നെയ്യാർ ഒഴുകുന്നു...

Neyyar Dam
SHARE

വനങ്ങൾ, വന്യമൃഗങ്ങൾ, പക്ഷികൾ, പൂക്കൾ, പൂന്തോട്ടങ്ങൾ, വ‌ൃക്ഷങ്ങൾ വെളളച്ചാട്ടങ്ങൾ, മരുന്നു ചെടികൾ, മനസ്സും ശരീരവും തുറന്നിട്ട് നെയ്യാർ കാത്തിരിക്കുന്നു...ഓലമേഞ്ഞ ആ ക്ലാസ്മുറിയിലെ മെഴുക്കു പിടിച്ച ഡെസ്ക്കിനു മുകളിൽ രണ്ടു തുളളി കണ്ണുനീർ വീണപ്പോഴേക്കും കൂട്ടുകാർ നെയ്യാറിലേക്കു പുറപ്പെട്ടിരുന്നു. അന്നേ വിചാരിച്ചതാണ്; വളർന്നു വലുതാവുമ്പോള്‍ കൈ നിറയെ പൈസ കാണും. ആ പൈസയും കൊണ്ട് നെയ്യാറ് കാണാന്‍ പോകും. അവിടെ കണ്ട വിശേഷങ്ങൾ എല്ലാവരോടും പറയും വെളളച്ചാട്ടത്തിൽ കുളിക്കും...’

ഓർമയാണ് എല്ലാവർക്കും നെയ്യാർ. പളളിക്കൂടകാലത്ത് നെയ്യാർ കണ്ടവർക്ക് നയാഗ്ര വെളളച്ചാട്ടം കണ്ട സന്തോഷമാണ്. കാണാത്തവർക്ക് കണ്ണീർനനവുളള ഓർമകളും. രണ്ടായാലും നെയ്യാര്‍ മനസ്സും ശരീരവും തുറന്നിട്ട് എന്നും കാത്തിരുന്നു; തന്നിലേക്ക് വരുന്നവരെ സ്വീകരിക്കാൻ.

Visit Neyyar

സിംഹം, ആന, കടുവ, പുലി, കരടി, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങൾ പലയിനം, പക്ഷികൾ, വ‍ൃക്ഷങ്ങൾ, പൂക്കൾ നെയ്യാർ ഒരു മോഹമായി ഒഴുകുന്നു.... പ്ലാച്ചുവളളികൾ പിണഞ്ഞുകിടക്കുന്ന ഒറ്റയടിപ്പാതകൾ, ആറ്റിറമ്പുകൾ, കോടമഞ്ഞ്, അത്യപൂർവമായ ഓർക്കിഡുകൾ, അപൂർവയിനം പക്ഷികൾ, നെയ്യാറ് കാണാൻ ഇനിയും കാരണങ്ങളുണ്ട്.

അഗസ്ത്യനില്‍ ‌തുടങ്ങുന്നു നെയ്യാർ

സഹ്യപർവതനിരകളിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണെങ്കിലും നിത്യഹരിതപ്രദേശമായി കാണുന്നത് അഗസ്ത്യകൂടമാണ്. മാത്രമല്ല, ചെങ്കുത്തായ മലനിരകളാണ് അ‌ഗസ്ത്യകൂടത്തിന്റെ പ്രത്യേകത. നടന്നു മാത്രമേ അഗസ്ത്യ കൂടത്തിൽ എത്താനും സാധിക്കൂ. അഗസ്ത്യകൂടം കഴിഞ്ഞാൽ പിന്നെ മലയിറക്കമാണ്. ഇത്രയും ഉയരത്തിലുളള അഗസ്ത്യ കൂടത്തിൽ എവിടെയൊക്കെയോ ചെറിയ ചെറിയ അരുവിക ളായി നെയ്യാർ പിറക്കുന്നു അവിടെ നിന്ന് കൊമ്പൈ സെറ്റിൽ മെന്റ് കോളനിയിലെത്തുമ്പോഴും നെയ്യാറിന് ചെറിയൊരു തോടിന്റെ രൂപം കൈവരും. പിന്നീട് അനേകം ചെറു അരുവിക ളുമായി കൂടിച്ചേര്‍ന്ന് താഴേക്ക് ഒഴുകുന്നു.

