വർഷങ്ങൾക്കു ശേഷവും മനസ്സിൽ തെളിയുന്നു, ആ മനോഹര യാത്ര : ഡോ.എസ്.ചിത്ര

പഴയ ഒരു യാത്ര ഓർത്തെടുത്ത് എഴുതുക എന്നാൽ വീണ്ടും ആ യാത്ര ഒരിക്കൽ കൂടി നടത്തുന്നതു പോലെത്തന്നെയാണ്. പെട്ടെന്നു മനസ്സിലേക്ക് വരിക അന്നത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളും മനസ്സിൽ തട്ടിയ നിമിഷങ്ങളും മാത്രമായിരിക്കും. മറ്റു വിവരങ്ങൾ പ്രത്യേകിച്ച് തീയതി, സമയം എന്നിവ ഓർത്തെടുക്കുന്നത് ഒരു എഐ ഇമേജ്
പഴയ ഒരു യാത്ര ഓർത്തെടുത്ത് എഴുതുക എന്നാൽ വീണ്ടും ആ യാത്ര ഒരിക്കൽ കൂടി നടത്തുന്നതു പോലെത്തന്നെയാണ്. പെട്ടെന്നു മനസ്സിലേക്ക് വരിക അന്നത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളും മനസ്സിൽ തട്ടിയ നിമിഷങ്ങളും മാത്രമായിരിക്കും. മറ്റു വിവരങ്ങൾ പ്രത്യേകിച്ച് തീയതി, സമയം എന്നിവ ഓർത്തെടുക്കുന്നത് ഒരു എഐ ഇമേജ്
പഴയ ഒരു യാത്ര ഓർത്തെടുത്ത് എഴുതുക എന്നാൽ വീണ്ടും ആ യാത്ര ഒരിക്കൽ കൂടി നടത്തുന്നതു പോലെത്തന്നെയാണ്. പെട്ടെന്നു മനസ്സിലേക്ക് വരിക അന്നത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളും മനസ്സിൽ തട്ടിയ നിമിഷങ്ങളും മാത്രമായിരിക്കും. മറ്റു വിവരങ്ങൾ പ്രത്യേകിച്ച് തീയതി, സമയം എന്നിവ ഓർത്തെടുക്കുന്നത് ഒരു എഐ ഇമേജ്
പഴയ ഒരു യാത്ര ഓർത്തെടുത്ത് എഴുതുക എന്നാൽ വീണ്ടും ആ യാത്ര ഒരിക്കൽ കൂടി നടത്തുന്നതു പോലെത്തന്നെയാണ്. പെട്ടെന്നു മനസ്സിലേക്ക് വരിക അന്നത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളും മനസ്സിൽ തട്ടിയ നിമിഷങ്ങളും മാത്രമായിരിക്കും. മറ്റു വിവരങ്ങൾ പ്രത്യേകിച്ച് തീയതി, സമയം എന്നിവ ഓർത്തെടുക്കുന്നത് ഒരു എഐ ഇമേജ് ഉണ്ടാക്കിയെടുക്കുന്നതു പോലെ അത്ര എളുപ്പമല്ല. പക്ഷേ, നമ്മുടെ ഓരോ ദിവസത്തെയും സഞ്ചാരങ്ങൾ വർഷങ്ങളോളം ഓർത്തെടുത്തു കാണിച്ചു തരാൻ കഴിയുന്ന ഗൂഗിൾ മാപ്സിലെ ടൈംലൈൻ ഓപ്ഷനും എടുത്ത ചിത്രങ്ങൾ തീയതിയും സമയവും സഹിതം അടുക്കിപ്പെറുക്കി വയ്ക്കുന്ന ഗൂഗിൾ ഫോട്ടോസും ഉള്ളപ്പോൾ വെറുതെ തലച്ചോറിനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ. ഇവരുടെയൊക്കെ സഹായത്തോടെ ഓർത്തെടുത്തെഴുതുന്ന, 2018ൽ നടത്തിയ ഒരു യാത്രയാണിത്. കൂട്ടുകാരോടൊപ്പം ആന്ധ്രപ്രദേശിലേക്ക് നടത്തിയ മനോഹരമായ ഒരു യാത്ര.

