നാനാദിക്കിൽ നിന്ന് അഗസ്ത്യനെ തേടിയെത്തി; ഒരേ മനസ്സോടെ മലയിറങ്ങി

Mail This Article
അഞ്ചുമണിക്കാണ് തമ്പാനൂരിൽ നിന്ന് ബോണക്കാട്ടേക്കുള്ള ബസ്. ചെറിയമ്മയുടെ വീട്ടിൽ നിന്ന് അവിടേക്ക് എത്താൻ 15 മിനിറ്റിന്റെ ദൂരം മാത്രമേയുള്ളൂ. എന്നിട്ടും നട്ടപ്പാതിര രണ്ടര മണിക്ക് എഴുന്നേറ്റ് കുളിച്ച് ബാഗ് പാക്ക് ചെയ്ത് ഞാൻ തയ്യാറായി. വർഷങ്ങളായുള്ള ഒരു കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്. അഗസ്ത്യനെ കാണാൻ പോകുകയാണ്. വികാരവിക്ഷോഭങ്ങൾ കൊണ്ട് ഹൃദയം ഒരു തീപ്പന്ത് പോലെയായി. ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ ആനന്ദം ഒരു ഭാഗത്ത്, കുറേ നാളുകൾക്കു ശേഷമുള്ള സോളോ യാത്രയുടെ ഉന്മാദം വേറെ, അവിടെ എനിക്ക് കാലം കാത്തുവച്ചിരിക്കുന്ന സൗഹാർദ്ദം ആരായിരിക്കുമെന്നുള്ള ആശങ്ക കൂടെ. നാൽപതു വർഷം മുൻപ് കൂട്ടുകാരുമൊത്ത് വലിയ സന്നാഹങ്ങൾ ഒന്നുമില്ലാതെ അഗസ്ത്യനെ കാണാൻ പോയ കഥ ചെറിയച്ഛൻ പറഞ്ഞിട്ടുണ്ട്. ഈറക്കാടിന് അടുത്തുവെച്ച് ആന ഓടിച്ചതും കൂട്ടുകാർ ചിന്നിച്ചിതറി പോയതും ഒരു ടോർച്ച് വെളിച്ചം എല്ലാവരെയും ഒരുമിപ്പിച്ചതും രാത്രിയിൽ കൊടുംതണുപ്പത്ത് തീ കൂട്ടി അതിന് അകത്തിരുന്നതും അമ്പരപ്പോടെയും അദ്ഭുതത്തോടെയുമാണ് കേട്ടത്. ഇപ്പോൾ കാലം മാറിയിരിക്കുന്നു, കഥയും. വനം വകുപ്പിന്റെ വെബ്സൈറ്റിൽ ജനുവരി എട്ടിനായിരുന്നു അഗസ്ത്യാർകൂടം മല കയറാനുള്ള ഒന്നാം ഘട്ടത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഇടം വലം നോക്കാതെ കാത്തിരുന്നു ബുക്ക് ചെയ്തപ്പോൾ എനിക്ക് കിട്ടിയ ദിവസം ജനുവരി 23.

രാവിലെ നാലേമുക്കാലോടെ ബസ് സ്റ്റാൻഡിൽ എത്തി. പ്ലാറ്റ്ഫോം നമ്പർ അഞ്ചിനു സമീപമായി ബോണക്കാട് ബസ്. എനിക്കായി കാത്തിരിക്കുന്ന പോലെ ഡോറിനോട് ചേർന്നുള്ള ആ വിൻഡോ സീറ്റ്. ബാഗ് മടിയിൽ വച്ച് സീറ്റിലേക്ക് ഇരുന്നു. വളരെ പെട്ടെന്നു തന്നെ ബസ് നിറഞ്ഞുതുടങ്ങി. ബാക്ക് പാക്കുമായി കുറച്ചധികം പേർ വീണ്ടുമെത്തി. ഇവരൊക്കെ ട്രെക്കിങ്ങിനുള്ളവർ തന്നെയെന്ന് മനസ്സ് പറഞ്ഞു. ആരും പരസ്പരം നോക്കുന്നില്ല. ചെറുതണുപ്പുള്ള കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ച് ആ മിനി കെഎസ്ആർടിസി ബസ് അഞ്ചു മണിയോടെ സ്റ്റാൻഡിൽ നിന്നിറങ്ങി. 'നിനക്ക് നല്ല ലുക്കുണ്ട്, നീ അങ്ങോട്ട് മിണ്ടിയില്ലെങ്കിലും ആളുകൾ ഇങ്ങോട്ട് വന്ന് മിണ്ടിക്കോളും. ഇഷ്ടം പോലെ കൂട്ടുകാരെ കിട്ടും' എന്നു പറഞ്ഞ ബഡിയെ മനസ്സിൽ ചെറുതായി ഒന്ന് ഓർത്തു. വിതുര വരെ എത്തിയിട്ടും ഒരു പട്ടിക്കുഞ്ഞ് പോലും എന്നോട് മിണ്ടിയില്ല. ബാക്ക് പാക്കും ഹൈക്കിങ് പോളുമൊക്കെയായി ഒരു കില്ലാടി പെണ്ണ് തമ്പാനൂരിൽ നിന്നു തന്നെ ബസിൽ കയറിയിരുന്നു. വിതുര എത്തിയപ്പോൾ ആശാത്തിയെ നോക്കി ഒന്നു ചിരിച്ചെങ്കിലും നിഷ്കരുണം അവൾ മുഖം തിരിച്ചു കളഞ്ഞു.

