ലഡാക്ക്: ഇവിടെ വെൺമേഘങ്ങൾ ഭൂമിയെ ചുംബിക്കുന്നു
സഞ്ചാരസ്വപ്നങ്ങളിൽ എപ്പോഴാണ് ലഡാക്ക് വന്നു നിറഞ്ഞത്... വളരെക്കാലം മുൻപുതന്നെ ഉള്ളിലത് വേരൂന്നിയിരിക്കണം. കുട്ടിക്കാലത്ത് പട്ടാളക്കാരനെന്നു നാട്ടുകാർ പറഞ്ഞുകേട്ട ഒരാളുണ്ടായിരുന്നു നാട്ടിൽ. വളരെക്കാലം അയാളില്ലാതെയാണ് ആ കുടുംബം നടന്നുപോയത്. പിന്നീടെപ്പോഴോ അയാൾ നാട്ടിൽ വന്നു. വളരെ മെലിഞ്ഞ് നല്ല
സഞ്ചാരസ്വപ്നങ്ങളിൽ എപ്പോഴാണ് ലഡാക്ക് വന്നു നിറഞ്ഞത്... വളരെക്കാലം മുൻപുതന്നെ ഉള്ളിലത് വേരൂന്നിയിരിക്കണം. കുട്ടിക്കാലത്ത് പട്ടാളക്കാരനെന്നു നാട്ടുകാർ പറഞ്ഞുകേട്ട ഒരാളുണ്ടായിരുന്നു നാട്ടിൽ. വളരെക്കാലം അയാളില്ലാതെയാണ് ആ കുടുംബം നടന്നുപോയത്. പിന്നീടെപ്പോഴോ അയാൾ നാട്ടിൽ വന്നു. വളരെ മെലിഞ്ഞ് നല്ല
സഞ്ചാരസ്വപ്നങ്ങളിൽ എപ്പോഴാണ് ലഡാക്ക് വന്നു നിറഞ്ഞത്... വളരെക്കാലം മുൻപുതന്നെ ഉള്ളിലത് വേരൂന്നിയിരിക്കണം. കുട്ടിക്കാലത്ത് പട്ടാളക്കാരനെന്നു നാട്ടുകാർ പറഞ്ഞുകേട്ട ഒരാളുണ്ടായിരുന്നു നാട്ടിൽ. വളരെക്കാലം അയാളില്ലാതെയാണ് ആ കുടുംബം നടന്നുപോയത്. പിന്നീടെപ്പോഴോ അയാൾ നാട്ടിൽ വന്നു. വളരെ മെലിഞ്ഞ് നല്ല
സഞ്ചാരസ്വപ്നങ്ങളിൽ എപ്പോഴാണ് ലഡാക്ക് വന്നു നിറഞ്ഞത്... വളരെക്കാലം മുൻപുതന്നെ ഉള്ളിലത് വേരൂന്നിയിരിക്കണം. കുട്ടിക്കാലത്ത് പട്ടാളക്കാരനെന്നു നാട്ടുകാർ പറഞ്ഞുകേട്ട ഒരാളുണ്ടായിരുന്നു നാട്ടിൽ. വളരെക്കാലം അയാളില്ലാതെയാണ് ആ കുടുംബം നടന്നുപോയത്. പിന്നീടെപ്പോഴോ അയാൾ നാട്ടിൽ വന്നു. വളരെ മെലിഞ്ഞ് നല്ല ഉയരമുള്ളൊരു വൃദ്ധൻ. നീലനിറമുള്ള ഒരു നീളൻ കുപ്പായമിട്ടല്ലാതെ അയാളെക്കണ്ടിട്ടില്ല. അതോ അയാളുടെ എല്ലാ കുപ്പായങ്ങളും നീലയായിരുന്നോ എന്തോ...ലഡാക്കിലായിരുന്നു അയാളെന്ന് ആദ്യമായി പറഞ്ഞു കേട്ട ദിവസം എന്തെന്നറിയില്ല, ആ പേര് ഉള്ളിൽ തറഞ്ഞു കയറി... ലഡാക്ക്..എവിടെയായിരിക്കും... എങ്ങനെയായിരിക്കും ആ വിദൂരഭൂമി... ഭാവനയിൽ മെനഞ്ഞുണ്ടാക്കുകയല്ലാതെ വേറെ പോംവഴിയൊന്നുമില്ലാത്ത കാലം. എന്തുകൊണ്ടെന്നറിയില്ല, വളരെയുയരത്തിൽ ചാരനിറമുള്ള മലകളും മഞ്ഞും അതിനിടയിലൂടെ പടർന്നുകയറുന്നൊരു പാതയുമാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്. ഓൾറ്റിറ്റ്യൂഡും ഹിമാനികളും മഞ്ഞുമലകളും ഒരിക്കൽപ്പോലും കേട്ടുകേൾവിയില്ലാത്ത ഒരു സ്കൂൾകുട്ടിയുടെ ഉള്ളിൽ അത്തരമൊരു ദൃശ്യം ഭാവനയിൽ വിരിയിച്ചത് ആരായിരുന്നു... ആ പട്ടാളക്കാരന്റെ മരണത്തോടെ ലഡാക്ക് ഓർമകളിൽനിന്ന് പിൻവാങ്ങി.
മണാലിയിലേക്കുള്ള ആദ്യ യാത്രയിൽ ലഡാക്ക് പിന്നെയും സ്വപ്നങ്ങളിൽ ചിറകു വിടർത്തി. ഗുലാബയിൽ ലേ യിലേക്കു പോകുന്ന പാതയിലൂടെ കടന്നു പോകുമ്പോൾ, കശ്മീർയാത്രയിൽ സോനാമാർഗ്ഗിൽ നിന്നും തിരിച്ചു പോരുമ്പോൾ മുന്നിലേക്കു പോകുന്ന,എന്നാൽ ഇപ്പോൾ തിരിച്ചു വരേണ്ടതായ ആ പാതകളോടു വാഗ്ദാനം ചെയ്തു,ഞാൻ വരും... ഈ ഭുമിയിൽ നിന്നും വിടപറയുന്നതിനു മുൻപ്, സ്വപ്നങ്ങളിലെ ആ വാഗ്ദത്ത ഭൂമികാണാൻ, ലഡാക്കിലേക്ക് ഞാൻ വരും...
അതെ- ലഡാക്കിലേക്ക് പോകാതിരിക്കാനാവില്ലായിരുന്നു..
