മഞ്ഞുമൂടിയ കാനനഭംഗി നേരിൽ കാണാനായി ഗവിയിൽ ഒന്നെത്താൻ കൊതിക്കാത്തവരുണ്ടോ? പത്തനംതിട്ട – ആങ്ങമൂഴി വഴിയാണു വരുന്നതെങ്കിൽ കാടിനു മധ്യത്തിലൂടെയുള്ള യാത്ര തന്നെ ഹരമാണ്. പച്ചവിരിച്ച കാടും മേടും ഈ യാത്രയുടെ നയനമനോഹരമായ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു. കിളിയെറിഞ്ഞാൻകല്ല് ചെക്ക്പോസ്റ്റ് കടക്കുന്നതോടെ കാലാവസ്ഥയും മാറും. ഭാഗ്യം ഉണ്ടെങ്കിൽ യാത്രയിൽ കാട്ടാന, മ്ലാവ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാം.
ഗവിയിൽ മിക്കപ്പോഴും കോടമഞ്ഞാണ്. കെഎഫ്ഡിസി നടത്തുന്ന ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ഗവി ഗ്രീൻമാൻഷനിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ട്. ബോട്ട് യാത്ര ബുക്കിങ്ങിന് 04869253270, 8289821300.
ഗവിയുടെ ഇരുവശവും കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഏലം പ്ലാന്റേഷനാണ്. ശ്രീലങ്കയിൽ നിന്ന് എത്തിയ തമിഴ് വംശജരുടെ പിൻതുടർച്ചക്കാരാണു ഗവി നിവാസികൾ. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ഗോഫർ വൃക്ഷമാണ് (നിറംപല്ലി) മറ്റൊരു ആകർഷണം. ഗോഫർ മരം തിരിച്ചറിയാൻ സ്ഥലവാസികളുടെയോ വനംവകുപ്പിന്റെയോ സഹായം വേണം. നൂലുമഴയും ഗവിയുടെ മാത്രം പ്രത്യേകതയാണ്.
അടുത്തുള്ള ടൂറിസം കേന്ദ്രങ്ങൾ
ഗവിയിൽ നിന്നു പത്തനംതിട്ട റൂട്ടിൽ 15– 20 കിലോമീറ്റർ മാറി കൊച്ചുപമ്പ ഇക്കോ ടൂറിസം പ്രവർത്തിക്കുന്നു. അരമണിക്കൂർ നീളുന്ന ബോട്ട് യാത്രയ്ക്ക് 75 രൂപയാണു ടിക്കറ്റ് നിരക്ക്. ട്രക്കിങ് ഏതാനും മാസമായി നിർത്തിവച്ചിരിക്കുകയാണ്. മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഉണ്ട്. (ഫോൺ റേഞ്ച് കുറവായതിനാൽ വിളിക്കേണ്ട സമയം, വൈകിട്ട് അഞ്ചു മുതൽ ആറു വരെ. ഫോൺ. 9495284900)
വനവിഭവങ്ങൾ ലഭിക്കുന്ന പ്രത്യേക സ്റ്റാളുണ്ട്. ഏലയ്ക്ക, കുന്തിരിക്കം, കുരുമുളക്, തേൻ, രക്തചന്ദനം, യൂക്കാലി തൈലം, പുൽതൈലം എന്നിവ ലഭിക്കും. ഗവി പത്തനംതിട്ട ജില്ലയിലാണെങ്കിലും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇടുക്കി ജില്ലയിലാണ്. തേക്കടിയാണു പ്രധാനം. വാഗമണും പരുന്തുംപാറയും ചെല്ലാർ കോവിലും ദൃശ്യവിരുന്നാണ്.
സർക്കാർ ചെയ്യേണ്ടത്
പ്രാഥമിക സൗകര്യങ്ങൾക്കുള്ള ശുചിമുറികൾ നിർമിക്കേണ്ടതുണ്ട്. ഭക്ഷണശാലകൾ അനുവദിക്കണം. അതോടനുബന്ധിച്ചു വിശ്രമസൗകര്യവും വേണം. എന്നാൽ ഇത്തരം ഇടങ്ങൾ പരിസ്ഥിതി സൗഹൃദമായി വേണം നിർമിക്കാൻ. നല്ല കാഴ്ചകൾ കാണാൻ കഴിയുന്നിടങ്ങളിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കണം. ബോർഡുകളും വേണം.
എങ്ങനെ എത്താം?
ചെങ്ങന്നൂർ അടുത്ത റെയിൽവേ സ്റ്റഷൻ. അവിടെ നിന്നു 125 കിലോമീറ്റർ. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്നു ലഭിക്കുന്ന പാസ് മുഖേന കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്ന് വിനോദസഞ്ചാരികൾക്കു കാടിനുള്ളിലേക്കു പ്രവേശിക്കാം.
രാവിലെ 8.30 മുതൽക്കാണു പ്രവേശന പാസ് വിതരണം ചെയ്യുന്നത്. തിരക്കു മുൻകൂട്ടി അറിയാൻ മാർഗം ഇല്ലാത്തതിനാൽ ഗവി കാണാൻ എത്തുന്നവർ വെളുപ്പിനേ എത്തുന്നതാവും പാസ് ഉറപ്പിക്കാനുള്ള ഏക ആശ്രയം. യാത്രയ്ക്കിടെ ശബരിഗിരി, കക്കാട് പദ്ധതികളുടെ കക്കി, ആനത്തോട്, കൊച്ചുപമ്പ, മൂഴിയാർ അണക്കെട്ടുകളും കാണാം.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ – വള്ളക്കടവ് വഴി ഗവിയിൽ എത്താൻ സൗകര്യമുണ്ട്. ഇതുവഴി പക്ഷേ, കെഎഫ്ഡിസിയുടെ ടൂർ പാക്കേജിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. സ്വകാര്യവാഹനങ്ങൾ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി കടത്തിവിടാറില്ല. ഈ വഴി വരാൻ ഉദ്ദേശിക്കുന്നവർക്ക് അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയമാണ്. അവിടെ നിന്ന് 121 കിലോമീറ്റർ.