അഗസ്ത്യകൂടത്തിൽ നിന്നും ഉത്ഭവിക്കുന്ന നെയ്യാറിനെ രണ്ട് ഐതീഹ്യങ്ങൾ സമ്പന്നമാക്കുന്നു. രണ്ടും അഗസ്ത്യമുനിയു മായി ബന്ധപ്പെട്ടത്. അഗസ്ത്യമുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങള്‍ക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. പൂജ കഴിഞ്ഞ് ബാക്കി വരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുളള ചാലിലൂടെ താഴേക്ക് ഒഴുകിയിരുന്നു. അങ്ങനെ നെയ്യ് താഴേക്ക് ഒഴുകിയിരുന്നതു കാരണം ജനങ്ങൾക്കു വെളളത്തിന് ബുദ്ധിമുട്ടായി. ജനങ്ങളുടെ ദുരിതം അറിഞ്ഞ അഗസ്ത്യമുനി നെയ്യ് വെളളമാക്കി മാറ്റി. അങ്ങനെ നെയ്യ് ഒഴുകിക്കൊണ്ടിരുന്നു ആറാണ് നെയ്യാറായത്.

അഗസ്ത്യാശ്രമത്തിൽ നിന്ന് ഒഴുകിയിരുന്ന നെയ്യ് ജനങ്ങൾ അവരവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ അന്നന്നത്തെ ആവശ്യത്തിനു മാത്രമേ നെയ്യ് ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. ഈ കൽപ്പന സ്ഥലത്തെ ഒരു മാടമ്പി ചോദ്യം ചെയ്യുകയും അയാൾ ഒരാഴ്ചയിലേക്കു വേണ്ട നെയ്യ് കരുതി വയ്ക്കുകയും ചെയ്തു. മാടമ്പിയുടെ ഈ പ്രവ‍ൃത്തി അഗസ്ത്യമുനിയെ കോപാകുല നാക്കി. നെയ്യ് ഒഴുകിയിരുന്ന സ്ഥാനത്ത് അത് വെളളമായി മാറുകയും ചെയ്തു . അങ്ങനെ നെയ്യ് ഒഴുകിയിരുന്ന ആറാണ് പിന്നീട് നെയ്യാർ എന്ന് അറിയപ്പെട്ടതെന്ന് മറ്റൊരു ഐതിഹ്യം.

ഒഴുകിയിരുന്നത് നെയ്യായാലും വെളളമായാലും അഗസ്ത്യാശ്രമ പരിസരങ്ങളിൽ എവിടെയോ ആണ് നെയ്യാർ തുടങ്ങുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. ‘വെളളത്തിനു പകരം നെയ്യ് ഒഴുകിയിരുന്ന ഒരു നദി നെയ്യാറല്ലാതെ ലോകചരിത്രത്തിൽ മറ്റെങ്ങുമില്ല. പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യാവതാരം നെയ്യാറിലായിരുന്നു എന്നു വിശ്വസിക്കണം.’ നെയ്യാറ്റിൻകരയുടെ സാംസ്കാരിക ചരിത്രം എന്ന പുസ്തകമെഴുതിയ അധ്യാപകൻ സി.വി. സുരേഷ് പറയുന്നു.

അകലെ നീലശൈലങ്ങള്‍

Neyyar Dam

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുളള നദിയാണു നെയ്യാർ. അഗസ്ത്യകൂടത്തിൽ നിന്നും ഉത്ഭവിച്ച് പൂവാറില്‍ കടലിനോടു ലയിക്കുന്നു നെയ്യാർ. ഇതിനിടയിൽ അരുവിയായി പിറവിയെടു ത്ത് വൻനദിയായി ഒഴുകി അണകൾ കടന്ന് മരങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും നനച്ച് നെയ്യാർ ഒരു ജന്മം ‌‌പൂർത്തിയാക്കുന്നു.

