കടലും കായലും സമ്മേളിക്കുന്ന പരവൂരിലേക്കൊരു യാത്ര പോകാം

ട്രെയിൻ മാർഗ്ഗം കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ഒരിക്കലെങ്കിലും  യാത്ര ചെയ്തിട്ടുള്ളവർ ഒരു മിന്നായം പോലെ കണ്ടു പോകുന്ന  പറവൂരിന്റെ വശ്യ സൗന്ദര്യം റോഡ് മാർഗ്ഗം ആവോളം  നുകരാനുള്ള ഒരു യാത്ര ആയാലോ? 

കൊല്ലം ജില്ലയിൽ  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ പ്രദേശമാണ് പരവൂർ. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരസഭ വർക്കല, കാപ്പിൽ ബീച്ചുകൾക്കൊപ്പം ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.  സംഘകാലകൃതികളിലൂടെ മാത്രം അറിയപ്പെടുന്ന 'ആയ്'  രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 'പരവൈ ആയൂര്‍' എന്ന വാക്ക് ലോപിച്ചാകാം പില്‍ക്കാലത്ത് പരവൂര്‍ ആയി മാറിയതെന്നാണ് ചരിത്രം.

പരവൂര്‍ (പരവൈആയൂര്‍) എന്നാല്‍ ആയ് രാജ്യത്തിന്റെ സമുദ്രതീരത്തുള്ള പ്രദേശം എന്നും അർഥമാക്കാം. വേണാടിനും ദേശിംഗനാടിനും ഇടയ്ക്ക് പണ്ടുണ്ടായിരുന്ന പെണ്ണരശുനാടിന്റെ ഭാഗമായിരുന്നു പരവൂര്‍. ഇവിടുത്തെ പരവൂര്‍ കോട്ടയും കൊത്തളങ്ങളും കുരുമുളകുപണ്ടകശാലയും മറ്റും ആറ്റിങ്ങല്‍ അമ്മത്തമ്പുരാട്ടിയുടെ അധീനതയിലായിരുന്നു. പരവൂരിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രാചീന രേഖകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് എഡി 12-ാം ശതകത്തിൽ പുറപ്പെടുവിച്ച ‘പൊഴിക്കര ശാസന’മാണ്‌. അതിന്റെ രേഖകൾ പൊഴിക്കര മേജര്‍ ദേവീക്ഷേത്രത്തിലുണ്ടെന്നു പറയപ്പെടുന്നു.

പഴയകാലത്ത് പരവൂരിന്റെ ഭരണപരമായ കേന്ദ്രം സമുദ്രതീരമായ പൊഴിക്കരയായിരുന്നു. ഇതിന് തെളിവുകള്‍ ഏറെയുണ്ട്. രാജാവിന്റെ കൊട്ടാരം, രാജാവിന്റെ നിര്‍ദ്ദേശപ്രകാരം പരിഷ്കരിച്ച് നിര്‍മിക്കപ്പെട്ട പൊഴിക്കര ക്ഷേത്രം, അതിനോടു ചേര്‍ന്നുള്ള സത്രം, ഇന്നത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പകരം പ്രവര്‍ത്തിച്ചിരുന്ന താനം, ആദ്യത്തെ അഞ്ചലാപ്പീസ്, കോടതി എന്നിവ ഈ പ്രദേശത്തായിരുന്നു. ഇവയുടെ ചില ശേഷിപ്പുകൾ ഇപ്പോഴും കാണാനാകും. കൊട്ടാരത്തിന്റെ ഭാഗം, ക്ഷേത്രം, താനം, അഞ്ചലാപ്പീസ് എന്നിവയുടെ ഭാഗങ്ങൾ  അതിൽപ്പെട്ടതാണ്. ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് പരവൂര്‍; കയർ നിർമാണത്തിനു പേര് കേട്ട പ്രദേശം കൂടിയാണിത്. ചില വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന കയർ നിർമാണ ശാലകളും ഇവിടെ കാണാനാകും 

പൂതക്കുളം പഞ്ചായത്ത്, ചാത്തന്നൂർ പഞ്ചായത്ത്, മയ്യനാട് പഞ്ചായത്ത് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പൊഴിക്കരയിലേക്ക്  പരവൂർ റെയിൽവേ സ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും നാലു കിലോമീറ്ററോളം മാത്രമേ ദൂരമുള്ളൂ.

കൊല്ലം പട്ടണത്തിൽനിന്നു 14 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. വെറും 6 .62  ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന പരവൂർ കായൽ ഇത്തിക്കര ആറിന്റെ സംഗമ കേന്ദ്രം കൂടിയാണ്. ഇടവ, അഷ്ടമുടി കായലുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ കായലിൽ ബോട്ടുയാത്രയ്ക്കുള്ള സൗകര്യവും ലഭ്യമാണ്.