അങ്ങനെ, 2018 ഫെബ്രുവരി 9ന് രാത്രി കായംകുളത്തു നിന്നു ബെംഗളൂരുവിനു ബസ് പിടിക്കുന്നു. കൂട്ടുകാരുടെ ഫ്ലാറ്റിലെത്തി ഫ്രെഷായതിനു ശേഷം കാറിൽ അവരോടൊപ്പമാണ് യാത്ര. ഞങ്ങൾ അഞ്ചു പേർ. അത്യാവശ്യം റൂട്ടും സ്‌ഥലങ്ങളും നേരത്തെ തന്നെ റിസർച്ച് ചെയ്തു വച്ചിരുന്നതിനാൽ വെൽ പ്ലാൻഡ് എന്നു പറയാവുന്ന യാത്ര.
ബെംഗളൂരുവിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ (123 കിമീ) യാത്ര ചെയ്താൽ എത്താവുന്ന ആന്ധ്രപ്രദേശിലെ ലേപക്ഷി വീരഭദ്ര ക്ഷേത്രമാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ. 16 ാം നൂറ്റാണ്ടിൽ വിജയനഗര ശൈലിയിൽ പണിത, അതീവ വൈദഗ്ധ്യത്തോടെ പുരാണേതിഹാസങ്ങളിലെ കഥകൾ കല്ലിൽ കൊത്തിവച്ചിട്ടുള്ള ക്ഷേത്രം. ദേശീയപ്രാധാന്യമുള്ള പുരാവസ്തു സ്മാരകമായ ലേപക്ഷിയുടെ പേരിലാണ് ആന്ധ്രപ്രദേശ് സർക്കാരിന്റെ ഹാൻഡ് ലൂം എംപോറിയം അറിയപ്പെടുന്നത്. കല്ലിൽ കൊത്തിയ ക്ഷേത്രങ്ങളിലും കോട്ടകളിലും ചിത്രങ്ങൾ എടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യാസ്തമയ സമയമാണ്. കൂട്ടുകാർ എല്ലാവരും ചരിത്രകുതുകികളും ചിത്രങ്ങൾ പകർത്താൻ താൽപര്യവുമുള്ളവരുമായതിനാൽ മനോഹരമായ ചില ഫ്രെയിമുകൾ പകർത്തി ഞങ്ങൾ അനന്ത്പൂരിലേക്ക് (117 കിമീ) യാത്രയായി. ജില്ലാ ആസ്ഥാനം കൂടിയായ അവിടെയായിരുന്നു ഭക്ഷണവും താമസവും.
യാത്രകളിൽ, അതിരാവിലെത്തന്നെ യാത്ര തുടങ്ങുന്നതു റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനും സുഖകരമായ യാത്രാനുഭവത്തിനും നല്ലതാണ്. അനന്ത്പൂരിൽ നിന്ന് ഒന്നര മണിക്കൂർ (56 കിമീ) കൊണ്ടെത്താവുന്ന തടിപത്രി ചിന്തല വെങ്കടരമണ ക്ഷേത്രത്തിലേക്കു ഞങ്ങൾ രാവിലെത്തന്നെ പുറപ്പെട്ടു. അതിമനോഹരമായ കരിങ്കൽ ശിൽപങ്ങളാണ് വിജയനഗര കാലഘട്ടത്തിൽ തന്നെ പണിത ഈ വിഷ്ണുക്ഷേത്രത്തിലുള്ളത്. പൂജകൾ നടക്കുന്ന ക്ഷേത്രമായതിനാൽ തദ്ദേശീയരായ ഒട്ടേറെ ഭക്തരെ അവിടെ കാണാൻ സാധിച്ചു. മനസ്സിനു ശാന്തത നൽകുന്ന, ക്യാമറ മാറ്റിവച്ച് ആ അന്തരീക്ഷം ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന സ്ഥലം.