സമുദ്ര നിരപ്പിൽ നിന്നും 18000-20000 അടി ഉയരം വരെയുള്ള ലോകത്തിലെത്തന്നെ ഏറ്റവും അപകടകാരിയായ, ദുർഘടമായ റോഡുകൾ. ഉയർന്ന ഓൾട്ടിറ്റ്യൂഡ് കാരണമുണ്ടാകുന്ന അക്യൂട്ട് മൗണ്ടൻ സിക്ക്നസ്സ്. കടുത്ത തണുപ്പും പ്രാണവായുവിന്റെ അഭാവവും.
Ladak is not for beginners എന്നു പറയാറുണ്ട്.
അതെ-ചിലയിടങ്ങളിലേക്ക് പെട്ടെന്നോടിപ്പോകാൻ തോന്നാറില്ല. പതിയെ, വളരെപ്പതിയെ മാത്രം ചെന്നെത്തേണ്ട ചിലയിടങ്ങളുണ്ട്.ധൃതി പിടിച്ചു പോകേണ്ട സ്ഥലങ്ങളല്ല അവ. ലഡാക്ക് എനിക്ക് അങ്ങനെയായിരുന്നു. ഒരുപാടു സ്വപ്നം കണ്ട്,ആലോചിച്ച്,അവിടേക്കിനിയെത്താതിരിക്കാനാവില്ല എന്നു തിരിച്ചറിഞ്ഞ് പറന്നിറങ്ങാനുള്ള ഭൂമിക.
ലഡാക്കിനെക്കുറിച്ച് ഈ കാലങ്ങളിൽ ധാരാളം വായിച്ചു. ഡോക്യുമെന്ററികളും സിനിമകളും കണ്ടു. യാത്രികരുമായി സംസാരിച്ചു. ഒടുവിൽ യാത്രാ തീയതി കുറിച്ചു.
ഓരോ യാത്ര തുടങ്ങുന്നതിനുമുമ്പുമുള്ള വിചിത്രമായ മാനസികാവസ്ഥയിലേക്ക് വീണ്ടുമെത്തി. പോകണം എന്നാഗ്രഹിക്കുമ്പോൾത്തന്നെ പോകാനായോ എന്നൊരാശങ്ക. പക്ഷേ സമയമായിരുന്നില്ലെന്നു പറയാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം കൊടുത്ത എജൻസി അത് ബുക്ക് ചെയ്തില്ല. ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു അങ്ങനെ ചെയ്യാഞ്ഞത് എന്നവർ ക്ഷമാപണം ചെയ്യുമ്പോൾ സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നത് കാണാനായി. ശ്രീനഗറിൽ നിന്നും ലേ വരെയുള്ള റോഡ് യാത്രയായിരുന്നു തീരുമാനിച്ചിരുന്നത്. സോജിലാ പാസ്, കാർഗിൽ, ലാമയുരു വഴിയുള്ള ആ യാത്ര ഏറെ ആഗ്രഹിച്ചതായിരുന്നു. അത് അകാരണമായി മുടങ്ങിപ്പോയപ്പോൾ വലിയ നിരാശ തോന്നി.
ജൂൺമാസമായിരുന്നു അത്. ജൂൺ മുതൽ സെപ്തംബർ വരെയാണ് ലേ ലഡാക്ക് യാത്രക്ക് അനുയോജ്യമായ സമയം. മഞ്ഞുരുകി വേനൽ തുടങ്ങുന്ന കാലമാണ്. ആപ്പിളും ആപ്രിക്കോട്ടും പൂക്കളും നിറഞ്ഞ് ലഡാക്ക് സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്ന കാലം. ശ്രീ നഗറിൽ നിന്നും മണാലിയിൽ നിന്നുമുള്ള ഹൈവേകൾ തുറക്കുന്നതും മഞ്ഞുരുകുമ്പോഴാണ്.
എന്താണെങ്കിലും തയ്യാറായി, ഇനി ഈ സീസൺ തീരും മുമ്പു തന്നെ ലഡാക്കിലെത്തണം. സെപ്തംബർ അവസാനം യാത്ര തീരുമാനിച്ചു. ഗ്ലാൻസ് ഓഫ് ഇന്ത്യ എന്ന ഏജൻസിയുടെ ട്രിപ്പ്.
ഇതും നടന്നില്ലെങ്കിൽ പിന്നെ അടുത്ത വർഷം വരെ കാത്തു നിൽക്കേണ്ടി വരും.
കൊച്ചി-മുംബൈ-ലേ ഫ്ലൈറ്റ് യാത്രയാണ്.
കൊച്ചിയിൽ നിന്നും ഫ്ലൈറ്റിൽ അർദ്ധരാത്രിയോടെ മുംബൈയിലെത്തി. കനത്തമഴയിൽ കുതിർന്നു കിടക്കുകയാണ് മുംബൈ നഗരം. ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഒരു സ്വകാര്യ വിമാനം മഴവെള്ളത്തിൽ തെന്നിനീങ്ങിപ്പോയതിനാൽ എയർപോർട്ട് നല്ല ജാഗ്രതയിലാണ്. പല ഫ്ലൈറ്റുകളും നേരം വൈകി. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ലേ യിലേക്കുള്ള ഫ്ലൈറ്റ് പുറപ്പെടുന്നത് രാവിലെ 8 മണികഴിഞ്ഞ്. എയർപോർട്ടിൽ ഇരുന്നും കിടന്നും എങ്ങനെയോ സമയം കളഞ്ഞ് ഒരുവിധം ബോർഡു ചെയ്തു. ലേ എന്ന് സ്ക്രീനിൽ എഴുതിക്കാണിക്കുമ്പോൾ ആഹ്ലാദം തോന്നി..
ഒടുവിൽ ആ സ്വപ്നത്തിലേക്ക്...
ഒരുപാട് പ്രതീക്ഷകളും ചില്ലറ ആശങ്കകളുമായി പതിനൊന്നു മണിയോടെ ലേ യിലെ കുശോക്ക് ബകുള റിംപോച്ചെ എയർപോർട്ടിൽ ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പു വന്നു.
വെയിലിൽ തിളങ്ങിക്കിടക്കുന്ന ചാരനിറമുള്ള മലകൾ മാത്രമാണ് കാഴ്ച.കണ്ണെത്തുന്നിടത്തെല്ലാം പർവ്വതങ്ങൾ-പർവ്വതങ്ങൾ മാത്രം...
എയർപോർട്ടിൽ തിരക്കില്ലായിരുന്നു. സൈനികർക്കു മാത്രമായിരുന്ന ഈ വിമാനത്താവളം എയർപോർട്ട് അതോറിറ്റിക്കു കൈമാറിയിട്ട് അധികമായില്ല. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ലാൻഡിംഗിൽ എപ്പോഴും കരുതൽ വേണ്ട എയർപോർട്ടാണിത്. പുറത്ത് കടുത്ത ചൂടാണ്.24-25 സെൽഷ്യസ് എന്നാണ് കാണിക്കുന്നതെങ്കിലും പർവ്വതപ്രദേശത്തെ വെയിലിന് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതയേറുന്നു. തൊലി കരിഞ്ഞു പോവും .
