കുത്താമ്പുള്ളിയിലെ പുഴത്തീര ത്തിനു മേലേ പ്രഭാതത്തിന്റെ ആകാശം ധ്യാനിച്ചു കിടന്നു. മണൽതീരത്ത് കുട്ടികളുടെ കളിശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. ആളൊഴിഞ്ഞ കടവ്. കണ്ണീരു പോലെ മെലിഞ്ഞു നേർത്ത ഒഴുക്ക് ഏകാകിനിയായ പുഴ.
പുഴത്തീരത്തെ കൽപടവുകൾ കയറി വരുന്നത് കുത്താമ്പുള്ളി ഗ്രാമത്തിന്റെ അതിരിലെ ക്ഷേത്രമുറ്റത്തേക്കാണ്. പുഴ അതിരിട്ട ഗ്രാമം. കസവിന്റെ ഗന്ധവും തറികളുടെ താളത്തിലുള്ള ശബ്ദവുമുയരുന്ന നിളാതീരത്തെ തമിഴ്ഛായയുള്ള കുത്താമ്പുള്ളി ഉള്ളിലേക്കുള്ളിലേക്കു പോകുന്ന വഴികളും തൊട്ടു തൊട്ടിരിക്കുന്ന നൂറു കണക്കിനു വീടുകളും.
പുഴക്കടവിൽ വച്ചു കണ്ട വൃദ്ധൻ പറഞ്ഞു. ഇവിടെ വച്ചാണ് ഗായത്രിപ്പുഴ ഭാരതപ്പുഴയോട് ചേരുന്നത്. ഈ പ്രദേശം പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത് ഭരതഖണ്ഡമെന്നായിരുന്നത്രേ. തമിഴ്നാട്ടിൽ ഉത്ഭവിക്കുന്ന നിളയ്ക്ക് ഭാരതപ്പുഴയെന്ന പേരു വീണുതുടങ്ങുന്നത് ഈ പ്രദേശത്തു വച്ചും തിരുവില്വാമലയിൽ വച്ചുമാണ്...
എപ്പോഴൊക്കെയോ തീവണ്ടിയുടെ ജനാലയ്ക്കപ്പുറമുള്ള കാഴ്ചയായി കണ്ടിട്ടുള്ള നിള. കവിതകളിലൂടെയും കാഴ്ചകളിലൂടെയും മോഹിപ്പിച്ചിട്ടുള്ള നിള. ആ നിളയെയും തീരത്തെ ഗ്രാമങ്ങളെയും അടുത്തു കാണാനുള്ള യാത്ര തുടങ്ങിയത് കുത്താമ്പുള്ളിയിൽ നിന്നായിരുന്നു.
കുത്താമ്പുള്ളി കടന്ന് തിരുവില്വാമലയിലേക്കു പോകുമ്പോൾ തോന്നി കേരളത്തിന്റെ പച്ചപ്പ് ഇനിയും തീരെ മാഞ്ഞുപോയിട്ടില്ലെന്ന്. വില്വാദ്രിനാഥന്റെ നടയ്ക്കൽ നിൽക്കുമ്പോഴും ഓർത്തത് നിളയെ ആണ്. പി. കുഞ്ഞിരാമൻ നായരെ മോഹിപ്പിച്ച നിള എവിടെ? നാടോടിപ്പാട്ടു പാടി വയലേലകൾക്കിടയിലൂടെ ഭർതൃഗൃഹത്തിലേക്കു പോകുന്ന കവിയുടെ ഭാരതപ്പുഴ എവിടെ?
