ജൈന ക്ഷേത്രത്തിനകത്ത് പൊലീസ് പൂട്ടിയിട്ട ക്രൂ' - കണ്ണൂർ സ്ക്വാഡിനു വേണ്ടി നടത്തിയ യാത്രകൾ
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും ഒക്കെയുണ്ടാകും. ഒരു മാസം വരെയും അതിൽ കൂടുതലും നീണ്ടുനിൽക്കും ഈ യാത്രകൾ. ആദ്യം പോയത് ഇന്ത്യയുടെ ഹൃദയഭാഗത്തേക്ക്. പിന്നെ പോയത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. അതു കഴിഞ്ഞ് പഞ്ചാബും ഹിമാചൽ പ്രദേശുമൊക്കെ കടന്ന് കശ്മീരിലേക്ക്. കണ്ണൂർ സ്ക്വാഡ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയപ്പോൾ വിഷ്ണുവിനെ കാത്തിരുന്നത് വളരെ വ്യത്യസ്തമായ കുറേ യാത്രകൾ ആയിരുന്നു. ഇതുവരെ പ്രവർത്തിച്ച എല്ലാ സിനിമയിലും സദാസമയവും സെറ്റിൽ ഉണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കണ്ണൂർ സ്ക്വാഡ്. തന്നിൽ പൂർണ വിശ്വാസമർപ്പിച്ച സംവിധായകൻ റോബി വർഗീസ് രാജിന്റെ കട്ടസപ്പോർട്ട് ആണ് ലൊക്കേഷൻ തേടിയുള്ള ആ 'ഗ്രേറ്റ് ഇന്ത്യൻ ടൂറി'ലേക്ക് വിഷ്ണുവിനെ എത്തിച്ചത്. മമ്മൂട്ടിക്ക് ഒപ്പവും കണ്ണൂർ സ്ക്വാഡിന് ഒപ്പവും നടത്തിയ യാത്രകളെക്കുറിച്ചും അതിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് കണ്ണൂർ സ്ക്വാഡ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു രവികുമാർ.
∙കണ്ണൂർ സ്ക്വാഡ് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി എന്നതിനപ്പുറം ഒരു റോഡ് മൂവി കൂടിയാണ്. ട്രാവൽ ഇഷ്ടപ്പെടുന്നവർക്ക് കണ്ണൂർ സ്ക്വാഡ് എത്രത്തോളം കണക്റ്റ് ആകും?
കണ്ണൂർ സ്ക്വാഡ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ഒപ്പം ഒരു റോഡ് മൂവി കൂടിയാണ്. സിനിമ ഒരു പകുതിയിലേക്ക് എത്തുമ്പോൾ നമ്മൾ ഒരു ട്രാവലിലേക്ക് കയറുകയാണ്. കേരളത്തിൽ ക്രൈം ചെയ്ത പ്രതികൾ ഇവിടെ നിന്ന് രക്ഷപ്പെടുകയാണ്. കേരളത്തിൽ നിന്നും പല വഴികൾ താണ്ടി നേപ്പാൾ ബോർഡർ വരെയുള്ള ഒരു യാത്രയാണ് കണ്ണൂർ സ്ക്വാഡിൽ പറയുന്നത്. ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഇതിന് ഒത്തിരിയേറെ കഷ്ടപ്പാട് വേണ്ടി വരുമെന്ന്. കാരണം, ഒരു വീടിനകത്തോ സെറ്റിട്ടോ നമ്മുടെ നിയന്ത്രണത്തിൽ വരുന്ന സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുന്നതു പോലെ എളുപ്പമല്ല ഇത്. മമ്മൂക്കയെ പോലുള്ള ഒരു ആക്ടറെ വച്ച് നോർത്ത് ഇന്ത്യയിലെ റോഡുകളിൽ ഷൂട്ട് ചെയ്തത് ഒട്ടും എളുപ്പമായിരുന്നില്ല.
