കാടിന്റെ വശ്യ മനോഹര കാഴ്ചകളുമായി ജിം കോർബറ്റ്
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം വീണ്ടുമെത്തിയത്– റോയൽ ബംഗാൾ ടൈഗറിന്റെ പടം. തടോബ നാഷനൽ പാർക്ക് ആയിരുന്നു മനസ്സിലെങ്കിലും അതിൽ ഒരു പുതുമയില്ല എന്നു തോന്നി. കാരണം ഒത്തിരി പേരുടെ എണ്ണം തികഞ്ഞ തടോബ ഫോട്ടോകൾ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ജിം കോർബറ്റ് എന്ന വശ്യ മനോഹരിയിലേക്കെത്തുന്നത്. ഏതു പടത്തിനെയും എണ്ണം പറഞ്ഞതാക്കുന്ന ജാലവിദ്യ ജിം കോർബറ്റിന്റെ ഓരോ ലാൻഡ്സ്കേപ്പിലും ഉണ്ട്.
ഒരൽപം കോർബെറ്റ് ചരിത്രം
1936 – ൽ ഹെയ്‌ലി നാഷനൽ പാർക്ക് എന്ന പേരിൽ രൂപീകരിച്ചതാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജിം കോർബറ്റ്. എഴുത്തുകാരനും നാച്ചുറലിസ്റ്റും അതിലുപരി ഒരു വേട്ടക്കാരനുമായ ജിം കോർബറ്റിന്റെ സ്മരണാർഥം പിന്നീട് പാർക്കിന്റെ പേര് ജിം കോർബറ്റ് നാഷനൽ പാർക്ക് എന്നായി. ഇന്ന് ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ കീഴിലാണ് ഈ പാർക്ക്. 1300 ൽ അധികം ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന കോർബറ്റ്. ബിജറാണി, മലാനി, ജിർന, ധേല, മോഹൻ, ലോഹചൂർ, ഫാന്റോ, ഹൽദുപറവോ, മുടിയപാണി, മോർഗാത്തി, റത്തുവാധബ്, പക്കോറോ, ധികാല എന്നിവയാണ് ഫോറസ്റ്റ് റസ്റ്റ് ഹൗസ് ഉള്ള സോണുകൾ. ഇതിൽ തന്നെ പുൽമേടുകളും രാമഗംഗ പുഴയും സാൽ മരങ്ങളാൽ നിറഞ്ഞ വനവും കാനന പാതയും കൊണ്ട് അതിമനോഹരമാണ് ധികാല. അങ്ങനെ ഇന്ത്യ ട്രാവൽസ് എന്ന ഏജൻസി വഴി ജനുവരി 25 മുതൽ 28 വരെ, ദിവസവും 4 മണിക്കൂർ നീളുന്ന 6 സഫാരികളുള്ള യാത്രയ്ക്കൊരുങ്ങി. ജോലിയിൽനിന്ന് ചെറിയ ഒരു അവധി എടുത്ത് കുവൈത്തിൽനിന്ന് 24 വെളുപ്പിന് ഡൽഹിയിലേക്ക് ജസീറ എയർവെയ്സിൽ യാത്ര തിരിച്ചു. കൃത്യസമയത്തു തന്നെ ഡൽഹിയിൽ വിമാനമിറങ്ങി. നല്ല ഫോഗ് ഉണ്ടായിരുന്നു.
