കൂർഗിലേക്കാണോ? തീർച്ചയായി ഇൗ സ്ഥലവും കാണണം
Mail This Article
യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കൂർഗ്. കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഒരുക്കുന്ന നല്ല കാലാവസ്ഥ നിറഞ്ഞ ഇടം. കൂർഗിൽ തന്നെ അധികമാരും എത്തിപ്പെടാത്ത മനോഹര സ്ഥലങ്ങളുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയയിടങ്ങൾ. അങ്ങനെയൊന്നാണ് ചോമക്കുണ്ട്. കാഴ്ചകൾക്കൊപ്പം ട്രെക്കിങ്ങിനും മികച്ചയിടമാണിത്.
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അധികം സാഹസപ്പെടാതെ ചുമ്മാ അങ്ങ് കയറിപ്പോകാന്‍ പറ്റുന്ന ചെറിയ ഒരു മലയാണിത്. മൊത്തത്തില്‍ അഞ്ചാറു കിലോമീറ്റര്‍ ദൂരമേയുള്ളൂ. വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ആര്‍ക്കും ഈസിയായി കയറിപ്പോകാം.
കൂർഗ് ജില്ലയിലെ വിരാജ്പേട്ടില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയായാണ് ചോമക്കുണ്ട്. കേരളത്തില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ കണ്ണൂരിനും കൂർഗിനും ഇടയിലായി വരും. ഇതിനടുത്തായി ചെലവറ എന്നൊരു വെള്ളച്ചാട്ടവും ഉണ്ട്. കുടകില്‍ അധികമാരും ചെന്നു പെടാത്ത രണ്ടു മനോഹര ഇടങ്ങളാണ് ഇവ. ചെലവറ വെള്ളച്ചാട്ടം രണ്ടു അരുവികളായി പിരിഞ്ഞ് ഒഴുകുന്നത് കാണാം. വെള്ളച്ചാട്ടത്തിനടുത്തേക്ക് അധികം യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇതല്‍പ്പം അപകടം പിടിച്ച പണിയാണ്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ.
ഈ വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് പോകണം, ചോമക്കുണ്ടിലെത്താന്‍.പുല്‍മേടുകളില്‍ മഞ്ഞ് ഘനീഭവിച്ച് പുകമറയിടുന്ന ചോമക്കുണ്ടിലെ മനോഹര കാഴ്ച യാത്രികര്‍ക്ക് നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവത്തത്ര സുന്ദരമാണ്. വേനല്‍ ഒഴികെയുള്ള സമയത്ത് വര്‍ഷം മുഴുവനും മഞ്ഞിന്‍കണങ്ങള്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാവുക. മണ്‍സൂണ്‍, ശൈത്യ കാലങ്ങളില്‍ ഇവിടെയെത്തിയാല്‍ പൂര്‍ണ്ണമായും ഇവിടത്തെ തണുപ്പ് ആസ്വദിക്കാനാവും.
ചെലവറയില്‍ നിന്നാണ് പോകുന്നതെങ്കില്‍ വലതു വശത്ത് കാബി മലനിരകളും ഇടതു വശത്ത് ചോമക്കുണ്ടും ആണ് കാണാനാവുക. കാബി മലനിരകളില്‍ നിറയെ മരങ്ങളാണ് കാണാനാവുക. താഴ്വാരത്തെ കുളത്തിനരികില്‍ നിന്നും ട്രെക്കിംഗ് ആരംഭിക്കാം.പോകുന്ന വഴിക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനകളെയും പുലിയെയും ഒക്കെ കാണാം. അല്‍പ്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. രാത്രി കാലങ്ങളിലാണ് യാത്രയെങ്കില്‍ നിര്‍ബന്ധമായും ഒരു ഗൈഡ് കൂടെ ഉണ്ടായിരിക്കണം.
സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പുലര്‍കാല ദൃശ്യവും പടിഞ്ഞാറ് മറഞ്ഞു പോകുന്ന അസ്തമയക്കാഴ്ചയും അനിര്‍വചനീയമാണ്. ഇവിടെ ഇത് കാണാനായി സണ്‍സെറ്റ് പോയിന്‍റ് ഉണ്ട്. മലയുടെ മുകളില്‍ കയറി നോക്കിയാല്‍ ദൂരെയായി അറബിക്കടലും കാണാം.
English Summary: Chomakund Hill in coorg