അത് എന്നേ മാഞ്ഞു പോയ ഓരോർമച്ചിത്രമാണെന്ന് എവെർമഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ബലിതർപ്പണപ്പടവിനു താഴെ ഒഴുകുന്ന വറ്റി വരണ്ട നിളയെ കണ്ടപ്പോൾ ഓർത്തു എന്നോ ഒരിക്കൽ പുഴയായിരുന്നിടത്ത് കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നു. പഞ്ചപാണ്ഡവർ മഹാഭാരതയുദ്ധത്തിനു ശേഷം ബന്ധുഹത്യാപാപം തീർക്കാൻ പിതൃതർപ്പണത്തിനു വന്നെന്ന് എതെിഹ്യമുള്ള എവെർമഠം ക്ഷേത്രത്തിലേക്ക് ഇപ്പോഴും ഭക്തർ കൂടുതലുമെത്തുന്നത് പിതൃബലിക്കാണ്. പടവുകൾക്കു താഴെ പേരിനു മാത്രം വെള്ളമുള്ള വരണ്ട നിള. ചിതറിയ വാഴയിലകളിൽ ബലിച്ചോറും എള്ളും പൂക്കളും ഓളപ്പരപ്പിൽ ഒഴുകുന്നുണ്ടായിരുന്നു. അമ്പലത്തിന്റെ മാനേജിങ് ട്രസ്റ്റിയായ മാധവവാരിയരുടെ ഓർമയിൽ മറ്റൊരു നിളയുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തെ പുഴ എത്ര വിശാലമായിരുന്നു. അങ്ങേക്കര കാണാൻ പറ്റാത്ത പോലെ.. പുഴയ്ക്കു മേലേ വളർന്ന കുറ്റിക്കാടുകളിലേക്ക് നോക്കി വാരിയർ പഴയൊരോർമയിൽ മുങ്ങിനിവർന്നു.
തിരുവില്വാമലയിൽ നിന്ന് ലക്കിടിയിലേക്കുള്ള വഴിയേ ലക്കിടി പാലത്തിനു താഴെ മെലിഞ്ഞ നിളയെ വീണ്ടും കണ്ടു. ദൂരെ പാമ്പാടി എവെർമഠം ശ്മശാനത്തിൽ നിന്നുയരുന്ന പുകയുടെ നാളങ്ങൾ നിളാതീരത്തെ ആകാശത്ത് ചിത്രം വരച്ചു.
അകലെ നിറം മങ്ങിയ ലക്കിടി റെയിൽവേ സ്റ്റേഷൻ. ആ കൊച്ചു റെയിൽവേ സ്റ്റേഷൻ കണ്ടപ്പോഴും ഓർമയിൽ വന്നത് പി. കുഞ്ഞിരാമൻ നായരെയാണ്. വർഷങ്ങൾക്കു മുമ്പ് നിളയുടെ മരതകപ്പച്ചത്തീരവും നിലാവു വീണ മണൽപ്പരപ്പും വില്വാദ്രിനടയിലെ വിശ്രാന്തിയും തേടി കവി എത്ര സന്ധ്യകളിൽ ഈ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയിരിക്കണം. പി. ഏറെക്കാലം താമസിച്ച ഈ പ്രദേശത്ത് പക്ഷേ, അദ്ദേഹത്തിന്റെ ഓർമയ്ക്കായുള്ള അവശേഷിപ്പുകളൊന്നുമില്ല.
ലക്കിടി റെയിൽവേ സ്റ്റേഷനടുത്ത് എവിടെയോ കവിയുടെ മകൾ താമസിക്കുന്നുണ്ടെന്നാണ് കേട്ടത്. ഒരു നാട്ടുകാരൻ അത്ര തീർച്ചയില്ലാത്ത പോലെ പറഞ്ഞു.
