ADVERTISEMENT

ഡിസംബറിന്റെ വരവോടെ നമ്മുടെ നാട്ടിൽ തണുപ്പും ചെറു മഞ്ഞുമൊക്കെയായി കാലാവസ്ഥ ഏറെ സുഖകരമാകും. അസഹനീയമല്ലാത്ത ആ തണുപ്പൻ പ്രഭാതങ്ങളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വടക്കേ ഇന്ത്യയിലേക്ക് പോയാൽ കാര്യങ്ങൾ അല്പം കഠിനമാണ്. പുറത്തിറങ്ങാൻ പോലും തോന്നിക്കാത്ത തണുപ്പിൽ ആ മാസങ്ങൾ താണ്ടുക എന്നത് ദുഷ്കരമാണ്. ശൈത്യകാലത്തു കാലാവസ്ഥ പൂജ്യം ഡിഗ്രിയിലും താഴെയെത്തുന്ന ചില ഇന്ത്യൻ സ്ഥലങ്ങളെ അടുത്തറിയാം. തണുപ്പിനെ അതിയായി ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുയോജ്യമായ സമയം കൂടിയാണ് ഇനി വരുന്ന മാസങ്ങൾ. 

ദ്രാസ് 

winter-trip
guenterguni/Istock

'ലഡാക്കിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന ദ്രാസ്,  ഇന്ത്യയിലെ അതികഠിനമായ തണുപ്പുള്ള സ്ഥലമാണ്. 1995 ൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില എന്നത് -60 ഡിഗ്രി ആയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭൂമിയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നതും മനുഷ്യവാസമുള്ളതുമായ  രണ്ടാമത്തെ സ്ഥലമാണിത്. 1995 നു ശേഷം താപനില ഇത്രയധികം കുറഞ്ഞിട്ടില്ലെങ്കിലും ഡിസംബർ- ജനുവരി മാസങ്ങളിൽ  -45 ഡിഗ്രി വരെയെത്താറുണ്ട്. ട്രെക്കിങ് പ്രിയരുടെ ഇഷ്ടയിടമാണ് ദ്രാസ്. അമർനാഥ്, സിയാൽകോട്ട്, സുരു താഴ്വര എന്നീ സ്ഥലങ്ങളിലേക്കുള്ള ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പാണിത്. തണുപ്പ് അധികമില്ലാത്ത ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ ദ്രാസ് സന്ദർശിക്കാവുന്നതാണ്. 

കാർഗിൽ 

മരം കോച്ചുന്ന തണുപ്പ് എന്നത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന തരത്തിലുള്ള കാലാവസ്ഥയാണ് കാർഗിലേത്. ശൈത്യകാലത്തു താപനില -15 ഡിഗ്രി വരെ എത്തും. ലഡാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 2676 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സുരു നദീതടത്തിന്റെ കേന്ദ്രമായ കാർഗിൽ നമുക്ക് ഏറെ പരിചിതമാകുന്നത് 1999 ൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ പേരിലാണ്. പഷ്‌കം മലനിരകളിലെ കോട്ടയും യുദ്ധത്തിന്റെ ഓർമ്മകൾ പേറുന്ന സ്മാരകവും മനോഹരമയെ താഴ്‍‍വരകളും നദികളുമൊക്കെ കാർഗിലിലെ പ്രധാന കാഴ്ചകളാണ്. 

സ്പിതി വാലി 

winter-trip3
P. Kijsanayothin/Istock

ടിബറ്റിനും ഇന്ത്യക്കുമിടയിൽ സ്ഥിതി ചെയ്യുന്ന 'മധ്യഭൂമി' എന്നറിയപ്പെടുന്ന സ്പിതി താഴ്വര, തണുപ്പ് കാലത്തു ഉഗ്രരൂപം പുറത്തെടുക്കും. -30 ഡിഗ്രി വരെയാകും ശൈത്യത്തിൽ താപനില. അതിസാഹസികർ മാത്രം എത്തിച്ചേരുന്ന സ്പിതിയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട ഈ താഴ്‌വരയുമായുള്ള ബന്ധം ശൈത്യകാലത്തും വസന്തകാലത്തും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മുറിഞ്ഞുപോകാറുണ്ട്. വജ്രായന ബുദ്ധമതം പിന്തുടരുന്നവരാണ് ഇവിടുത്തെ ജനത. അതുകൊണ്ടുതന്നെ നിരവധി ബൗദ്ധാശ്രമങ്ങൾ ഇവിടെ കാണുവാൻ കഴിയും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്പിതിയുടെ തലസ്ഥാനമെന്നു പേരുള്ള കാസയും യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. 

ഹോമകുണ്ഡ് 

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോമകുണ്ഡ് സമുദ്രനിരപ്പിൽ നിന്നും 4362 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ അതികഠിനമായ തണുപ്പ് കാലം രേഖപ്പെടുത്തപ്പെടുന്ന ഒരു സ്ഥലം കൂടിയാണിത്. ശൈത്യത്തിൽ ഇവിടെ -10 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഏഴ് കൊടുമുടികളാണ് ഹോമകുണ്ഡിനു ചുറ്റുമായുള്ളത്. ലക്ഷ്മണ ക്ഷേത്രം, ഹോമകുണ്ഡ് തടാകം, ഗംഗാരിയ, പൂക്കൾ വിടർന്നു നിൽക്കുന്ന താഴ്വര തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഹോമകുണ്ഡ് സന്ദർശിക്കാനായി കൂടുതലും എത്തിച്ചേരുന്നത് ട്രെക്കിങ്ങിൽ താല്പര്യമുള്ളവരാണ്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതു കൊണ്ടുതന്നെ വേനലിലാണ് കൂടുതൽ സന്ദർശകർ എത്തുന്നത്. 

ലേ 

winter-trip1
triloks/Istock

സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേ തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ മുൻപന്തിയിലുള്ള ഒരിടമാണ്. എന്നിരിക്കിലും വേനലിലും ശൈത്യത്തിലും ഇവിടം ധാരാളം സന്ദർശകർ എത്താറുണ്ട്. തണുപ്പുകാലത്തു കുറഞ്ഞ താപനില -28 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ 0 ഡിഗ്രിയിൽ നിന്നും താപനില താഴേയ്ക്ക് പോകുന്നത് വളരെ കുറവാണ്. അതിഥികളെ ആകർഷിക്കുന്ന ധാരാളം കാഴ്ചകളുണ്ട് ലേയിൽ. ലഡാക്ക് രാജവംശത്തിന്റെ കൊട്ടാരം, ശാന്തി സ്തൂപം, പാംഗോങ് തടാകം, ബൗദ്ധാശ്രമങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാനാകും.

ശ്രീനഗർ 

മനോഹരമായ തടാകങ്ങളും ആ തടാകങ്ങളിലൂടെയുള്ള യാത്രയുമായിരിക്കും ശ്രീനഗർ സന്ദർശിച്ച ഏതൊരു സഞ്ചാരിയുടെയും മനസിൽ എക്കാലവും നിൽക്കുന്ന ഓർമകളിലൊന്ന്. അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെടുമെങ്കിലും ദാൽ തടാകത്തിന്റെ കാഴ്ചകളും ഗുൽമാർഗുമൊക്കെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നു തന്നെയാണ്. ശൈത്യകാലത്തു പൂജ്യം ഡിഗ്രിയിൽ നിന്നും താഴേയ്ക്ക് പോകുന്ന താപനില -5 ഡിഗ്രി വരെ എത്താറുണ്ട്. വേനൽക്കാലത്തു ശ്രീനഗർ അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുമെന്നതു കൊണ്ടുതന്നെ ആ സമയങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാകും ഉചിതം. 

English Summary: Top Places to Visit in Winters in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com