ഏജൻസി തന്ന വിവരം വച്ച്, കൂടെ യാത്രയ്ക്കുള്ള രണ്ടുപേരുമായി കോണ്ടാക്ട് ചെയ്തിരുന്നു. ഒരാൾ മുംബൈയിൽ നിന്നുള്ള റവൽനാഥ് ജോഷി. മറ്റേ ആൾ ഉത്തർപ്രദേശിൽ നിന്നുമുള്ള അവിനാഷ്. പറഞ്ഞ പ്രകാരം ജോഷി ഞങ്ങൾ രണ്ടുപേർക്കും ഡൽഹിയിൽനിന്നു രാമനഗറിലേക്ക് 24ന് രാത്രി റാണിഖേത് എക്സ്പ്രസിൽ 2 എസി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ എത്തിയതു കാരണം ന്യൂ ഡൽഹി റെയ്ക്വേ സ്റ്റേഷനു സമീപം ഒരു മുറിയെടുത്തു വിശ്രമിച്ചു. 4 മണിയോടു കൂടി ജോഷി റൂമിലെത്തി. 6 മണിയോടെ ഞങ്ങൾ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചു. വളരെ തിരക്കേറിയ മാർക്കറ്റിന്റെ ഉള്ളിലൂടെ ഇലക്ട്രിക് യൂബർ കാർ പതിയെ നീങ്ങി ഒരു ഒച്ചയും അനക്കവും ഇല്ലാതെ, ഡൽഹിയിൽ ഏകദേശം 30% പ്രൈവറ്റ്, ടാക്സി കാറുകൾ എൽപിജി അല്ലെങ്കിൽ ഇവിആയിട്ടുണ്ട്. തെരുവുകൾ എല്ലാം വൃത്തിയുള്ളതായി; മാർക്കറ്റ് റോഡുകൾ ഒഴിച്ച്. സർക്കാരുകൾ മാത്രമല്ല ഇ കാര്യത്തിൽ പൊതുജനവും ഉത്തരവാദിത്തം കാണിക്കണം.
ഏകദേശം 8 മണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തി. 10 മണിയോടെ കൃത്യമായി ട്രെയിൻ എത്തി. ഒരു ഉറക്കം കഴിഞ്ഞ് 4.30 ന് രാംനഗറിൽ എത്തി. അസഹനീയമായ തണുപ്പും സഹിച്ച് ഒരു റൂമിൽ കയറി ഫ്രഷ് ആയി, പുറത്തിറങ്ങി ഒരു ചായയും കുടിച്ച് അടുത്തുനിന്നും മങ്കി ക്യാപ്പും വാങ്ങി ഞങ്ങളുടെ ജിപ്സി സാരഥി അയ്യൂബിനെ കാത്തു നിന്നു. ഞാനും ജോഷിയും തലേന്നു തന്നെ 10 മണി വരെയുള്ള ഒരു സഫാരി പ്ലാൻ ചെയ്തിരുന്നു. അടുത്തിടെ തുറന്ന ഫാൻകോ പാർക്കിൽ എത്തി 7 മണിയോട് പാസ്സ് എടുത്ത് സഫാരി തുടങ്ങി. സതീഷ് എന്ന ഗൈഡും കൂടെക്കൂടി. പോകുന്ന വഴിയിൽ നിരവധി പഗ് മാർക്കുകൾ കാണുന്നുണ്ട്. അങ്ങനെ ഞങ്ങൾ ചായ കുടിക്കാൻ കയറി. നല്ല ചൂടൻ പക്ക് വടയും കഴിച്ചു കുറച്ചു നേരം തീയും കാഞ്ഞ് ഇരുന്നു, നല്ല മൂടൽ മഞ്ഞായതിനാൽ ഫോട്ടോ എടുക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. ചായ കുടിച്ച നേരം കൊണ്ട് കടുവ റോഡ് കടന്നു തലനാരിഴ വിത്യാസത്തിൽ പോയ വിവരം സഫാരിക്കു പോയി വന്ന മുംബൈയിൽ നിന്നുള്ള അമ്മയും മകളും പങ്കു വച്ചു. ഒപ്പം മകളുടെ വക ഒരു ചിരിയും; പുട്ടും കുറ്റി പോലത്തെ ലെൻസും കൊണ്ട് നടന്നോ എന്ന മട്ടിൽ.