എഴുത്തുകാർ, കവികൾ, കഥകളി കലാകാരന്മാർ... ഈ നദിയുടെ സൗന്ദര്യതീരത്തു നിന്ന് സർഗശക്തിയുടെ ഊർജം നേടിയവർ എത്ര പേരാണ്! പലരുടെയും ഓർമകൾക്ക് സ്മാരകങ്ങളൊന്നുമില്ല. പക്ഷേ, കിള്ളിക്കുറിശി മംഗലത്ത് കുഞ്ചൻനമ്പ്യാരുടെ ജന്മഗേഹമായ കലക്കത്ത് ഭവനം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ ആഹ്ലാദം തോന്നി. നമ്പ്യാർ മിഴാവ് കൊട്ടിയിരുന്ന പഴയ ക്ഷേത്രത്തിലേക്കു നടക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പു പതിഞ്ഞ കാൽപാടുകളെ തൊടുംപോലെ. കലക്കത്ത് ഭവനത്തിനുള്ളിൽ മങ്ങിയ ഇരുട്ട് ഒളിച്ചുകളിക്കുന്ന കെടാവിളക്കെരിയുന്ന മുറി. നമ്പ്യാർ പിറന്നുവീണ മുറിയുടെ ചുവരിൽ പെൻസിൽ കൊണ്ട് കോറിയ കവിതാശകലം ആലേഖനം ചെയ്തുവച്ചിരിക്കുന്നു. കവി. പി. കുഞ്ഞിരാമൻ നായരുടെ കൈയ്യക്ഷരം.
മഹാകവികളുടെ പൈതൃകസ്മരണയില്ലാതെ നിളാതീരം കടന്നുപോകാനാവില്ല. ചെറുതുരുത്തിയിലെ പഴയ കലാമണ്ഡലത്തിന്റെ വളപ്പിനുള്ളിൽ മഹാകവി വള്ളത്തോളിന്റെ സമാധിസ്ഥലത്തിന് മരച്ചില്ലകൾ വീഴ്ത്തുന്ന തണുപ്പ് മാത്രമല്ല, തൊട്ടപ്പുറത്ത് ഒഴുകുന്ന നിളയിൽ നിന്നെത്തുന്ന കാറ്റിന്റെ കുളിരുമുണ്ട്.
ഷൊർണൂർ പാലം കടന്നുപോകുമ്പോൾ മണൽപ്പരപ്പിലെ വറ്റി വരണ്ട നിള നൊമ്പരച്ചിത്രമാകുന്നു. മണലൂറ്റിന്റെ അത്യാർത്തികൾ തീർത്ത, പുഴനടുവിലെ ചെളി ഊറിയുണ്ടായ മൺതിട്ടകളിൽ കാടും പുല്ലും വളർന്നുപടർന്നിരിക്കുന്നു. പുഴയുടെ വിലാപം കേൾക്കാതിരിക്കാനാവില്ല.
തൃത്താലയുടെ ഹരിത ഭംഗികൾ
പട്ടാമ്പി കടന്ന് തൃത്താലയിലെത്തുമ്പോൾ ഗ്രാമത്തിന്റെ ഭംഗികൾക്ക് പച്ചപ്പേറുന്നു. ഒരുപക്ഷേ, നിളാതീരത്തെ ഏറ്റവും ഹരിതാഭമായ ഗ്രാമം. വയലേലകൾ. പുഴക്കരയിലുറങ്ങുന്ന പുരാതന ക്ഷേത്രങ്ങൾ. പാടങ്ങൾക്കപ്പുറം കാണാത്ത നിള.
കൂടല്ലൂരായി. അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന നിളാനദിയെയാണെനിക്കിഷ്ടം എന്നെഴുതിയ എം. ടിയുടെ ജന്മനാട്. കുടല്ലൂരെ കൂട്ടക്കടവിൽ വച്ചു കണ്ടത് കുറച്ചുകൂടി ചൈതന്യമുള്ള നിളയെയാണ്. ഇവിടെ വച്ചാണ് തൂതപ്പുഴ നിളയോട് ചേരുന്നത്. കൂട്ടക്കടവിൽ ഒരു തോണിക്കാരനെ കണ്ടു. കടവും കടത്തു തോണികളും അന്യം നിന്നതുപോലെയായെങ്കിലും കൂട്ടക്കടവിൽ ഇന്നും ഒരു തോണിക്കാരനുണ്ട്. മജീദ് എന്ന മെലിഞ്ഞ വൃദ്ധൻ തോണി ആഞ്ഞു തുഴഞ്ഞുകൊണ്ട് പറഞ്ഞു.
മുപ്പതു വർഷമെങ്കിലും ആയിട്ടുണ്ടാവും ഞാനീ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ബാപ്പയും ബാപ്പയുടെ ബാപ്പയും ഒക്കെ ഈ കടവിലെ കടത്തുകാരായിരുന്നു.
കടത്തുകടന്ന് അക്കരെ പോകാൻ ഏതാനും പേരുണ്ട്. അങ്ങേക്കരയിൽ മലപ്പുറം ജില്ലയാണ്. പുഴയ്ക്കക്കരെ മരക്കൂട്ടങ്ങൾക്കിടയിൽ ജനാലകൾ പുഴയിലേക്ക് തുറന്നുവച്ച ഒരു മാളികവീട്. കഥയിലെ വീട് പോലെ. ആ ജനലോരത്ത് പുഴയെ നോക്കിയിരിക്കാനിഷ്ടപ്പെടുന്ന ആരെങ്കിലും കാണുമോ?
കുറ്റിപ്പുറം പാലത്തിനു താഴെ നിള കലങ്ങിയൊഴുകുകയായിരുന്നു. ഇന്നലെ പെയ്ത വലിയ മഴയാണ് കാരണം. ഷോളയാർ വനഭാഗത്തും ശിവാനിയിലും പെയ്യുന്ന മഴ. ആരോ പറഞ്ഞു. വീണ്ടും നീളുന്ന യാത്രയിൽ വഴിയോരത്ത് അടുത്തും അകന്നും നിളയുണ്ടായിരുന്നു. കണ്ണിൽ പെടാത്തിടത്ത് കാറ്റിന്റെ തണുപ്പായെങ്കിലും. ഇടയ്ക്ക് പൊള്ളുന്ന മണൽപ്പരപ്പിലെ വെള്ളിനൂലു പോലെ...
കുറ്റിപ്പുറത്തും പരിസരത്തും നിളാതീരത്ത് ഇന്ന് റിസോർട്ടുകൾ ഉയർന്നിട്ടുണ്ട്. നിളയെ കാണാനും നിളാതീരത്തെ സംസ്കാരം അടുത്തറിയാനും അവസരമൊരുക്കുന്ന പാക്കേജുകൾ. കഥകളി, പുള്ളുവൻ പാട്ട്, കളരി സന്ദർശനം... ടൂറിസ്റ്റ് പാക്കേജിന്റെ ഭാഗമായിട്ടെങ്കിലും നിള ഒരനുഭവമാകുമ്പോൾ അകലെ നിന്നു വന്ന അറിയാത്ത മനുഷ്യർ ഈ നദിയെ സ്നേഹിക്കുന്നു. പക്ഷേ, നമ്മൾ നമ്മുടെ സ്വന്തം നദിയെ സ്നേഹിക്കാൻ മറക്കുന്നതെന്തെന്ന് തോന്നും.
മാമാങ്ക സ്മരണകളുമായി തിരുനാവായാതീരം
തിരുനാവായ. നാവാമുകുന്ദക്ഷേത്രത്തിന്റെ കൽപടവുകൾക്കു താഴെ, കുറച്ചു കൂടി വിശാലമായ മറ്റൊരു നിളയെ കണ്ടു. മാമാങ്കത്തിന്റെ ഓർമയുണർത്തുന്ന തീരം. പുഴയ്ക്കക്കരെ ശാന്തമുകക്ഷേത്രങ്ങൾ.
ബ്രഹ്മ ക്ഷേത്രവും ശിവക്ഷേത്രവുമാണ്. ത്രിമൂർത്തികൾ ഒരു തീരത്തിന് അപ്പുറവും ഇപ്പുറവുമിരിക്കുന്ന പ്രത്യേകതയുണ്ടീ തീരത്തിന്. പുഴയെപ്പറ്റി വാചാലനായത് ഉമ്മറാണ്. മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനായി വർഷങ്ങളായി പോരാടിയ ഉമ്മറിന് നിളയും ഒരു വികാരമാണ്.
ഏഴാംക്ലാസിലെ ചരിത്രപാഠക്ലാസിൽ മാമാങ്കത്തെ പറ്റി പഠിച്ച നാൾ തൊട്ടാണ് ഞാൻ ഈ നാടിനെയും നിളയെയും സ്നേഹിച്ചു തുടങ്ങിയത്. ഉമ്മർ വാചാലനായി.
മോട്ടോർ പിടിപ്പിച്ച തോണിയിൽ അങ്ങേക്കരയിലേക്ക് യാത്ര ചെയ്യുമ്പോൾ മണൽ നിറച്ചെടുത്ത തോണികൾ കാണാമായിരുന്നു.
അനധികൃത മണൽക്കടത്ത് ഇപ്പോഴും പുഴയിലെ നിത്യക്കാഴ്ചയാണ്. നിയമം പ്രഹസനമാകുന്നതിന്റെ സങ്കടം. നിളയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഉള്ളിലുണ്ട്. പക്ഷേ, പറഞ്ഞു പറഞ്ഞത് ഒരു വനരോദനമായതു പോലെ. നമ്മുടെ നദിയെ സ്നേഹിക്കുക. അത് അച്ഛനമ്മമാർ മക്കളെ പഠിപ്പിക്കേണ്ടതാണ്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പലർക്കുമതറിയില്ല. ഉമ്മറിന്റെ ശബ്ദത്തിൽ വേദന കലർന്നു.
നിളയ്ക്ക് ഏറ്റവും വീതി കൂടിയ ഭാഗമാണിത്. അങ്ങേക്കര കാണാനാവില്ല. മൺകൂനകളിൽ വളർന്ന പുൽക്കാടുകൾക്കിടയിലൂടെ വേണം തോണി കൊണ്ടുപോകാൻ. ഒഴുക്കുള്ള പുഴയെ നോക്കിയിരിക്കെ തോണിക്കാരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ശ്രാദ്ധമിടാൻ വന്ന ഒരാൾ പുഴയിലേക്കു വീണു മരിച്ചത്. നമ്മൾ വിചാരിക്കാത്ത സ്ഥലത്ത് കയങ്ങളുണ്ട്. ചിലപ്പോൾ നിളയുടെ അടിത്തട്ടിൽ നിന്ന് മൃതശരീരങ്ങൾ മുങ്ങിയെടുക്കാനും ഞാൻ പോകാറുണ്ട്. പുഴയ്ക്കിപ്പോൾ പെട്ടെന്ന് മരണത്തിന്റെ തണുപ്പ് തോന്നി.
അങ്ങേക്കരയിൽ തോണിയടുത്തു. ആലിലകളുടെ ശബ്ദമുള്ള കാറ്റ്. തവനൂർ ബ്രഹ്മക്ഷേത്രവും ശിവക്ഷേത്രവും. ഇടവഴിക്കരികിൽ പുരാതനമായ ഓത്തുപാഠശാല. അപ്പുറത്ത് കെ.കേളപ്പന്റെ ശാന്തികുടീരം. ആ വളപ്പിനുള്ളിൽ പഴകി നിറം മാഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് തറികൾ കറങ്ങുന്ന ശബ്ദം കേട്ടു. സർവോദയ സംഘത്തിന്റെ നെയ്ത്തു ശാലയാണ്. കൈത്തറിവസ്ത്രം നെയ്യുന്ന ഒരു കൂട്ടം സ്ത്രീകളും അവരുടെ മാഷും. നൂൽ ഇഴ ചേർക്കുന്നതിൽ മാത്രം ശ്രദ്ധയർപ്പിച്ചിരിക്കുന്ന മാഷ്. നിലത്തിരുന്ന് ചർക്കയുടെ ചക്രങ്ങൾ കറക്കുന്ന സ്ത്രീ. കാലം പഴയൊരു നിമിഷത്തിൽ നിശ്ചലമായ പോലെ. എത്ര വേഗം വേണമെങ്കിലും അന്യം നിന്നു പോകാവുന്ന ഒരു കാഴ്ച. ഇനി ഇത്തരം കാഴ്ചകൾ കാണാനാവുമോ!
ഉമ്മറിന്റെ ചരിത്രവ്യാഖ്യാനങ്ങൾ കേട്ട്, മാമാങ്കസ്മാരകങ്ങളുടെ പരിസരത്തു കൂടി കടന്നു പോയി. നിലപാടു തറ, ചാവേറുകളുടെ മൃതശരീരങ്ങൾ ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, മരുന്നറ...
സായാഹ്നം തിരുനാവായയിലെ നിളയെ പിന്തുടർന്ന് ചാലിയം റോഡിലൂടെ കൂട്ടായി അഴിമുഖത്തേക്ക്. ടിപ്പു സുൽത്താൻ പണി കഴിപ്പിച്ച ചാലിയം റോഡ് വളവോ തിരിവോ ഇല്ലാതെ നീണ്ടുപോകുന്നു. ഏറെ കഴിഞ്ഞപ്പോൾ വെള്ളമണൽപ്പരപ്പ് വഴിയോരത്ത് തെളിഞ്ഞു തുടങ്ങി. കടലിന്റെ ഗന്ധം. ദൂരെ കാറ്റാടികളുടെ നിര. അതിനപ്പുറം കടലിന്റെ നീലിമ. ദൂരെ പൊന്നാനിതീരം. പൊന്നാനി തീരത്തു വച്ച് തിരൂർ പുഴയ്ക്കൊപ്പം അറബിക്കടലിന്റെ നീലിമയിൽ ലയിച്ചു ചേരുന്ന നിള. മനുഷ്യന്റെ അടങ്ങാത്ത ചൂഷണങ്ങൾക്കിരയായിട്ടും വറ്റി വരണ്ടിട്ടും മരിക്കാത്ത നിള... കണ്ണീരും ചിരിയും നിറഞ്ഞ ഒരു വിദൂരയാത്രയുടെ അവസാനം.
ഈ യാത്രയിൽ നിള എന്തെല്ലാം കണ്ടു.... നിളയുടെ ഓർമയിലെന്താവും? കാലങ്ങളായി തുടരുന്ന നീണ്ട യാത്രയിൽ തന്നെ ഏറ്റവും സ്നേഹിച്ചവരുടെ മുഖങ്ങളോ? അക്കൂട്ടത്തിൽ ഏറ്റവും തെളിഞ്ഞു നിൽക്കുന്നതാരുടെ മുഖമായിരിക്കും? സുവർണമേഘങ്ങളും അന്തിപ്പറവകളും ചേക്കേറുന്ന പഴയ നീലസന്ധ്യകളിൽ തന്റെ തീരത്തിരുന്ന് നിത്യകന്യകയെ സ്വപ്നം കണ്ട ഒരു കവിയുടെ മുഖമായിരിക്കുമോ? താമര മൊട്ടുപോലെ തന്റെ ഹൃദയവും ഈ നീരൊഴുക്കിലൂടെ ഒഴുക്കി വിടാനാശിച്ച കവിയുടെ മുഖം മറ്റാരാവും നിളയെ അത്രമേൽ സ്നേഹിച്ചത്.
നിളാ പൈതൃക യാത്ര
നിളാതീരത്തു കൂടി സംസ്കാരിക സ്മരണകൾ കണ്ട് പൈതൃകയാത്രയ്ക്കുള്ള അവസരം മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരുക്കുന്നു. കുറ്റിപ്പുറം, തിരുനാവായ, മാമാങ്ക സ്മാരകങ്ങൾ, ജങ്കാർ യാത്ര തുടങ്ങിയവ പാക്കേജിലുൾപ്പെുന്നു. ഡിടിപിസി മലപ്പുറം — ഫോൺ നമ്പർ —0483— 2731504.