അതിന് കൃത്യമായ പ്ലാനിങ്ങ് വേണം. ആളുകൾ, കാലാവസ്ഥ, തിരക്ക്, ട്രാഫിക് അങ്ങനെ പല പല പ്രശ്നങ്ങളുണ്ടാകും. ഒട്ടും എളുപ്പമല്ല അത്തരം സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ. പക്ഷേ, ഏറ്റവും മികച്ച രീതിയിൽ അത് ചെയ്യാൻ പറ്റി. കുറേ അധികം ഒറിജിനൽ ലൊക്കേഷനുകളിൽ പോയി ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനിയും ഫുൾ സപ്പോർട്ട് ആയിരുന്നു. മുഴുവൻ ക്രൂവും ഒറ്റ മനസ്സോടെയാണ് ഈ പടത്തിന് വേണ്ടി പ്രവർത്തിച്ചത്. ഓരോ ദിവസവും ഓരോ സ്ഥലത്തേക്കായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. ക്രൂവിലുള്ള എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മെഡിസിൻസ് ഒക്കെയെടുത്താണ് സമയത്തിന് ഷൂട്ട് തീർക്കാൻ ഓരോരുത്തരും നിന്നത്. നോർത്ത് ഇന്ത്യയിലെ ഷൂട്ടിങ് രസകരമായിരുന്നു. റിയൽ ലൊക്കേഷനുകളിൽ പോയി ഷൂട്ട് ചെയ്തത് ചിത്രത്തിന് കൂടുതൽ ആധികാരികതയും പൂർണതയും നൽകി. പടത്തിന് മൊത്തത്തിൽ അത് ഗുണം ചെയ്തു.
∙ കണ്ണൂർ മുതൽ നോർത്ത് ഇന്ത്യ വരെ നീണ്ടു കിടക്കുന്ന ഒരു യാത്ര. ലൊക്കേഷൻ കണ്ടെത്താൻ എത്രത്തോളം യാത്ര ചെയ്തു?
കാസർകോഡ് മുതൽ ഇന്ത്യ - നേപ്പാൾ ബോർഡർ വരെയുള്ള ഒരു സ്ക്വാഡിന്റെ യാത്രയാണ് കഥ. ലൊക്കേഷൻ നോക്കാൻ പോയ സമയത്ത് ഞങ്ങൾ നേരിട്ട ഏറ്റവും വലിയ ചലഞ്ച് ഈ സിനിമ പരമാവധി അതിന്റെ ഒറിജിനൽ ലൊക്കേഷനിൽ പോയി ഷൂട്ട് ചെയ്യണമെന്നത് ആയിരുന്നു. മലയാള സിനിമയുടെ ബജറ്റ് വച്ച് അത് എത്രത്തോളം ചെയ്യാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. പക്ഷേ, മമ്മൂട്ടി കമ്പനി പരമാവധി പിന്തുണച്ചു. ഒട്ടും പരിചയമില്ലാതിരുന്ന നോർത്ത് ഇന്ത്യൻ ലൊക്കേഷനിലേക്ക് ഏറ്റവും അവസാനമാണ് പോയത്. അതിനു മുൻപ് വയനാട്, കാസർകോഡ്, കണ്ണൂർ, അതിരപ്പള്ളി, കോയമ്പത്തൂർ, മംഗലാപുരം, എറണാകുളം അങ്ങനെ നോർത്ത് ഇന്ത്യയിലേക്കു പോകുന്നതിന് മുൻപ് കേരളത്തിൽ അമ്പത് മുതൽ അറുപത് വരെ ലൊക്കേഷനുകൾ കണ്ടു തീർത്തിരുന്നു. അതിൽ കാടുകളും മറ്റുമായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് മുംബൈയിലേക്കു പോയത്. മുംബൈയിലെ ലൊക്കേഷനുകൾ കണ്ടു തീർത്ത് അവിടുന്ന് റോഡ് മാർഗമാണ് മറ്റു പല ലൊക്കേഷനുകളും കാണാൻ പോയത്. ഓരോ സ്ഥലങ്ങളിലും സഹായിക്കാനായി ലൊക്കേഷൻ മാനേജർമാർ ഉണ്ടാകും.
