ഒരു ഞണ്ട് ഫ്രൈ ആണ് ധനുഷ്കോടിയിലേക്കുള്ള ഈ യാത്രയുടെ കാരണം, അതിനു വേണ്ടി മാത്രമോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ, കാരണം ഞാൻ കേട്ട കഥയിൽ വേണ്ടതിലുമധികം മസാല ചേർന്നിരുന്നു. കോട്ടയത്തു നിന്നും 4 മണിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഒറ്റയ്ക്കുള്ള യാത്രയുടെ അഹങ്കാരം ആദ്യ 5 മിനിറ്റിൽ തന്നെ തീർന്നു. കുഴി വെട്ടിച്ചു ചെന്നു കേയറിയത് വലിയ ഏതോ ലോറിയുടെ മുന്നിൽ. ബാക്കിയുള്ള അഹങ്കാരം തിരിച്ചുവരുമ്പോഴാകാം എന്ന് തീരുമാനിച്ചു. വണ്ടിയുടെ വേഗവും കുറഞ്ഞു. കാഴ്ചകളൊക്കെ കണ്ട്, നല്ല തണുത്ത കാറ്റൊക്കെ കൊണ്ട് കുമളി– മധുര വഴി ധനുഷ്കോടി വരെ ഒന്നു പോയാലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കുമളിയിലെ പുക ബാലൻ

ADVERTISEMENT

വൈകിട്ട് 7 മണി, കുമളി, നല്ല തണുപ്പ്.. നല്ല ചൂടുള്ള ചുക്കുകാപ്പി. കാപ്പിയിൽ നിന്നുള്ള പുകച്ചുരുൾ മഞ്ഞിലേക്ക് അലിയുന്നത് നോക്കി നിൽക്കവേ മറ്റൊരു പുകച്ചുരുൾ അവിടെ കറങ്ങി തിരിയുന്നു. അതിനു ചുവട്ടിൽ പുകപിടിച്ച ഒരു കൊമ്പൻ മീശയും തലയും, ബാലേട്ടൻ. പുള്ളി എവിടുത്തുകാരനാണെന്നു ആർക്കുമറിയില്ല, അങ്ങേർക്കുമറിയില്ല. സ്വയം തെറുക്കുന്ന ചുരുട്ടേ പുള്ളി വലിക്കുകയുള്ളൂ. വൈദ്യുതിയൊന്നും ഇല്ലാതിരുന്ന കാലത്ത് പാതിരാക്കുർബാനയ്ക്ക് പള്ളിയിൽ പോകുന്ന ഹൈറേഞ്ചുകാർ വെളിച്ചം കിട്ടാൻ, മുള മുറിച്ചു, ഉള്ളിൽ മണ്ണെണ്ണ ഒഴിച്ച് തുണി ചുറ്റി ഉണ്ടാക്കുന്ന ‘സുറും കുറ്റി’യുടെ അല്പം കത്തി തീർന്ന വേർഷനാണ് മൂപ്പരുടെ ചുണ്ടിൽ, അത്രയ്ക്ക് വലുപ്പം.

അൽപം വൈകിയതിനാലാകാം പ്രതീക്ഷിച്ച തിരക്കൊന്നും കമ്പത്തേക്കുള്ള വളവുകൾ ഇറങ്ങുമ്പോൾ ഉണ്ടായിരുന്നില്ല. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് ഉള്ള പെൻസ്റ്റോക്ക് പൈപ്പുകൾ ഇറക്കം ഇറങ്ങി പോകുന്നതും, തമിഴ് വീടുകളിലെ വെളിച്ചമായി അത് മാറുന്നതും നോക്കി ഏതോ വളവിൽ ഒന്നു നിന്നു, രണ്ട് മലയാളികളെ കണ്ടു. തിരുവനന്തപുരത്തുകാരാണ്.

വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ അങ്ങ് പോന്നതാണ്. ഒരാൾക്കു പ്രായം 70, കൂട്ടുകാരന് 67, ചേതക് സ്കൂട്ടർ ഈ കയറ്റം ഇരുവരെയും വച്ചു കയറുമോ എന്നറിയില്ല, പക്ഷേ ഇവിടം വരെ കയറിയല്ലോ..പേര് ചോദിച്ചില്ല, രാത്രി ആയതിനാൽ പടവും കിട്ടിയില്ല.

ലോവർ പെരിയാർ എത്തിയതോടെ ഗീയർ മാറി, സ്പീഡും മാറി. തേനിയിലേക്കുള്ള വഴി ഏറെക്കുറെ വിജനമായിരുന്നു.

ADVERTISEMENT

∙ ക്രിസ്റ്റോയുടെ ചിക്കൻ 65 @ ത്രാസ്

ക്രിസ്റ്റോ ഹോട്ടലിലെ കാഴ്ച.

അണ്ണാ ഒരു ചിക്കൻ 65, മസാല പുരട്ടി വച്ചിരിക്കുന്ന ഇറച്ചിക്കഷ്ണങ്ങൾ നേരെ എണ്ണയിലേക്കു പോകേണ്ടതിനു പകരം ത്രാസിലേക്ക് പോകുന്നു. ശ്ശെടാ..ഇതെന്നാ പരിപാടി..! ‘100 ഗ്രാം ചിക്കൻ 65 ന് 30 രൂപ' അരികിലേക്ക് ഓടിയെത്തിയ ക്രിസ്റ്റോ പറഞ്ഞു. മുന്നിലെ ത്രാസിൽ ക്രിസ്റ്റോ മസാല പുരട്ടിയ മാംസക്കഷണങ്ങൾ തൂക്കി നോക്കി. 100 ഗ്രാം തന്നെ വേണ്ടുവോളം. എന്നിലെ ആക്രാന്തം ഉണർന്നു. അണ്ണൻ വിളി പോയി..ചേട്ടാ 200 ആക്കിക്കോ..! നൂൽ പൊറോട്ട എത്തി, ക്രിസ്റ്റോ തന്നെ പൊറോട്ടയെ പിച്ചി ചീന്തി കഷ്ണങ്ങളാക്കി. ‘സാപ്പിടുങ്കോ..’

സാപ്പിട്ട് യാത്ര തുടർന്നു. ഒറ്റയ്ക്ക് ആണ് പോക്ക് എന്നതിനാൽ ആരൊക്കെയോ പറഞ്ഞ തിരുട്ട് ഗ്രാമകഥകൾ ഇടയ്ക്ക് റോഡിലേക്ക് കയറി വരും.. ലൈറ്റ് '' ഡിം' ചെയ്യുമ്പോൾ മാറിപ്പോകും. ചിലപ്പോഴൊക്കെ കൂടുതൽ വെളിച്ചമുള്ളതും പ്രശ്നമാണ്. മധുരയിൽ വൈഗാ തീരത്ത് അൽപനേരം ഇരുന്നു. ഇരുട്ടത്തും തീരത്തുകൂടെ മേഞ്ഞു നടക്കുന്ന കുതിരകളെ കണ്ടു. ശരിയാണ്.. വൈഗ സുന്ദരിയാണ്.

∙ മുരുകൻ എന്ന മലയാള തമിഴൻ

ADVERTISEMENT

പുലർച്ചെ 2 ആയി. കടയടയ്ക്കുന്നതിനിടെയാണ് മുരുകൻ എന്നെ കാണുന്നത്. '' അണ്ണാ രാമേശ്വരം എങ്ങനെ പോകും..?