എയർപോർട്ടിനു ചുറ്റും എന്തോക്കെയോ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഊഷരമായ ചാര നിറമുള്ള മണ്ണും വരണ്ട പർവ്വതങ്ങളും. തിരിച്ചറിയാനാവാത്ത ഒരു വിഷാദം ഉള്ളിൽ ഉടലെടുക്കുന്ന പോലെ.
കവിതയും പ്രണയവും നിറഞ്ഞ മനസ്സുമായി ഇത്തരമൊരു ഭൂപ്രദേശത്ത് ബുദ്ധസന്യാസിനിയാകാൻ വിധിക്കപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള സിനിമ ഓർമ വന്നു പെട്ടെന്ന്...വരണ്ട കുന്നുകളിൽ, നീലനിറമാർന്ന ജലാശയങ്ങളിൽ, മഞ്ഞിൽ, മരവിപ്പിൽ പ്രണയവും കവിതയും വന്നു വിളിക്കുന്ന ദിനം സ്വപ്നം കണ്ടിരുന്ന പെൺകുട്ടി...
എയർപോർട്ടിൽ നിന്നും പതിനഞ്ചോളം മിനിറ്റ് ദൂരത്ത് തുക്ച ഫോർട്ട് റോഡിലുള്ള റഫിക്ക ഹോട്ടലിലാണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്. മുപ്പതിലധികം വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മനോഹരമായ ഹോട്ടലാണ് റഫീക്ക. മരപ്പണികൾ ചെയ്ത ജനാലകളും മനോഹരമായ പൂന്തോട്ടവും കായ്ചു നിൽക്കുന്ന ആപ്പിൾ മരവും. പരമ്പരാഗതമായ ടിബറ്റൻ ശൈലിയിലുള്ള വെളുത്ത സ്കാർഫ്(katak) കഴുത്തിലൂടെയണിയിച്ചാണ് ഹോട്ടലിലെ ജീവനക്കാരനായ ഗണേഷ് ഓരോരുത്തരെയും സ്വീകരിച്ചത്. ബുദ്ധിസ്റ്റ് വിശ്വാസപ്രകാരം ബഹുമാനം, സ്നേഹം, ദയ, അനുതാപം, നന്ദി, സ്വാഗതം എല്ലാം പ്രകടിപ്പിക്കാനാണ് വെളുത്ത സ്കാർഫ് അണിയിക്കുന്നത്. ബുദ്ധക്ഷേത്രങ്ങളിലെല്ലാം ഈ സ്കാർഫ് ധാരാളമായി തൂങ്ങിക്കിടക്കുന്നത് കാണാം.
ലഡാക്കി ഭാഷയിൽ ജൂ –ലൈ എന്നു പറഞ്ഞാണ് അവർ നമ്മെ സ്വീകരിക്കുന്നത്. നമസ്തെ, ഗുഡ്ബൈ എല്ലാത്തിനും അവർ ചിരിക്കുന്ന മുഖവുമായി ‘ജൂ –ലൈ’ എന്നു പറയും
എല്ലാവരെയും നിലത്തുവിരിച്ച ഇരിപ്പിടങ്ങളിൽ ഇരുത്തി ഗണേഷ്ജി ആപ്രിക്കോട്ട് ജ്യൂസുമായി വന്നു. ലഡാക്കിൽ ധാരാളമായിക്കാണുന്ന പഴമാണ് ആപ്രിക്കോട്ട്. നിരവധി ഔഷധഗുണങ്ങളുള്ള ആപ്രിക്കോട്ടും അതിന്റെ വിത്തും ഉണക്കി വിൽക്കുന്നത് ഇവിടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. നേപ്പാൾ സ്വദേശിയാണ് ഗണേഷ് ജി.ഹോട്ടലിലെ പല ജിവനക്കാരും നേപ്പാളികളായിരുന്നു. തലേവർഷം മുക്തിനാഥ് സന്ദർശിച്ച കാര്യം പറഞ്ഞപ്പോൾ അവർക്കു സന്തോഷമായി.
യാത്രികർക്കുള്ള പുതിയ മാർഗ്ഗരേഖകൾ പ്രകാരം ലേ യിൽ എത്തുന്ന സഞ്ചാരികൾക്ക് 48 മണിക്കൂർ അക്ലൈമറ്റൈസേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്നും 12000 ത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേയിൽ വന്നെത്തുന്ന സഞ്ചാരികൾ അജ്ഞത കൊണ്ടോ മനഃപൂർവ്വമോ വന്ന ദിവസം തന്നെ കൂടുതൽ ശാരീരിക ക്ലേശങ്ങളുണ്ടാക്കുന്ന വിധം യാത്ര ചെയ്യുകയോ പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നതു കാരണം അക്യൂട്ട് മൗണ്ടൻ സിക്നസും അനുബന്ധമായ ശ്വാസതടസ്സമോ നിർജ്ജലീകരണമോ സംഭവിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാവാറുണ്ട്. ചിലർക്ക് ജീവൻ തന്നെ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ലേ യിൽ എത്തുന്ന സഞ്ചാരികൾക്ക് ആൾട്ടിറ്റ്യൂഡുമായി ഇണങ്ങാൻ പൂർണ്ണവിശ്രമം ആവശ്യമാണ്. diamox tab ലേ യിൽ എത്തുന്നതിന്റെ തലേന്നു മുതൽ കഴിക്കാൻ പൊതുവെ സഞ്ചാരികൾക്ക് നിർദ്ദേശം നൽകാറുണ്ട്.