ഇതുവരെ ഒത്തിരി സിനിമകളിൽ വർക് ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്രയധികം ലൊക്കേഷനുകൾ കണ്ടിട്ടുള്ള മറ്റൊരു സിനിമ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. സിനിമയിൽ ഒരു നോർത്ത് ഇന്ത്യൻ ഗ്രാമം കാണിക്കുന്നുണ്ട്. അതിനു വേണ്ടി മുപ്പതോളം ഗ്രാമങ്ങൾ കണ്ടിരുന്നു. അവിടെയെത്തി കഴിഞ്ഞാൽ ഞങ്ങൾ തന്നെ ചെറിയ രീതിയിൽ ആ രംഗങ്ങൾ ഷൂട്ട് ചെയ്തു നോക്കും. പടത്തിൽ ഉദ്ദേശിക്കുന്നത് എന്താണോ അതിന്റെ ഒരു കൊറിയോഗ്രഫി ചെയ്ത് ആ ഏരിയ എത്രത്തോളം സിനിമയെ സപ്പോർട്ട് ചെയ്യും, ഓരോ സീനിനും ആവശ്യമായ സ്പേസ് കിട്ടുന്നുണ്ടോ എന്നെല്ലാം നോക്കും. ഞാൻ നാളെ ഒരു സിനിമ ചെയ്യുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് ഇതെല്ലാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ലൊക്കേഷൻ ഹണ്ടിങ് കണ്ണൂർ സ്ക്വാഡിന്റേത് ആയിരുന്നു.
∙ സാധാരണ പോകുന്ന ഒരു യാത്രയും സിനിമയ്ക്കു വേണ്ടിയുള്ള യാത്രയും തമ്മിലുള്ള വ്യത്യാസം
സാധാരണ കൂട്ടുകാരും കുടുംബവും ഒക്കെയായി പോകുന്ന യാത്രയും സിനിമയ്ക്ക് വേണ്ടിയുള്ള യാത്രയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അഞ്ചു പേര് ഒരുമിച്ച് ഒരു യാത്ര പോകുമ്പോൾ തീരുമാനങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയും. എന്നാൽ, ഷൂട്ടിന് വേണ്ടി പോകുമ്പോൾ അതിൽ വ്യത്യാസമുണ്ട്. കാരണം, ഒരു 100 പേരുടെ ക്രൂ ഉണ്ടാകും. എല്ലാവരും ഷൂട്ടിങ് സ്ഥലത്ത് എത്തിച്ചേർന്നാൽ ആർക്കും സ്വന്തമായ തീരുമാനത്തിന് ഒന്നും ചെയ്യാൻ പറ്റില്ല. കാരണം, എല്ലാ സിനിമകൾക്കും ഒരു ഷെഡ്യൂൾ ഉണ്ടാകും. ഇന്ന് എന്തൊക്കെയാണ്, എവിടെയൊക്കെയാണ് ഷൂട്ട് ചെയ്യാൻ പോകുന്നത് എന്നുള്ളത്. നമ്മൾ ഇത് ഷെഡ്യൂൾ ചെയ്ത ശേഷം ആ സ്ഥലങ്ങളിലെ പെർമിഷൻ എടുത്താണ് ഷൂട്ട് ചെയ്യാൻ പോകുന്നത്. അതുകൊണ്ടു തന്നെ ഒരു ദിവസത്തെ ഷൂട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാൽ പെർമിഷന് കൊടുത്ത പൈസ ഉൾപ്പെടെ വൻ നഷ്ടമായിരിക്കും. അതുകൊണ്ടു തന്നെ ഒരിക്കലും നമ്മൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറു പോലുമില്ല. ഷെഡ്യൂളിൽ എന്താണോ ഉള്ളത് അത് കൃത്യമായി ചെയ്തു തീർക്കുക തന്നെ ചെയ്യും.