‘നീങ്ക മലയാളിയാ.. മലയാളത്തിൽ പേശുങ്കോ. എനക്ക് മലയാളം തെരിയും. ഈരാറ്റുപേട്ട ഒക്കെ കസ്റ്റമേഴ്‌സ് ഇരുക്ക്’. വണ്ടികളിലെ സെൽഫ് സ്റ്റാർട്ടിന്റെ സ്പെയർ പാർട്സ് ആണ് മുരുകന്റെ കടയിൽ. വഴി പറഞ്ഞതിനൊപ്പം ഒരു ഉപദേശവും, ഒറ്റയ്ക്ക് ആണല്ലേ.. ഏതെങ്കിലും വണ്ടികളുടെ കൂടെയേ പോകാവൂ, ഫോണിന്റെ വാൽപേപ്പർ സ്റ്റാലിൻ സാറെ പോട്ടിട്, ഹെൽപാകും’

∙ മഞ്ഞിലെ മഫ്ലർ തലകൾ

മധുരയിൽനിന്നുള്ള കാഴ്ച

മധുരയിൽ നിന്നും രാമേശ്വരത്തേക്കുള്ള വഴിയിൽ മാഞ്ഞൂർ എന്ന സ്ഥലത്ത് ഒരു ചായക്കട കണ്ടു. ഒന്ന് കിടക്കണം. ഒരു ചായ കുടിച്ചു, ബസ്‌സ്റ്റോപ്പിൽ കിടന്നു ഒന്നു മയങ്ങി.

ചെറിയ ബഹളം കേട്ടാണ് കണ്ണ് തുറക്കുന്നത്. കൊടും മഞ്ഞിൽ 10-20 ഓളം തലകൾ മുന്നിൽ വിരിഞ്ഞു നിൽക്കുന്നു. സ്വർഗലോകത്തെ പ്രധാനികളെപ്പോലെ. ‍ഞാൻ അലറിക്കൊണ്ട് ചാടി എണീറ്റു. അവരും ഞെട്ടി പിറകോട്ട് ചാടും എന്ന് കരുതിയ ഞാൻ ഇളിഭ്യൻ. അവരാരും അനങ്ങിയില്ല.

മത്സ്യ തൊഴിലാളികളാണ്, ജോലിക്ക് മുന്നേയുള്ള ചായ കുടിക്ക് വന്നതാണ്. ബൈക്ക്, വെള്ളക്കുപ്പി, ബാഗ്, ബെഞ്ചിൽ കിടക്കുന്നത് ഡെഡ് ബോഡി ആണെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവരെന്നു വിജയൻ പറഞ്ഞു.

വിജയനു പാലക്കാട് ഒരു തേപ്പ് കട ഉണ്ടായിരുന്നു. ‘കേരളം ഭയങ്കര കാശ് ആകും, റെന്റ് ഒക്കെ.. ഹോ.. ഇവിടെ ആണേൽ വീട് ഉണ്ട്.. ചെറുതാണേലും ഇവിടാ സന്തോഷം’

പെട്ടെന്ന് തന്നെ അവിടുന്ന് തടിതപ്പി. അതിരാവിലെ, സൂര്യൻ ഉദിക്കുന്നതിനും മുന്നേ പാമ്പൻ പാലം കേറി. പുതിയ റയിൽവേ ട്രാക് പണി നടക്കുന്നയിടത്തെ തൊഴിലാളികൾ വളർത്തുന്ന പട്ടി എന്നെ കണ്ടതും കുരച്ചു തുടങ്ങി. വൈദ്യുത കമ്പികൾ കാറ്റിൽ കൂട്ടിമുട്ടിയുണ്ടാകുന്ന തീപ്പൊരികൾ നേരെ ഊളിയിടുന്നത് തിരകളുടെ ആഴങ്ങളിലേക്ക്!

ധനുഷ്‌കോടിയിലെ മത്സ്യത്തൊഴിലാളികൾ.