ആ വിഷമം എങ്ങനെ മാറ്റുമെന്ന് ആലോചിക്കുമ്പോഴേക്കും ബസ് വിതുര - ബോണക്കാട് റോഡിലേക്ക് കയറി. ഐസർ കഴിഞ്ഞതോടെ ഇരുവശങ്ങളും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാണ് വരവേറ്റത്. വനമേഖലയിലൂടെയുള്ള മനോഹരമായ യാത്ര. തണുത്ത കാറ്റ് തലമുടിയിഴകളെ തലോടി കൊണ്ടിരുന്നു. ബോണക്കാട് ബസ് ഇറങ്ങിയാൽ ഇടം-വലം നോക്കാതെ പിക്കറ്റ് സ്റ്റേഷനിലേക്ക് നടക്കണമെന്ന് മനസ്സിൽ ദൃഢപ്രതിജ്ഞയെടുത്തു. ബസ് നിർത്തിയതും ഡ്രൈവർ പിക്കറ്റ് സ്റ്റേഷനിലേക്കുള്ള വഴി കാണിച്ചതും ഒരുമിച്ചായിരുന്നു. ബസിൽ നിന്ന് രണ്ടാമതായി ഇറങ്ങി മുന്നിലേക്ക് മാത്രം നോക്കി നടന്നു തുടങ്ങി. ഒരു അര കിലോമീറ്റർ നടത്തം പ്രതീക്ഷിച്ചിടത്ത് റോഡ് നീണ്ടുനിവർന്നു കിടക്കുകയാണ്. ആവേശം അൽപം കുറച്ചു, പതിയെ നടന്നു തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് നല്ല കോഴിക്കോടൻ മലയാളം കേൾക്കുന്നു. 'തനിച്ചാണോ' എന്ന അനുഭാവപൂർണമായ ഒരു പെൺശബ്ദം. നോക്കിയപ്പോൾ ബസിലെ ആ ചിരിക്കാത്ത കുട്ടി നിറചിരിയോടെ നിൽക്കുന്നു. പേര് ഹഫ്സാന, ഒപ്പം വേറെ രണ്ടുപേർ കൂടി. ജമീലും റിജാസും. മൂന്നുപേരും സോളോ അടിച്ചു വന്നവർ. ബസ് ഇറങ്ങിയതിനു ശേഷം പരിചയത്തിലായി. അവരുടെ കൂട്ടത്തിലേക്ക് നാലാമത്തെ ആളായി ഞാനുമെത്തി.

∙ബോണക്കാട് പിക്കറ്റ് സ്റ്റേഷൻ
അരമണിക്കൂറിനു മേൽ നടത്തം വേണ്ടി വന്നു ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലേക്ക് എത്താൻ. ഏകദേശം മൂന്നു കിലോമീറ്ററിൽ അധികം ദൂരമുണ്ട്. സീസൺ ടൈമിൽ അഗസ്ത്യാർകൂടം കയറാൻ ഒരു ദിവസം നൂറു പേർക്കാണ് അനുവാദമുള്ളത്. ഇതിൽ 70 ടിക്കറ്റ് ഓൺലൈൻ ആയി ലഭിക്കും. ബാക്കി 30 ടിക്കറ്റ് ഓഫ് ലൈൻ ആയിട്ടാണ് നൽകുക. മകരവിളക്കിനു ശേഷം ശിവരാത്രിക്കു മുൻപാണ് സീസണൽ ട്രെക്കിങ്. അതിനുശേഷം ഓഫ് സീസൺ ട്രെക്കിങ് ലഭ്യമാണ്. പലയിടങ്ങളിൽ നിന്ന് എത്തിയ 100 പേർ ഒരേ മനസ്സോടെ പിക്കറ്റ് സ്റ്റേഷനിൽ ഇരിക്കുകയാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തവർക്ക് ഇവിടെ നിന്നു ഭക്ഷണം കഴിക്കാം. ട്രെക്കിങ്ങിനായി നമ്മൾ നൽകുന്ന പണവും ഭക്ഷണവും തമ്മിൽ ബന്ധമില്ല. ഭക്ഷണം പ്രത്യേകം പണം കൊടുത്തു തന്നെ കഴിക്കേണ്ടതാണ്. ചോറും തോരനും കറിയും അച്ചാറും അടങ്ങുന്ന ഉച്ചഭക്ഷണ പൊതിയും ഇവിടെ നിന്നു ലഭിക്കും. ആവശ്യമുള്ളവർക്ക് അതു വാങ്ങി കൈയിൽ കരുതാവുന്നതാണ്. മല കയറാൻ തുടങ്ങിയാൽ പിന്നെ കൈവശമുള്ള ഭക്ഷണസാധനങ്ങൾ മാത്രമാണ് വിശപ്പ് അകറ്റാനുള്ള ഏക ആശ്രയം.

പിക്കറ്റ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ലഭിച്ച പാസ് നൽകി റജിസ്റ്റർ ചെയ്തു. എല്ലാവരുടെയും പാസ് ആദ്യം വാങ്ങി വയ്ക്കും. അതിനു ശേഷം പേര് വിളിക്കും. അപ്പോഴാണ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അഫിഡവിറ്റും നൽകേണ്ടത്. പ്രാതലും ഉച്ചഭക്ഷണവും ചെറിയമ്മ തന്നു വിട്ടതിനാൽ അവിടെ നിന്നു ഒന്നും വാങ്ങിയില്ല. പ്രഭാതഭക്ഷണം കഴിച്ച് കൈ കഴുകിയതിനു ശേഷം 'നാചുറൽ ഹൈക്കിങ് പോൾ' വാങ്ങാനായി പോയി. മല കയറുമ്പോൾ മനസ്സിലാകും ഈ വടി എത്രത്തോളം വലിയ കൈത്താങ്ങാണെന്ന്. കാട്ടിൽ നിന്ന് വെട്ടിയെടുത്ത നല്ല ഉറപ്പുള്ള കമ്പുകളാണ് വടിയായി നൽകുന്നത്. ഒരെണ്ണത്തിന് 20 രൂപയാണ്. മികച്ച വടി അന്വേഷിച്ച് നടക്കുമ്പോൾ ഹഫ്സാന എത്തി. റിജാസും ജമീലും എനിക്കും കൂടി ഒരെണ്ണം വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. സന്തോഷമായി, ആ മൂന്നു വടികളിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുത്ത് അതിൽ 'ജെ' എന്ന് മാർക്ക് ചെയ്തു.