വിശ്രമിക്കുക, പതുക്കെമാത്രം നടക്കുക, ധാരാളം വെള്ളം കുടിക്കുക-ഹോട്ടലിലെ ജീവനക്കാരും അതുതന്നെയാണ് പറഞ്ഞത്. ഉച്ചയോടെ അന്തരീക്ഷത്തിൽ നേരിയ തണുപ്പു തുടങ്ങി. മുറ്റത്തിന്റെ മൂലയിൽ ചെറിയൊരാപ്പിൾ മരം നിറയെ കായ്ചു നിൽക്കുന്നു. പറിച്ചു കഴിച്ചോളൂ എന്ന് ഗണേഷ് ജി. മറ്റു സ്ഥലങ്ങളിലെ ആപ്പിൾ മരങ്ങളേക്കാൾ ചെറിയ വ്യത്യാസമുണ്ട് ഇലകൾക്ക്. ചെറിയ ആപ്പിളാണ്. എന്നാലും മധുരമുണ്ട്. രാത്രിയിൽ തൊട്ടടുത്തുള്ള ലേ മാർക്കറ്റിലേക്കു നടന്നു. കല്ലുപാകിയ വഴികൾ. ബുദ്ധിസ്റ്റ് പതാകകൾ ആകാശത്തു പാറിക്കളിക്കുന്നു. കശ്മീരി ഷോപ്പുകളാണ് അധികവും. ലെതർ, കൗതുകവസ്തുക്കൾ, പശ്മീന ഷാളുകൾ, തണുപ്പു വസ്ത്രങ്ങൾ, പഴുത്തതും ഉണങ്ങിയവയുമായ പഴങ്ങൾ, ടിബറ്റൻ ആഭരണങ്ങൾ, പലനിറമുള്ള കല്ലുകൾ...അറിയാതെ നടപ്പിനു വേഗത കൂടുമ്പോൾ ശരീരം മുന്നറിയിപ്പു തരുന്ന വിധം ചെറുതായി കിതയ്ക്കാൻ തുടങ്ങും. വലിയ കുട്ടകൾ മുതുകിലേറ്റിയ അമ്മൂമ്മമാരും യുവതികളും ഉത്സാഹത്തോടെ ഇലക്കറികളും പഴങ്ങളും വിൽക്കുന്നു. രുചിനോക്കാൻ ലോഭമില്ലാതെ പഴങ്ങൾ മുറിച്ചു തരുന്നു. പുഞ്ചിരിക്കുന്ന മുഖങ്ങളിൽ ശാന്തിയും ദയയും സന്തോഷവുമുണ്ട്. അമിതവില ഈടാക്കുന്ന പ്രവണതയുമില്ല.
സഞ്ചാരികളാൽ സജീവമാണ് മാർക്കറ്റ്. സീസൺ അവസാനിക്കാൻ പോകുന്നതിനാൽ പലയിടത്തും ആദായവിൽപ്പനക്കുള്ള ബോർഡുകളും കാണാമായിരുന്നു. തണുപ്പു തുടങ്ങിയാൽ സഞ്ചാരികളുടെ ഒഴുക്കു നിൽക്കും. വഴികളെല്ലാം ശൂന്യമാകും. കശ്മീരി കച്ചവടക്കാർ മിക്കവരും ഗോവയിലേക്കു പോകുകയാണ് പതിവ്. അവിടെ ടൂറിസ്റ്റ് സീസൺ കഴിയുമ്പോഴേക്ക് ലേ യിലെ മഞ്ഞുകാലവും തീരും.
രാത്രിക്ക് തണുപ്പു കൂടി വരുന്നു. കാഴ്ചകൾ കണ്ട് കൊതി തീർന്നില്ലെങ്കിലും ക്ഷീണവും തണുപ്പും കാരണം മുറിയിലേക്കു തന്നെ മടങ്ങി. ചൂടുള്ള ഭക്ഷണവും സൂപ്പും തയ്യാറായിരുന്നു. പതിയെ ഉറക്കത്തിലേക്ക്.
രണ്ടാം ദിവസം ഉറക്കമുണരുമ്പോൾ പ്രയാസങ്ങളൊന്നും തോന്നിയില്ല.തണുപ്പ് അധികമില്ലാത്തതിനാൽ ബുദ്ധിമുട്ടു തോന്നിയില്ല. ഈ ദിവസവും ലേ പട്ടണത്തിന്റെ ചുറ്റുവട്ടത്തുകൂടി കറങ്ങാനുള്ള അനുമതിയേയുള്ളു. അക്ലൈമറ്റേസഷൻ ആയിക്കഴിഞ്ഞാൽ കൂടുതൽ ദൂരങ്ങളിലേക്കു പോകാം.
ഹാൾ ഓഫ് ഫേം എന്ന പട്ടാള മ്യൂസിയത്തിലേക്കാണ് ആദ്യയാത്ര. ലേ നഗരത്തിൽ നിന്നും 4 കിലോമീറ്റർ ദൂരത്ത് കാർഗിൽ റോഡിലുള്ള ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത് ഇന്തോ പാക്ക് യുദ്ധത്തിലെ സൈനികരുടെ ഓർമ്മയ്ക്കായാണ്.1999 ലെ കാർഗിൽ യുദ്ധം വരെയുള്ള യുദ്ധചരിത്രങ്ങൾ, ജിവവായുവില്ലാത്ത മഞ്ഞുറഞ്ഞ മലനിരകളിൽ രാജ്യത്തിനു വേണ്ടി പോരാടുന്ന ധീരജവാൻമാരുടെ ത്യാഗങ്ങൾ, യുദ്ധത്തിൽ അഗ്നിക്കിരായവരുടെ സ്വപ്നങ്ങൾ എല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ വിശദീകരിച്ചു തന്നു ഷമീം ഹസ്സൻ എന്ന പട്ടാളക്കാരൻ. അന്യഗ്രഹജീവികളെന്നു തോന്നിക്കുന്ന വേഷവിധാനങ്ങളോടെ സിയാച്ചിനിൽ പൊരുതുന്ന യോദ്ധാക്കൾ നേരിടുന്ന വിഷമതകൾ കേട്ടപ്പോൾ വല്ലാത്ത വേദന തോന്നി. യുദ്ധത്തിൽ പിടിച്ചെടുത്ത അത്യന്താധുനികമായ തോക്കുകൾ, പാക്ക് പട്ടാളക്കാരന്റെ ഡയറിക്കുറിപ്പുകൾ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിജയന്ത് ഥാപ്പർ അച്ഛനയച്ച അവസാനത്തെ കത്ത്, ടാങ്കുകൾ...ഒക്കെയും കാണുമ്പോൾ യുദ്ധത്തിന്റെ ഭീകരത അടുത്തറിഞ്ഞ പോലെ. ശൗര്യ സ്ഥൽ എന്ന പേരിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച അനേകം സൈനികരുടെ പേരു കൊത്തി വച്ച സ്മൃതി കുടീരവും കാണാം. ക്യാപ്റ്റൻ ഷമീം ഹസ്സനോട് നന്ദി പറഞ്ഞു പുറത്തിറങ്ങി. കണ്ണെത്താ ദൂരത്തോളം ചാരനിറമുള്ള മലകൾ. നീണ്ടുപോകുന്ന വൃത്തിയുള്ള കറുത്ത റോഡ്. തെളിഞ്ഞ നീലാകാശം നിറയെ മേഘങ്ങൾ. കണ്ണുകളിലേക്കു തുളച്ചുകയറുന്ന സുര്യവെളിച്ചം. ലേയിലെ ആകാശത്തിന് കടുംനീലനിറവും വെൺമേഘങ്ങളുടെ സമൃദ്ധിയുമാണെപ്പോഴും.