നെയ്യാറിന്റെ ഓളപ്പരപ്പിലൂടെ തെന്നി നീങ്ങുമ്പോൾ ദൂരെ മഞ്ഞുപുതച്ച കൊടുമുടികൾ കാണാം. കാളിമലയും കാളിപ്പാ റയും ക്ലാമലയും കൊണ്ടകെട്ടിമലയുമൊക്കെയാണ് ആ കാണു ന്നത്. ഓരോ മലയ്ക്കും പറയാനുണ്ടാവും ഓരോരോ കഥകൾ. കാളിമലയ്ക്കു മുകളിൽ ക്ഷേത്രമുണ്ട്. കാളിമല ക്ഷേത്രം എന്നു തന്നെയാണ് അത് അറിയപ്പെടുന്നതും. കാളിപ്പാറയിലുമുണ്ട് ഒരു ലോകാംബിക ക്ഷേത്രം. ദേവീക്ഷേത്രങ്ങളാണെങ്കിലും ശിവരാ ത്രിക്കാണ് പ്രധാന പൂജയും വഴിപാടുമൊക്കെ നടക്കുന്നത്. അന്ന് ആ നാടു മുഴുവന്‍ കാടുകയറും. പുലർച്ചെ വരെ നീണ്ടു നിൽക്കും ശിവരാത്രിയുടെ ആഘോഷങ്ങൾ. കാണി സമുദായ ക്കാരാണ് പ്രധാനമായും പൂജയ്ക്കെത്തുന്നത്.

കാളിമലയും ലോകാംബികക്ഷേത്രവും ഭക്തര്‍ക്ക് അദ്ഭുതമാകു ന്നത് അവിടുത്തെ തീർഥക്കുളങ്ങള്‍ കൊണ്ടാണ്. എത്ര കഠിന മായ വേനലിലും വറ്റാത്തതാണ് പാറയ്ക്കുളളിലെ തീര്‍ഥക്കു ളങ്ങൾ. കണ്ണുനീരു പോലെ തെളിഞ്ഞ വെളളം ഏതു വേനൽ ക്കാലത്തും ഇവിടെ സുലഭമാണ്. ക്ഷേത്രങ്ങൾ മാത്രമല്ല മലമുക ളിൽ ഉളളത്. പ്രശസ്തമായ തെക്കൻ കുരിശുമല തീർഥാടന കേന്ദ്രവും ഈ പര്‍വത നിരകളിൽ ഒന്നിലാണ്. ത്യാഗസ്മരണക ളുണര്‍ത്തി എല്ലാ വർഷവും ഭക്തര്‍ ഈ മലനിരകൾ കീഴടക്കു ന്നു. കുരിശിന്റെ വഴിയിലൂടെ യാത്ര ചെയ്യുന്നു.

നാട്ടിൽ മുക്കിന് മുക്കിന് സ്ഥലപ്പേരുകൾ ഉളളതു പോലെ കാട്ടിലുമുണ്ട് സ്ഥലപ്പേരുകൾ. കൊമ്പൻപാറയും മുക്കൂറ്റിത്ത റയും ആനവാരിയും മുതൽ എത്രയോ പേരുകൾ. വല്ലപ്പോഴും കാട്ടിലെത്തുന്ന മനുഷ്യർ അടയാളപ്പെടുത്തുന്നതാവും ഇത്തരം പേരുകൾ. തലമുറകള്‍ കൈമാറി ആ പേരുകള്‍ പലപ്പോഴും കാടിറങ്ങുന്നു.

കാഴ്ചയുടെ ഉത്സവങ്ങള്‍

കേരളത്തിലെ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന് നെയ്യാർ ഡാമിലാണ്. അപൂർവയിനം ഓർക്കിഡുകള്‍ ഉൾപ്പെടെ വർണങ്ങളുടെ വസന്തം തീർക്കുന്നുണ്ട് ഈ പൂന്തോട്ടം. ഉളളിൽ കുളിരുകോരിയിടുന്ന കൃത്രിമ വെളളച്ചാട്ടങ്ങൾ, വർണ മത്സ്യങ്ങളുടെ വലിയ ശേഖരമുളള അക്വേറിയം, വനംവകുപ്പ് ഒരുക്കുന്ന ബോട്ട ്യാത്ര, പാർക്കുകൾ, കാഴ്ചയുടെ ഇരുകരകൾ ക്കുമിടയിൽ ഒരു അദ്ഭുതം പോലെ നിൽക്കുകയാണു നെയ്യാർ.

