മഴ നനഞ്ഞൊരു വിവാഹം, ഹൃദയം സിനിമയിലെ പോലെ; സൂപ്പറാണ് ഈ വെഡ്ഡിങ് ഡെസ്റ്റിനേഷനുകൾ
Mail This Article
ഒരു അടിപൊളി ഡെസ്റ്റിനേഷൻ സെറ്റാക്കി കല്യാണം കഴിക്കാൻ അണിഞ്ഞൊരുങ്ങി എത്തിയപ്പോഴാണ് അരുൺ നീലകണ്ഠനും നിത്യ ബാലഗോപാലിനും ആ പണി കിട്ടിയത്. മഴയോട് മഴ. ശക്തമായ മഴയ്ക്കൊപ്പം മുഹൂർത്തവും അവസാനിക്കാറായി. ഒടുവിൽ അരുണും നിത്യയും ആ കടുത്ത തീരുമാനമെടുത്തു. മഴ നനഞ്ഞ് കൊണ്ടു തന്നെ വരണമാല്യം ചാർത്തി വിവാഹത്തിലേക്കു പ്രവേശിക്കാമെന്നത് ആയിരുന്നു അത്. ഫോട്ടോഗ്രാഫർ ജിമ്മിയുടെ ക്യാമറയിൽ മഴ നനഞ്ഞുള്ള വിവാഹത്തിന്റെ മനോഹരമായ, വ്യത്യസ്തമായ ചിത്രങ്ങൾ നിറഞ്ഞു. സംവിധായകൻ വിനീത് ശ്രീനവാസൻ ഒരുക്കിയ ഹൃദയം സിനിമയിലെ മനോഹരമായ ഒരു രംഗമാണ് ഇത്. നിങ്ങൾക്കും ഇതുപോലെ മഴ നനഞ്ഞ് ഒരു കല്യാണം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇതാ വളരെ റൊമാന്റിക് ആയി വിവാഹിതരാകാൻ മനോഹരമായ ചില മൺസൂൺ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനുകൾ അറിയാം.
കല്യാണം റൊമാന്റിക് ആകാൻ മഹാരാഷ്ട്രയിലെ ലവാസ
ലവാസ എന്ന പേരു കേൾക്കുമ്പോൾ തന്നെ ഒരു ഇറ്റാലിയൻ ടച്ച് ഫീൽ ചെയ്യുന്നില്ലേ. സംഗതി സത്യമാണ്. ഈ നഗരത്തിന് ഒരു ഇറ്റാലിയൻ ബന്ധമുണ്ട്. പുനെയ്ക്ക് സമീപം പണി കഴിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആസൂത്രിത നഗരമാണ് ഇത്. ഇറ്റാലിയൻ നഗരമായ പോർട്ടോഫിനോയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇന്ത്യയിലെ ചെറിയ ഇറ്റലി എന്നൊരു വിളിപ്പേരും ലവാസയ്ക്കുണ്ട്. സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ലവാസ മനോഹരമായ പ്രകൃതിയുടെ ഒരിടം കൂടിയാണ്. ഇവിടുത്തെ യൂറോപ്യൻ രീതിയിലുള്ള വാസ്തുവിദ്യാരീതിയാണ് ഒരു പ്രത്യേകത. മൺസൂൺ എത്തുമ്പോൾ ഇവിടുത്തെ തടാകങ്ങൾ നിറയും. പൂന്തോട്ടങ്ങൾ കൂടുതൽ പച്ചപ്പ് നിറഞ്ഞതും ഭംഗിയുള്ളതുമാകും. വിവാഹം അങ്ങേയറ്റം റൊമാന്റിക് ആകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.
ഹരിതസ്വർഗമായി മാറുന്ന മൂന്നാർ
മൺസൂൺ ആയാൽ പച്ചപ്പും ഹരിതാഭയും നിറഞ്ഞ മൂന്നാർ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. തേയിലത്തോട്ടങ്ങളും പച്ചപ്പ് നിറഞ്ഞ മനോഹരമായ മൊട്ടക്കുന്നുകളും തുടങ്ങി പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്. ഈ മഴക്കാലത്ത് മൂന്നാറിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെറ്റ് ചെയ്താലോ. കോടമഞ്ഞും തണുപ്പും മഴയുടെ കുളിരുമൊക്കെയായി മനോഹരമായ ഒരു അനുഭവം ആയിരിക്കും അത്. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷൻ സൗകര്യമൊരുക്കുന്ന നിരവധി റിസോർട്ടുകളും ഫാം റിസോർട്ടുകളും ഒക്കെയാണ് മൂന്നാറിൽ ഉള്ളത്.
