അപ്രതീക്ഷിതമായ യാത്രകൾക്ക് എന്നും ഇരട്ടി മധുരമാണ്. ഓരോ യാത്രയും സമ്മാനിക്കുന്നത് ചെന്നെത്തപ്പെടുന്ന നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള തിരിച്ചറിവുകളാണ്. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന നിലമ്പൂരിനു വിനോദസഞ്ചാര സാധ്യതാ മേഖല എന്നതിനും അപ്പുറം മലബാറിന്റെ ചരിത്രത്തിൽ പ്രധാനപങ്കാണുള്ളത്. കിഴക്കൻ മലബാറിന്റെ ദൃശ്യചാരുത നുകരുവാനായി നിലമ്പൂരേക്കുള്ള യാത്രയ്ക്ക് റെയിൽ മാർഗ്ഗം ആണ് ഏറ്റവും അഭികാമ്യം.
ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയുണ്ട് ഈ തീവണ്ടിപ്പാളങ്ങൾക്ക് നമ്മോടു പറയാൻ. ഒന്നര നൂറ്റാണ്ടു മുൻപ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിലണു നിലമ്പൂർ -ഷൊർണ്ണൂർ റെയിൽപാത പണികഴിപ്പിച്ചതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. പ്രശസ്തമായ നിലമ്പൂർ തേക്കിൻകാടുകളിൽ നിന്നു തേക്കിൻതടികൾ സുഗമമായി കടത്തിക്കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണു റെയിൽപാതയ്ക്ക് രൂപം നൽകിയത്. ആദ്യകാലങ്ങളിൽ ചാലിയാർ പുഴയിലൂടെ ബേപ്പൂരേക്കും അവിടെനിന്നു തുറമുഖം വഴി കപ്പലിൽ തേക്കിൻ തടികൾ വിദേശരാജ്യങ്ങളിലേക്കും കൊണ്ടുപോകുകയായിരുന്നു പതിവ്. പിന്നീട് 1921 ൽ മാപ്പിള ലഹള സമയത്ത് പുഴ വഴിയുള്ള തേക്കുകടത്തു തടയുകയും ബദലായി റെയിൽ പാത നിർമിക്കുകയായിരുന്നു. എന്നാൽ ബ്രിട്ടിഷ് ഭരണവും തേക്കിന്റെ പ്രതാപകാലവും അവസാനിച്ചതോടെ നിലമ്പൂർ റെയിൽ പാതയുടെയും പ്രാധാന്യം കുറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നേരിട്ട ഉരുക്ക് ക്ഷാമം പരിഹരിക്കുവാൻ മറ്റുമാർഗ്ഗങ്ങളില്ലാതെ ഇവിടുത്തെ റെയിൽപാളങ്ങൾ ഇളക്കിക്കൊണ്ടു പോവുകയായിരുന്നുവത്രേ. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് പാത പുനഃസ്ഥാപിച്ചത്. ഗ്രാമീണ അന്തരീക്ഷമാണ് ഈ യാത്രയിലുടനീളം അനുഭവിക്കാനാവുന്നത്. യാത്രക്കാർ അധികവും വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി ഷോർണ്ണൂരിൽ പോയി മടങ്ങുന്നവർ.
ചാലിയാറിനു സമാന്തരമായി നിലമ്പൂർ കാടുകളിലൂടെ സ്വപ്ന സമാനമായ ഒരു യാത്ര. ചെറിയ ചെറിയ റെയിൽവേ സ്റ്റേഷനുകൾ. വഴിയോരക്കാഴ്ചകൾ ആസ്വദിച്ചിരിക്കവേ കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ പാതയാണിതെന്നു തോന്നി.
ഓരോ യാത്രയിലും നാം തേടുന്നതെന്താണ്? പ്രകൃതിയുടെ ശാന്തതയെന്നൊക്കെ കാവ്യാത്മകമായി പറയാം. എന്റെ നിലമ്പൂരേക്കുള്ള ഓരോ യാത്രയും കാലം അകറ്റി നിർത്തിയ ബന്ധങ്ങളുടെ കണ്ണിചേർക്കലാണ്. അതുകൊണ്ടുതന്നെയാവും ഈ വഴികൾ അത്രമേൽ പ്രിയപ്പെട്ടതായതും.