നേരം കളയാതെ 9 മണിയോട് പാർക്കിൽ നിന്നിറങ്ങി രാംനഗറിൽനിന്നും അവിനാഷിനെയും എടുത്തു നേരെ Dhanagadi മെയിൻ ഗേറ്റിൽ പത്തരയോടെ എത്തി. അവിടെ ചെക്കിങ് കഴിഞ്ഞു (ലിക്വർ കൊണ്ട് പോകാൻ പറ്റില്ല). 31 കിലോമീറ്റർ ഉള്ളിലുള്ള ധിക്കാല ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. 2017 മോഡൽ ജിപ്സി അവന്റെ കുതിരശക്തി മുഴുവൻ സംഭരിച്ചു കുതിച്ചു പാഞ്ഞു, ഒപ്പം തണുത്തു വിറങ്ങലിച്ചു വിറകുകൊള്ളി അവസ്ഥയിൽ ഞാനും. അവസാനം ധിക്കാലയിൽ ഞങ്ങൾ 3 പുതുമുഖങ്ങൾ, വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത ചുറ്റുപാടിലുള്ളവർ, 3 ദിവസത്തേക്ക് ഒത്തുകൂടി. കാടെന്ന വിശേഷം ആണ് ഞങ്ങൾക്കു പറയാനുള്ള ഒരേ ഒരു കാര്യം. ഉച്ചയ്ക്ക് വിശാലമായ ഭക്ഷണം. ഇത്ര മനോഹരമായ ഭക്ഷണം അടുത്ത കാലത്തൊന്നും കഴിക്കാൻ പറ്റിയിട്ടില്ല.
ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിച്ച ശേഷം 1.30 ന് ആദ്യ സഫാരിക്കായുള്ള തയാറെടുപ്പു തുടങ്ങി, തണുപ്പിന്റെ സ്ഥിതി മനസ്സിലാക്കി കയ്യിൽ കൊണ്ടു വന്ന എല്ലാ ഡ്രസും ഒന്നിനു മീതെ ഒന്നായി ഇട്ടു മേലെ ജാക്കറ്റ് ഇട്ട് ശരീരത്തിന്റെ ചൂട് ഒരു വിധം താങ്ങി നിറുത്തി. ഗൈഡ് ധാനി ഞങ്ങളോടൊപ്പം കൂടി, ഏകദേശം 50 വയസ്സുള്ള ധാനി കാടിനെക്കുറിച്ച് പറഞ്ഞാൽ വാചാലനാകും. ഒരു ഫോറസ്ട്രി കോഴ്സിനും പകർന്നു തരാൻ പറ്റാത്ത അറിവിന്റെ കേന്ദ്രമാണ്, 15 കൊല്ലമായി കാടിന്റെ മനസ്സറിയുന്നു. ജീപ്പ് പുൽമേടും കടന്ന് മെല്ലെ റാം ഗംഗാ നദിയുടെ തീരത്തു കൂടി മെല്ലെ നീങ്ങി, ധ്യാനിയും അയൂബും ചെവികൾ കൂർപ്പിച്ച് മാനിന്റെ അലാം കാൾ വെയിറ്റ് ചെയ്തിരിപ്പാണ്, കണ്ണാണെങ്കിൽ റോഡിലെ പൊടിമണ്ണിൽ പതിയാറുള്ള കടുവയുടെ പഗ് മാർക്കുകൾ പരതുന്നുണ്ട്. ബാർക്കിങ് ഡിയറിന്റെ ഉറക്കെ ഉള്ള കരച്ചിൽ കേട്ട് ജിപ്സിയുടെ ഹൃദയമിടിപ്പ് മെല്ലെ കൂടി.