തൊട്ടടുത്തു തന്നെ പെണ്ണ നദിക്കരയിലുള്ള വിജയനഗര കാലഘട്ടത്തിലേതു തന്നെയായ ബഗ്ഗ രാമലിംഗേശ്വര ക്ഷേത്രവും നമ്മെ വേറെ ഏതോ കാലഘട്ടത്തിലെത്തിച്ച അനുഭൂതി തരും. കറുത്ത കരിങ്കൽ ശിൽപങ്ങൾക്കിടയിൽ കാവിയുടുത്ത സന്യാസിമാരുടെ നല്ല ഫ്രെയിമുകൾ അവിടെനിന്നു കിട്ടി. പെർഫക്‌ഷനുള്ള, മജസ്റ്റിക് ആയ നിർമിതികളായിരുന്നു രണ്ടു ക്ഷേത്രങ്ങളും. പുരാവസ്തു സ്മാരകങ്ങളെങ്കിലും ടിക്കറ്റോ മറ്റ് യാന്ത്രികതകളോ ഇല്ലാതെ നാട്ടിലെ അമ്പലത്തിൽ പോവുന്നതു പോലെ തോന്നിപ്പിക്കുന്ന എന്നാൽ, ആകാരഭംഗി കൊണ്ടും പൗരാണികത കൊണ്ടും വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങൾ.
അവിടെനിന്ന് ഒരു മണിക്കൂറിൽ താഴെ സമയം (29 കിമീ) കൊണ്ടെത്താവുന്ന ബെലം കേവ്സിലേക്കു പുറപ്പെട്ടു. വഴിയിലുടനീളം വിശാലമായ പരുത്തിപ്പാടങ്ങളും പൂപ്പാടങ്ങളും കണ്ടതിനാൽ ചിലയിടങ്ങളിൽ നിർത്തി പടമൊക്കെ പിടിച്ചായിരുന്നു യാത്ര. മോശമില്ലാത്ത റോഡുകളായിരുന്നു യാത്രയിലുടനീളം. മാറിമാറി വണ്ടി ഓടിച്ചിരുന്നതിനാൽ വിരസതയുമില്ല. റോബർട്ട് ബ്രൂസ് എന്ന ബ്രിട്ടിഷ് സർവേയർ 1884ൽ നടത്തിയ പഠനങ്ങളിലൂടെ ലോകമറിഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹാസമൂഹമാണ് നന്ദ്യാൽ ജില്ലയിലുള്ള ബേലം കേവ്സ്. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ പരിപാലിക്കുന്ന ഇവിടെ ടിക്കറ്റ് നിയന്ത്രണങ്ങളും സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
20 മീറ്ററോളം താഴേക്ക് ഇറങ്ങിയതിനു ശേഷം ഏറെക്കുറെ നിരപ്പായ സ്ഥലത്തൂടെയാണ് ഗുഹാന്തർ ഭാഗത്തു നടക്കേണ്ടത്. ഏറെ നടക്കാനുളളതും ചിലയിടങ്ങളിൽ വളരെ ഇടുങ്ങിയ സ്ഥലങ്ങളിലൂടെ നൂണ്ടിറങ്ങേണ്ടതുമാണെങ്കിലും അവിസ്മരണീയമാണ് ഗുഹാന്തർഭാഗത്തു കൂടെയുള്ള നടപ്പ്. നിരകളായുള്ള ‘സ്‌റ്റാലക്റ്റൈറ്റ് സ്‌റ്റാലഗ്‌മൈറ്റ് റോക് ഫോർമേഷൻസ്’ അരണ്ട മഞ്ഞ വെളിച്ചത്തിൽ ലൈറ്റ് അപ് ചെയ്തിട്ടുള്ളതിനാൽ മനോഹരമായ ചിത്രങ്ങളെടുക്കാനാവും. പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിട്ടുള്ള ഏറ്റവും വലിയ ഗുഹാസമുച്ചയങ്ങളിൽ ഒന്നായ ബേലം കേവ്സ് സാഹസിക യാത്രക്കാർക്കും കുടുംബമായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയുമാണ്.
അവിടെ നിന്നു നേരെ ഒരു മണിക്കൂറിൽ (44 കിമീ) എത്താവുന്ന യാഗന്തി ഉമാമഹേശ്വര ക്ഷേത്രത്തിലേക്കാണ് പോവേണ്ടതെങ്കിലും വഴിയിൽ തന്നെയുള്ള നവാബ് പാലസ് എന്ന സ്ഥലത്തു നിർത്തി ചിത്രങ്ങളെടുത്ത ശേഷമാണ് പോയത്. ‘അരുന്ധതി’ സിനിമയിലുടെ പ്രശസ്തമായ വ്യത്യസ്ത നിർമിതിയുള്ള ഒരു കെട്ടിടം. അവിടെ അധികം സമയം കളയാതെ സൂര്യാസ്തമയത്തിനു മുൻപ് യാഗന്തിയിലെത്തി.