ലൊക്കേഷൻ കാണാൻ പോകുന്ന സമയത്ത് സാധാരണക്കാർക്ക് പെർമിഷൻ ലഭിക്കാത്ത പല സ്ഥലങ്ങളിലും പോകാൻ സാധിച്ചിട്ടുണ്ട്. ആ അനുമതി ചിലപ്പോൾ കുടുംബമോ സുഹൃത്തുക്കളോ ആയി പോയാൽ കിട്ടിയെന്ന് വരില്ല. സിനിമയ്ക്ക് വേണ്ടിയുള്ള യാത്രയിൽ അത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങളിൽ പോകാൻ കഴിഞ്ഞു. അതൊക്കെ ഒരു ഭാഗ്യമായി കാണുന്നു. പ്രധാന ലൊക്കേഷനുകളിൽ ഒന്നായ നെരെ വില്ലേജിൽ വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആയിരുന്നു ഷൂട്ടിങ് ഷെഡ്യൂൾ. രാവിലെ ഉറക്കം, രാത്രി ഷൂട്ട്. ഹോട്ടലിൽ നിന്ന് വൈകുന്നേരം നാല് മണിയാകുമ്പോൾ ഇറങ്ങും. ഈ ഗ്രാമത്തിലേക്ക് എത്താൻ രണ്ടു മല കയറിയിറങ്ങണം.
പുനെയിലെ വായി എന്ന് പറയുന്ന സ്ഥലത്തെ നെരെ എന്നു പറയുന്ന വില്ലേജിലാണ് ടിക്രി വില്ലേജ് ഷൂട്ട് ചെയ്തത്. ഹോട്ടലിൽ നിന്ന് അവിടേക്ക് എത്താൻ രണ്ടു മണിക്കൂർ സമയമെടുക്കും. മലകൾക്കിടയിലായിരുന്നു ഈ ഗ്രാമം. രാത്രിയാകുമ്പോൾ ഭയങ്കര തണുപ്പ് ആയിരിക്കും. രാത്രിയിലെ ഷൂട്ട് കഴിഞ്ഞ് രാവിലെ ആറു മണിയാകുമ്പോൾ തിരികെ ഹോട്ടലിലേക്ക്. രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാത്തതു കൊണ്ട് ഹോട്ടലിലേക്കുള്ള യാത്രയിൽ എല്ലാവരും ഉറക്കത്തിൽ ആയിരിക്കും. ഹോട്ടലിൽ എത്തി കുളിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വീണ്ടും ഉറക്കം. അതിനു ശേഷം വൈകുന്നേരം വീണ്ടും ഷൂട്ടിന്. സിനിമയാകുമ്പോൾ ചെയ്യുന്ന ജോലിയാണ് നമ്മുടെ എന്റർടയിൻമെന്റും യാത്രയും എല്ലാം. വീട്ടുകാരൊന്നിച്ചാകുമ്പോൾ മറ്റ് പല ആക്ടിവീറ്റീസുകളുമാകാം എന്റർടയിൻമെന്റ്.
∙ മമ്മൂട്ടി ഒരു യാത്രാപ്രിയനാണല്ലോ. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യേണ്ടി വന്ന മുഹൂർത്തങ്ങൾ ഉണ്ടായോ. ആ അനുഭവം എങ്ങനെ?
ടിക്രി വില്ലേജിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂക്കയും ഈ രണ്ട് മലയും കയറി വരണം. നോർത്ത് ഇന്ത്യയിൽ ഷൂട്ട് ചെയ്യാൻ പോകുമ്പോൾ മമ്മൂക്ക അദ്ദേഹത്തിന്റെ ലാൻഡ് റോവർ ഡിഫൻഡറുമായിട്ടാണ് ഷൂട്ടിന് വന്നത്. അദ്ദേഹത്തിന് ഡ്രൈവിങ് വളരെ ഇഷ്ടമാണ്. നോർത്ത് ഇന്ത്യയിലെ എല്ലാ ലൊക്കേഷനുകളിലേക്കും ഡ്രൈവ് ചെയ്താണ് അദ്ദേഹം വന്നത്. ഹോട്ടലിൽ നിന്ന് ഗ്രാമത്തിലേക്ക് രണ്ടു മല കയറി രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്യണം. ഈ ഡ്രൈവ് ചെയ്താണ് മമ്മൂക്ക സെറ്റിലേക്ക് എത്തിയിരുന്നത്. സതാര എന്നു പറഞ്ഞ സ്ഥലത്ത് ഒരു കാറ്റാടിമിൽ ലൊക്കേഷൻ ഷൂട്ട് ചെയ്തിരുന്നു. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുമ്പോൾ എല്ലാ വണ്ടികൾക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ വണ്ടിയും. മമ്മൂക്ക ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്. അതുകൊണ്ട് തന്നെ ഓരോ യാത്രയിലും എല്ലാ പിന്തുണയും നൽകി അദ്ദേഹം ഈ സിനിമയിലുടനീളം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
∙ കണ്ണൂർ സ്ക്വാഡ് ഷൂട്ടിങിലെ ഏറ്റവും രസകരമായ ഒരു യാത്രാനുഭവം
കണ്ണൂർ സ്ക്വാഡ് ടീമിലേക്ക് ജോയിൻ ചെയ്ത സമയം മുതലേ മുഴുവൻ യാത്രകൾ തന്നെ ആയിരുന്നു. പ്രൊഡക്ഷൻ ടീമും ഡയറക്ഷൻ ടീമും സിനിമാറ്റോഗ്രഫി ടീമും വളരെ സൗഹൃദത്തോടെ മുന്നോട്ട് പോയ ഒരു ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. ഇത്രയും പേർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ തന്നെ ഭയങ്കര രസമാണ്. പുതിയ സ്ഥലങ്ങൾ കാണുക, അറിയാത്ത ഭാഷ, ഭക്ഷണം, താമസം ഇതൊക്കെ ഒരുമിച്ച് വരുമ്പോൾ തന്നെ നല്ല രസമായിരുന്നു. ഷൂട്ടിന് ഒരു മാസം മുമ്പ് പോയി ലൊക്കേഷൻസ് കണ്ടെങ്കിലും കുറച്ച് ലൊക്കേഷൻസ് ബാക്കി ഉണ്ടായിരുന്നു. കേരളത്തിൽ ഷൂട്ട് തുടങ്ങി ഒരു 15 - 20 ദിവസം കഴിഞ്ഞപ്പോഴേക്കും ലൊക്കേഷൻ നോക്കി പുനെയിലേക്ക് പോകേണ്ടി വന്നു. സംവിധായകൻ റോബി രാജിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു അത്. ഞാനും ലൈൻ പ്രൊഡ്യൂസർ സുനിൽ സിങുമായിരുന്നു കേരളത്തിൽ ഷൂട്ട് നടക്കുന്നതിനിടയിൽ ലൊക്കേഷൻ തേടി പുനെയിലേക്ക് പോയത്. പുനെയിൽ കാണാൻ ബാക്കിയുണ്ടായിരുന്ന ലൊക്കേഷൻസ് കണ്ടു. അതിനു ശേഷം മുംബൈയിലെത്തി. ഒരാഴ്ചയോളം