ഉദ്യോഗസ്ഥർ പതിയെ പേരു വിളിച്ചു തുടങ്ങി. ആ സമയത്ത് നമ്മൾ അഫിഡവിറ്റും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകണം. പേരും വിലാസവും അടിയന്തിരമായി ബന്ധപ്പെടേണ്ട നമ്പറും നൽകണം. തുടർന്ന് പാസ് തന്ന് നമ്മളെ വിടും. ഇനി വിശദമായ ബാഗ് പരിശോധനയാണ്. പ്ലാസ്റ്റിക്കിന്റെ ഒരു വസ്തുക്കളും കാടിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ സമ്മതിക്കില്ല. ബിസ്ക്കറ്റ് പാക്കറ്റുകൾ പൊട്ടിച്ച് അവിടെ നിന്ന് വനം വകുപ്പ് നൽകുന്ന കവറിലാക്കി തരും. നേരത്തെ ഇക്കാര്യം അറിയാമായിരുന്നത് കൊണ്ട് ആ പരിശോധന എന്നെ കാര്യമായി ബാധിച്ചില്ല. പക്ഷേ, ഹഫ്സാനയുടെ ബാഗ് പരിശോധന ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഹരം കൊള്ളിച്ചു. പ്ലാസ്റ്റിക് കവറുകൾ എടുത്തു മാറ്റുക എന്ന വലിയ ടാസ്ക് ആയിരുന്നു അവൾ അവർക്ക് മുൻപിൽ വച്ചത്. ബാഗിനുള്ളിലെ പ്ലാസ്റ്റിക്കുകൾ ക്ലിയർ ചെയ്ത് ചെക്ക് - ഇൻ കഴിഞ്ഞ് എത്താൻ ഹഫ്സ കുറച്ച് വൈകിയതു കൊണ്ട് ഗൈഡിനൊപ്പം പോകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.

∙കന്നിമലകയറ്റക്കാരെ വഴി നടത്തിയ ഗുരുസ്വാമി
യാത്രയ്ക്കുള്ള വഴിയിലേക്ക് ഇറങ്ങുമ്പോൾ അവിടെ തന്നെ വാഷ് റൂം ഉണ്ട്. വാഷ് റൂമിൽ പോയി ഫ്രഷ് ആയി അരയും തലയും മുറുക്കി ഞങ്ങൾ കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നതീർഥാടനം തുടങ്ങി. പതിയെ യാത്ര ആരംഭിച്ചു. മിണ്ടിയും പറഞ്ഞും മുന്നോട്ടുള്ള യാത്ര നീങ്ങി. യാത്രയ്ക്കിടയിൽ വിശ്രമിക്കാൻ ചെറിയ ക്യാംപ് ഷെഡുകൾ ഒരുക്കിയിട്ടുണ്ട്. ബോണക്കാട് പിക്കറ്റ് സ്റ്റേഷനാണ് ഒന്നാമത്തെ ക്യാംപ്, ലാത്തിമൊട്ടയാണ് രണ്ടാമത്തെ ക്യാംപ്. അവിടെ എത്തിയപ്പോൾ ആരെയോ കാത്തിരിക്കുന്നതു പോലെ വാച്ചർക്കൊപ്പം ഒരാൾ. എറണാകുളത്ത് നിന്ന് അതിരാവിലെ എത്തിയ അഖിൽ. ഇത് അഞ്ചാമത്തെ തവണയാണ് അഗസ്ത്യാർകൂടം കയറാൻ അഖിൽ എത്തുന്നത്. 20 രൂപ കൊടുത്ത് വാങ്ങിയ നാചുറൽ ഹൈക്കിങ് പോൾ നീട്ടി അഖിലിന് ഞങ്ങൾ സ്വാഗതമേകി. കന്നിമലകയറ്റക്കാരായ ഞങ്ങളുടെ ഗുരുസ്വാമിയായി അഖിലിനെ അവരോധിച്ചു. ലാത്തിമൊട്ട മുതൽ അഗസ്ത്യ മുനിയെ കണ്ടിറങ്ങുന്നതു വരെ ഞങ്ങൾക്കൊപ്പം വഴികാട്ടിയായും മാർഗനിർദ്ദേശകനായും അഖിൽ ഉണ്ടായിരുന്നു. നന്ദിയുണ്ട്, കൂട്ടുകാരാ...

ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ അഞ്ചുപേർ വളരെ പെട്ടെന്ന് തന്നെ അടുത്തു. തണൽ വിരിച്ചു നിൽക്കുന്ന മഹാമേരുക്കൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. കരുതിയിരുന്ന വെള്ളം തീർന്നപ്പോൾ കാട്ടുചോലകളിൽ നിന്ന് തെളിനീര് കുപ്പികളിലേക്ക് എടുത്തു. നടന്ന് തളർന്നപ്പോൾ മരത്തണലിൽ വിശ്രമിച്ചു. കൈയിൽ കരുതിയിരുന്ന നട്സും പ്രോട്ടീൻ ബാറും ബിസ്ക്കറ്റും പഴങ്ങളുമെല്ലാം പരസ്പരം പങ്കിട്ടു കഴിച്ചു. നടന്നു മടുക്കുമ്പോൾ വിശ്രമിക്കാനായി ക്യാംപ് ഷെഡുകൾ ഉണ്ട്. മൂന്നാമത്തെ ക്യാംപിന്റെ പേര് കരമനയാർ എന്നാണ്. അഗസ്ത്യാർകൂടം മലനിരകൾ നിരവധി നദികളുടെ ഉദ്ഭവസ്ഥാനം കൂടിയാണ്. തമിഴ്നാട്ടുകാർ 'പൊതികൈ മല' എന്നാണ് ഈ മലനിരകളെ വിളിക്കുന്നത്. നെയ്യാർ, കരമനയാർ, വാമനപുരം നദി, കുഴിത്തുറയാർ, താമ്രപർണി തുടങ്ങിയ നദികൾ ഉദ്ഭവിക്കുന്നത് ഈ മലനിരകളിൽ നിന്നാണ്. അഗസ്ത്യമലയുടെ താഴ്വരകളിലാണ് ആദിമജനവിഭാഗമായ കാണി ഗോത്രക്കാർ താമസിക്കുന്നത്. നമ്മുടെ യാത്രയിൽ വഴികാട്ടികളായും സുരക്ഷാ കവചമായും എത്തുന്നവർ കാണിക്കാരാണ്. മൂന്നാമത്തെ ക്യാംപ് ഷെഡിന് മുൻപിലായി സുനിലും ഞങ്ങൾക്കൊപ്പം ചേർന്നു.