വണ്ടി ലക്ഷ്യം നോക്കി പാഞ്ഞെങ്കിലും അടയാളങ്ങൾ ഒന്നും കണ്ടില്ല. വഴിയിൽ പുള്ളി മാനും മ്ലാവും (സാമ്പാർ ഡീർ), ബാർക്കിങ് ഡിയറിനെയും കണ്ടു. ഏകദേശം 5 മണിയോടടുപ്പിച്ചു ജിപ്സികൾ മരണയോട്ടം നടത്തുന്ന കണ്ട് അയൂബ് വണ്ടി അങ്ങോട്ടു പായിച്ചു. വണ്ടിക്ക് നിൽക്കാൻ സമയം കൊടുക്കുന്നതിനു മുൻപ് ധിക്കാലയുടെ സുന്ദരി പേട് വാലി ഇറങ്ങി വരുന്നു, ആരെയും കൂസാതെ പോകുന്ന അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ ക്യാമറയുടെ സെറ്റിങ് ശ്രദ്ധിക്കാതെ കുറെ ഫോട്ടോസ് എടുത്തു. ഒന്നും ശരിയായില്ല. ഏകദേശം 4-5 വയസ്സ് കാണും 3 മക്കളുടെ അമ്മയായ പേട് വാലിക്ക്. പേട് വാലി എന്ന പേരിന്റെ കഥ തുടങ്ങി ധാനി. കടുവകൾ സാധാരണ മരത്തിൽ കയറാറില്ല. പക്ഷേ കുഞ്ഞുങ്ങൾക്കു ഭീഷണി ആകുമെന്നു തോന്നിയ ലെപ്പേർഡിനെ അടിച്ചിടാൻ പേട് വാലി ഒരു പടുകൂറ്റൻ മരത്തിന്റെ കയറിയത്രേ. അതാണ് ആ പേരിന് കാരണം.
തിരികെ റൂമിലെത്തി ഫ്രഷ് ആയി ക്യാമറയെല്ലാം ക്ലീൻ ആക്കി ഡിന്നർ കഴിച്ച് നാളേയ്ക്കുള്ള സ്വപ്നങ്ങൾ കണ്ട് ഉറങ്ങി. രാവിലെ ഓരോ ചായയും കുടിച്ചു, വിശപ്പു മാറ്റാനുള്ള സാധങ്ങളും കരുതി കൃത്യം എഴിനു തന്നെ ഞങ്ങൾ രണ്ടാമത്തെ സഫാരിക്ക് തയാറായി. പതിവ് പോലെ നദിക്കരയിൽ രണ്ട് കിങ്ഫിഷറിന്റെ ആക്‌ഷൻ നടക്കുന്ന ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോൾ ധാനി ശ്രദ്ധിക്കുന്നത് കടുവയുടെ ഫ്രഷ് പഗ് മാർക്കുകൾ (വണ്ടി കയറിയ പാടുകൾ ഇല്ല). ഞങ്ങൾമെല്ലെ വണ്ടി എടുത്തു, നദിക്കരയിൽ വളരെ ജാഗ്രതയോടെ തീക്ഷ്ണമായ നോട്ടത്തിൽ പേട് വാലി ഞങ്ങളെ നോക്കി ഇരിക്കുന്നു, ക്യാമറ തിരിച്ചു ക്ലിക്ക് ചെയ്യാൻ എടുത്ത 10-15 സെക്കൻഡ് കൊണ്ട് അവൾ അകലേക്ക് നോക്കി പുല്ലിന്റെ ഇടയിൽ കയറി. ഏകദേശം രണ്ടര മണിക്കൂർ കാത്തു നിന്നിട്ടും ചുണ്ടിനും കപ്പിനും ഇടയിൽ നല്ലൊരു ഫോട്ടോ മിസ്സ് ആയ അവസ്ഥ ആയിരുന്നു. എങ്കിലും ഇളം മഞ്ഞിൽ ചിന്നി ചിതറി വരുന്ന പ്രഭാത കിരണങ്ങൾ ഒരു ഭംഗി തന്നെ. അന്നേ ദിവസം രണ്ട് കുറുനരികൾ നല്ലൊരു ഫോട്ടോ പോസ് തന്നു വഴിയിൽ ഇരുപ്പുണ്ടായിരുന്നു. വഴിയിൽ ധാനി ആനക്കഥകളും കടുവക്കഥകളും പറഞ്ഞു. പാർ സോണിലേക്കുള്ള വഴിയിൽനിന്ന് 3 മാസം മുൻപ് 20 വയസ്സുള്ള ഒരു നേപ്പാളി പയ്യനെ പർവാലി എന്ന പേരുള്ള പെൺ കടുവ ആക്രമിച്ചു കൊന്നു, അതുകൊണ്ട് ആ ഏരിയ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
രാവിലെ സഫാരി കഴിഞ്ഞ് ക്യാംപസ് ഫെന്റിന്റെ ഭാഗത്ത് ഒരു ആൾക്കൂട്ടം. ഗ്രാസ് ലാൻഡിൽ ആൺ കടുവ ഒരു കാട്ടുപന്നിയെ പിടിച്ചു ഭക്ഷിച്ചതിനു ശേഷം വെള്ളം കുടിക്കാൻ പുഴയിലേക്കു പോകുന്ന വിദൂര ദൃശ്യം നോക്കി നിൽക്കുകയാണ്. ഞാനും ഒന്നുരണ്ട് ദൃശ്യങ്ങൾ പകർത്തി. രാത്രികളിൽ പല വിധം അലാം കോളുകളും കേൾക്കുന്നുണ്ടായിരുന്നു. മൂന്നാം ദിവസം കോട മഞ്ഞിൽ ആനക്കൂട്ടം പുഴ കടക്കുന്ന മനോഹര ദൃശ്യം പകർത്താൻ സാധിച്ചു .
തലേ ദിവസം ഫോറസ്റ്റ് ഡയറക്ടർ പാർ ഏരിയ സന്ദർശിച്ചിരുന്നു അതിനു പിന്നാലെ അത് സഫാരിക്കായി തുറന്നു നൽകി. അവസാന 3 സഫാരി അവിടെ ചെയ്യാൻ സാധിച്ചു. വളരെ മനോഹരമായ ഒരു ഫോറസ്റ്റ് ഏരിയ ആണ് പാർ (നദിയുടെ അപ്പുറം എന്ന അർഥത്തിലാണ് PAAR എന്നു പറയുന്നത്). ആക്ടിവിറ്റി ഒന്നും കിട്ടിയില്ലെങ്കിലും സുന്ദരമായ കാടിന്റെ മനോഹാരിത ആസ്വദിച്ചു. അന്ന് രാത്രി ആനയുടെ ശീൽക്കാരവും പുലിയുടെ ഗർജ്ജനവും വളരെ അടുത്തു കേൾക്കാമായിരുന്നു. പിറ്റേ ദിവസം ധാനി പറഞ്ഞ ആനക്കഥയിൽ ഏറ്റവും ഇഷ്ടമായത് ഒരാന കുറെ നാളുകൾക്കു മുൻപ് ഒരു മോണിറ്റർ ലിസ്സർഡിനെ തൂക്കിയെറിഞ്ഞ സംഭവമാണ്, ആ നിമിഷത്തിനു സാക്ഷിയായ ഒരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർക്ക് അത് ബെസ്റ്റ് ഫോട്ടോഗ്രാഫി അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയായി. ഇതിനൊപ്പം പെൺ കടുവയുടെ ഉത്തരവാദിത്തവും ധാനി വിവരിച്ചു തന്നു. മനുഷ്യരെപ്പോലെ തന്നെ മക്കളുടെ കാര്യത്തിൽ പെൺ കടുവയ്ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞായാൽ പിന്നെ പുലിയിൽ നിന്നും മറ്റു ഹിംസ്ര ജന്തുക്കളിൽനിന്നും അമ്മക്കടുവ അവയെ സംരക്ഷിക്കും, ഇതിനിടയിൽ തനിക്കും കുഞ്ഞിനും വേണ്ടി ഇര തേടണം. ഇത്രയും തിരക്കുള്ളതിനാൽ അവൾ പലപ്പോളും ആൺ കടുവയുമായി ഇണ ചേരാൻ പോലും വിസമ്മതിക്കും. അതു കൊണ്ടു തന്നെ ആൺ കടുവകൾ കുഞ്ഞുങ്ങളെ ഇരയാക്കാൻ പോലും ശ്രമിക്കുന്നു.
അങ്ങനെ ലാസ്റ്റ് സഫാരി 28 ന് രാവിലെ പൂർത്തിയാക്കി ബാഗ് പാക്ക് ചെയ്യുന്ന നേരത്ത് ആ നല്ല കാടും കുറെ മനുഷ്യരേയും വിട്ടുപോരുന്ന വിഷമത്തിലായിരുന്നു. ഇരുപതിലധികം ഗെസ്റ്റ് ഹൗസുകളാണ് ധിക്കാലയിൽ ഉള്ളത്. ഫൊട്ടോഗ്രാഫർമാരും ദമ്പതികളുമൊക്കെ സന്ദർശകരായി വന്നുകൊണ്ടിരിക്കും. എല്ലാ തിങ്കളാഴ്ചയും ആണ് ബുക്കിങ്. 3 മാസം മുൻപേ ബുക്ക് ചെയ്യേണ്ടി വരും എന്നാണറിഞ്ഞത്. ഋതു ഭേദങ്ങൾക്കനുസരിച്ചു ധിക്കാലയുടെ രൂപവും മാറും. ജൂൺ 15 മുതൽ നവംബർ 14 വരെ മഴകാരണം പാർക്ക് അടച്ചിടും. ഇവിടുത്തെ സായാഹ്നവും ഭക്ഷണവും മനുഷ്യരും കാടും തികച്ചും വുത്യസ്തമാണ്.ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ടതു തന്നെ.
ഞങ്ങളെ രാംനഗറിലാക്കി അയൂബ് യാത്ര പറഞ്ഞു. ധാനി അടുത്ത ഗെസ്റ്റിലേക്ക് കഥകളും അറിവുകളുമായി തിരക്കിലായി. മുൻകൂർ അറേഞ്ച് ചെയ്ത ടാക്സിയിൽ ഞാനും ജോഷിയും ഡൽഹിക്ക് വച്ചുപിടിച്ചു അവിനാഷ് രാമനഗറിൽനിന്നു സ്വന്തം കാറിൽ യാത്ര തിരിച്ചു. കാബിന്റെ പിൻ സീറ്റിൽ ഇരുന്ന് ഞാൻ ആലോചിച്ചു, എത്ര നിഷ്കളങ്കമായാണ് അവിടെയുള്ള സാധാരണക്കാർ ഇടപെടുന്നതും ചിരിക്കുന്നതും. മനസ്സിലെ നന്മ പൂർണമായും ഗ്രാമീണതയിൽനിന്നു കിട്ടിയതാകാം, നാഗരികതയിലെ കാപട്യങ്ങൾ ഒന്നുമില്ലാത്ത കുറെ നല്ല മനുഷ്യർ.
രാംനഗറിൽ നിന്നും ഡൽഹിയിലേക്ക് NH9 വഴി (Delhi to Lucknow Expressway), ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ കുതിച്ചു ചാട്ടം റോഡ് മാർഗമുള്ള യാത്രയിൽ മനസ്സിലായി. സോളർ സിറ്റി ആയ ഫരീദാബാദ് ഗേറ്റ് പോകുന്ന വഴി ദൃശ്യം ആണ്. സാമാന്യം തിരക്കുണ്ടായിട്ടും 6 മണിക്കൂർ കൊണ്ട് 289 കിലോമീറ്റർ ഓടി ഫൈസൽ എന്ന യുപി സ്വദേശി ജോഷിയെ കൃത്യമായി എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു. ഞാൻ നേരെ മഹിപാൽപുരിൽ ചെന്നു റൂം എടുത്തു, മഹിപാൽപുർ ഡൽഹിയുടെ സ്വദേശി/വിദേശി യാത്രികരുടെ പറുദീസ എന്നു പറയാം. 1,500 മുതൽ 10,000 വരെ രൂപ വാടക വരുന്ന ഹോട്ടൽ ശൃംഖലകളുടെ മേഖല.
കുവൈത്തിലേക്കു തിരിച്ചു പറക്കൽ 31 നു 7.30 നാണ്. ഒരു ദിവസം മുഴുവൻ മുൻപിലുണ്ട്. നേരത്തേ വിചാരിച്ച പോലെ ഹരിയാനയിലെ സുൽത്താൻപുർ പക്ഷി സങ്കേതം സന്ദർശിക്കാൻ തീരുമാനിച്ചു. സഞ്ജയ് എന്ന ഗൈഡിനെ ഒപ്പിച്ചു, യാത്രയ്ക്കായി ഫൈസലിനെത്തന്നെ ഏർപ്പാടാക്കി. അങ്ങനെ 30ന് രാവിലെ 8.30 ആയപ്പോൾ സുൽത്താൻപുരിൽ എത്തി ഏകദേശം 35 കിലോമീറ്റർ ഉണ്ട് മഹിപാൽപുരിൽ നിന്ന്.
ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന പാർക്ക് ജലപക്ഷികളുടെയും ദേശാടനപ്പക്ഷികളുടെയും ഇഷ്ട സ്ഥലമാണ്. കടുത്ത മൂടൽ മഞ്ഞായതു കൊണ്ടു വളരെ കുറച്ചു ചിത്രങ്ങളേ എടുത്തുള്ളൂ. ഏകദേശം 10.30 ആയപ്പോൾ ഞങ്ങൾ കടുകു പൂത്തു നിൽക്കുന്ന മണ്ണിട്ട വഴികളിലൂടെ, ഗോതമ്പ് പാടങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമീണ ഭംഗിയിലേക്കു പക്ഷികളെ തേടി ഇറങ്ങി. സാരസ് ക്രെയിൻ, ഗ്ലോസി സ്റ്റാർലിങ്, ബാർ ഹെഡഡ് ഗൂസ് എന്നിങ്ങനെ നിരവധി പക്ഷികളുടെ ചിത്രങ്ങൾ എടുത്തു. സഞ്ജയ് പറഞ്ഞ ബേക്കറിയിൽനിന്നു കുറച്ചു സ്വീറ്റ്സ് വാങ്ങി. പോരും വഴി ബട്ടൂരയും കറിയും കഴിച്ചു. സഞ്ജയോട് യാത്ര പറഞ്ഞു കുറച്ച് പർച്ചേസ് ഒക്കെ ചെയ്തു തിരികെ റൂമിലേക്കു പോന്നു. രാത്രി അക്ഷർധാം ടെമ്പിൾ സന്ദർശിക്കാൻ മെട്രോയിൽ കയറി ചെന്നപ്പോളാണ് മനസ്സിലായത് തിങ്കളാഴ്ച അക്ഷർധാം തുറക്കില്ല എന്നുള്ളത്.
വൈകിട്ട് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. കഴിഞ്ഞു പോയ 6 മനോഹര ദിവസങ്ങൾ ഒരു സ്വപ്നമെന്ന പോലെ ഓർത്തെടുത്തു. തിരികെ വെളുപ്പിന് 4 മണിക്ക് ടാക്സിയിൽ പോരുമ്പോൾ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അലങ്കരിച്ചിരിക്കുന്ന വീഥികൾ വളരെ മനോഹരമായി കാണാമായിരുന്നു. എല്ലാം കഴിഞ്ഞു ബോക്‌ങ് പാസ് എടുത്ത് ഫ്ലൈറ്റിൽ കയറി.
ഡൽഹിയോട് യാത്ര പറയും മുൻപ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര സത്യമാണെന്ന് ഓർത്തു ‘വേറെ എവിടെയും കണ്ടില്ലെങ്കിലും ഇന്ത്യ മൊത്തത്തിൽ ഒന്ന് കണ്ടാൽ ലോകം കണ്ടതിനു തുല്യ’മാണെന്ന്. എന്തായാലും ലോകം കറങ്ങും മുൻപ് ഇന്ത്യ മൊത്തത്തിൽ കാണാൻ ഞാൻ തീരുമാനിച്ചു. അനവധി ഭാഷകൾ, വസ്ത്ര ധാരണം, സംസ്ക്കാരം, വിശ്വാസം, ഭക്ഷണ രീതി, ഇത്രയൊക്കെയായിട്ടും നാനാത്വത്തിൽ ഏകത്വം എന്ന മന്ത്രത്താൽ ലോകത്തിനു വെളിച്ചമായി ഭാരതം നട്ടെല്ലുയർത്തി നിൽക്കുന്നു. ഇൻക്രെഡിബിൾ ഇന്ത്യ.