കാടും നാടും താണ്ടി തീവണ്ടി നിലമ്പൂർ സ്റ്റേഷനിലെത്തി. നിലമ്പൂരിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന രാത്രി സഞ്ചാരിണി രാജ്യറാണി പാളത്തിൽ കിടപ്പുണ്ട് എന്നതൊഴിച്ചാൽ ശാന്തഅന്തരീക്ഷം. സന്ദർശകരെ വിനോദ സഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളിലേക്കാണു നിലമ്പൂർ കൂട്ടിക്കൊണ്ടുപോകുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിൽ ഹെൻറി വാലന്റൈൻ കനോലിയുടെ നേതൃത്വത്തിൽ നിർമിച്ച കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, ആഢ്യൻപാറ, ബംഗ്ലാംകുന്ന്, നെടുങ്കയം എന്നിങ്ങനെ അനവധി സ്ഥലങ്ങളാണു വന്യമായ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്.
യാത്രാക്ഷീണം അകറ്റാനായുള്ള ചെറിയൊരു വിശ്രമത്തിനു ശേഷം യാത്ര തേക്ക് മ്യൂസിയത്തിൽനിന്നുതന്നെ തുടങ്ങി. 1842 ൽ ബ്രിട്ടിഷ് ഭരണത്തിനു കീഴിൽ മലബാറിലെ കലക്ടർ ആയിരുന്ന എച്ച്.വി. കനോലി ആയിരുന്നു കിഴക്കൻ മലബാറിന്റെ ചരിത്രത്തിലെ തേക്ക് വിപ്ലവത്തിനു ചുക്കാൻ പിടിച്ചത്. നിലമ്പൂർ നഗരഹൃദയത്തിൽനിന്നു രണ്ടു കിലോമീറ്റർ ദൂരത്തിൽ 2.31 ഹെക്ടറോളം വ്യാപിച്ച്ു കിടക്കുന്ന കനോലി പ്ലോട്ടിനു സായിപ്പിന്റെ സ്മരണാർഥമാണ് ആ പേരിട്ടത്. 1995 ൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാംപസിൽ ആരംഭിച്ച തേക്ക് മ്യൂസിയം കാഴ്ചയുടെ വൈവിധ്യങ്ങളാണു സഞ്ചാരികൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ആദ്യമായിട്ടാവും ഏതെങ്കിലും ഒരു വൃക്ഷത്തെ, സസ്യത്തെ മാത്രം പരിഗണനയിലെടുത്ത് അതിന്റെ പ്രത്യേകതകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മ്യൂസിയം ഉണ്ടാക്കുന്നത്. നിലമ്പൂരിന്റെ ചരിത്രത്തിനു തേക്കിനെക്കുറിച്ച് അത്ര തന്നെ പറയാനുണ്ടുതാനും.
പ്രധാന കവാടം കഴിഞ്ഞ് അൽപം ഉള്ളിലേക്കു കടന്നാൽ വലതുവശത്തായി ടിക്കറ്റ് കൗണ്ടർ. അതിനോടു ചേർന്നുതന്നെ പാർക്കിങ് ഏരിയായും. ഒരാൾക്ക് സന്ദർശനത്തിനു 40 രൂപയാണു ഫീസ്. ആദ്യാകർഷണം ഭൂമിയുടെ രക്ഷകനായി വൃക്ഷത്തെ സൂചിപ്പിക്കുന്ന ഒരു ശിൽപം. ഇവിടെ നിന്നു ടാറിട്ട വഴി രണ്ടായി പിരിയുകയാണ്. ഇരു വീഥികളെയും ബന്ധിപ്പിച്ചുകൊണ്ട് മനോഹരമായ പുൽത്തകിടി. അതിനു നടുവിലായി ഉരുളൻ കല്ലുകളാൽ കൃത്രിമമായി നിർമിച്ച ജലാശയം, ചെറു വെള്ളച്ചാട്ടങ്ങൾ. പ്രകൃതിയുടെ സൗന്ദര്യത്തെ മനുഷ്യകരങ്ങളാൽ ആവാഹിച്ചെടുക്കുവാൻ ശ്രമിച്ച് പൂർണ്ണതയിലെത്താതെ പരാജയപ്പെട്ടതുപോലെ തോന്നി ആ കാഴ്ച. അല്ലങ്കിൽത്തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ മനുഷ്യൻ കൃത്രിമമായി നിർമിക്കുന്നതിനൊന്നും അത്രകണ്ട് ഭംഗി പോര. എന്തെങ്കിലുമൊക്കെ അപൂർണ്ണത അതെടുത്തു കാണിച്ചുകൊണ്ടേയിരിക്കും.