പരവൂർ കായലിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിയദർശിനി ബോട്ട് ക്ലബ്ബും പരവൂർ തെക്കും ഭാഗത്തെ ലേക്ക് സാഗർ സേവിയർ റിസോർട്ടും ഒക്കെ സ്വദേശികളും വിദേശീയരുമായ സഞ്ചാരികളെ ആകർഷിക്കുന്നു. പരവൂർ തെക്കുംഭാഗം-കാപ്പിൽ ബീച്ച്  പ്രദേശത്ത് ബോട്ടിങ്ങിനും സൂര്യാസ്തമനം ആസ്വദിക്കുന്നതിനും നിരവധി ആളുകൾ എത്താറുണ്ട്.  പ്രധാനമായും രണ്ട് അഴിമുഖങ്ങളാണ് പരവൂരിലുള്ളത്. ഒന്ന് തെക്കുംഭാഗം -കാപ്പിൽ ഭാഗത്തും  മറ്റേത് പരവൂർ പൊഴിക്കരയിലും. ഇവിടെയാണ്  കായൽ-കടൽ സംഗമം. പരവൂർ, നടയറ കായലുകൾ രണ്ടു വശങ്ങളിലും മറ്റൊരു വശത്ത് അറബിക്കടലും അതിരൊരുക്കുന്ന പരവൂർ മൺസൂൺ കാലത്തു കൂടുതൽ മനോഹരിയാകും. എന്നാൽ, മുൻകരുതലെടുക്കാതെ പൊഴിയിലും പരിസരത്തും പ്രവേശിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നോർക്കുക.

പരവൂർ കായലിൽ സ്പീഡ് ബോട്ടിങ്, വിൻഡ് സർഫിങ്, കയാക്കിങ് എന്നിവയ്ക്ക് അവസരമുണ്ട്. കടലിനും കായലിനും ഇടയിലൂടെയുള്ള പറവൂർ-വർക്കല-കാപ്പിൽ റോഡിന്റെ ആകാശ ദൃശ്യം അതിമനോഹരമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ റോഡിൽകൂടിയുള്ള യാത്ര അപൂർവ അനുഭവം സമ്മാനിക്കും. ഇതിനടുത്തുള്ള  പോളച്ചിറ ചതുപ്പുപ്രദേശം നിരവധി ദേശാടനപ്പക്ഷികളുടെ സന്ദർശന കേന്ദ്രം കൂടിയാണ്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച തീരദേശ  ഭൂപ്രകൃതി ദൃശ്യങ്ങൾ സമ്മാനിക്കാൻ യോജിച്ച പ്രദേശം കൂടിയാണ് പരവൂർ.

പൊഴിക്കരയിലേക്ക് പരവൂർ കായലിൽ നിന്നുള്ള ജലം  തുറന്നു വിട്ടു കായൽ ജലനിരപ്പ്  നിയന്ത്രണ വിധേയമാക്കുന്ന,  ഏറെ പഴക്കം ചെന്ന പൊഴിക്കര റഗുലേറ്ററും (ചീപ്പ്) അതിൽക്കൂടിയുള്ള പാലവും പൊഴിക്കരയുടെ മറു വശത്തേക്കുള്ള വാതായനമാണ്. ഇതുവഴി പരവൂർ -കൊല്ലം തീരദേശ റോഡിലേക്ക് പ്രവേശിക്കാം. പലയിടത്തും കടൽക്ഷോഭത്തിൽ തകർന്നു കിടക്കുന്ന ഈ റോഡ് നന്നാക്കിയാൽ വെറും 15 മിനിറ്റു കൊണ്ട് റോഡ്മാർഗം കൊല്ലത്തെത്താം. ഇപ്പോൾ ഈ റോഡ് കുറെയൊക്കെ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ സഞ്ചരിച്ചു കായലിന്റെയും കടലിന്റെയും സൗന്ദര്യം ആവോളം ആസ്വദിക്കാം 

പൊഴിക്കര-പൂവാർ, പൊഴിക്കര-എറണാകുളം കെഎസ്ആർടിസി സർവീസുണ്ട്. അക്വാ സെറീൻ റിസോർട്ട്, ഫ്രാഗ്രൻറ് നേച്ചർ റിസോർട്ട്, ട്രാൻക്വിൽ പാംസ് റിസോർട്ട് എന്നിവ പരവൂരിലെ സ്വകാര്യ റിസോർട്ടുകളാണ്. കായൽ മീനും കരിമീനും ധാരാളം ലഭിക്കുന്ന പൊഴിക്കര പ്രദേശത്ത് ചൂണ്ടയിടാനുള്ള തയാറെടുപ്പോടെ പോയാൽ നിരാശപ്പെടേണ്ടി വരില്ല. കായലിൽനിന്നു കടലിലേക്ക് ഒഴുക്കുള്ള പൊഴിക്കര പരിസരത്ത് ചെറു ചൂണ്ടകളിൽ നിരവധിയാളുകൾ മീൻ പിടിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

തിരുവനന്തപുരം, കൊല്ലം തുടങ്ങിയ  സമീപ ജില്ലകളിൽ  താമസിക്കുന്നവർക്ക് ഒരു ദിവസം കൊണ്ട് സന്ദർശിച്ചു പോകാവുന്ന ചെറു യാത്രയാണ് പരവൂരിലേക്കുള്ളത്. അലസസായാഹ്നങ്ങൾ പ്രസരിപ്പുള്ളവയാക്കാൻ കാപ്പിൽ ബീച്ചിലെ സൂര്യാസ്തമയം ആസ്വദിച്ച ശേഷം കാപ്പിൽ പാലം കടന്നു തിരുവനന്തപുരത്തേക്കോ പരവൂർ കൊട്ടിയം വഴി കൊല്ലത്തേക്കോ സഞ്ചാരികൾക്കു തിരിച്ചു പോരാം. പ്രാദേശിക ടൂറിസം മാപ്പിൽ ശക്തമായ സാന്നിധ്യമറിയിക്കാൻ തക്ക മനോഹരമായ ഭൂപ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന പരവൂരിലേക്കാവട്ടെ നിങ്ങളുടെ ഇത്തവണത്തെ  മൺസൂൺ യാത്ര.