് മാനദണ്ഡമല്ല. എ കാറ്റഗറിക്കാർക്കാണ് ഏറ്റവും കൂടുതൽ പൈസ ലഭിക്കുന്നത്. അവർ തെരുവിൽ ഇറങ്ങാറില്ല. ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീയുടെ തണലിൽ, അവരുടെ വീട്ടിൽ താമസിക്കുന്നു. മാഡത്തിന്റെ കീഴിൽ ‘ബാബു’മാരുണ്ട് . അവരാണ് കസ്റ്റമേഴ്സിനെ എത്തിക്കുക. ബാബുവിന് ഇരുപത്തിയഞ്ചു ശതമാനം കൊടുക്കണം. മിച്ചം ഉള്ള പൈസയുടെ അമ്പതു ശതമാനം മാഡം എടുക്കും. എങ്കിലും ഇവർക്ക് നിരന്തരം ജോലി ലഭിക്കും.
മോളി ബി കാറ്റഗറി ആണ്. തെരുവിൽനിന്ന് കസ്റ്റമേഴ്സിനെ സ്വയം കണ്ടെത്തണം. മോളി ഒരു മുറി വാടകയ്ക്ക് എടുത്തിട്ടുണ്ട്. കസ്റ്റമറിനെ ഈ മുറിയിൽ കൊണ്ടുപോകും. സോനാഗാച്ചിക്കു പുറത്തു പോയി കസ്റ്റമറിനെ കണ്ടുപിടിച്ചു വരുന്നവരാണ് സി കാറ്റഗറി. മോളി കഴിഞ്ഞ ഇരുപതു കൊല്ലമായി ഈ തൊഴിൽ ചെയ്യുന്നു. പണ്ട് ഇവിടെത്തന്നെയായിരുന്നു താമസം. തൊഴിലെടുത്തു കിട്ടിയ പൈസ കൊണ്ട് സ്ഥലം വാങ്ങി, വീട് വച്ചു. ഇപ്പോൾ രാത്രിയിൽ വീട്ടിലേക്ക് പോകും. മൊബൈൽ ഫോൺ ഉള്ളത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. കസ്റ്റമർ കൃത്യ സമയം വിളിച്ചു പറയും. ആ സമയത്തു മോളി വന്നു ജോലി തീർക്കും. ‘‘എനിക്കിപ്പോൾ നാൽപതു വയസ്സായി. ഈ തൊഴിലിന്റെ പ്രത്യേകത നമ്മുടെ ഡിമാൻഡ് ഒരിക്കലും കുറയില്ല എന്നതാണ്’’ ഇതും പറഞ്ഞു മോളി കള്ളച്ചിരി ചിരിച്ചു. ‘‘ചെറുപ്പമായിരുന്നപ്പോൾ വയസ്സന്മാർക്കായിരുന്നു എന്നെ വേണ്ടത്. ഇപ്പോൾ ചെറുപ്പക്കാരാണ് അന്വേഷിച്ചു വരുന്നത്.’’
ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് കൂലി. പത്തു മിനിറ്റ് ജോലിക്ക് നൂറ്റിയമ്പതു മുതൽ ഇരുനൂറു രൂപ വരെ ലഭിക്കുമെങ്കിൽ ഒരു രാത്രിക്കു രണ്ടായിരം രൂപയാണ് വാങ്ങുക. ‘‘പൈസ ദിയ, കാം കിയ, ബസ് രിഷ്ത ഖതം’’ (പൈസ തന്നു, ജോലി ചെയ്തു, ബന്ധം തീർന്നു).
‘‘നിങ്ങളൊക്കെ ജോലി ചെയ്യുന്ന പോലെ ഞാനും എന്റെ ജോലി ചെയ്യുന്നു. ആരുടെയും കയ്യിൽ നിന്ന് മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ ഒന്നും പോകാറില്ല. എന്നാൽ സമൂഹം ഞങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. എന്റെ മോന്റെ സ്കൂൾ അഡ്മിഷൻ സമയത്താണ് ഞാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത്. എന്റെ തൊഴിൽ കാരണം ആദ്യം അവർ അവനെ എടുക്കാൻ വിസമ്മതിച്ചു. ഒരുപാടു വാക്കുതർക്കങ്ങൾക്കൊടുവിലാണ് അവനെ സ്കൂളിൽ ചേർക്കാൻ സാധിച്ചത്.’’ മൊബൈൽ ശബ്ദിച്ചപ്പോൾ സംസാരം നിർത്തി മോളി ഫോണിൽ ആരോടോ സംസാരിച്ചു. കസ്റ്റമർ വന്നു എന്നു പറഞ്ഞ് എന്നോട് വിട ചോദിച്ചു പോയി.