ഭീമൻ മലനിരകൾക്കിടയിൽ കല്ലിൽ കൊത്തിയെടുത്ത നിരവധി ചെറു ക്ഷേത്രങ്ങൾ . നമ്മൾ അധികമൊന്നും കാണാൻ സാധ്യതയില്ലാത്ത വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ക്ഷേത്രങ്ങളുടേത്. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗരം ഭരിച്ചിരുന്ന ഹരിഹരൻ , ബുക്കൻ എന്നീ രാജാക്കൻമാരാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഭക്തജനത്തിരക്കും നീണ്ട യാത്രയുടെ ക്ഷീണവുമുണ്ടെങ്കിലും കാഴ്ചകൾ മുഴുവൻ കണ്ടതിന് ശേഷമാണ് രാത്രി തങ്ങാനുള്ള ഒറവക്കല്ലിലേക്ക് (62 കിമീ) യാത്രയായത്.
വിവിധ ആകൃതികളിലുള്ള പ്രകൃതിദത്തമായ പാറക്കൂട്ടങ്ങൾ തിങ്ങിനിറഞ്ഞ ഒരു വലിയ പ്രദേശമാണ് ഒറവക്കല്ല്. കഴിയുന്നതും ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന പാറക്കെട്ടുകൾക്കിടയിലുള്ള കോട്ടേജുകളിൽ തങ്ങുകയാവും ഉചിതം. താങ്ങാവുന്ന റെന്റും നല്ല ഭക്ഷണവുമാണവിടെ. അവിടെ തങ്ങിയതിനാൽ പ്രഭാതനടത്തം പാറക്കൂട്ടങ്ങൾക്കിടയിലൂടെയാക്കാനും നല്ല ചിത്രങ്ങളെടുക്കാനും സാധിച്ചു.
കുർണൂൽ ജില്ലയിൽ 1000 ഏക്കറിൽ പരന്നുകിടക്കുന്ന ആഗ്നേയശിലകളുടെ ഒരു മാസ്മരിക ലോകമാണ് ഒറവക്കല്ല് റോക്ക് ഗാർഡൻ. ഇടയിൽ ഒരു ചെടി പോലും ഇല്ലാതെ വിശാലമായ, വിചിത്രമായ പ്രകൃതിദത്ത ശിലാനിർമ്മിതികളും അവയ്ക്കിടയിലുള്ള തടാകവും തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഒന്നാണ്. വിശ്രമിച്ച്, ഭക്ഷണവും കഴിച്ചതിനു ശേഷം അലംപൂർ ജോഗുലാംബ ക്ഷേത്രത്തിലേക്ക് (52 കിമീ) പുറപ്പെട്ടു. കൃഷ്ണ - തുംഗഭദ്രാ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതി ചെയ്യുന്ന മഹാശക്തിപീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രം നവബ്രഹ്മ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമാണ്. കുറെ അധികം നടന്നു കാണാനുണ്ടെന്നർഥം.
ഇതുവരെ കണ്ട ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പുരാതന നാഗരശൈലിയിലും ഐഹോൾ, പട്ടടക്കൽ ക്ഷേത്രങ്ങളുടെ മാതൃകയിലുമാണ് ഇവയുടെ നിർമിതി. ഊഹിച്ചതു ശരി തന്നെ. വിജയനഗര രാജാക്കൻമാരല്ല, ചാലൂക്യ രാജാക്കൻമാരാണ് ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്. ഇതുവരെ കരിങ്കൽ ശിൽപങ്ങൾ കണ്ടു മടുപ്പായില്ലേ എന്നു ചോദിച്ചാൽ വ്യത്യസ്തത കൊണ്ട് ആ നല്ല വെയിലത്തും നമ്മളെ നടന്നുകാണാൻ പ്രേരിപ്പിക്കുന്ന പൗരാണിക നിർമിതികൾ.