∙ കാട്ടുചോലയിൽ നീരാടാം
ഓരോ അരുവി കാണുമ്പോഴും റിജാസും ജമീലും കാട്ടുചോലയിൽ നീരാടാനുള്ള ആഗ്രഹം വെളിപ്പെടുത്തും. കുറച്ച് കൂടി കാത്തിരിക്കൂ, അതിനു പറ്റിയ സ്ഥലം ഇപ്പോൾ എത്തുമെന്ന് അഖിൽ ആശ്വസിപ്പിക്കും. ഒടുവിൽ പന്ത്രണ്ടരയോടെ കാത്തിരുന്ന അരുവിയിലേക്ക് എത്തി. ഞങ്ങൾക്ക് മുൻപേ പോയവരിൽ ചിലർ അവിടെ കുളിക്കുന്നു. മറ്റ് ചിലർ ഉച്ചഭക്ഷണം കഴിക്കുന്നു. ഷൂസ് അഴിച്ചുമാറ്റി കാൽ വെള്ളത്തിലിറക്കി ഒരു കല്ലിന്റെ മുകളിൽ ഞാൻ ഇരുന്നു. തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ അത്രയും നേരത്തെ ക്ഷീണമെല്ലാം അലിഞ്ഞില്ലാതായി. ഹഫ്സയ്ക്കൊപ്പം പാറപ്പുറത്ത് കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും ഇരുന്നു. കുളി കഴിഞ്ഞതിനു പിന്നാലെ കൈയിൽ കരുതിയ ഉച്ചഭക്ഷണവും കഴിച്ച് ഒന്നരയോടെ യാത്ര ആരംഭിച്ചു. ഇവിടെയാണ് നാലാമത്തെ ക്യാംപ് വഴപൈന്ത്യാർ.
അഞ്ചാമത്തെ ക്യാംപ് അട്ടയാർ ആണ്. ഇതിനു മുമ്പാണ് പത്തനംതിട്ടക്കാരനായ ആസിഫിനെയും ബെംഗളൂരുവിൽ നിന്നെത്തിയ 60കാരനായ സോമശേഖരൻ സാറിനെയും പരിചയപ്പെടുന്നത്. 'തന്തവൈബ്' നാലയലത്തു കൂടെ പോലും പോയിട്ടില്ലാത്ത അദ്ദേഹത്തെ ഞങ്ങൾ സോംജി എന്ന് വിളിച്ചു. പാലക്കാടുകാരനായ നിതിനും ഇതിനിടയിൽ പരിചയവലയത്തിലേക്ക് എത്തി. മൂന്നു പേരും സോളോ അടിച്ചെത്തി ബോണക്കാട് വച്ച് സെറ്റായതാണ്. അഞ്ചാമത്തെ ക്യാംപ് അട്ടയാർ ആണ്. ആന്റി പോച്ചിങ് ക്യാംപ് ഷെഡ് ഉള്ള അട്ടയാറിൽ ടോയിലെറ്റ് സൗകര്യവുമുണ്ട്. രണ്ടേകാലോടെ ഇവിടെയെത്തി. കൈയിൽ കരുതിയിരുന്ന ബിസ്ക്കറ്റും നട്സും ഒക്കെ പങ്കുവച്ച് കഴിച്ചു. കഴിഞ്ഞദിവസം അഗസ്ത്യാർകൂടം കയറാനെത്തി ഇറങ്ങി വരുന്നവരെ മലകയറ്റത്തിനിടയിൽ പലപ്പോഴായി കണ്ടിരുന്നു. ആരുടെ മുഖത്തും ഒരു തെളിച്ചമുണ്ടായിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് തലേദിവസം രാത്രി അഗസ്ത്യാർകൂടം മലനിരകളിൽ കനത്ത മഴയും കാറ്റുമായിരുന്നു. അതിനാൽ രാവിലെ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെട്ടു. പൊങ്കാലപ്പാറ വരെ പോയെങ്കിലും അതിനുശേഷം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മുന്നിലേക്കുള്ള കാഴ്ച മങ്ങി. ഇക്കാരണത്താൽ അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര നടന്നില്ല. ആഗ്രഹിച്ച് വന്ന യാത്ര സാധ്യമാക്കാതെ നടന്നു പോയാലുള്ള സങ്കടം എത്രത്തോളം ഉണ്ടെന്ന് അവരുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു.