lion

നെയ്യാർ റിസർവോയറിനുളളിലെ ഒരു ഉപദ്വീപിലാണ് ലയണ്‍ സഫാരി പാർക്ക്. ചുറ്റും കമ്പിവേലികൊണ്ട് സംരക്ഷിക്കപ്പെട്ടിരി ക്കുന്നു ഈ പ്രദേശം. സിംഹങ്ങള്‍ തുറന്ന പ്രദേശത്താണ്. സുരക്ഷിതമായി അടച്ച വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടുപോകുന്നത്. കരമാർഗവും ജലമാർഗവും ലയൺ സഫാരി പാർക്കിലെത്താം. വാഹനത്തിലിരുന്ന് തൊട്ടടുത്തു തന്നെ സിംഹത്തെ കാണാം. ചിലപ്പോൾ റോഡിൽ തന്നെ കാണും. അല്ലെങ്കിൽ വഴിയരികിൽ. സിംഹത്തെ കാടിനുളളിൽ അതിന്റെ സ്വാഭാവികതയോടെ കാണാന്‍ നെയ്യാറിലേക്കു വരണം.

‘ലോകത്തെ ഏതു ലയൺ സഫാരി പാർക്കിനേക്കാളും മനോഹരമാണ് ‌ഇവിടം. പക്ഷേ, നമ്മൾ മലയാളികൾക്കു പോലും അറിയില്ല ഈ സ്ഥലത്തെക്കുറിച്ച്.’ കോഴിക്കോട്ടു നിന്നു വന്ന സക്കീർ പറയുന്നു. ബിസിനസ് സംബന്ധമായി ലോകം മുഴുവൻ യാത്ര ചെയ്യുന്ന ആളാണ് സക്കീർ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ല.

ലയൺ സഫാരി പാർക്കുപോലെ തന്നെ ആകർഷകമാണ് മറ്റൊരു ഉപദ്വീപാണ് ഇവയുടെ ആവാസകേന്ദ്രം. വേലിക്കരികിൽ മേയാനെത്തുന്ന മാനുകൾ കൗതുകത്തിന്റെ പുളളികളുമായി നമുക്കടുത്തു വരും. അതൊരു അപൂർവ കാഴ്ചയാണ്. ‘നെയ്യാർ ഡാം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം ദിവസേന കൂടിക്കൊ ണ്ടിരിക്കുന്നു. മലയാളികളേക്കാൾ ഉത്തരേന്ത്യക്കാരാണ് കൂടുത ലും വരുന്നത്.’’ ഫോറസ്റ്റ് റേയ്ഞ്ചർ ബൈജു ക‌ൃഷ്ണ പറയുന്നു.