റോഡിൽ തിരക്കില്ല. പട്ടാളവാഹനങ്ങളും സഞ്ചാരികളുടെ ബൈക്കുകളും മാത്രമാണ്.
ആൾചി ഗോംബ എന്ന പ്രാചീന ബുദ്ധക്ഷേത്രമാണ് അടുത്ത ലക്ഷ്യം. ആൾചി എന്ന ഗ്രാമത്തിലാണ് മരപ്പണികളാലും ചുമർചിത്രങ്ങളാലും അലംകൃതമായ ഈ പ്രാചീന ക്ഷേത്ര നിർമിതി. കയറിചെല്ലുന്നയിടം മുതൽ പ്രാർത്ഥനാ ചക്രങ്ങളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരപ്പലക പാകിയ നിർമിതി വലിയ കേടുപാടുകളില്ലാതെ കാത്തു സൂക്ഷിക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ നിന്നും ഇറങ്ങുന്ന വഴി നിറയെ പലതരം കൗതുകവസ്തുക്കളുടെ വിൽപ്പനയാണ്. ലഡാക്കിലെ ഏറ്റവും പ്രാചീനമായ മൊണാസ്ട്രിയാണ് ആൾചി ഗോംമ്പ. ലിക്കിർ മൊണാസ്ട്രിയുടെ കീഴിലാണിപ്പോൾ ആൾചി മൊണാസ്ട്രിയുടെ പരിപാലനം. ലേ യിൽ നിന്നും 40- 45 കിലോമീറ്റർ ദൂരെ സിന്ധു നദീതടത്തിലെ ഒരൊഴിഞ്ഞ കുന്നിൻ മുകളിലാണ് ലിക്കിർ മൊണാസ്ട്രി. നാഗങ്ങളാൽ വലയം ചെയ്യപ്പെട്ടത് എന്നാണ് ലിക്കിർ എന്ന പേരിന്റെ അർത്ഥം. 1065 ൽ പണി തീർത്ത ഈ ഗോംമ്പയുടെ പ്രധാന ആകർഷണം 75 അടി ഉയരത്തിലുള്ള മൈത്രേയ ബുദ്ധവിഗ്രഹമാണ്. പ്രാചീനത നിറഞ്ഞു നിൽക്കുന്ന ഈ ബുദ്ധക്ഷേത്രത്തിൽ അപൂർവ്വമായ കൈയൈഴുത്തു രേഖകളും തങ്കശേഖരവുണ്ട്. മൊണാസ്ട്രിയിൽ നിന്നിറങ്ങുമ്പോൾ ഒരു സംഘം ലാമമാർ ചിരിയോടെ വരുന്നതു കണ്ടു. കേരളത്തിൽ നിന്നെന്നു പറഞ്ഞപ്പോൾ ഓ നിങ്ങൾ കടൽ കണ്ടിട്ടുണ്ടാവും അല്ലേ എന്ന് ആവേശപൂർവ്വം ആരാഞ്ഞു. ആ ഭിക്ഷുവിന്റെ വലിയ ആഗ്രഹമാണത്രേ കടൽ കാണുകയെന്നത്. കടൽ കാണാൻ വരൂ എന്നു ക്ഷണിച്ചപ്പോൾ നടന്നതു തന്നെ എന്നൊരു ചിരിയോടെ ആ യുവഭിക്ഷു വേഗം നടന്നുപോയി.
ഉച്ചഭക്ഷണത്തിനായി പരിസരത്തുള്ളൊരു റസ്റ്റോറന്റിൽ കയറി. പലതരം നൂഡിൽസ് വിഭവങ്ങൾ തന്നെ. മോമോസ്, തുക്പ, തെൻതുക് ഇത്യാദി ഭക്ഷ്യവസ്തുക്കളാണ് ലഡാക്കികൾക്കു പ്രിയം. കുറച്ചു നൂഡിൽസും തുക്പയും കഴിച്ചു. റസ്റ്റോറന്റിന്റെ അടുക്കളമുറ്റത്തു കായ്ചു നിൽക്കുന്ന ഗ്രീൻ ആപ്പിളും ചുവന്ന ആപ്പിളും രുചിയോടെ കഴിച്ചു.
സംഗം ആണ് അടുത്ത കാഴ്ച. ഇൻഡസ്(സിന്ധു), സൻസ്കാർ നദികളുടെ സംഗമം. മനോഹരമായ നദീസംഗമമാണ് ഇത്. നീല നിറത്തിൽ ഇൻഡസ് നദിയും മൺചെളി നിറത്തിൽ സൻസ്കാർ നദിയും ഒരുമിച്ച് വെവ്വേറെ നിറമായിത്തന്നെ ഒഴുകി നീങ്ങുന്ന കാഴ്ച. ഇവിടെ റാഫ്റ്റിംഗിനുള്ള സൗകര്യമുണ്ട്. മഞ്ഞുകാലത്ത് സൻസ്കാർ നദി ഉറഞ്ഞ് കട്ടിയാവുന്ന സമയത്താണ് പ്രശസ്തമായ ചദർ ട്രെക്കിങ് നടത്തുന്നത്. ചദർ എന്നാൽ പുതപ്പുപോലെ ചുറ്റുന്ന ഷോൾ ആണ്. മഞ്ഞുറഞ്ഞ സൻസ്കാർ നദി വെളുത്ത മൂടുപടം പോലെ ആകുന്നതിനാലാണ് ആ സമയത്തെ ട്രെക്കിങിന് ചദർ ട്രക്ക് എന്നു പേരുവന്നത്. നിരന്ന മഞ്ഞിൻ പരപ്പിലൂടെയുള്ള ഈ ട്രെക്കിങ്ങിന് ഇപ്പോൾ ധാരാളം സഞ്ചാരികൾ വന്നെത്തുന്നുണ്ടെന്ന് ലേയിലെ ഹോട്ടലുടമ പറഞ്ഞിരുന്നു. സാധാരണയായി മഞ്ഞുകാലത്ത് ലേ ഉറങ്ങിക്കിടക്കും. അധികം ഹോട്ടലുകളും ഉണ്ടാവില്ല. ചദർ ട്രക്കേഴ്സിനു വേണ്ടി തന്റെ ഹോട്ടൽ തുറന്നു വയ്ക്കാറുണ്ടെന്നും അതിനാണ് സെൻട്രലി ഹീറ്റഡ് മുറികൾ ഒരുക്കിയിരിക്കുന്നതെന്നും അയാൾ പറഞ്ഞിരുന്നു.