∙ പുൽമേടും മുട്ടിടിച്ചാൻ തേരിയും
മല കയറി തുടങ്ങിയപ്പോൾ മുതൽ ഞാൻ എത്താൻ ആഗ്രഹിച്ചിരുന്ന രണ്ട് സ്ഥലങ്ങൾ ആയിരുന്നു പുൽമേടും മുട്ടിടിച്ചാൻ തേരിയും. പുൽമേട് എത്തിയതോടെ എനിക്ക് ചെറിയ ആവേശം വന്നു. ഒപ്പമുള്ളവരെ പിന്നിലാക്കി മുന്നിൽ വേഗതയിൽ നടന്നു. കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണാനില്ല. മുന്നിലും ആരുമില്ല. ഈ പട്ടാപ്പകൽ എന്ത് മൃഗം വരാനെന്ന ചിന്തയിൽ നടക്കുമ്പോൾ പിന്നാലെ ഒരു വാച്ചർ ഓടിയെത്തി. 'തനിച്ച് പോകല്ലേ, മൃഗങ്ങൾ ഉണ്ടാകും' എന്ന മുന്നറിയിപ്പുമായാണ് സുരേഷ് ചേട്ടൻ എത്തിയത്, കാണിക്കാരനാണ് അദ്ദേഹം. ഇവിടെ ഏത് മൃഗം വരും എന്ന ചോദ്യത്തിന് 'കരടി വരും, പുലി വരും എല്ലാം വരും' എന്ന മറുപടിയാണ് കിട്ടിയത്. കൂടെയുള്ള നാലുപേർ എത്തുന്നതു വരെ എനിക്കൊപ്പം സുരേഷ് ചേട്ടൻ അവിടെ നിന്നു. പുൽമേട് കഴിയുമ്പോൾ അടുത്ത ക്യാംപ് ഷെഡ് കണ്ടെങ്കിലും അവിടേക്ക് പോയില്ല. ഇനി മുട്ടിടിച്ചാൻ തേരിയാണ്. കയറുമ്പോൾ കാൽമുട്ട് താടിയിൽ വന്നിടിക്കും. അപ്പോൾ തന്നെ ഊഹിക്കാമല്ലോ ആ കയറ്റത്തിന്റെ ആയാസം.
മുട്ടിടിച്ചാൻ തേരിയും കടന്ന് അട്ടക്കാടും കടന്ന് യാത്ര രസകരമായി മുന്നോട്ടു നീങ്ങി. സീസണൽ ട്രെക്ക് ആയതിനാൽ തന്നെ അട്ടയുടെ വലിയ ശല്യം ഉണ്ടായിരുന്നില്ല. മരങ്ങളെ കെട്ടിപ്പിടിച്ചും കാട്ടുവള്ളികളിൽ ഊഞ്ഞാലാടിയും കഥകൾ പറഞ്ഞും ഞങ്ങളുടെ യാത്ര മുന്നോട്ട് നീങ്ങി. മടുക്കുമ്പോൾ എല്ലാവരും ഇനിയെത്ര ദൂരമുണ്ടെന്ന് അഖിലിനോട് ചോദിക്കും. ഇതാ ഇപ്പോൾ എത്തും എന്ന ശാന്തമായ മറുപടിയോടെ അഖിൽ ഞങ്ങളെ മുന്നോട്ട് നയിക്കും. ഒടുവിൽ നാലര കഴിഞ്ഞപ്പോൾ അതിരുമല ക്യാംപിലേക്ക് എത്തി. ചുറ്റും കിടങ്ങ് നിർമിച്ച് അതിനകത്താണ് ക്യാംപ് തയ്യാറാക്കിയിരിക്കുന്നത്. കാന്റീനിലെ ചൂടുകാപ്പി സകല ക്ഷീണവും മാറ്റി. പാസ് അവിടെയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറി. ഇനി തിരിച്ചിറങ്ങുമ്പോൾ ഈ പാസ് വാങ്ങി ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നൽകണം. അതോടെയാണ് യാത്ര പൂർത്തിയാകുന്നത്.
∙ രാത്രി ഭയാനകമാക്കിയ നിലവിളി
സ്ത്രീകൾക്കുള്ള ക്യാംപ് ഷെഡിൽ എത്തി ബെഡിൽ ബാഗ് വച്ച് കിടക്കാനുള്ള സ്ഥലം പിടിച്ചു. അതിനുശേഷം കുളിക്കാനായി ഞാനും ഹഫ്സയും കുളിമുറി തേടിയും ബാക്കിയുള്ളവർ അരുവിയിലേക്കും പോയി. ആറരയോടെ കാന്റീനിലേക്ക് എത്തി. അവിടെ ചൂടുകഞ്ഞി നമ്മളെ കാത്തിരിക്കുകയാണ്. 175 രൂപയാണ് ഒരു പ്ലേറ്റ് കഞ്ഞിക്ക്. ഈ കാടായ കാടെല്ലാം താണ്ടി തലച്ചുമടായാണ് അരിസാധനങ്ങൾ മലമുകളിലേക്ക് എത്തുന്നത്. അതുകൊണ്ടാണ് കഞ്ഞിക്ക് ഈ വില. ചൂടുകഞ്ഞിയും ചെറുപയറും അച്ചാറും പപ്പടവും കഴിച്ച് കഴിഞ്ഞപ്പോൾ നല്ല ആശ്വാസമായി. കൈവശമുള്ള ബിഎസ്എൻഎൽ ആരെയും കണക്ട് ചെയ്യാൻ സമ്മതിക്കാത്തതു കൊണ്ട് അഖിലിന്റെ ജിയോ ഫോണിന്റെ പവറിൽ അതിരുമല എത്തിയ കാര്യം അറിയിച്ച് പ്രിയപ്പെട്ടവർക്ക് സന്ദേശമയച്ചു.

രാത്രി ഒമ്പതുമണിയാകുമ്പോൾ ജനറേറ്റർ ഓഫ് ചെയ്യും. പിന്നെ ക്യാംപിൽ വെളിച്ചമുണ്ടാകില്ല. രാവിലെ നാലുമണിക്ക് എഴുന്നേൽക്കാമെന്ന ഉറപ്പിൽ ഞാനും ഹഫ്സയും ഉറങ്ങാൻ കിടന്നു. നിദ്രാദേവിക്ക് പകരം എത്തിയത് നല്ല കാടൻ കാറ്റ്, ഒപ്പം നല്ല തണുപ്പും. ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ആവേശത്തിൽ ഒരേ ഒരു ബെഡ് ഷീറ്റ് മാത്രമായാണ് യാത്ര പുറപ്പെട്ടത്. തണുപ്പും കാറ്റിന്റെ ശബ്ദവും കാലിന്റെ വേദനയും എല്ലാം കൂടെ ആയപ്പോൾ കിടന്നു എന്ന് പറയാം, ഉറങ്ങിയില്ല. അതിനിടയിൽ രാത്രി ഒരു 12 ആയപ്പോൾ ആണുങ്ങളുടെ ക്യാംപ് ഷെഡിൽ നിന്ന് ഒരു നിലവിളി ശബ്ദം. ഉടനെ ടോർച്ച് ലൈറ്റുകളുടെ വെട്ടം എങ്ങും തെളിഞ്ഞു. പാമ്പ് ആണോ എന്നതാണ് പേടി. എന്നാൽ ആള് എന്തോ സ്വപ്നം കണ്ട് പേടിച്ചതാണെന്ന് പിറ്റേദിവസം അറിഞ്ഞു. പക്ഷേ, പേടിച്ചു നിലവിളിച്ച ആ വ്യക്തി ആരാണെന്നുള്ള വിവരം അവർ രഹസ്യമായി തന്നെ വച്ചു, എന്തൊരു ഐക്യം.