നെയ്യാറിലെ ചീങ്കണ്ണികൾ

Steve Irwin
സ്റ്റീവ് ഇര്‍വിൻ മുതലസങ്കേതം

നെയ്യാറിൽ കുളിക്കാനും തുണി അലക്കാനും വരുന്നവരെ പതിയിരുന്ന് ആക്രമിക്കുന്ന ചീങ്കണ്ണികൾ! ഒരു കാലത്ത് പത്ര മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായിരുന്നു അത്. ചീങ്കണ്ണി യുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും അംഗഭംഗം സംഭവിച്ചവരും ധാരാളമുണ്ട്. അവരിൽ പലരും ഇന്നും ജീവിച്ചിരി ക്കുന്നു; പേടിപ്പെടുത്തിയ ഓർമകളുമായി. ചീങ്കണ്ണികൾക്ക് മനുഷ്യനോട് എന്തുകൊണ്ടാണ് ഇത്രയും പക? തികച്ചും അജ്ഞാതമാണ് ഇന്നും അതിന്റെ കാരണങ്ങൾ. ചീങ്കണ്ണിക്കു ഞ്ഞുങ്ങളെ വേട്ടയാടുന്നതുകൊണ്ടാണെന്ന് അന്നൊരു പറച്ചിലുണ്ടായിരുന്നു. അതിനു പക്ഷേ തെളിവുകൾ ഉണ്ടായി രുന്നില്ല. ചീങ്കണ്ണിയുടെ ശല്യം കഠിനമായപ്പോഴാണ് അവയെ പുനരധിവസിപ്പിക്കാനുളള ശ്രമങ്ങൾ ഉണ്ടായത്. അതെന്താ യാലും നെയ്യാറിൽ ചീങ്കണ്ണി പാര്‍ക്കിന് തുടക്കമിട്ടു. ഈ പാർക്കി ന്റെ തുടർച്ചയായിരുന്നു പിന്നീടു വന്ന സ്റ്റീവ് ഇര്‍വിൻ ക്രൊക്ക ഡൈൽ റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ലോകപ്രശസ്തനായ മുതല വേട്ടക്കാരൻ സ്റ്റീവ് ഇർവിന് ഇന്ത്യൻ ജനത നൽകിയ സ്മാരകമാണ് ഈ മുതല സങ്കേതം.

നീലജലാശയത്തിൽ

Visit Neyyar

പരസ്യത്തിൽ പറയും പോലെ ഉയരം കൂടുന്തോറും സ്വാദു കൂടുമോ എന്നറിഞ്ഞുകൂടാ. പക്ഷേ, സൗന്ദര്യം കൂടുമെന്ന് നെയ്യാർ പറയുന്നു. നെയ്യാറിൽ രണ്ടു വാച്ച് ടവറുകൾ ഉണ്ട്. രണ്ടു ടവറുകൾക്കു മുകളിൽ നിന്നാലും കാണുന്നത് നെയ്യാ റിന്റെ വേറിട്ട കാഴ്ചകൾ. കിലോമീറ്ററുകളോളം പരന്നു കിട ക്കുന്നു നെയ്യാറിന്റെ നീലജലാശയം.

അഗസ്ത്യമലയുടെ അടിവാരത്തിനുളള പ്രകൃതിഭംഗി ലോകത്ത് മറ്റൊരു ജലാശയത്തിനും ഉണ്ടാവാൻ ഇടയില്ല. അപൂർവയിനം മരുന്നു ചെടികളെ തഴുകി വരുന്ന ശുദ്ധ‍ജലം. സവാരിക്കായി ബോട്ടുകളും വളളങ്ങളും. സാഹസികരെ കാത്തിരിക്കുന്ന ട്രക്കിങ് രണ്ടു ദിവസം നീണ്ടു നിൽക്കും.. ഒരു ദിവസത്തേക്കുളള പാക്കേജുകളുമുണ്ട്. . രണ്ടു ദിവസത്തെ ട്രക്കിങ്ങിൽ കോമ്പൈ സെറ്റിൽമെന്റ് കോളനിയില്‍ ആദ്യ ദിവസം താമസിച്ചതിനുശേഷ മാണ് രണ്ടാം ദിവസം മീൻമുട്ടിയിലേക്കു യാത്ര തിരിക്കുന്നത്. കോമ്പൈ കോളനിയിൽ നെയ്യാർ ഓമനത്തമുളള ഒരു കുഞ്ഞി നെപ്പോലെയാണ് ഒഴുകുന്നത്.

കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ വിളവന്‍ കോട് താലൂക്കിലെയും നെയ്യാറ്റിൻകര താലൂക്കിലെയും കൃഷി ക്ക് വെളളമെത്തി‌ക്കാനായിരുന്നു നെയ്യാറിനു കുറുകെ അണ കെട്ടിയത്. അഗസ്ത്യാർ കൂടത്തിൽ നിന്നു വരുന്ന നെയ്യാർ പിന്നീട് പോഷക നദികളായ കല്ലാർ, വളളിയാർ, മുല്ലയാർ എന്നിവയുമായി ചേരുകയും വൻ നദിയായി രൂപാന്തരപ്പെടു കയും ചെയ്യുന്നു. നെയ്യാറിൽ നിന്നു വെളളം കൊണ്ടു പോകുന്ന ത് രണ്ടു കനാലിലൂടെയായിരുന്നു. ഇതില്‍ ഇടതു കനാൽ കന്യാകുമാരി ജില്ലയിലേക്കും വലതു കനാൽ നെയ്യാറ്റിൻകര താലൂക്കിലേക്കും . തമിഴ്നാട്ടിലേക്കുളള കനാൽ ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. അന്‍പത്തിയഞ്ചു വർഷത്തെ പഴക്കമേയുളളൂ നെയ്യാര്‍ അണക്കെട്ടിന്. 1951-ൽ അണക്കെട്ടിന്റെ പണി തുടങ്ങി.1959 ൽ അണക്കെട്ട് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നാലുകോടി രൂപയായിരുന്നു ആകെ ചെലവ്. രൂപ യുടെ മൂല്യത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്ന് ഒരു പാലം പണി യാനുളള പണമേ ചെലവായിട്ടുളളൂ.

കാപ്പുകാട് ജയശ്രീ

സെക്കൻഡ് എസി കോച്ചിലെ ബർത്ത് പോലെ വിശാലമാണ് ജയശ്രീയുടെ മുതുക്. വലിയൊരു മെത്ത വിരിച്ച് വിശാലമായി കിടക്കാം. അങ്ങനെ കിടന്നു‌കൊണ്ടു വേണമെങ്കിലും കാടു കാണാം. പറഞ്ഞുവരുന്നത് ജയശ്രീ എന്ന ആനയെക്കുറിച്ചാണ്. നെയ്യാര്‍ ഡാമിൽ നിന്ന് അകലെയാണ് കാപ്പുകാട് ആന സങ്കേ തം. അവിടെ സഫാരിക്കിറങ്ങുന്ന ആനകളിൽ പ്രശസ്തയാണ് ജയശ്രീ. തന്റെ മുതുകേറുന്ന സഞ്ചാരികളെ ജയശ്രീ തികഞ്ഞ അച്ചടക്കത്തോടെ കാടു കാണിക്കുന്നു. സുരക്ഷിതരായി തിരിച്ചെ ത്തിക്കുന്നു.

കാട്ടാനകൾക്കു വേണ്ടിയുളള ഒരു ആതുരാലയം എന്ന നിലയി ല‌ാണ് കോട്ടൂർ പഞ്ചായത്തിലെ കാപ്പു കാട് ആനസങ്കേതം പ്രവർത്തിക്കുന്നത്. കാടിനുളളിൽ പരിക്കേറ്റ നിലയിൽ കാണുന്ന ആനകളെ കൊണ്ടുവന്ന് ചികിത്സിക്കുകയാണ് ഈ സങ്കേത ത്തിന്റെ പ്രധാന ദൗത്യം. ഇത്തരത്തിൽ ഇണക്കിയെടുത്ത പത്തോളം ആനകൾ ഇവിടെയുണ്ട്.

Aruvikkara Dam
കോട്ടൂരിനടുത്തുള്ള അരുവിക്കര ‍ഡാം

ആന സഫാരി മാത്രമല്ല ആനക്കുളിയും ആനയൂട്ടും ഉള്‍പ്പെടെ ആനകളുമായി ബന്ധപ്പെട്ട കാഴ്ചകൾ കാപ്പുകാട്ടെ പ്രത്യേക തകളാണ്. മാത്രമല്ല പ്രകൃതിയുമായി ലയിച്ചു കഴിയാൻ വേണ്ടി തയാറാക്കിയ കോട്ടേജുകളുമുണ്ട്. നെയ്യാറിൽ നിന്ന് കരമാർഗ വും ബോട്ട്മാർഗവും കാപ്പുകാടെത്താം. മാത്രമല്ല പുഴ കടക്കാൻ പഴയ രീതിയിൽ ചങ്ങാടവുമുണ്ട്. വിദേശികളും ഉത്തരേന്ത്യ ക്കാരും ഇവിടെ ധാരാളമായി വരുന്നു. ആനപ്പുറത്തിരുന്നു കാടു കാണുമ്പോൾ പിന്നെ ആരെയും പേടിക്കേണ്ടതില്ലല്ലോ?