അവിടെനിന്ന് ഏകദേശം നാലു മണിക്കൂറോളമെടുത്ത് (197 കിമീ) ജമ്മല മഡുഗു വഴി ‘ദ് ഗ്രാൻഡ് കാന്യൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന കടപ്പ ജില്ലയിൽ പെണ്ണ നദിക്കരയിലുള്ള ഗണ്ടിക്കോട്ടയിലെത്തി, അവിടെ തങ്ങി. അരിസോണയിലെ ഗ്രാൻഡ് കാന്യൻ മലയിടുക്കുകളെ അനുസ്മരിപ്പിക്കുന്ന ഗണ്ടിക്കോട്ടയിലെ സൂര്യോദയം കാണാൻ പിറ്റേന്നു രാവിലെത്തന്നെ നടക്കാനിറങ്ങി. നാലു ദിവസത്തെ യാത്രയിലെ ഹൈ പോയിന്റ് എന്നു പറയാവുന്ന സൂര്യോദയവും വ്യൂപോയിന്റും. ആ ഭംഗി കണ്ടുതന്നെയറിയണം. എന്നെങ്കിലും അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ കാണാനിടയായാൽ അഭിപ്രായം മാറുമോ എന്നറിയില്ല.
എന്നാൽ, നമ്മുടെ പൗരാണികനിർമിതികളെ വെല്ലാൻ അവർക്കാവില്ലല്ലോ. നദിക്കരയിൽ തന്നെ ഇസ്‌ലാമിക്ക് രീതിയും ചാലൂക്യ ശൈലിയുമൊക്കെ കലർത്തി നിർമിച്ചിട്ടുള്ള ഒരു കോട്ടയുമുണ്ട്. ധാന്യപ്പുരയും ഒരു ജയിലും മനോഹരമായി നിർമ്മിച്ച ഒരു കുളവും മസ്ജിദും അമ്പലവും ഒക്കെ അടങ്ങുന്നതാണ് കോട്ടസമുച്ചയം. ഗണ്ടിക്കോട്ട പ്രദേശം വളരെ വിജനമായ ഒരു വിദൂര ഗ്രാമമാണ്.
വളരെ കുറച്ചു സഞ്ചാരികൾ മാത്രമാണ് ഇപ്പോഴും ഇങ്ങോട്ടേക്ക് എത്തുന്നത്. എന്നാൽ, ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാവാത്ത തരത്തിൽ അവസാദശിലകളുടെ 200 മീറ്ററോളം കുത്തനെയുള്ള മലയിടുക്കുകൾക്കിടയിലൂടെ പെണ്ണ നദി ഒഴുകുന്നതും വിശാലമായ ആകാശക്കാഴ്ചകളും പ്രത്യേകിച്ച് സൂര്യോദയവും സൂര്യാസ്തമയവും സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. കാഴ്ചകളൊക്കെ കണ്ട് ഉച്ചഭക്ഷണം വഴിയിലാക്കാമെന്നു കരുതി തിരികെ വണ്ടി പിടിച്ചു. തിരികെ ബെംഗളൂരുവിലേക്ക് ഏകദേശം 7 മണിക്കൂറോളമെടുക്കുന്ന 300 കിലോമീറ്റർ യാത്രയുണ്ട്.
വഴിയിൽ ഏറ്റവും വലിയ വൃക്ഷമെന്ന നിലയിൽ ഗിന്നസ് ബുക്കിലിടം പിടിച്ച, അനന്ത്പൂർ ജില്ലയിൽ നാലര ഏക്കറിൽ പടർന്നുനിൽക്കുന്ന, ‘തിമ്മമ്മ മാരിമാനു’ എന്ന വലിയ വടവൃക്ഷവും കണ്ട്, 4 ദിവസത്തെ ആയിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയ കാർ ട്രിപ്പ് അവസാനിപ്പിച്ച്, ഞങ്ങൾ ബെംഗളൂരുവിലെത്തി. കല്ലിൽ കൊത്തിയ കവിതകൾ എന്നുതന്നെ ആലങ്കാരികമായി പറയാവുന്ന പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ഒട്ടേറെ ആകർഷണങ്ങൾ കണ്ട് സാർഥകമായ ഒരു യാത്ര. ബേലം കേവ്‌സും യാഗന്തിയും ഒറവക്കല്ലും ഗണ്ടിക്കോട്ടയുമായിരുന്നു യാത്രയിലെ ഹൈലൈറ്റുകൾ. വർഷങ്ങൾക്കു ശേഷം ഇന്നും കണ്ണടച്ചോർത്താൽ മനസ്സിൽ തെളിയുന്ന മനോഹര ദൃശ്യങ്ങൾ!