∙ തെളിഞ്ഞുനിന്ന അഗസ്ത്യാർകൂടം
പിറ്റേദിവസം രാവിലെ നാലേകാലോടെ ഞങ്ങൾ എഴുന്നേറ്റു. ഞങ്ങളേക്കാൾ നേരത്തെ എഴുന്നേറ്റവരും ഉണ്ടായിരുന്നു. അവർ ശുചിമുറിയിൽ പോയി വരുന്നതു വരെ ഞങ്ങൾ കാത്തിരുന്നു. അവർ എത്തിയതിനു പിന്നാലെ ഞങ്ങൾ ശുചിമുറിയിലേക്ക് പോയി. അഞ്ചരയാകും ക്യാംപ് ഷെഡിലെ ലൈറ്റുകൾ തെളിയാൻ. അതുവരെ ടോർച്ചാണ് ആശ്രയം. ടോർച്ച് വെളിച്ചത്തിൽ പ്രഭാതകർമങ്ങൾ നിർവഹിച്ചു. സമയം നാലേമുക്കാൽ ആയതേയുള്ളൂ. കാന്റീൻ തുറന്നിട്ടില്ല. അടുക്കളഭാഗത്ത് വെളിച്ചമുണ്ട്. അവിടെ ചെന്ന് കാപ്പി വേണമെന്നും കാന്റീൻ തുറക്കാമോയെന്നും ചോദിച്ചു. അവർ ഓടിവന്ന് കാൻ്റീൻ തുറന്നു. തണുത്ത കാറ്റ് അകത്തേക്ക് കയറാതിരിക്കാൻ വാതിൽ ചാരി. അടുക്കളയിൽ നിന്നുള്ള ചൂടു കൂടി ഉള്ളതിനാൽ കാന്റീന് അകത്ത് നല്ല ആശ്വാസം അനുഭവപ്പെട്ടു. ആറരയാകുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് ലഭിക്കും. അതു കഴിച്ച് ഏഴുമണിയാകുമ്പോൾ അഗസ്ത്യാർകൂടം മല കയറാൻ യാത്ര ആരംഭിക്കും. കാൻ്റീന് മുമ്പിൽ നിന്ന് നോക്കിയാൽ അഗസ്ത്യാർകൂടം കാണാം. 'നിങ്ങൾക്ക് ഭാഗ്യമുണ്ട് മക്കളേ' തെളിമയോടെ നിൽക്കുന്ന അഗസ്ത്യാർകൂടം കണ്ട് ബി എഫ് ഒ മേരിദാസൻ പറഞ്ഞു. കഴിഞ്ഞദിവസം മൂടൽമഞ്ഞു കൊണ്ടു പുതഞ്ഞുനിന്ന അഗസ്ത്യാർകൂടം ഇന്ന് ഞങ്ങൾക്കായി തെളിഞ്ഞ് കാത്തിരിക്കുകയാണ്.

ഏഴുമണിയോടെ അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര ആരംഭിച്ചു. അതിരുമലയിൽ ചെറിയൊരു പ്രതിഷ്ഠയുണ്ട്. അതിനുമുമ്പിൽ ചന്ദനവും ഭസ്മവും ഉണ്ട്. ചന്ദനം നെറ്റിയിൽ തൊട്ട് അഗസ്ത്യമുനിയെ കാണാനുള്ള ആഗ്രഹത്തോടെ മലകയറാൻ ആരംഭിച്ചു. എട്ടരയോടെ പൊങ്കാലപ്പാറ എത്തി. അതിനിടയിൽ മനോഹരമായ നിരവധി സ്ഥലങ്ങൾ. പൊങ്കാലപ്പാറ കഴിഞ്ഞതോടെ യാത്രയുടെ കാഠിന്യം കൂടി വന്നു. കല്ലുകൾ നിറഞ്ഞ, വെള്ളം കിനിഞ്ഞൊഴുകുന്ന, ഇടുങ്ങിയ കുത്തനെയുള്ള കയറ്റങ്ങൾ. ഈറക്കാട്, അട്ടക്കാട്, എസി കാട് അങ്ങനെ പോകുന്ന വഴിക്ക് പലതാണ് പേരുകൾ. കയറ് കെട്ടി കയറേണ്ട മൂന്ന് വലിയ പാറകളുണ്ട്. അത് താണ്ടിയാൽ അഗസ്ത്യാർകൂടം എത്തി. മൂന്ന് പാറകളിലും കയറ് കെട്ടിയിട്ടുണ്ട്. അത് പിടിച്ചു വേണം കയറാൻ.
∙ അഗസ്ത്യമുനിയെ കണ്ടപ്പോൾ
ആദ്യത്തെ പാറയിലെ കയറിൽ കൈ പിടിച്ചപ്പോൾ ഒരു വിറയൽ പോലെ തോന്നി. മുകളിലോട്ട് പോകാൻ ഇല്ലെന്ന് പറഞ്ഞു. ഒപ്പമുള്ളവർ കട്ടസപ്പോർട്ടുമായി എത്തിയതോടെ സകല ഊർജ്ജവും സംഭരിച്ച് മുകളിലേക്ക് കയറി. ഇടയ്ക്ക് കണ്ണ് നിറഞ്ഞു. ശരീരം തളരുന്നതു പോലെ തോന്നി. മനസ്സ് വിഷാദത്തിന്റെ അഗാധ ഗർത്തത്തിലേക്ക് വീണു.
രണ്ടാമത്തെ പാറ കയറുമ്പോൾ, ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷമാണോ എന്നറിയില്ല വിലാപത്തിന്റെ വേലിയേറ്റമായിരുന്നു മനസ്സ് നിറയെ. ഒന്ന് പൊട്ടിക്കരയണമെന്ന് ആഗ്രഹിച്ചു. മൂന്നാമത്തെ പാറയിൽ കയർ പിടിച്ച് മുകളിലേക്ക് എത്തിയപ്പോൾ അതുവരെ നിറഞ്ഞുനിന്നിരുന്ന സങ്കടങ്ങൾ എവിടേക്കോ പോയി മറഞ്ഞു.