ലൊക്കേഷൻസ് കണ്ട് നാട്ടിൽ മടങ്ങിയെത്തി ഷൂട്ടിനു ജോയിൻ ചെയ്തു. തിരിച്ചെത്തി കഴിഞ്ഞപ്പോൾ പുനെയിൽ ഷൂട്ട് നടക്കുന്നതിന് എന്തോ ചില പ്രശ്നങ്ങൾ. ഉടനെ ഗുജറാത്തിൽ ലൊക്കേഷൻസ് കാണാൻ പോകാൻ നിർദ്ദേശം ലഭിച്ചു. മുംബൈയിൽ നിന്ന് ലൊക്കേഷനുകൾ കണ്ട് മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഗുജറാത്തിലേക്കു പോയി. റാൻ ഓഫ് കച്ച്, പാക് ബോർഡർ, പതിനഞ്ചോളം വില്ലേജുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഹൈവേകൾ തുടങ്ങി ഒരുപാട് ലൊക്കേഷനുകൾ കണ്ടു. അതിനു ശേഷം ലൊക്കേഷൻ ലോക്ക് ചെയ്യാൻ പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണന് ഒപ്പം വീണ്ടും പോയി. പക്ഷേ, ഗുജറാത്തിൽ ചിത്രീകരണം നടന്നില്ല. മുംബൈയും പുനെയും അടുത്തടുത്തായതു കൊണ്ട് കൂടുതൽ ഭാഗവും അവിടെ തന്നെയാണ് ചിത്രീകരിച്ചത്. ഇതുവരെ വർക് ചെയ്തിട്ടുള്ള ഒരു സിനിമയിലും ഒരു ദിവസം പോലും അവധി എടുത്തിട്ടില്ല. സെറ്റിൽ നിന്ന് മാറി നിന്നിട്ടില്ല. ആദ്യമായിട്ടാണ് ഒരു പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് സെറ്റിൽ ഇല്ലാതിരിക്കുന്നത്. ഷൂട്ട് നടക്കുന്ന സമയത്ത് ലൊക്കേഷൻ നോക്കിയുള്ള യാത്ര ആയിരിക്കും. പിന്നീട് സെറ്റിൽ എത്തുമ്പോൾ റോബി ചേട്ടനും ക്യാമറമാൻ റാഹിലും വിളിച്ച് ഷൂട്ട് ചെയ്തത് എല്ലാം കാണിച്ചു തരുമായിരുന്നു. ശരിക്കും കണ്ണൂർ സ്ക്വാഡിനു വേണ്ടി യാത്രകൾ തന്നെയായിരുന്നു. മുംബൈയിൽ അവസാന നിമിഷം ലൊക്കേഷൻ തേടി ഓടിയിട്ടുണ്ട്. ആർട്ട് ഡയറക്ടർ ഷാജി നടുവിലും ഞാനും കൂടി മുറിഹിന്ദി വച്ച് അവസാനനിമിഷം ലൊക്കേഷന് വേണ്ടി ഓടിയത് രസകരമായ ഒരു ഓർമയാണ്.
നോർത്ത് ഇന്ത്യയിൽ ഷൂട്ട് പുരോഗമിക്കുന്ന സമയത്ത് ലൊക്കേഷനുകൾ കണ്ട് ആർട്ടിസ്റ്റുകൾക്ക് വലിയ സന്തോഷമായി. നിങ്ങൾ എങ്ങനെയാണ് ഈ സ്ഥലങ്ങളൊക്കെ കണ്ടുപിടിച്ചതെന്നാണ് തിരക്കഥാകൃത്തും സിനിമയിലെ ജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത റോണി ഡേവിഡ് രാജ് ചോദിച്ചത്. കണ്ണൂർ സ്ക്വാഡിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ശബരീഷും ഇതേ ചോദ്യം ചോദിച്ചു. ലൊക്കേഷനുകൾ കണ്ടപ്പോൾ അവർ വളരെ ഹാപ്പി ആയിരുന്നു. ശരിക്കും ആ സമയത്ത് വലിയ സന്തോഷമാണ് തോന്നിയത്.
∙ അപകടം നിറഞ്ഞ അവസ്ഥയിലേക്ക് ഷൂട്ട് പോയോ. പ്രദേശവാസികളുടെ സഹകരണം എങ്ങനെ?
