മലപ്പുറത്തിന് അലങ്കാരമേകും ഉദ്യാനക്കാഴ്ചകളും നീരൊഴുക്കും.. മലപ്പുറം പട്ടണത്തെ ഉയർത്തി നിർത്തിയ കുന്നിനെ അലങ്കരിച്ചു കോട്ടക്കുന്ന് ഉദ്യാനമാക്കിയത് വിനോദ സഞ്ചാര വകുപ്പാണ്. മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ നിന്നു കിഴ ക്കോട്ടു നോക്കിയാൽ കോട്ടക്കുന്ന് കാണാം. യന്ത്ര ഊഞ്ഞാലും കുട്ടികളുടെ പാർക്കും കളിസ്ഥലവും ഉദ്യാനവുമായി ഒരു സായാഹ്നം രസകരമാക്കാൻ വേണ്ടതെല്ലാം കോട്ടക്കുന്നിലുണ്ട്.
കുന്നുമ്മൽ നിന്ന് ഇടത്തേക്കുളള വഴിയിലൂടെ മുകളിലേക്കു കയറിയാൽ കോട്ടക്കുന്നിലെത്താം. കവാടത്തിനരികെ വാഹനം പാര്‍ക്ക് ചെയ്ത് ടിക്കറ്റെടുത്ത് ഉദ്യാനത്തിലേക്കു പ്രവേശിക്കാം.
പടിക്കെട്ടുകളുടെ ഇരുവശത്തും പൂന്തോട്ടമാണ്. ഭംഗിയുളള പൂക്കൾ വിടർന്നു നിൽക്കുന്ന പ്രദേശത്തു നിന്ന് വലത്തോട്ടു തിരിഞ്ഞാൽ ലൈബ്രറി. കുന്നിന്റെ നെറുകയിലാണ് കുട്ടികളുടെ പാർക്കും കളിസ്ഥലവും റെസ്റ്റൊറന്റും.
കോട്ടക്കുന്ന് ഉദ്യാനം കുടുംബങ്ങൾക്കുളള പാർക്കാണ്. ടോയ് കാറുകളും ട്രെയിനുമാണ് ഒരു സെക്ഷൻ. ജലധാരായന്ത്രങ്ങളും ലേസർ ഷോയുമാണ് മറ്റൊരു കാഴ്ച. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണു പ്രവേശന സമയം. വേനൽക്കാലത്തും മഴക്കാലത്തും കോട്ടക്കുന്നിന്റെ കാഴ്ചകൾ മനോഹരം തന്നെ.
മിനി ഊട്ടി
ഈയടുത്തകാലത്താണ് മലപ്പുറം ജില്ലയിലെ ഊട്ടിയെക്കുറിച്ച് ആളുകൾ അറിഞ്ഞു തുടങ്ങിയത്. മഞ്ഞു പെയ്യുന്ന കൊടികു ത്തി മലയ്ക്ക് നാട്ടുകാർ ‘മിനി ഊട്ടി’യെന്നു പേരിടുകയായിരുന്നു. വെട്ടത്തൂർ, താഴേക്കാട് വില്ലേജിൽ ഉൾപ്പെട്ട കൊടികു ത്തി മല അങ്ങനെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറി.
അമ്മിണിക്കാട് ഉൾപ്പെടുന്ന കുന്നിൻ നിരകളാണ് മിനി ഊട്ടി, വാച്ച് ടവർ, ആത്മഹത്യാ മുനമ്പ്, അരുവി, വെളളച്ചാട്ടം തുടങ്ങിയ പ്രകൃതിദൃശ്യങ്ങളുടെ ചെറുരൂപമാണു കൊടികുത്തി മല.
ബ്രിട്ടീഷ് ഭരണകാലത്തെ തന്ത്രപ്രധാനമായ നിരീക്ഷണ കേന്ദ്രമായിരുന്നു കൊടികുത്തിമല. ബ്രിട്ടീഷ് പതാക കുത്തി നിർത്തി യപ്പോഴാണ് കൊടികുത്തി മലയായത്. വഴി ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യത്തിനുശേഷവും അധികമാരും കൊടി കുത്തിയിലേക്ക് എത്തി നോക്കിയില്ല. പെരിന്തൽ മണ്ണയിൽ നിന്നു മണ്ണാർക്കാട്ടേക്കു വഴി തേടിയ സാഹസിക സഞ്ചാരികൾ കൊടികുത്തിയെ കണ്ടെത്തി. വിനോദ സഞ്ചാര വകുപ്പ് ഈ പ്രദേശത്തു സർവേ നടത്തിയ ശേഷം 70 ഏക്കറോളം സ്ഥലം ടൂറിസത്തിനായി നീക്കി വച്ചു. മലയുടെ മുകളിൽ വിശ്രമിക്കാനുളള സ്ഥലവും വാച്ച് ടവറും ഉണ്ട്.
കൊടികുത്തിമലയെ കീഴടക്കൽ ഇപ്പോഴും സാഹസികരുടെ ഹരമാണ്. മഴക്കാലത്ത് കൊടികുത്തിയിലേക്കുളള യാത്ര എളുപ്പമല്ല. അട്ടയുടെ ശല്യമുണ്ടാകും. സെപ്റ്റംബർ മുതൽ മേയ് വരെയുളള മാസങ്ങളാണു കൊടികുത്തിമല സന്ദർശിക്കാൻ അനുയോജ്യമായ സമയം. മലപ്പുറം ടൗണിൽ നിന്ന് 82 കിലോമീറ്റർ അകലെയാണ് കൊടികുത്തിമല. മണ്ണാർക്കാട് പെരിന്തൽമണ്ണ റൂട്ടിൽ താഴേക്കാട് കഴിഞ്ഞ് ഇടതു വഴിയിലൂടെ പോയാൽ കൊടികുത്തി മലയിലേക്കു പ്രവേശിക്കാം.
കക്കാടം പൊയിൽ കാഴ്ചകൾ
നിലമ്പൂരിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് കക്കാടംപൊയിൽ വെളളച്ചാട്ടം. താഴെ നിന്നു പാറയുടെ മുകളിലേക്കു നടന്നു കയറാം. ഇനി നീന്താൻ തയാറായിക്കോളൂ, ഏറ്റവും ഉയരത്തിലെത്തിയാൽ പതുക്കെ അരുവിയിലേക്ക് ഊർന്നിറങ്ങാം. പായലിൽ തെന്നി വീഴാതെ നീരൊഴുക്കിലേക്ക് ഇരിക്കുക. ഒഴുക്കിനൊപ്പം നീങ്ങിത്തുടങ്ങാം. നീന്തൽ അറിയില്ലെങ്കിലും പേടിക്കാനില്ല. ഇവിടെ മുങ്ങിത്താഴാനുളളത്രയും ആഴമില്ല. എന്നാൽ, ഒഴുക്കിന്റെ ശക്തി സൂക്ഷിക്കണം, പാറക്കെട്ടിൽ അളളിപ്പിടിച്ചാൽപ്പോലും ചിലപ്പോൾ ഒഴുകി നീങ്ങാൻ സാധ്യതയുണ്ട്. തലയും കൈകളും പാറക്കെട്ടിൽ ഇടിച്ച‌് മുറിവുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുകളിൽ നിന്നുളള കുത്തൊഴുക്ക് അതിന്റെ പരമാവധി വേഗത്തിലാകുന്നിടത്താണു പ്രധാന വെളളച്ചാട്ടം. രണ്ടു മീറ്റർ താഴേക്കാണ് ഇവിടെ വെളളച്ചാട്ടം. അൽപ്പം കരുതലോടെയാണെങ്കിൽ മുകളിൽ നിന്നു വെളളത്തിനൊപ്പം പതിഞ്ഞു വീഴുന്നതു രസകരമായ അനുഭവമാണ്.