പിങ്ക് സിറ്റിയായ ജയ്പൂർ
മഴ പിങ്ക് സിറ്റിയായ ജയ്പൂരിന് ഒരു റൊമാന്റിക് മൂഡ് ആണ് നൽകുന്നത്. ജയിപൂരിലെ വാസ്തുവിദ്യ കൂടി അതിനോട് ചേരുമ്പോൾ മാന്ത്രികത തുളുമ്പിനിൽക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ആയി പിങ്ക് സിറ്റി മൺസൂൺ കാലത്ത് മാറും. നിരവധി പൈതൃക ഹോട്ടലുകളാണ് ജയ്പൂരിൽ ഉള്ളത്. മിക്കയിടങ്ങളും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് സ്പോട്ടുകളാണ്. താജ് റാംഭാഗ്, ലീല പാലസ്, ലെ മെറിഡീൻ, സമോഡ് പാലസ്, താജ് ജയ് മഹൽ, ഒബ്റോയി രാജ് വിലാസ് എന്നിങ്ങനെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് സൗകര്യമൊരുക്കി നിരവധി ആഡംബര ഹോട്ടലുകളാണ് ജയ്പൂരിൽ തയ്യാറായിരിക്കുന്നത്.
ഗോവ
മൺസൂൺ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഗോവ തന്നെയാണ്. മഴ പെയ്യുന്ന കടൽത്തീരങ്ങളും സമ്പന്നമാർന്ന പച്ചപ്പും പുരാതനമായ ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളുമാണ് ഗോവയിലെ പ്രധാന ആകർഷണം. കടൽത്തീരത്ത് നടക്കുന്ന ആഘോഷങ്ങളുടെ പ്രത്യേകിച്ച് ബീച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ റൊമാൻസ് ഒന്ന് വേറെ തന്നെയാണ്. മൺസൂൺ വെഡ്ഡിങ്ങിന് എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന നിരവധി ഇവന്റ് മാനേജ്മെന്റ് കമ്പനികളും ഗോവയിലുണ്ട്.
കർണാടകയിലെ കൂർഗിൽ ഒരു മൺസൂൺ വെഡ്ഡിങ്ങ്
ഇന്ത്യയിലെ ഏറ്റവും മനോഹരമായ മൺസൂൺ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കർണാടകയിലെ കൂർഗ്. മഴക്കാലം എത്തുന്നതോടെ കൂർഗിന്റെ സൗന്ദര്യം സ്വർഗതുല്യമാകും. വിവിധ ആഡംബര ഹോട്ടലുകളും റിസോർട്ടുകളുമാണ് കൂർഗിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് അവസരം ഒരുക്കുന്നത്. നിരവധി ഇവന്റ് മാനേജ്മെന്റ് കമ്പനികളും കൂർഗിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ഒരുക്കാൻ റെഡിയാണ്. മഴയുടെ പശ്ചാത്തലത്തിൽ ഹരിതാഭ നിറഞ്ഞ കൂർഗിൽ ഒരു കല്യാണം അത്രയേറെ റൊമാന്റിക് ആയിട്ടുള്ള ആരുടെയും സ്വപ്നമാണ്.
ആലപ്പുഴയിൽ ഒരു കെട്ടുവള്ളത്തിൽ ആയാലോ
കായലുകൾക്കും കനാലുകൾക്കും കെട്ടുവള്ളങ്ങൾക്കും പേരു കേട്ട നാടാണ് ആലപ്പുഴ. മഴക്കാലമായാൽ ചുറ്റും പച്ചപ്പ് നിറയുന്നതോടെ അത്രയേറെ പ്രണയാർദ്രവും സുന്ദരവുമാണ് ആലപ്പുഴയിലെ കാഴ്ചകൾ. മഴയെയും കായലിനെയും സാക്ഷി നിർത്തി ഒരു പങ്കാളിയെ ജീവിതത്തിലേക്കു ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ആലപ്പുഴ. പരമ്പരാഗതമായ കെട്ടുവള്ളങ്ങളിൽ വച്ച് വിവാഹം കഴിക്കുന്നത് അത്രയേറെ വ്യത്യസ്തവും മനോഹരവുമായ ഓർമയാണ് ഓരോരുത്തർക്കും നൽകുക.