നരച്ചു തീർന്ന കരിമ്പടം പോലെ കടൽ, വെള്ള തെളിഞ്ഞ നൂലുകൾ പോലെ മത്സ്യബന്ധന ബോട്ടുകൾ ദ്വീപിൽ നിന്നും കടയിലേക്ക് ഇറങ്ങുന്നു...ചിലപ്പോൾ അവ ഒരു മാല പോലെ. ചിലപ്പോൾ നക്ഷത്രങ്ങൾ കടലിൽ മുങ്ങിച്ചത്ത പോലെ..

ധനുഷ്കോടി കാത്തിരിക്കുന്നു, സൂര്യനും മുന്നേ അവിടെയത്തണം. ആളുകൾ റോഡുകളിലേക്ക് ഇറങ്ങി തുടങ്ങുന്നുണ്ട്. കൂടുതലും കടലുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ, ക്ഷേത്രങ്ങളിൽ പോകുന്നവർ. രണ്ടുവശവും തണൽ മരങ്ങളുള്ള റോഡിലൂടെ ചെക് പോസ്റ്റും കടന്നു മുന്നോട്ട്. തണൽ മരങ്ങൾ അവിടെയൊക്കെയേ ഉള്ളൂ. അതിരാവിലെ ആയതിനാൽ വെയിലും ചൂടുമില്ല. ചില സഞ്ചാരികൾ കടന്നു പോകുന്നുണ്ട്. ചിലർ ചരിത്രം തിരഞ്ഞു വരുമ്പോൾ ചിലർ ആത്മീയത തിരയും. ചിലർ സാഹസികതയും. ധനുഷ്കോടിയും രാമേശ്വരവും പലർക്കും പലതാകുന്നത് അങ്ങനെയൊക്കാണ്.

മുന്നിൽ സ്തൂപം കാണാം. എന്നാൽ കിലോമീറ്ററുകൾക്കും അപ്പുറമാണ്. റോഡിനു ഒരു വശം വെള്ള നിറത്തിൽ പഞ്ചാര മണലും നീലക്കടലും, ഇന്ത്യൻ മഹാസമുദ്രമാണ്. അപൂർവമായി ചില മരങ്ങളും പൊളിഞ്ഞതും പൊളിയാത്തതുമായ മുക്കുവ കുടിലുകളും. ഇടതുവശം ചോക്ലേറ്റ് നിറത്തിൽ, തീരങ്ങളിൽ പത വർഷിച്ചു ബംഗാൾ ഉൾക്കടൽ. ഈ തീരത്താണ് കൂടുതൽ മരങ്ങളും ചെടികളും പച്ചപ്പും. മിനുത്ത ദേഹവുമായി പുല്ലുതിന്നു അകലുന്ന കുതിരക്കൂട്ടങ്ങളും, അപൂർവയിനം പക്ഷികളും എല്ലാം..

ഇന്ത്യൻ മഹാസമുദ്രം.

 ധനുഷ്കോടിയിലെ സ്തൂപത്തിന് കീഴെ, കിലോമീറ്ററുകൾക്ക് അകലെ ശ്രീലങ്ക, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ തെക്കേ അറ്റത്തിൽ നിന്നുകൊണ്ട് ഒന്നു തിരിഞ്ഞു നോക്കി. ധനുഷ്കോടി എന്ന തുറമുഖം നഗരത്തിന്റെ പ്രൗഡിയുടെ വിഎഫ്എക്സ് കാഴ്ചകൾ മിന്നിമറഞ്ഞു. അവിടെ കടലിലേക്ക് ഇറങ്ങുമ്പോഴാണ് ആനന്റിനെ കാണുന്നത്.

∙ ആനന്റ് ബീഹാറി ഫ്രം ബെംഗളൂരു

ബീഹാറുകാരനാണ് ആനന്റ്, ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. ഇന്ത്യ കാണണം. ഒറ്റയ്ക്കാണ് മൂപ്പരും. അങ്ങനെ യാത്രയുടെ അവസാനം വരെ ആനന്റിനൊപ്പം ഞാനും എനിക്കൊപ്പം ആനന്റും ഉണ്ടായിരുന്നു.