മണ്ണും മരവും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ദൃഷ്ടാന്തമോതുന്ന കാഴ്ചകളാണിവിടെ അധികവും. തേക്കു മരത്തിന്റെ വളർച്ചയുടെ വിവിധഘട്ടങ്ങൾ, തേക്കുകൊണ്ട് നിർമിച്ച വിവിധ കരകൗശല വസ്തുക്കൾ, വിവിധതരം തേക്കുകളുടെ ഇനം തിരിച്ചുള്ള വിന്യാസം എന്നു വേണ്ട സർവ്വത്ര തേക്ക് മയം തന്നെ ഈ ഇരുനില കെട്ടിടത്തിൽ. സഞ്ചാരികളെ ആകർഷിക്കുവാനായി മനോഹരമായ ഉദ്യാനങ്ങളും ഇവിടെയുണ്ട്. താമരയും ആമ്പലും നിറഞ്ഞു നിൽക്കുന്ന കുളങ്ങൾ, നക്ഷത്രവനങ്ങൾ, വിവിധയിനം ഓർക്കിഡുകൾ മുതൽ നാട്ടിൻപുറങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെടികൾ വരെ ഈ ഉദ്യാനത്തിലുണ്ട്. വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പേര്, ശാസ്ത്രീയനാമം എന്നിവ ആലേഖനം ചെയ്ത ബോർഡ് വെച്ചിട്ടുണ്ട് ഓരോന്നിന്റെയും ചുവട്ടിൽ. 150 ൽ അധികം സ്പീഷിസിലുള്ള ഔഷധ സസ്യങ്ങൾ ഇവിടെയുണ്ടത്രേ. കാഴ്ചകൾ കണ്ട് സമയം പോയത് അറിഞ്ഞില്ല. മൂന്നു മണിക്കൂറോളം നീണ്ട സന്ദർശനം അവസാനിപ്പിച്ച് വെളിയിലെത്തി. ഇനി യാത്ര വന്യതയുടെ വശ്യസൗന്ദര്യമാസ്വദിക്കാൻ ആഢ്യൻപാറയിലേക്ക്.
നിലമ്പൂർ ടൗണിൽ നിന്ന് 16 കിലോമീറ്ററോളം ദൂരമുണ്ട് കുമ്പളങ്ങാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക്. സമതലങ്ങളും കുന്നിൻപ്രദേശങ്ങളും ഗ്രാമീണ ഊഷ്മളതയുമാസ്വദിച്ചുകൊണ്ടൊരു യാത്ര. നാട്ടുവഴികളുടെ ഇരുവശവും ഉണ്ടായിരുന്ന നെൽപ്പാടങ്ങൾ അധികവും കവുങ്ങിൻതോട്ടങ്ങളായും തെങ്ങിൻതോപ്പുകളായും പരിണമിച്ചിരിക്കുന്നു. അങ്ങിങ്ങായി വാഴക്കൃഷിയും കാണാം. മുൻപ് ആഢ്യൻപാറയിലേക്ക് ഉള്ള വഴി ചെമ്മണ്ണും ചരലുകളും നിറഞ്ഞു ദുർഘടമേറിയതായിരുന്നു. വിശാലമായ ടൂറിസം സാധ്യത മുന്നിൽ കണ്ടാവാം റോഡ് പണിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളും തിരിവുകളും പിന്നിട്ടുള്ള യാത്ര കുന്നിൻമുകളിലെ തുറസ്സായ സമതല പ്രദേശത്ത് അവസാനിക്കുന്നു. സഞ്ചാരികളുടെ എണ്ണം കൂടിയതു കൊണ്ട് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടുമൂന്നു ചെറിയ കടകൾ ഒഴിച്ചാൽ വികസനം ഇനിയും കാത്തിരിക്കുന്ന പ്രദേശം. ടൂറിസം ഇൻഫർമേഷൻ സെന്ററിനോട് ചേർന്ന ചെറിയ ചായക്കടയിലെ മുളയരി പായസം പ്രസിദ്ധമാണ്. മുളയുടെ അരി ഇടിച്ച് ഉണക്കി തരിയായി പൊടിച്ച് ശർക്കരയും തേങ്ങാപ്പാലുമൊക്കെ ചേർത്തു വച്ച നല്ല സ്വാദിഷ്ടമായ പായസവും കുടിച്ച് മലമുകളിലെ കാഴ്ചകൾ ആസ്വദിച്ചു. ചുറ്റിനുമുള്ള പ്രകൃതിദൃശ്യങ്ങളിൽ മയങ്ങി കുറച്ചു നേരം അവിടെ ചിലവഴിച്ചു.