മാഗ്നറ്റിക് ഹില്ലിലേക്കാണിനി യാത്ര. ഒരുപാടു കാലമായി കാണാൻ ആഗ്രഹിച്ചതാണ് ഗുരുത്വാകർഷണത്തെ ധിക്കരിക്കുന്ന പ്രതിഭാസം എന്നു പേരുകേട്ട മാഗ്നറ്റിക് ഹിൽ. ലേയിൽ നിന്നും 30 കിലോമീറ്റർ ദൂരത്താണ് മാഗ്നറ്റിക് ഹിൽ. റോഡിൽ കയറ്റത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രത്യേക ഭാഗത്ത് വാഹനം ന്യൂട്രലിൽ ഇട്ടാൽ താഴേക്ക് ഉരുളുന്നതിനു പകരം മുകളിലേക്ക് അരിച്ചു കയറുന്നു എന്നാണ് അദ്ഭുതമായി പറഞ്ഞുവരുന്നത്. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം യഥാർത്ഥത്തിൽ ചെരിവുള്ള ഭാഗം കയറ്റമായി തോന്നിക്കുന്നുവെന്നും വാഹനം ഉരുളുന്നത് ഗുരുത്വാകർഷണത്തിനെതിരായല്ലെന്നും ശാസ്ത്രീയമായി പറയുന്നുണ്ട്. എന്തുതന്നെയായാലും ഞങ്ങളുടെ വാഹനവും ന്യൂട്രലിൽ ഇട്ടപ്പോൾ കയറ്റത്തിലേക്ക് അരിച്ചുനീങ്ങുന്ന അനുഭവമുണ്ടായി. കണ്ണുകളെ വഞ്ചിക്കുന്ന പ്രതിഭാസമാണ് ലഡാക്കിൽ എവിടെയും. വിസ്മയകരമായ ഭൂപ്രകൃതി. നിറം മാറിവരുന്ന പർവ്വതങ്ങൾ. ഉയർച്ച താഴ്ചകൾ. ഒന്നുമൊന്നും കണ്ണുകൾക്ക് വിശ്വസിക്കാനാവില്ല! മാഗ്നറ്റിക് ഹില്ലും അതുപോലെയൊരു മായക്കാഴ്ച. വീശിയടിക്കുന്ന കാറ്റും വിജനതയുമാണ് മാഗ്നറ്റിക് ഹില്ലിന്റെ പരിസരമാകെ. പിടിച്ചുവലിക്കുന്നതെന്തോ അവിടെ നിലനിൽക്കുന്നതുപോലെ.
ലേ കാർഗിൽ റോഡിൽത്തന്നെയാണ് പഥർ സാഹിബ് ഗുരുദ്വാര. 12,000 അടി ഉയരത്തിലുള്ള ഗുരുദ്വാര 1517 ൽ ഗുരു നാനാക്കിന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായി നിർമിച്ചതാണ്.ഗുരു നാനാക്ക് ചാരിയിരുന്നു വിശ്രമിച്ചതെന്നും അദ്ദേഹത്തിന്റെ അടയാളങ്ങൾ പതിഞ്ഞതെന്നും പറയപ്പെടുന്ന ഒരു വലിയ പാറക്കല്ല് ഗുരുദ്വാരയിൽ കാണാം. അതുകൊണ്ടാണ് പഥർ സാഹിബ് എന്നു പേര് വന്നത്.1970 കളുടെ ആദ്യകാലത്ത് ലേ–നിമു റോഡ് പണിക്കായി വന്ന ബുൾഡോസർ ഡ്രൈവർ പണിയിടത്തു കണ്ട പാറക്കല്ല് മാറ്റാൻ നോക്കിയെങ്കിലും അനക്കാൻ പറ്റിയില്ല. എന്നു മാത്രമല്ല യന്ത്രം തകരാറായി പണി മുടക്കേണ്ടി വന്നു. പിറ്റേന്ന് ഡൈനാമിറ്റ് വച്ച് തകർക്കാൻ നോക്കിയിട്ടും പരാജയപ്പെട്ടു. ആ രാത്രി അയാൾക്ക് കല്ലെടുത്തു മാറ്റരുതെന്ന് ഗുരുനാനാക്കിന്റെ സ്വപ്നദർശനമുണ്ടായി. അവിടെയുണ്ടായിരുന്ന പട്ടാള ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞെങ്കിലും അത് കാര്യമാക്കേണ്ട എന്നായിരുന്നു മറുപടി. ആ രാത്രിയിൽ പട്ടാള ഉദ്യോഗസ്ഥനും അതേ സ്വപ്നദർശനമുണ്ടാവുകയും പാറ അവിടെ നിന്നു മാറ്റാതെ റോഡ് പണി നടത്താൻ തീരുമാനമാവുകയും ചെയ്തു. ഇപ്പോളും ഗുരുദ്വാര പരിപാലിക്കുന്നത് പട്ടാളക്കാരാണ്. സന്ദർശകർക്ക് ചൂടുചായയും സ്നാക്ക്സും പ്രസാദവും നൽകി ഭംഗിയായും വൃത്തിയായും ഗാംഭീര്യത്തോടെ അവരത് പരിപാലിക്കുന്നു. വിജനമായകാറ്റു ചീറിയടിക്കുന്ന വരണ്ട മലനിരകളാണ് ചുറ്റിനും.
ലേയിലെ രണ്ടാം ദിവസം അവസാനിക്കുകയാണ്. ചെറിയ ഷോപ്പിംഗിനും മറ്റുമായി ലേ മാർക്കറ്റിലേക്ക് നടന്നു. ടി ഷർട്ടുകളിൽ എംബ്രോയിഡറി ചെയ്യുന്ന ആളുകൾ. പലരും ഗൾഫിൽ മലയാളികൾക്കൊപ്പം ജോലി ചെയ്തവരാണെന്നു പറഞ്ഞു. മലയാളികളെ കണ്ടപ്പോൾ അവരുടെ മുഖത്തൊരു സന്തോഷം. മനോഹരമായ ലഡാക്ക് സുവനീർ ടീ ഷർട്ടുകളാണ് അവർ തയ്ക്കുന്നതേ. തുക്ച മെയിൻ റോഡിൽ സന്ധ്യാവേളകളിൽ സൊറപറഞ്ഞിരിക്കുന്ന ആളുകൾ.
ഒരു കൂട്ടം സ്ത്രീകളും പുരുഷൻമാരും മനോഹരമായ ഗാനം ആലപിച്ച് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ പ്രായക്കാരുമുണ്ട്. കുറേ സമയം അതു കണ്ടുനിന്നു. എന്തു സന്തോഷകരമായ കാഴ്ച. കഠിനമായ അദ്ധ്വാനം കഴിഞ്ഞ് ക്ലേശങ്ങളെല്ലാം പാട്ടിലും പുഞ്ചിരിയിലും നൃത്തത്തിലും ഒഴുക്കിക്കളയുന്ന പർവ്വതനിവാസികൾ. മസിൽ പിടിച്ചു ജീവിക്കുന്ന നമ്മളും അവരും തമ്മിൽ എന്തൊരന്തരം.
മുറിയിലേക്കു മടങ്ങി. നാളെമുതൽ കൂടുതൽ ഉയരങ്ങളിലേക്ക്, ക്ലേശങ്ങളിലേക്ക്, പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് പോവുകയാണ്. എപ്പോഴോ ഉറങ്ങിപ്പോയി.
പ്രഭാത ഭക്ഷണം കഴിഞ്ഞ് നുബ്ര വാലിയിലേക്കാണ്. ഇനി മൂന്നു ദിവസം കഴിഞ്ഞേ ലേ യിലേക്കു തിരിച്ചുവരികയുള്ളു. അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് ബാക്കിയെല്ലാം ഹോട്ടൽ മുറിയിൽ വച്ചു പുറപ്പെട്ടു.
സമ്മിശ്രവികാരങ്ങളാണ് മനസ്സിൽ. നുബ്രയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് ഖാർദുംഗ് ലാ പാസ്. 18,000 അടി ഉയരത്തിൽ ജീവവായു പോലും കുറഞ്ഞ ,ബോർഡർ റോഡ് ഓർഗനൈസേഷന്റെ അഭിമാനമായ ചുരം. സിന്ധു നദീതട താഴ്വരയെ ശ്യോക് നദീതട താഴ്വരയുമായി ബന്ധിപ്പിക്കുന്ന ഖാർദുംഗ് ല, നുബ്ര താഴ്വരയിലേക്കുള്ള പടിവാതിലാണ്. വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വഴികളിലൂടെയാണ് യാത്ര. മലകളുടെ നിറങ്ങൾ മാറിമാറിവരുന്നു.
പ്രതീക്ഷിച്ചതിലും വേഗത്തിൽ ഖാർദുംഗ്ലയിൽ എത്തി. ഒരുപാടു സമയം അവിടെ നിൽക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പ്രാണവായു കുറഞ്ഞ സ്ഥലമായതിനാൽ ഓക്സിജൻ സിലിണ്ടർ കയ്യിൽ വച്ചാണ് യാത്രികർ വരുന്നത്. ലേയിലെ മെഡിക്കൽ ഷോപ്പുകളിൽ ഇതിനായി ഭാരമില്ലാത്ത ഓക്സിജൻ സിലിണ്ടറുകളുണ്ട്. 600 രൂപ മുതൽ തുടങ്ങുന്നു പ്രാണവായുവിന്റെ വില.
മുന്നിൽ ബോർഡർറോഡ് ഓർഗനൈസേഷൻ വിജയക് പ്രൊജക്ടിന്റെ ആ അഭിമാനസ്തംഭം കണ്ടപ്പോൾ മനസ്സുനിറഞ്ഞു. ഇതിലൂടെ റോഡ് പണിത മനുഷ്യരെ മനസ്സുകൊണ്ടു നമിച്ചു. പണിക്കിടയിൽ ജീവത്യാഗം വരിച്ചവരുടെ വിവരങ്ങൾ അവിടെ എഴുതിവച്ചതു കണ്ടു. ഹോളണ്ടിൽ നിന്നുള്ള ബൈക്ക് യാത്രികൻ റിച്ചാർഡും സംഘവുമുണ്ടായിരുന്നു അവിടെ. അവരുടെ സംഘത്തിലുള്ള മിക്കവാറും പ്രായമായവരാണ്. എന്തു തോന്നുന്നു എന്നു ചോദിച്ചപ്പോൾ ശ്വാസംമുട്ടുണ്ടെന്നും ഓക്സിജൻ സിലിണ്ടറും വെളുത്തുള്ളിയും കൊണ്ട് പരിഹാരം കാണുന്നുവെന്നുമായിരുന്നു മറുപടി. അവരിൽപ്പലരും ഓക്ലിജൻ എടുത്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അവിടെയും ഉണ്ട് ബുദ്ധിസ്റ്റ് ഗോംപ. ജീവവായുവില്ലാത്ത ഉറയുന്ന തണുപ്പിൽ അത് പരിപാലിക്കാൻ വിശ്വാസികളുമുണ്ട്. അവിടെ നിന്നു പോരാനേ തോന്നിയില്ല. സിയാച്ചിനിലേക്ക് അവിടെ നിന്നും 164 കിലോമീറ്ററേയുള്ളു. മഞ്ഞുറയുന്ന, ഏകാന്തമായ തന്ത്രപ്രധാനമായ സിയാച്ചിൻ. നമ്മുടെ പട്ടാളക്കാർ അവിടെ ജീവൻ പണയപ്പെടുത്തി രാജ്യത്തെ സേവിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളോ ഏറ്റവും അകന്ന ശത്രുക്കളോ മാത്രമേ തങ്ങളെത്തേടി വരൂ എന്ന് സിയാച്ചിൻ പോരാളികളുടെ ചൂണ്ടുപലകയിൽ എഴുതിവച്ചതുകണ്ടു.
തുർതുക്കിലെ ത്യാക്ഷി ഗ്രാമത്തിലെ ടെൻറിലാണ് രാത്രി താമസം. ഭൂപ്രകൃതിയെ നോവിക്കാത്ത നിർമിതികളാണ് അവിടെയെല്ലാം. ടാർപോളിൻ കൊണ്ടുള്ള കുഞ്ഞുമുറികളിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. കൂടാതെ അതിമനോഹരമായ ഒരു പൂന്തോട്ടവും.
പാക്കിസ്ഥാൻ ബോർഡർ ആയതിനാൽ മുമ്പൊന്നും ആളുകൾക്ക് അങ്ങോട്ടേക്ക് പ്രവേശനമില്ലായിരുന്നു. ഉയരമുള്ള പോപ്ലാർ മരങ്ങൾക്കിടയിലൂടെ നീളുന്ന വഴിയിലൂടെ എത്ര നടന്നാലും മടുക്കില്ല. തോക്കിൻ മുനയിലാണ് നടപ്പെന്നു പിന്നെയാണ് തിരിച്ചറിഞ്ഞത്. റോഡിന്റെ ഒരു വശത്തായി നിരീക്ഷണ പോസ്റ്റിൽ പട്ടാളക്കാർ തോക്കു ചൂണ്ടി നിൽക്കുന്നുണ്ട്. അവരുടെ സെറ്റിൽമെൻറുകൾ കുറച്ചുയരത്തിലായതു കൊണ്ട് ശ്രദ്ധയിൽപ്പെട്ടില്ല. ഉത്തർ പ്രദേശുകാരനും മഹാരാഷ്ട്രനുമായ ചെറുപ്പക്കാരാണ്. ഫോട്ടോ എടുക്കമ്പോൾ ആ ഭാഗം ഒഴിവാക്കി എടുത്താൽ മതിയെന്ന നിർദ്ദേശം പാലിച്ച് പതിയെ നടന്നു . പട്ടാള ക്യാംപ്, ഹെൽത്ത്സെൻറർ, സ്കൂൾ എല്ലാമുണ്ട്. കറുപ്പും ചാരനിറവുമുള്ള മലകളുടെ പശ്ചാത്തലത്തിൽ ദേശീയപതാക പാറിക്കളിക്കുന്നതു ചേതോഹരമായ കാഴ്ചയായിരുന്നു.
അതിർത്തി ഗ്രാമം എന്നുമാത്രമല്ല ത്യാക്ഷി വില്ലേജിന്റെ പ്രത്യേകത. ഇന്ത്യയിൽ ബാൾട്ടി വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന ഏകഗ്രാമം കൂടിയാണിത്. ടിബറ്റൻ- ആര്യൻ മിശ്രവിഭാഗത്തിൽപ്പെടുന്ന ബാൾട്ടികളുടെ ഭക്ഷണം, ജീവിതരീതി ആചാരങ്ങൾ എല്ലാം വ്യത്യസ്തമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നുവന്ന ഹസ്രത്ത് ഷാ ഹംദാൻ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനു മുമ്പ് ബാൾട്ടികൾ തിബറ്റൻ ബുദ്ധമതവിശ്വാസികളായിരുന്നു. വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലെ, ബാൾട്ടിസ്ഥാനിലേക്ക് അധീനപ്പെടുത്തിയിരുന്ന ഈ ഗ്രാമം 1971 ലെ യുദ്ധത്തിലാണ് ഇന്ത്യക്കു കീഴിൽ വന്നത്. കൃത്യമായിപ്പറഞ്ഞാൽ 1971 ഡിസംബർ 16 ന്. ഈ വിവരങ്ങൾ ഗ്രാമാതിർത്തിയിലെ ഒരു വലിയ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർമി ഏറ്റെടുക്കുമ്പോൾ വളരെക്കുറഞ്ഞ ജനസംഖ്യയുള്ള ഗ്രാമത്തിൽ വിദ്യാഭ്യാസമുള്ളവർ കുറവായിരുന്നെന്നും ആരും തന്നെ ഗ്രാമം വിട്ടുപോയില്ലെന്നും ഇന്ത്യൻ ആർമിയോടും മതേതരത്വത്തോടുമുള്ള ഉറച്ചവിശ്വാസത്താൽ എല്ലാവരും ഇവിടെത്തന്നെ തുടരുന്നുവെന്നും ബോർഡിൽ വായിക്കുക മാത്രമല്ല നേരിട്ടറിയുകയും ചെയ്തു. പാക്കിസ്ഥാൻ സ്ഥാപിച്ച സ്കൂളാണ് താക്ഷിയിലേത്. ഇന്ന് അത് നടത്തുന്നത് ഇന്ത്യൻ ആർമിയും. താക്ഷിയിലെ കുട്ടികൾ ഇന്നു വിദ്യാഭ്യാസം നേടി പലയിടത്തായി ജോലി ചെയ്യുന്നു.
റോഡിന്റെ ഒരു ഭാഗത്ത് വയലാണ്. കൃഷിയൊന്നും കണ്ടില്ല. കാട്ടുപൂക്കളാണ് നിറയെ. അതിനു പിറകിൽ ശ്യോക് നദി ഒഴുകുന്നു. സിയാച്ചിൻ ഗ്ലേസിയറിൽ നിന്നുദ്ഭവിക്കുന്ന ശ്യോക് മരണത്തിന്റെ നദിയെന്നാണ് അറിയപ്പെടുന്നത്. ഇത്രയും ദുർഘടമായ പാതകൾ താണ്ടി വരുന്നതു കൊണ്ടാവാം.
വിതയ്ക്കുന്നത് കൊയ്യും എന്ന് പാറക്കല്ലിൽ ആരോ പെയിന്റ് കൊണ്ട് എഴുതിവച്ചിരിക്കുന്നു.
ശ്യോക് നദീ നിന്നെ ഞാനൊന്നു തൊട്ടോട്ടെ എന്നു പറഞ്ഞ് പാറക്കല്ലുകളിറങ്ങി വിരൽനീട്ടിയതും അവിചാരിതമായി തിരമാലപോലെ വെള്ളമുയർന്ന് മുഖമാകെ നനഞ്ഞുപോയി. ഒന്നു തൊട്ടോട്ടെ എന്നു ചോദിച്ചപ്പോൾ ചുംബനം തന്നു അവൾ. ഹൃദ്യമായ ഒരനുഭവമായി അത്. സൂര്യൻ മറയാൻ തുടങ്ങുന്നു. ജനസംഖ്യ കുറവാണ് ഇവിടെ. വഴിവക്കിൽ ചെറിയൊരു അങ്ങാടിയിൽ കുറച്ചു മുന്തിരിക്കുലകളും പച്ചക്കറിയും വിറ്റിരുന്ന വൃദ്ധന്റെ അടുത്തുമാത്രം നാലഞ്ചാളുകൾ കൂടി നിൽക്കുന്നു. ബാൾട്ടി ഭക്ഷണം ലഭ്യമാണ് എന്നെഴുതിവച്ച ഒന്നുരണ്ടു ബോർഡുകൾ. ചുവന്ന കവിളുകളുള്ള കുട്ടികൾ. സ്ത്രീകളെ പുറത്തൊന്നും കാണാനില്ല. ഏതോ പഴയകാലത്തിൽ ചെന്നെത്തിയ പോലെ.
ടെന്റിലേക്കു മടങ്ങി.പ്രശാന്തതയുടെ മടിത്തട്ടിൽ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്. (തുടരും... - രണ്ടാം ഭാഗം വായിക്കാം)