വയനാട്ടിൽ കുറേ ഭാഗം ഷൂട്ട് ചെയ്തിരുന്നു. സാധാരണ ആളുകൾക്കൊന്നും പ്രവേശനമില്ലാത്ത, കാടിനകത്ത് വളരെ കഷ്ടപ്പെട്ട് ആയിരുന്നു ഷൂട്ട്. ഇവിടെ കാട്ടിൽ ആനയും വന്യമൃഗങ്ങളും ഒക്കെ നടക്കുന്ന സ്ഥലമാണല്ലോ. ലൊക്കേഷൻ കാണാൻ പോയപ്പോൾ ഒരു സംഭവം ഉണ്ടായി. ഇവിടെ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് സംവിധായകൻ രംഗങ്ങൾ വിശദീകരിച്ച് പറയുകയാണ്. അപ്പോൾ സംവിധായകൻ നിൽക്കുന്നതിന്റെ പിറകിലായി ഒരു അനക്കം. ചീഫ് അസോസിയേറ്റ് ജിബിൻ ആണ് കണ്ടത്. 'റോബി ചേട്ടാ എന്തോ പുറകിൽ നിൽക്കുന്നുണ്ടല്ലോ', എന്ന് പറഞ്ഞ് അങ്ങോട്ട് നോക്കിയപ്പോൾ ഒരു ആന. ക്രൂ എല്ലാം കിട്ടിയ വണ്ടി പിടിച്ച് ഓടി. കുറച്ച് കൂടി മുന്നോട്ട് വന്നു കഴിഞ്ഞാൽ ടീം തങ്ങുന്ന ടെന്റ് ആണ്. എന്തോ ഭാഗ്യത്തിന് ആന അങ്ങോട്ട് വന്നില്ല. അതുപോലെ, ക്ലൈമാക്സ് ഷൂട്ട് ചെയ്യാനുള്ള സെറ്റ് ഒരുക്കിയത് ഒരു ചെളി നിറഞ്ഞ സ്ഥലത്ത് ആയിരിരുന്നു. ആർട്ട് ഡയറക്ടറും ടീമും വർക്ക് ചെയ്ത്, പ്ലാറ്റ്ഫോം ഒക്കെ അടിച്ച് അത് ഒരു ഗ്രൗണ്ട് പോലെയാക്കി. അഞ്ചുമണിയാകുമ്പോൾ ഷൂട്ട് ഒക്കെ കഴിഞ്ഞ് പോകും. പിറ്റേദിവസം അവിടെ എത്തിയപ്പോൾ ആനകൾ ആ സ്ഥലമെല്ലാം നശിപ്പിച്ച് ഇട്ടിരിക്കുന്നതാണ് കാണുന്നത്.
∙ ‘കണ്ണൂർ സ്ക്വാഡ്’ ടീം ഭാഗ്യം കൊണ്ട് അടി കൊള്ളാതെ രക്ഷപ്പെട്ട സംഭവം
കേരളത്തിൽ എല്ലാം ഷൂട്ടിങ് ഫ്രണ്ട്ലി സ്ഥലങ്ങൾ ആയിരുന്നു. ഇവിടെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നോർത്തിലേക്ക് പോകുമ്പോൾ അറിയാത്ത ആളുകളും അറിയാത്ത ഭാഷയുമായിരുന്നു. പിന്നെ നമ്മുടെ ഷൂട്ടിങും ഫാസ്റ്റ് ആയിരുന്നു. ടിക്രി വില്ലേജ് ഷൂട്ട് ചെയ്തത് നെരെ വില്ലേജിലെ ആളുകൾ നല്ല സഹകരണമായിരുന്നു. വലിയ സ്ഫോടനങ്ങൾ, ചേസുകൾ, ബഹളങ്ങൾ എല്ലാം ഉണ്ടാകുന്നുണ്ട്. പക്ഷേ, കേരളത്തിൽ ഷൂട്ട് ചെയ്യുന്ന പോലെയാണ് അവിടെ ഷൂട്ട് ചെയ്തപ്പോൾ തോന്നിയത്. കാരണം, ആളുകൾ അതുപോലെ സഹകരിച്ചു. നമ്മുടെ സ്വന്തം ഗ്രാമം പോലെയാണ് അവിടെ ഷൂട്ട് ചെയ്തത്. അതുപോലെ പുനെ സിറ്റിയിൽ കുറച്ച് ഷൂട്ട് ഉണ്ടായിരുന്നു. രാത്രി ഷൂട്ട് ആയിരുന്നു, മമ്മൂക്കയും ഉണ്ടായിരുന്നു. ഒരു ഗലിയിൽ ആയിരുന്നു ഷൂട്ട്. മമ്മൂക്കയെ കാണാനും ഷൂട്ട് കാണാനും ഒരുപാട് ആളുകൾ അവിടെ വന്നിരുന്നു. പക്ഷേ, ആരും പോയില്ല. രാത്രി 11 മണി ആയിട്ടും ഒരു മണി ആയിട്ടും ആരും മാറുന്നില്ല. എന്നിട്ടും ഷൂട്ട് ചെയ്തു.