ശുവാസിസ് താഴത്തെ നിലയിൽ നിന്ന് റംത ദീദിയെ കൂട്ടി വന്നു. അവർ ഒരു ‘പിആർ’ ദീദിയായിരുന്നു. ദർബാർ വേതനം കൊടുത്തു നിർത്തുന്നവരാണ് ഇവർ. പണ്ട് ലൈംഗികത്തൊഴിൽ ചെയ്യുകയും പിന്നീട് നിർത്തുകയും ചെയ്യുന്നവരെ ‘പിആർ’ ദീദി ആക്കും. ഇവരുടെ ജോലി ലൈംഗികത്തൊഴിലിടങ്ങൾ സന്ദർശിക്കുക, ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ്.
‘‘എനിക്കിപ്പോൾ നാൽപത്തിയൊമ്പതു വയസ്സായി. പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. വളരെ പാവപ്പെട്ട കുടുംബം ആയതിനാൽ അച്ഛന് സ്ത്രീധനം കൊടുക്കാൻ പറ്റിയില്ല. മൂന്നു മാസം കഴിഞ്ഞു ഭർത്താവ് എന്നേ ഉപേക്ഷിച്ചു. എന്റെ ഗ്രാമത്തിലെ ഒരു സ്ത്രീയാണ് സോനാഗാച്ചിയെ പറ്റി പറഞ്ഞു തന്നത്. പട്ടിണി അകറ്റാൻ വേറെ വഴിയൊന്നും കാണാത്തത് കൊണ്ട് ഞാൻ ഇവിടെ എത്തി.
കുറേ കാലം ഇവിടെ പണി എടുത്തപ്പോൾ ഒരു കസ്റ്റമർ എന്നേ വിവാഹം കഴിച്ചു. പിന്നീടാണ് ഞാൻ അയാൾ ഒരു 'ലേനെവാല ബാബു ' ആണെന്ന് തിരിച്ചറിഞ്ഞത്. അയാൾക്ക് എന്റെ പൈസ മാത്രം മതിയായിരുന്നു. ഞാൻ അയാളെ വീട്ടിൽനിന്ന് പുറത്താക്കി. അയാളിൽ എനിക്കൊരു മകളുണ്ട്. അവളെ ഞാൻ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചു. അവൾക്ക് ഒരു മകനും ഉണ്ട്. ശാരീരിക പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഞാൻ ഒമ്പതു കൊല്ലം മുമ്പ് തൊഴിൽ മതിയാക്കി , ദർബറിന്റെ ‘പിആർ’ ദീദിയായി.’’
‘‘ഈ ജോലി ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. ഒരു പുതിയ ആൾ ഇവിടെ വന്നാൽ ഞാൻ അവരെ രണ്ടാഴ്ച ദർബാറിൽ കൗൺസിലിങ്ങിന് കൊണ്ടുവരണം. സ്വമേധയാ വന്നതാണെന്ന് ഉറപ്പിക്കാൻ ആണ് കൗൺസിലിങ്. അവർക്കു മറ്റു തൊഴിൽ പരിശീലനത്തിനുളള അവസരവും കൊടുക്കും. എന്നാൽ ലൈംഗികത്തൊഴിലാണ് സ്വീകരിക്കുന്നത് എങ്കിൽ ഉറകളെ കുറിച്ചും ലൈംഗികത്തൊഴിലാളിയുടെ അവകാശങ്ങളെ കുറിച്ചും മറ്റും ബോധവൽക്കരണം നൽകും’’.
പിന്നീട് അവർ പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു. ‘‘ഉറകൾ ധരിച്ചാലും എച്ച്ഐവി ചിലപ്പോൾ പിടിപെടും. ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ അടുത്തുള്ള ആശുപത്രിയിൽ ഒന്നു കൂടി ടെസ്റ്റ് ചെയ്ത് ഉറപ്പിക്കും. ശേഷം മൂന്നു മാസത്തേക്ക് മരുന്ന് നൽകും. ഈ സമയത്ത് തൊഴിലിൽനിന്നു മാറി ഇരിക്കാൻ സാധിക്കില്ല. തൊഴിൽ തുടരും.’’
ശുവാസിസ് ഞങ്ങളുടെ സംസാരത്തിനിടയിൽ പറഞ്ഞു: ‘‘നിങ്ങൾക്ക് തെരുവ് സന്ദർശിക്കണമെങ്കിൽ ഇപ്പോൾ പോകണം. പിന്നീട് റോഡിൽ തിരക്കാകും. അത്ര സുരക്ഷിതമല്ല.’’
ഞാൻ എഴുന്നേറ്റു. റംത ദീദി എന്നെ തെരുവ് കാണിക്കാൻ കൂടെ ഇറങ്ങി. ഞാൻ വന്നപ്പോൾ ഉള്ള ദൃശ്യങ്ങൾ ആയിരുന്നില്ല. റോഡിനിരുവശത്തും ധാരാളം സ്ത്രീകൾ നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്നു. മുഖത്ത് നിറയെ പൗഡർ ഇട്ട്, ചുണ്ടിൽ വില കുറഞ്ഞ കടുംചുമപ്പ് ലിപ്സ്റ്റിക്കും, കട്ടിയിൽ കണ്ണുമെഴുതി പല പ്രായക്കാർ നിരന്നു നിൽക്കുന്നു. ചിലരൊക്കെ കൂട്ടം കൂടി സംസാരവും കളിയും ചിരിയും. മറ്റു ചിലർ ഭക്ഷണപ്പൊതി നിവർത്തി ഉച്ചയൂണ് കഴിക്കുന്നു. ചിലർ കസ്റ്റമറിനെ കാത്തു റോഡിൽ കണ്ണും നട്ടിരിക്കുന്നു. ചിലർ കസ്റ്റമേഴ്‌സുമായി കൂലിയുടെ കാര്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അവർ ആരും എന്നെ ശ്രദ്ധിക്കുന്ന പോലുമില്ല.