അഗസ്ത്യായനം ‍ അഗസ്ത്യകൂടത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ തന്നെയാണ് ഇപ്പോഴും അഗസ്ത്യ പ്രതിഷ്ഠയുളളത്. ഉയരം കുറഞ്ഞ മരങ്ങളും കുറ്റിച്ചെടികളുമാണ് ഇവിടെയുളളത്. അഗസ്ത്യമുനിയും ഉയരം കുറഞ്ഞ ആളായിരുന്നു എന്നാണു സങ്കൽപ്പം.

‘നെയ്യാർ ഒരു നദി മാത്രമല്ല അതൊരു സംസ്കാരമാണ്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ജീവ‍ജലം മുതൽ മരുന്നും മന്ത്രവാദവും അധ്വാനവും സംസ്കാരവും എല്ലാം. അതു ദ്രാവിഡമാണ്. എന്നെ പ്പോലെയുളള എഴുത്തുകാർക്ക് വളവും വെളളവും നെയ്യാറാണ് . .....’ പ്രശ‌സ്ത കഥാക‍ൃത്ത് പ്രൊഫ. എസ്.വി. വേണുഗോപൻ നായർ നെയ്യാറിനെക്കുറിച്ചു വാചാലനായി. നെയ്യാറിന്റെ പരിസ രങ്ങളിൽ നിന്ന് ധാരാളം കഥാപാത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം.

തിരുവിതാംകൂറിന്റെ സാംസ്കാരിക ജീവനാഡിയിലൂടെ ഒഴുകി യിട്ടും എന്തുകൊണ്ട് നെയ്യാര്‍ ഒരു ഭാരതപ്പുഴയായില്ല? കവികൾ പാടിപ്പുകഴ്ത്തിയില്ല. കഥാകാരന്മാർ തീരങ്ങളെക്കുറിച്ചു വാചാല രായില്ല. സിനിമാക്കാര്‍ ക്യാമറ ചലിപ്പിച്ചില്ല? നെയ്യൊഴുകിയ നദിയെ വെളളമാക്കി മാറ്റിയെടുത്ത അഗസ്ത്യമുനിയുടെ ശാപം കൊണ്ടാണോ? അതോ ഒരായിരം ദുരൂഹതകള്‍ ഒളിപ്പിച്ച് കാടിന്റെ വന്യതയിലൂടെ മാത്രം ഒഴുകുന്നതുകൊണ്ടാണോ? ആ രഹസ്യങ്ങൾ അറി‌യാവുന്ന ഒരാളേയുളളൂ; അത് നെയ്യാറു തന്നെയാണ്. പിന്നെ അഗസ്ത്യ കൂടത്തിന്റെ ഗിരിശൃംഗങ്ങളിൽ എവിടെയോ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നു വിശ്വസിക്കപ്പ ടുന്ന അഗസ്ത്യമുനിയും...

ഓരോ പുഴയും ഓരോ കഥയാണ്. അരുവിയായി പിറക്കുന്ന ‌ബാല്യം മുതല്‍ കൗമാരവും യൗവനവും പിന്നെ വാർധക്യവും കടന്ന് കടലിന്റെ അനന്തതയിലേക്കു വിലയം പ്രാപിക്കുന്ന വാനപ്രസ്ഥം വരെ;

നെയ്യാറും അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു

നെയ്യാർ ഒഴുകുന്നു ; ഞങ്ങളുടെ സിരകളിൽ

നെയ്യാർ ഞങ്ങൾക്ക് അമ്മയാണ്. സഹോദരിയാണ്. ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്ന നദിയാണത്.