ദൂരെ കാട്ടുചോലകൾക്കും അപ്പുറം ഹരിതാഭയാർന്ന വനം. ഇരുണ്ട് മൂടിക്കിടക്കുന്ന പ്രകൃതി. വിദൂരതയിൽ നീലഗിരിക്കുന്നുകളുടെ അവ്യക്ത ദൃശ്യം. നേർത്ത വെള്ളിക്കൊലുസ്സുപോലെ പാറക്കെട്ടുകളെ തഴുകിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ദൂരെനിന്നേ കാണാം. പടിക്കെട്ടുകളിറങ്ങി കാട്ടുചോലയുടെ അരികിലേക്കു നടന്നു. കയ്യിൽ പ്ലാസ്റ്റിക് കുപ്പികളുമായി വരുന്ന സഞ്ചാരികളിൽനിന്ന് ഒരു നിശ്ചിത തുക സെക്യൂരിറ്റി ചാർജ് ആയി വാങ്ങി വെയ്ക്കുന്നുണ്ട് ഇവിടുത്തെ ഗാഡുകൾ. മടക്കയാത്രയിൽ കുപ്പി തിരികെ കാണിച്ചാൽ തുക മടക്കിത്തരുകയും ചെയ്യും. മലയാളിയുടെ യൂസ് ആൻഡ് ത്രോ സംസ്കാരത്തെ മുൻകൂട്ടിക്കണ്ട് അതിനു തടയിടാനുള്ളൊരു ചെറു ശ്രമം.
പടിക്കെട്ടുകളുടെ ഇരുവശവും മനോഹരമായി പരിപാലിക്കുന്ന ഉദ്യാനങ്ങൾ. യാത്രികർക്ക് വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കുവാനുമായി അങ്ങിങ്ങായി പണികഴിപ്പിച്ചിരിക്കുന്ന ചാരു ബെഞ്ചുകൾ, കളിയൂഞ്ഞാലുകൾ. മുളകളും വൃക്ഷങ്ങളും ചേർന്ന് തണുപ്പാർന്ന അന്തരീക്ഷമാണു സമ്മാനിക്കുന്നത്.
വിശാലമായ പാറക്കെട്ടുകൾക്കിരുവശവും കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. വേനലിന്റെ കടുത്ത ചൂടിൽ ഈ കാട്ടു ചോലയുടെയും നീരുറവകൾ വറ്റിത്തുടങ്ങാറായിരിക്കുന്നു. ഏകദേശം 300 അടിയോളം ഉയരമുള്ള ആഢ്യൻപാറ വെള്ളച്ചാട്ടം മഴക്കാലത്ത് അതിന്റെ രൗദ്രഭാവം കാട്ടിത്തരുന്നു. അല്ലെങ്കിലും ഋതുഭേദങ്ങൾക്കനുസരിച്ചു മുഖംമൂടി മാറുന്നത് ഓരോ വെള്ളച്ചാട്ടത്തിന്റെയും പൊതു സ്വഭാവമാണ്. വശ്യസൗന്ദര്യത്താൽ സഞ്ചാരികളുടെ മനം മയക്കി ആനന്ദലഹരിയിലാഴ്ത്തുന്ന ആഢ്യൻപാറയുടെ വിപരീത മുഖമാണു വേനൽക്കാലയാത്രയിൽ കാണാൻ കഴിയുക. പാറയിടുക്കുകളിലും വളവുകളിലും തിരിവുകളിലും മരണക്കെണിയൊളിപ്പിച്ചു വെയ്ക്കുന്ന വടയക്ഷിയുടെ ഭാവം കൂടിയുണ്ട് ആഢ്യൻപാറയ്ക്ക്. ശക്തമായ നീരൊഴുക്ക് ഇല്ലാത്തതിനാൽ ധൈര്യമായി വെള്ളത്തിലേക്ക് ഇറങ്ങി. കാട്ടുചോലകളിൽനിന്ന് ഒഴുകി വരുന്ന വെള്ളമായതിനാൽ വേനൽചൂടിലും നല്ല തണുപ്പാണ്. പാറയിൽ തട്ടിത്തെറിച്ചു വീഴുന്ന വെള്ളത്തുള്ളികൾ മഴവിൽ തീർത്ത് കണ്ണിനു കുളിരേകി. വെള്ളം കുറവായതിനാൽ പാറക്കെട്ടുകളിലൂടെ കുറെ ദൂരം നടന്നു. മിനുസമേറിയ പാറയിൽ പലഭാഗങ്ങളിലും ആഴമേറിയ കുഴികൾ. മഴക്കാലത്ത് അപ്രതീക്ഷിതമായി ആളുക്കളെ അപകടക്കെണിയിലേക്ക് വലിച്ചിഴയ്ക്കുന്ന മരണക്കിണറുകളാണു അവയോരോന്നും. മറു വശത്ത് വനമാണു. മുളങ്കാടുകളും വന്മരങ്ങളും ഇടതൂർന്ന വനത്തിനുള്ളിലേക്കു പ്രവേശിച്ചു. അവനധി ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇവിടം. പുരാതനകാലത്ത് ആദിവാസി ഗോത്രവർഗ്ഗക്കാരായ ചോലനായ്ക്കർ ഈ വനങ്ങളിൽ ഔഷധ സസ്യങ്ങൾ തേടി വരുമായിരുന്നുവത്രേ. ഇപ്പോഴും ഇവരുടെ പിന്മുറക്കാരായ ഒരു വിഭാഗം ഗോത്ര വർഗ്ഗക്കാർ നെടുങ്കയം മേഖലയിൽ താമസമുണ്ട്. ആദി ദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കർ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. വനമേഖലയിലേക്ക് അധികം പ്രവേശനമില്ലാത്തതു കൊണ്ടാവാം വിസ
ിൽ ശബ്ദവുമായി സെക്യൂരിറ്റി ഗാഡുകൾ എത്തി മുൻപോട്ടുള്ള യാത്രയെ വിലക്കി.