എന്നാൽ അവിടവിടെ ഇവർക്കൊപ്പം നിന്നിരുന്ന പുരുഷന്മാർ എന്നെ രൂക്ഷമായി നോക്കുന്നത് കാണാമായിരുന്നു. റംത ദീദി എന്ന കവചം ഉള്ളതിനാലാകണം ആരും എന്റെ അടുത്തേക്ക് വന്നില്ല. നേരത്തെ അടഞ്ഞു കിടന്ന കടകൾ എല്ലാം തുറന്നിരുന്നു. ചൂട് സമോസയുടെയും കചോരിയുടെയും മണം മൂക്കിലേക്ക് ഇരച്ചു കയറി. ഫ്ളാറ്റുകളിലെ ജനാലകളിൽനിന്ന് കണ്ണുകൾ എന്നെ പിന്തുടരുന്നത് എനിക്ക് അനുഭവപ്പെട്ടു.
ഹോളി കളിച്ച ഒരു നിരത്തും കണ്ടു. റോഡിലും ഭിത്തിയിലും എല്ലാം നിറങ്ങൾ. ‘‘രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞാഴ്ച ഞങ്ങൾ ഹോളി ആഘോഷിച്ചു. ലൈംഗികത്തൊഴിലാളികൾക്ക് ആദ്യ കാലങ്ങളിൽ ഹോളി നിഷിദ്ധമായിരുന്നു. ദർബാർ വന്ന ശേഷം കോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയാണ് ഞങ്ങൾ ഹോളി ആഘോഷിച്ചു തുടങ്ങിയത്.’’
ദുർഗാപൂജക്കു തയാറാക്കുന്ന വിഗ്രഹങ്ങൾ ഉണ്ടാക്കാൻ പൂജാരി സോനാഗച്ചിയിൽ എത്തി മണ്ണ് ശേഖരിച്ചു ചേർക്കുന്ന ഒരു പതിവുണ്ട്. പക്ഷേ ഈ വിഗ്രഹങ്ങൾ വച്ചലങ്കരിക്കുന്ന ദുർഗാപൂജക്ക് പങ്കെടുക്കാൻ ഇവർക്ക് സമൂഹം അനുമതി നൽകുന്നില്ല. തിരിച്ചു ദർബാർ ഓഫിസിൽ എത്തിയപ്പോൾ ശുവാസിസ് ഇറങ്ങാനുള്ള തിരക്കിലായിരുന്നു. മെയിൻ റോഡിൽനിന്ന് എന്നെ ടാക്സിയിൽ യാത്രയാക്കി
സോനാഗാച്ചിയിൽ നിന്നിറങ്ങിയപ്പോൾ നെഞ്ചിലെ ഭാരം മാറിയിരുന്നു... മനസ്സിനും ചിന്തകൾക്കും അൽപം കൂടി തെളിച്ചം കിട്ടി. മറ്റേതു തൊഴിലും പോലെയുള്ള ഒരു തൊഴിലാണ് ഞങ്ങൾ ചെയ്യുന്നത് എന്ന പൂർണ ബോധ്യം നൽകിയ ആർജവത്തിൽ ജീവിക്കുന്നവർ. അവർക്ക് ഇനി വേണ്ടത് സമൂഹത്തിന്റെ പിൻബലം മാത്രം.
സുപ്രീം കോടതി ലൈംഗിക തൊഴിലിനെ അംഗീകരിച്ചതോടെ നിയമ പിൻബലം അവർക്ക് കരുത്തേകുന്നെങ്കിലും സ്ത്രീക്ക് മാത്രം പാതിവ്രത്യ നിയമങ്ങൾ കൽപ്പിച്ചു കൊടുത്ത നമ്മുടെ പൊതുബോധം എപ്പോൾ മാറുമെന്ന ആശങ്ക മനസ്സിൽ ഒരു കനലായി അവശേഷിക്കുന്നു.
(ഈ വിവരണത്തിലുള്ള ആളുകളുടെ പേരുകൾ യഥാർഥ പേരുകളല്ല. തിരിച്ചറിയാനായി ഇതരനാമങ്ങൾ ഉപയോഗിച്ചെന്ന് മാത്രം.)
ചിത്രങ്ങൾ – ഡോ. മിത്ര സതീഷ്
English Summary: Sonagachi Travel Experience by Mithra Satheesh