സ്വപ്നസാഫല്യത്തിന്റെ ആനന്ദം മനസ്സിൽ നിറഞ്ഞു. അതുവരെയുണ്ടായിരുന്ന സകല ക്ഷീണവും മാറി. ആകാശം നോക്കി കുറേസമയം കിടന്നു. പിന്നെ, നേരെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലെത്തി പ്രാർഥിച്ചു.
ഇനി അടുത്തത് ഫോട്ടോഷൂട്ട് ആണ്. പേപ്പാർ റിസർവോയറും നെയ്യാർ റിസർവോയറും പഞ്ചപാണ്ഡവമല എന്നറിയപ്പെടുന്ന മലയും തമിഴ്നാട്ടിലെ പാപനാശവും തിരുനെൽവേലിയുമെല്ലാം ഇവിടെ നിന്നു കാണാം. മൂടൽ മഞ്ഞ് തെളിഞ്ഞും ഒളിഞ്ഞും കളിച്ചുകൊണ്ടിരുന്നു. മനസ്സ് നിറയെ കാഴ്ചകളും ആത്മസംതൃപ്തിയുമായി പതിനൊന്നേ മുക്കാലോടെ ഞങ്ങൾ തിരിച്ചിറങ്ങി. അഖിലും റിജാസും അന്നു തന്നെ ബോണക്കാടേക്ക് മടങ്ങുന്നതിനാൽ അവർ മുമ്പിൽ വളരെ വേഗതയിൽ പോയി.
∙ സ്വാർഥത ഇല്ലാതായ രാത്രി
അഗസ്ത്യാർകൂടത്തിൽ നിന്ന് അതിരുമല വരെയുള്ള യാത്രയിൽ ഇനി കൂട്ടായുള്ളത് ഹഫ്സയും ജമീലും. കുറച്ചു മുന്നോട്ടെത്തിയപ്പോൾ സോംജിയെയും ആസിഫിനെയും നിതിനെയും കിട്ടി. ഇടയ്ക്ക് കണ്ട മൊട്ടക്കുന്നുകളിൽ ഫോട്ടോ എടുത്തും പൊങ്കാലപ്പാറയിൽ വിശ്രമിച്ചും മരച്ചുവടുകളിൽ ഇരുന്നും കഥകൾ പറഞ്ഞ് ഞങ്ങൾ അതിരുമല എത്തിയപ്പോൾ സമയം നാലര കഴിഞ്ഞു. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഒരു കാപ്പിയും കുടിച്ച് ബജിയും കഴിച്ച് നേരെ അരുവിയിലേക്ക് പോയി. കല്ലുകൾ അടുക്കിവച്ച് ഞാനും നിതിനും ചേർന്നു അരുവിക്ക് നടുവിലായി ഒരു സ്റ്റോൺ പിരമിഡ് തീർത്തു. ശേഷം അരുവിയിൽ മുങ്ങി നിവർന്നു. തിരികെയെത്തി നേരെ കാന്റീനിലേക്ക്. ആറരയോടെ കഞ്ഞി ലഭിച്ചു. ജീവിതത്തിൽ ഇന്നേവരെ കഴിച്ചിട്ടുള്ള കഞ്ഞിയിൽ ഏറ്റവും രുചികരമായിരുന്നു അത്. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ നല്ല വിശപ്പ് ഉണ്ടായിരുന്നു. വീണ്ടും ചോദിച്ചു വാങ്ങി. യാതൊരു മടിയുമില്ലാതെ അവർ കഞ്ഞിയും പയറും അച്ചാറും തന്നു കൊണ്ടേയിരുന്നു. കഞ്ഞികുടിച്ചതിനുശേഷം പതിയെ പുറത്തിറങ്ങി, ബെഞ്ചുകളിൽ ഇരുന്ന് വർത്തമാനം. കഥകളും വിഷയങ്ങളും മാറി മാറി വന്നു. എട്ടുമണിയായതോടെ ഞാനും ഹഫ്സയും ഉറങ്ങാനായി പോയി. സ്ലീപ്പിംഗ് ബാഗുമായി എത്തിയ നവ്യയുടെ അടുത്തായിരുന്നു രണ്ടാമത്തെ ദിവസം എന്റെ ബെഡ്. ഇപ്പുറത്ത് ഹഫ്സയും. രണ്ടുപേരൊടും എന്നോട് ചേർന്ന് കിടക്കാമോ എന്ന് ചോദിച്ചു. കാരണം, തണുപ്പിനെ പ്രതിരോധിക്കാൻ ഒരു സ്വെറ്ററോ ബ്ലാങ്കറ്റോ ജാക്കറ്റോ ഒന്നും എൻ്റെ കൈയിൽ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കിടന്നാൽ മാത്രം ഉറങ്ങാൻ കഴിയുന്ന ഞാൻ, മയപ്പെട്ട് പോയ, ജീവിതം ഇത്രയ്ക്ക് ഇത്രേയുള്ളൂ എന്ന് ബോധ്യപ്പെട്ട ഒരു രാത്രി കൂടിയായിരുന്നു അത്.

∙ മഴവിൽ കണ്ട് മടക്കം
രാവിലെ തന്നെ എഴുന്നേറ്റ് തയ്യാറായി. ആറരയാകുമ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഏഴു മണിക്ക് തന്നെ യാത്ര ആരംഭിക്കണം. എല്ലാം സെറ്റ് ആയെങ്കിലും സോംജിയും ആസിഫും എത്താൻ കുറച്ച് വൈകി. ആ സമയത്ത് ബി എഫ് ഒ മേരിദാസൻ സാറുമായി കുറച്ച് വർത്തമാനം പറഞ്ഞു. സോംജിയും ആസിഫും എത്തിയതോടെ ഏഴരയ്ക്ക് മലയിറങ്ങാൻ തുടങ്ങി. പുൽമേട് എത്തിയപ്പോഴാണ് ആ കാഴ്ചയിലേക്ക് സോംജി വിരൽ ചൂണ്ടിയത്. മനോഹരമായ മഴവിൽ. ജമീലും നിതിനും ഹഫ്സയും മുമ്പിൽ പോയതിനാൽ അവർക്ക് ആ കാഴ്ച കാണാൻ ഭാഗ്യമുണ്ടായില്ല. ആ മനോഹരമായ മഴവിൽ ഞങ്ങൾക്ക് മുമ്പിൽ തെളിഞ്ഞപ്പോൾ അന്ന് അഗസ്ത്യാർകൂടം കയറാൻ എത്തിയവർ നിരാശരായി താഴോട്ട് ഇറങ്ങുകയായിരുന്നു. മലമുകളിൽ മഴ പെയ്തതു കൊണ്ടാണ് താഴെ ഞങ്ങൾക്ക് മഴവിൽ കാണാൻ കഴിഞ്ഞത്. ചിലരുടെ സങ്കടങ്ങൾ മറ്റു ചിലർക്ക് സന്തോഷത്തിലേക്കുള്ള വഴികളാകുന്നു.