∙ എറിക്കിന്റെ ജാവാ പ്രേമം

എറിക്.

ഈ ചിത്രത്തിൽ ഉള്ളത് എറിക്. ഫ്രാൻസുകാരനാണ്, കച്ചവടങ്ങളൊക്കെ സ്പെയിനിൽ. പക്ഷികളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ കടലിന്റെ തീരത്തു വീഴാൻ പോയ ഇർവിനെ ധനുഷ്കോടി സ്തൂപത്തിലേക്ക് പോകുന്ന വഴി കണ്ടിരുന്നു. 1982 ലാണ് ഇർവിൻ മുൻപ് ഇന്ത്യയിൽ വരുന്നത്. അന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ ഇർവിനെ കൊണ്ടുപോയത് ഒരു ജാവയായിരുന്നു. വണ്ടി പെരുത്തിഷ്ടായ ഇർവിൻ പേപ്പറുകളൊക്കെ ശരിയാക്കി, കപ്പലിൽ കയറ്റി വണ്ടി സ്പെയിനിലേക്കു കൊണ്ടുപോയി. അതിനു ശേഷം ആദ്യമായാണ് മറ്റൊരു ജാവ എറിക് കാണുന്നത്. ‘വികൃതിക്കാരനാണ്, കഠിനവും, സാഹസികർക്കേ ഇവനെ മേയ്ക്കാൻ പറ്റൂ' ഫോട്ടോ എടുക്കവേ ഇർവിൻ പറഞ്ഞു.

ധനുഷ്കോടി.

കുറേ സംസാരിച്ചു നിന്നിട്ട് പിരിയാൻ നേരത്തു ഒരൊറ്റ ചോദ്യം.

‘ഞാൻ വീട്ടിൽ വന്നാൽ എരിവ് ഇല്ലാത്ത മീൻകറി വച്ചു തരുമോ.?

തീർച്ചയായും എന്നു പറയുമ്പോഴും എന്റെ മനസ്സിലുണ്ട്. എരിവില്ലാതെ എന്തു മീൻകറി, എരിവിന്റെ രസം അറിയാത്ത അരസികൻ.

∙ രാമന്റെ ധനുസ്

കാശി തീർഥാടനം പൂർത്തിയാക്കണമെങ്കിൽ ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ സ്നാനവും രാമേശ്വരം ക്ഷേത്രദർശനവും പൂർത്തിയാക്കണം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ധാരാളം വിശ്വാസികൾ ഇവിടേക്കെത്തുന്നുണ്ട്.

1964 ലെ കൊടുങ്കാറ്റും മഴയും ധനുഷ്ക്കോടിയെ തകർത്തെറിഞ്ഞപ്പോൾ 2004 സുനാമി ദ്വീപിനെ മണൽകൂനയാക്കി മാറ്റി (പ്രേതനഗരം എന്നു പറയാൻ എനിക്കു മടിയുണ്ട്. കാരണം ഇത് മറ്റൊരു ലോകമാണ്). തകർന്നടിഞ്ഞ റെയിൽവേ സ്റ്റേഷൻ, പ്രാർഥിക്കാൻ ആളില്ലാതെ നശിച്ച സെന്റ് ആന്റണീസ് പള്ളി, തുറമുഖ അവശിഷ്ടങ്ങൾ, രാമപാദ ക്ഷേത്രം, വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കല്ലോടു കൂടിയ ക്ഷേത്രം തുടങ്ങി ധാരാളം ക്ഷേത്രങ്ങൾ.. എല്ലാത്തരം സഞ്ചാരികളെയും ധനുഷ്കോടി ലങ്കയിലേക്കുള്ള വഴി കാണിക്കുന്നു. ക്ഷേത്രം നശിച്ചെങ്കിലും ശിവനെ കാത്തിരിക്കുന്ന നന്ദികേശന്റെ പ്രതിമ ഐതിഹ്യം ആണെങ്കിൽ പോലും നൊമ്പരമാണ്.