ഈ മേഖലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കുവാനായി കെഎസ്‌ഇബിയുടെ നേതൃത്വത്തിൽ ഹൈഡ്രോ പ്രോജക്ടിന്റെ പണി നടക്കുന്നുണ്ട്. തിരികെ വന്നു വീണ്ടും കുറേ നേരം കൂടി വെള്ളത്തിൽ ചിലവഴിച്ചു. സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ യാത്രക്കാർ എത്തിത്തുടങ്ങി. വികൃതികളായ കുട്ടികൾ പാറയുടെ മുകളിൽ കയറി താഴേക്ക് വെള്ളക്കെട്ടിലൂടെ നിരങ്ങിയിറങ്ങി രസിക്കുന്നു. മറ്റു ചിലർ വെള്ളത്തിൽ നീന്തിക്കളിക്കുന്നു. ഉദ്യാനത്തിനരികിലൂടെയുള്ള പറിക്കെട്ടുകൾ ചെന്നവസാനിക്കുന്നത് മറ്റൊരു വ്യൂ പോയിന്റിലാണ്. ആഢ്യൻപാറ അതിന്റെ രൗദ്രഭാവം കാട്ടിത്തുടങ്ങിയാൽ പിന്നെ സന്ദർശകർക്ക് ഇവിടെ നിന്നു കാഴ്ചകളാസ്വദിക്കുക മാത്രമേ വഴിയുള്ളു. നിബിഡമായ വനത്തിന്റെയും പാറക്കെട്ടുകളിലൂടെ ഒഴുകിവന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെയും ദൃശ്യചാരുത ഈ മലമുകളിൽനിന്ന് ആവോളം ആസ്വദിക്കാം. മന്ദമാരുതന്റെ തലോടലേറ്റ് നീലഗിരിക്കുന്നുകൾ കണ്ടുനിൽക്കാം. നീർച്ചോലകൾ, പാറക്കെട്ടുകൾ, പുഴ, മരങ്ങൾ, മലയിടുക്കുകൾ, മേഘങ്ങൾ, ആകാശനീലിമ..... എത്ര മനോഹരമായാണു പ്രകൃതി ഒന്നിനോട് ഒന്നു ചേർത്ത് വെച്ചിരിക്കുന്നത്.
ഇനി മടക്കയാത്രയാണ്. കൈവരികളിൽ പിടിച്ച് പടിക്കെട്ടുകൾ കയറി മുകളിലെത്തി. കയ്യിലിരുന്ന കാലിക്കുപ്പി തിരികെ കാണിച്ചു പൈസ മടക്കി വാങ്ങി വെളിയിലേക്ക് ഇറങ്ങി. പാർക്കിങ് ഏരിയയ്ക്ക് സമീപമുള്ള പെട്ടിക്കടയിൽനിന്ന് ഉപ്പിലിട്ട വിഭവങ്ങളുടെ സ്വാദും ആസ്വദിച്ച് മനസ്സിനെ മടക്കയാത്രയ്ക്ക് പാകമാക്കി.
നിത്യഹരിത വനപ്രദേശങ്ങളാലും നീരുറവകളാലും സമ്പന്നമായ ആഢ്യൻപാറ ദൈവത്തിന്റെ കരവിരുതു നിറഞ്ഞ ഛായാചിത്രം പോലെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.