ഞങ്ങളെ കാത്ത് അട്ടപ്പാറയിലെ ആന്റി പോച്ചിങ് ക്യാംപിൽ ഷെഡിൽ ജമീലും നിധിനും ആസിഫും ഇരിക്കുന്നുണ്ടായിരുന്നു. ഫോണിൽ പകർത്തിയ മനോഹരമായ മഴവിൽ കാഴ്ച അവരെ കാണിച്ചു. വഴപൈന്ത്യാർ ഷെഡിന് സമീപമുള്ള അരുവിയിൽ ഒരു കുളി കൂടി പാസാക്കിയാണ് അവർ താഴേക്കിറങ്ങിയത്. ബൈക്ക് റൈഡറായ നിധിന് കുളി കഴിഞ്ഞെത്തിയപ്പോൾ സോംജി അപ്രതീക്ഷിതമായി ഒരു ടി ഷർട്ട് സമ്മാനമായി നൽകി. . അതും ‘ബൈക്ക് ലവർ’ എന്ന ലേബലോടു കൂടിയത്. ഇതൊക്കെ എങ്ങനെ എന്ന അമ്പരപ്പിലായിരുന്നു ഞങ്ങൾ. നിധിനു മാത്രം ഒരു സമ്മാനം നൽകിയത് ഞങ്ങളിൽ ചെറിയ അസൂയ ഉണ്ടാക്കി. കഴിഞ്ഞ 20 വർഷമായി നിരന്തരമായി ട്രെക്കിങ്ങുകളും യാത്രയും ചെയ്യുന്ന സോംജിയും ജോലി കിട്ടിയ അന്നുമുതൽ യാത്ര ആരംഭിച്ച് ലേ, ലഡാക്ക് ബൈക്ക് റൈഡ് ഒക്കെ നടത്തിയ നിധിനും തമ്മിൽ, അഗസ്ത്യാർകൂടം മലനിരകളിൽ വച്ച് ആദ്യമായി കണ്ടപ്പോൾ മുതൽ, ഒരു അന്തർധാര രൂപപ്പെട്ടിരുന്നു എന്നു വേണം കരുതാൻ. ആ അന്തർധാരയുടെ തുടർച്ചയായിരുന്നു ഈ സമ്മാനം നൽകൽ. പുതിയ ടി ഷർട്ടും ധരിച്ചായിരുന്നു പിന്നെ നിധിന്റെ യാത്ര.
∙ ഒരു മനസ്സായി മടക്കം
ബോണക്കാട് നിന്ന് രണ്ടു മണിക്കുള്ള തിരുവനന്തപുരം ബസ് പിടിക്കണം. അത് മുന്നിൽ കണ്ട് ആഞ്ഞുനടന്നു. വേഗത കൂട്ടിയും കുറച്ചും ഞങ്ങൾ നടക്കുന്നതിനിടയിൽ ഒരേ വേഗതയിൽ മുകളിൽ നിന്ന് താഴെ വരെ നടന്ന സോംജി ഹീറോ ആയി മാറി. ഒടുവിൽ ഞങ്ങൾക്ക് വേണ്ടി ബസ് പിടിക്കാൻ മുന്നിൽ ഓടിയെത്തിയതും സോംജി ആയിരുന്നു. ബോണക്കാട് എത്തി ഫ്രഷ് ആയി പാസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ബസ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഞങ്ങളേക്കാൾ നേരത്തെ എത്തിയവർ ബസിൽ അപ്പോഴേക്കും ഇടം പിടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾക്ക് വേണ്ടിയും ബസ് ഓരോ സീറ്റ് കരുതി വച്ചിരുന്നു.
രണ്ടു മണിക്ക് ബോണക്കാട് നിന്നു തുടങ്ങിയ മടക്കയാത്ര നാലുമണി കഴിഞ്ഞപ്പോൾ തമ്പാനൂരിൽ എത്തി. നേരെ ആര്യാസിലേക്ക്. ചായയും നെയ്റോസ്റ്റും മസാലദോശയും തൈര് സാദവും ഒക്കെ കഴിച്ചപ്പോൾ ആശ്വാസമായി. അവസാനമായി ഒരു സെൽഫി കൂടി എടുത്ത് ഞങ്ങൾ പിരിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഞങ്ങൾ നടന്നു തീർത്തത് കിലോമീറ്ററുകളായിരുന്നു. നാനാദിക്കിൽ നിന്ന് അഗസ്ത്യനെ കാണാൻ എത്തിയ എട്ടുപേർ മൂന്നാംദിവസം ഒരേ മനസ്സുമായാണ് മടങ്ങിയത്. സ്നേഹത്തിന്റെ സ്വർണനൂലു കൊണ്ട് ഇഴപിരിച്ച സൗഹൃദത്തിന്റെ പട്ടുതൂവാല മനസ്സിന്റെ ജനാലയിൽ പാറിക്കളിച്ചു.
പിൻകുറിപ്പ്:
25ന് മലയിറങ്ങി ബോണക്കാട് എത്തിയപ്പോൾ തന്നെ 24ന് തന്നെ മലയിറങ്ങിയ അഖിലിനെയും റിജാസിനെയും വിളിച്ചു. തലേദിവസം ആറുമണി കഴിഞ്ഞിരുന്നു അവർ ബോണക്കാട് എത്താൻ. തിരുവനന്തപുരത്തിന് അഞ്ചു മണിക്കായിരുന്നു അവസാന ബസ്. പക്ഷേ, അഗസ്ത്യൻ അവരെ കൈവിട്ടില്ല. മല കയറിയിറങ്ങി എത്തിയ മറ്റൊരു സംഘം അവിടെ ഉണ്ടായിരുന്നു. അവർക്ക് സ്വന്തമായി വാഹനം ഉണ്ടായിരുന്നു. ആ വാഹനത്തിൽ സുരക്ഷിതരായി അവർ തിരുവനന്തപുരത്ത് എത്തി. ആറുമണിക്ക് മുമ്പ് ബോണക്കാട് എത്തിയില്ലെങ്കിൽ വനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ഹൊറർ അനുഭവം ആയിരിക്കും. പിറ്റേദിവസം കെ എൽ എഫിന് കോഴിക്കോട് വച്ച് കണ്ടപ്പോൾ തൃശൂർകാരനായ നിധിൻലാൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അഗസ്ത്യാർകൂടം കയറിയ അന്നുതന്നെ നിധിനും കൂട്ടുകാരനും തിരിച്ചിറങ്ങി. പക്ഷേ, അട്ടയാർ കഴിഞ്ഞതോടെ പതിയ ഇരുട്ട് മൂടി തുടങ്ങി. കാടിന്റെ വന്യമായ ശബ്ദം അവരുടെ നെഞ്ചിടിപ്പ് കൂടി. ഏഴരയോടെ മാത്രമാണ് ബോണക്കാട് എത്തിയത്. ഇരുട്ട് പരന്ന കാട്ടിലൂടെയുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നെന്നും ഇനി ഒരിക്കലും ഇങ്ങനെ തിരിച്ചിറങ്ങില്ലെന്നും നിധിൻലാൽ തുറന്നു പറഞ്ഞു.