രമേശ്വരത്തുനിന്നും നല്ല റോഡ് ആണ് ധനുഷ്കോടിക്ക്. എല്ലാ വാഹനങ്ങൾക്കും അവസാന സ്തൂപം വരെ എത്തിച്ചേരാനും കഴിയും. ഇവിടെ നിന്നാണ് ശ്രീലങ്കയിലേക്കുള്ള പാറക്കെട്ടുകൾ ആരംഭിക്കുന്നത്.

‘ഇന്റർനെറ്റ്‌ ലഭ്യമല്ല, ഇടയ്ക്ക് ശ്രീലങ്കയിൽ നിന്നും സിഗ്നൽ കിട്ടും’, ഞണ്ടിനെ എണ്ണയിലിട്ട് വറുക്കുന്നതിനിടെ കെ.ആർ ഹോട്ടലിലെ കന്യാകുമാരി പറഞ്ഞു.

സെന്റ് ആന്റണി പള്ളിയുടെ അവശിഷ്ടങ്ങൾ.

അനന്റിന് അവിടെ കിട്ടുന്ന എല്ലാം കഴിക്കണം എന്നാണ്, പക്ഷേ വളരെ കുറച്ചേ മൂപ്പർ കഴിക്കൂ. ബാക്കിയൊക്കെ എനിക്കായി നീട്ടും. ഞാനിരുന്നു തട്ടും. വെയിൽ തുടങ്ങിയതോടെ ഞങ്ങൾ രാമേശ്വരത്തേക്കു പോന്നു. ഭാഗ്യം സൂര്യൻ പിറകിലാണ്. ഇടയ്ക്ക് എപ്പോഴോ ആനന്റിനെ കാണാതെ പോയി. ധ്യാനിക്കാൻ പോയതാണത്രേ.

എപിജെ അബ്ദുൽ കലാം മെമ്മോറിയൽ കണ്ടു. അദ്ദേഹത്തിന്റെ വീട് കച്ചവട സ്ഥാപനമാക്കിയത് കണ്ട് വേദനിച്ചു. കൊറേ മനുഷ്യരെ കണ്ടു. പേര് പോലും ഓർക്കാത്ത ഭക്ഷണങ്ങൾ കഴിച്ചു. മലയാളികളെയും മലയാളം അറിയുന്ന തമിഴരെയും കണ്ടു. ആനന്റിനെ കന്യാകുമാരിക്ക് യാത്രയാക്കി.രാത്രി 12 ആയപ്പോൾ കോട്ടയം എത്തി. മീറ്ററിലേക്ക് ഒന്നു നോക്കി.. കൃത്യം 900 കിലോമീറ്റർ.

∙ ആ മനുഷ്യർ

ധനുഷ്കോടിയിലെ സീ ഫുഡ്.

ദിവസങ്ങൾക്ക് ശേഷം ധനുഷ്കോടിക്ക് പോയ സുഹൃത്തിനെ വിളിച്ചു. വരുന്ന വഴിക്ക് കുമളിയിലെ ബാലേട്ടന്റെയും ക്രിസ്റ്റോയുടെയും പളനിയുടെയും ഓരോ പടമെടുക്കണം.

‘അന്വേഷിച്ചു..ഇവരെയൊന്നും ഞാൻ കണ്ടില്ല’. സുഹൃത്ത് എനിക്ക് മറുപടി തന്നു. ശരിയായിരിക്കാം.. ആ മനുഷ്യർ എനിക്കുള്ളതായിരുന്നു, എനിക്ക് മാത്രം. ഫോണിലെ ലോക്ക് സ്ക്രീനിലിരുന്ന് സ്റ്റാലിൻ ഒന്ന് ചിരിച്ചു.

English Summary: From Kottayam To Dhansushkodi in A day; Travel