കുട്ടിക്കാലത്ത് ഞങ്ങള്‍ കേട്ടുവളര്‍ന്നതു നെയ്യാറിന്റെ കഥകളാ യിരുന്നു. കൊടുമുടിക്കു മുകളിൽ തപസ്സു ചെയ്ത അദ്ഭുതസി ദ്ധൻ; അഗസ്ത്യ മുനി. മരുന്നും മന്ത്രങ്ങളും മണക്കുന്ന മലനിര കൾ. ദൂരെ ദൂരെയുളള ആ കാഴ്ചകൾ ഞങ്ങൾക്ക് അദ്ഭുതം തന്നെയായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് അന്നം തന്നിരുന്നതും നെയ്യാറായിരുന്നു. നാടിനെ നട്ടു നനയ്ക്കാൻ നെയ്യാറിൽ അണ കെട്ടി. കുറേ വെളളം കൃഷിയിടങ്ങളിലേക്ക് ഒഴുക്കി. ഇന്നും നെയ്യാർ ഞങ്ങളെ നട്ടു നനച്ചുകൊണ്ടിരിക്കുന്നു. നദികൾ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു പണ്ടേ. നെയ്യാ റും അങ്ങനെ തന്നയാണ്. അതുകൊണ്ട് ഞങ്ങൾ കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും നെയ്യാറിന്റേതാണ്.

മാത്രമല്ല ഞങ്ങൾ അക്ഷര പിച്ച നടന്നതും നെയ്യാറിനെ നോക്കി യായിരുന്നു. ഞങ്ങളുടെ വരികളിൽ അഗസ്ത്യനും ആ മല നിരകളും പിന്നെ നെയ്യാറുമാണ്. കരകൾ ഇടിഞ്ഞും മണലൂറ്റി യും നെയ്യാർ മരിക്കാതിരിക്കട്ടെയെന്നാണ് ഞങ്ങളുടെ ഇപ്പോഴ ത്തെ പ്രാർത്ഥന.

‘പടവിലൊറ്റയ്ക്കു ഞാൻ എന്റെ കൂട്ടിനായ് പുഴയിവൾ, എന്നുമെന്റെയാണിപ്പുഴ അകലെയോര്‍മതൻ നീലശൈലത്തിനും പിറകിൽ നിന്നാദ്യമൂറുന്നതീ നദി

‘നിമിഷനേരത്തെ നീർപ്പോളയാമെനി ക്കമ‌ൃതകാല പ്രവാഹമാകുന്നവൾ...’

എന്ന് എഴുതിയപ്പോൾ നെയ്യാര്‍ എനിക്ക് ആരാണെന്നു വ്യക്തമല്ലേ?

വി.മധുസൂദനൻ നായര്‍

How to Reach

തിരുവനന്തപുരം നഗരത്തിൽ നിന്ന് നെയ്യാർ ഡാമിലേക്ക് 30 കിലോമീറ്റർ ദൂരം. അടുത്തുളള അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയും തിരുവനന്തപുരം തന്നെ. കാട്ടാക്കടയാണ് ഡാം സ്ഥിതി ചെയ്യുന്ന പ്രധാന ഉപനഗരം. കളളിക്കാട് പഞ്ചാടത്തിലാണിത്. വനം, ഇറിഗേഷൻ, ഫിഷറീസ് , ‌‍ടൂറിസം എന്നീ വകുപ്പുകൾ നെയ്യാറിൽ വിവിധ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സന്ദർശകർക്ക് വിവിധ വകുപ്പുകൾ താമസസൗകര്യംവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഫാരി പാർക്കുകൾ, ബോട്ടിങ്, ട്രക്കിങ് തുടങ്ങി കുടുംബ ങ്ങളെയും സാഹസികരെയും ഒരുപോലെ ആകർഷിക്കുന്ന വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്.

കൂടുതൽ വിവരങ്ങൾക്ക് നെയ്യാർ ഫോറസ്റ്റ് ഇൻഫോർമേഷൻ സെന്ററിന്റെ 8547602955 എന്ന നമ്പറിൽ ബന്ധപ്പെടാം. താമസ സൗകര്യം ആവശ്യമുളളവര്‍ തിരുവനന്തപുരത്തുളള വൈൽഡ് ലൈഫ് വാർഡൻ (ഫോണ്‍-04712 360762) അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ (ഫോൺ- 0741 2272182) അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ച് കോട്ടൂർ (ഫോൺ-0472- 2850827)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ക്യാംപുക‌ള്‍, ശിൽപ്പശാലകള്‍ തുടങ്ങിയവയ്ക്കുളള സൗകര്യവും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA