ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായർ. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ താരത്തിന് അഭിനയം കഴിഞ്ഞാൽ പ്രണയം യാത്രകളോടാണ്. സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രിയങ്ക അടുത്തിടെയാണ് കാണാനേറെ കൊതിച്ചിരുന്ന അഗസ്ത്യാർകൂടം എന്ന സ്വപ്നം സഫലമാക്കിയത്.  

priyanka-nair2
Image credit priyankanairofficial/Instagram

കേരളത്തിലെ മിക്ക സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള താരത്തിന് ഇന്ത്യ മുഴുവൻ കാണുക എന്ന ആഗ്രഹത്തിനോടൊപ്പം ഹിമാലയം കീഴടക്കുക എന്ന സ്വപ്നവുമുണ്ട്. തന്റെ യാത്രാവിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് പ്രിയങ്ക.

വരയാട് മൊട്ട 

അടുത്തിടെ ഞാൻ ട്രെക്കിങ്ങിനു പോയ സ്ഥലമാണ് വരയാട്മൊട്ട. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയില്‍ ആരംഭിച്ച് കല്ലാറില്‍ അവസാനിക്കുന്ന മനോഹരമായതും സാഹസികത നിറഞ്ഞതുമായ കാനന പാതയാണ് വരയാട്മൊട്ട.

travel-pic
Image credit priyankanairofficial/Instagram

കയറാനും ഇറങ്ങാനും 12 മണിക്കൂർ വീതം വേണം. ഒരു ദിവസം തന്നെ ഇത്രയും കിലോമീറ്റർ, അതും കുന്നും പാറയും മലകളും കയറി ഇറങ്ങണം എന്നുള്ളതാണ് വരയാട്മൊട്ട യാത്ര പ്രയാസമേറിയതാകുന്നത്.  

അഗസ്ത്യാർകൂടം 

തിരുവനന്തപുരംകാരിയായ എന്റെ നാട്ടിലും സൗഹൃദക്കൂട്ടങ്ങളിലും അഗസ്ത്യാർ കൂടം ചർച്ചാവിഷയമായിരുന്നു. കോളജിൽ പഠിക്കുന്ന കാലം മുതൽ അവിടെ പോകാൻ ആഗ്രഹിച്ചതാണ്. പക്ഷേ സ്ത്രീകൾക്ക് അഗസ്ത്യാര്‍കൂടത്തിൽ പ്രവേശനമില്ലായിരുന്നു.

travel-pic4
Image credit priyankanairofficial/Instagram

 

സ്ത്രീകൾക്കായി തുറന്നുകൊടുത്ത സമയത്ത് ആദ്യ പ്രാവശ്യം തന്നെ ഞാൻ പാസ് എടുത്തു. അന്ന് വീട്ടിലെ ചില അത്യാവശ്യങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. പിന്നീടു കിട്ടിയ അവസരത്തിൽ ഒട്ടും അമാന്തിച്ചില്ല, യാത്രയ്ക്കു തയാറെടുത്തു.

യാത്ര ഇങ്ങനെ

travel-pic2
Image credit priyankanairofficial/Instagram

മൂന്നു ദിവസത്തെ യാത്രയാണ് അഗസ്ത്യാർകൂടം ട്രെക്കിങ്. അതിനു വനംവകുപ്പിന്റെ അനുമതി വേണം. എല്ലാവർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആണ് ഇവിടം സന്ദർശിക്കാൻ കഴിയുക. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിക്കൂ. ഞാൻ ഏറെ നാൾ കാത്തിരുന്ന് കൊതിച്ചു പോയ മലയാണ് അഗസ്ത്യാർകൂടം.

travel-pic1
Image credit priyankanairofficial/Instagram

 

രാവിലെ തുടങ്ങുന്ന യാത്ര അതിരുമല ബേസ് ക്യാംപിൽ അവസാനിക്കും അന്ന് രാത്രി അവിടെ വിശ്രമിക്കാം. അവിടെ ഒരു ചെറിയ സെറ്റിൽമെന്റ് ഉണ്ട്. ഭക്ഷണവും വെള്ളവുമൊക്കെ ലഭിക്കും. പിറ്റേ ദിവസം രാവിലെ അവിടെനിന്നു തിരിച്ച് അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര തുടങ്ങും.

priyanka-nair8
Image credit priyankanairofficial/Instagram

പോകുന്ന വഴി പൊങ്കാല പാറ, മുട്ടിടിച്ചാൻ പാറ പുൽമേട് എന്നിങ്ങനെ സ്ഥലങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമാണ് മുട്ടിടിച്ചാൻ പാറ. കയറുമ്പോൾ നമ്മുടെ കാൽമുട്ട് നെഞ്ചിൽ ഇടിക്കും അതാണ് അങ്ങനെ പേരു വന്നത്.  

പല തരത്തിലുള്ള ഭൂപ്രകൃതി താണ്ടിയാണ് അഗസ്ത്യാർകൂടത്തിൽ എത്തുന്നത്. പൊങ്കാലപ്പാറയിൽ ഭയങ്കര കാറ്റാണ്. ഞങ്ങൾ പോയ സമയത്ത് ചെറിയ മഴ ഉണ്ടായിരുന്നു. തെന്നി വീഴാൻ ഏറെ സാധ്യതയുണ്ടായിരുന്നു. അഗസ്ത്യാർകൂടത്തിന് ഏറ്റവും മുകളിൽ അഗസ്ത്യ മുനിയുടെ ഒരു അമ്പലമുണ്ട്. മുകളിലെത്തി കുറച്ചു സമയം വിശ്രമിച്ചു തിരികെ അതിരുമല എത്തുമ്പോഴേക്കും രാത്രിയാകും. അന്ന് അവിടെ വിശ്രമിച്ചിട്ടു പിറ്റേന്നാണ്‌ മടക്കയാത്ര.

priyanka-nair6
Image credit priyankanairofficial/Instagram

ആസ്വദിച്ച് ചെയ്യുന്ന യാത്രകൾ ദുര്‍ഘടമാകില്ല 

എല്ലാ യാത്രകൾക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. അതു ബുദ്ധിമുട്ടായി തോന്നാത്തത് ഏറെ ആഗ്രഹിച്ചു പോകുന്നതുകൊണ്ടാണ്. ആ ബുദ്ധിമുട്ടാണ് യാത്രയുടെ ഭംഗി. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കു മാത്രമേ അത്തരം യാത്രകൾ ആസ്വദിക്കാൻ കഴിയൂ.

 

ചില യാത്രകൾ ഞാൻ ഒറ്റയ്ക്കു പോകാറുണ്ട്. കുടുംബത്തോടൊപ്പം യാത്ര പോകുമ്പോൾ അവരുടെ താല്പര്യത്തിനനുസരിച്ചുള്ള സ്ഥലം തിരഞ്ഞെടുക്കും. എനിക്കു മാത്രം ഇഷ്ടമുള്ളിടത്ത് എനിക്ക് എപ്പോൾ വേണമെങ്കിലും പോകാമല്ലോ. മകന് ട്രെക്കിങ് ഇഷ്ടമാണ്. പക്ഷേ എന്നോടൊപ്പം വരണമെന്നു വാശിപിടിക്കാറില്ല. അവനെ ട്രെക്കിങ്ങിനു കൊണ്ടുപോകാനുള്ള പ്രായമായില്ല. ചെറിയ ഹൈക്കിങ്ങിനൊക്കെ കൊണ്ടുപോകാറുണ്ട്.

priyanka-nair12
Image credit priyankanairofficial/Instagram

ട്രെക്കിങ്ങിനുള്ള മുൻകരുതൽ  

priyanka-nair10
Image credit priyankanairofficial/Instagram

ട്രെക്കിങ്ങിനു പോകുമ്പോൾ ബാക്പാക്കിൽ ഒപ്പം കൊണ്ടുപോകേണ്ട ഒരുപാട് സാധനങ്ങളുണ്ട്. എന്നാൽ ആയാസകരമായ കയറ്റം കയറുമ്പോൾ ഭാരം കൂടിപ്പോകാനും പാടില്ല. ഭാരക്കുറവുള്ള സാധനങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ആവശ്യമുള്ള സാധനങ്ങൾ കരുതിയില്ലെങ്കിൽ ബുദ്ധിമുട്ടാൻ സാധ്യതയുണ്ട്. ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം ഒക്കെ കരുതണം. 

priyanka-nair7
Image credit priyankanairofficial/Instagram

വരയാട്മൊട്ടയിൽ, വഴിയിൽ വെള്ളം കിട്ടില്ല. സ്റ്റിക്ക്, തൊപ്പി, മഴക്കോട്ട് ഒക്കെ കരുതണം. അല്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ടും. ട്രെക്കിങ്ങിന് പോകുമ്പോൾ ഞാൻ കൊണ്ടുപോകേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കി അത് ടിക്ക് ചെയ്തു പോകും.

വിദേശത്ത് ഷൂട്ടിനു പോകുമ്പോൾ 

വിദേശത്ത് ഷൂട്ടിന് പോകുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളൊക്കെ കണ്ടു വയ്ക്കും. ഷൂട്ടിങ് കഴിഞ്ഞ് രണ്ടു ദിവസം അവിടെ തങ്ങി എന്റെ സൗകര്യത്തിനു വീണ്ടും അവിടെപ്പോകും. അപ്പോൾ പറ്റിയില്ലെങ്കിൽ പിന്നെ പ്ലാൻ ചെയ്ത് അവിടെപ്പോയി ഇഷ്ടമുള്ള സ്ഥലങ്ങളൊക്കെ സന്ദർശിക്കും.

 

ഓരോ സ്ഥലത്തിന്റെയും കൾച്ചർ മനസ്സിലാക്കുന്നത് ഇഷ്ടമാണ്. ഓരോ സ്ഥലത്തെയും ഭൂപ്രകൃതി ആസ്വദിച്ച് അവിടെയുള്ള തനിമയുള്ള ഭക്ഷണം കഴിച്ച് അങ്ങനെ നടക്കും.  

പെട്ടെന്നു പോകാൻ തോന്നിയാൽ കോവളം

priyanka-nair5
Image credit priyankanairofficial/Instagram

വീട്ടിലിരിക്കുമ്പോൾ പ്ലാൻ ചെയ്യാതെ പെട്ടെന്ന് ഒരു യാത്ര പോകണമെന്നു തോന്നിയാൽ കോവളം ബീച്ചിൽ പോകും. എനിക്ക് കടൽ ഇഷ്ടമാണ്. എത്ര നേരം വേണമെങ്കിലും കടൽ നോക്കിയിരിക്കാം. കോവളം, വർക്കല, പൂവാർ ഇവിടെയൊക്കെ പോകും.  

യാത്ര ചെയ്യുമ്പോൾ ചിലരൊക്കെ എന്നെ തിരിച്ചറിയാനും പരിചയപ്പെടാനും വരാറുണ്ട്. അതുകൊണ്ടു പബ്ലിക് ആയി ഇറങ്ങി നടക്കാൻ കഴിയില്ല എന്നൊന്നും ചിന്തിച്ചിരുന്നാൽ എന്റെ ആഗ്രഹങ്ങൾ നടക്കില്ല. എനിക്കു തോന്നുമ്പോൾ യാത്ര പോകണം, അത് എവിടെയായാലും. മോശം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സിനിമാതാരം ആയതുകൊണ്ട് യാത്രകളിൽ കൂടുതൽ കെയർ എടുക്കാറുണ്ട് 

priyanka-nair11

സിനിമാതാരങ്ങൾ ശരീരവും മുഖവും കെയർ ചെയ്യാറുണ്ട്. ട്രെക്കിങ്ങിനു പോകുമ്പോൾ ഞാൻ എന്റെ ശരീരം നന്നായി ശ്രദ്ധിക്കാറുണ്ട്. കയ്യും കാലും മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാനും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കും. സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ട്. തലയിൽ തൊപ്പി വയ്ക്കും. ആത്മ സംതൃപ്തിക്കാണ് ഞാൻ യാത്രചെയ്യുന്നത്. ഷൂട്ടിങ്ങിനിടയിൽ യാത്രകൾക്കും സമയം കണ്ടെത്താറുണ്ട്. പക്ഷേ തൊഴിലിനെ ബാധിക്കാതെ ശ്രദ്ധിക്കും.

യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഞാൻ വളരെ സൂക്ഷിച്ചു മാത്രമേ യാത്രചെയ്യാറുള്ളൂ എന്നുള്ളതുകൊണ്ട് വീട്ടുകാർക്കും പേടി ഇല്ല.

ഇനി ലക്ഷ്യം ഹിമാലയം 

വീണ്ടും പോകണമെന്നു തോന്നുന്ന സ്ഥലം അഗസ്ത്യാര്‍കൂടം തന്നെയാണ്. നമ്മെ മാടി വിളിക്കുന്ന ഒരു മാജിക് അവിടെയുണ്ട്. പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്.

 

കേരളത്തിൽ ഏതാണ്ട് എല്ലാ സ്ഥലങ്ങളും കവർ ചെയ്തു കഴിഞ്ഞു. കുടക്, ഷിംല, കുളു, മണാലി തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഹിമാലയം ആണ് ഇനി എന്റെ ലക്ഷ്യം. ഹിമാലയത്തിൽ എന്തായാലും പോകണം, ഇന്ത്യ മാത്രമല്ല ചില വിദേശ രാജ്യങ്ങളും എന്റെ ലിസ്റ്റിലുണ്ട്. ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം ഉറപ്പായും ഞാൻ പോകും.

 

English Summary: Celebrity Travel, Memorable Travel Experience by Priyanka Nair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com