ഒരു ഫ്രെയിമിൽ ആർട്ടിസ്റ്റുകൾ മാത്രമേ വരാൻ പാടുള്ളൂ. ആ ഫ്രെയിമിൽ ജനങ്ങൾ വരാൻ പാടില്ല. അപ്പോൾ ബാക്കിയുള്ള ജനങ്ങളെ പതിയെ പതിയെ മാറ്റുകയാണ്. അപ്പോൾ ഒരു നാലുപേരുണ്ട് അവിടെ. അവർ മദ്യപിച്ചിട്ടുമുണ്ട്. മാറി നിൽക്കാൻ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ആദ്യം അവർ മാറാൻ തയാറായില്ലെങ്കിലും പിന്നെ അവിടുന്ന് മാറ്റി. കുറച്ചു കഴിഞ്ഞപ്പോൾ ഈ നാലുപേർ ഒരു പത്തുപേരായി. ഷൂട്ട് ചെയ്യാൻ പറ്റില്ല, നടന്റെ കൂടെ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ആകെ പ്രശ്നമായി. ഷൂട്ട് നടക്കില്ലെന്നുള്ള അവസ്ഥ എത്തിയപ്പോൾ പൊലീസിനെ വിളിച്ചു. പൊലീസ് വന്ന് അവരെ പിടിച്ചു മാറ്റേണ്ടതിനു പകരം ഷൂട്ട് നിർത്തിച്ചു. മുഴുവൻ ക്രൂ അംഗങ്ങളെയും സമീപത്തുണ്ടായിരുന്ന ജൈന ക്ഷേത്രത്തിലേക്കു മാറ്റി. ഞങ്ങളെ അതിനകത്താക്കി ലോക്ക് ചെയ്തു. അവസാനം മലയാളി സമാജത്തിൽ നിന്നുള്ളവരൊക്കെ വിളിച്ച് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്. അതിനു ശേഷം ഒരു മണിക്കൂറോളം അവിടെ ഷൂട്ട് ചെയ്തു. പേടിച്ചു പോയ ഒരു സംഭവം എന്നൊക്കെ പറയാവുന്നത് അതാണ്.
ഏതായാലും തിയറ്ററിൽ ഹിറ്റ് അടിച്ച കണ്ണൂർ സ്ക്വാഡ് ഒടിടിയിലും മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. ക്രൂ അംഗങ്ങളുടെ രാപകലില്ലാത്ത കഷ്ടപ്പാടിന്റെ ഫലം സിനിമയ്ക്കു ലഭിച്ചു എന്നു തന്നെയാണ് ഇതിന്റെ വിജയം വ്യക്തമാക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് അപ്പുറം യാത്ര ഇഷ്ടപ്പെടുന്നവർക്ക് നിറഞ്ഞ മനസ്സോടെ കാണാവുന്ന ഒരു റോഡ് മൂവി കൂടിയാണ് കണ്ണൂർ സ്ക്വാഡ്.