മൂന്നാറിൻ മണമുള്ള കാറ്റ്

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ...
SHARE

കറുത്ത കവിളിൽ ഉണങ്ങിത്തുടങ്ങിയ കണ്ണീർച്ചാൽപോലെ വരണ്ടിരുന്നു ചീയപ്പാറ വെള്ളച്ചാട്ടം.അടിമാലി – മൂന്നാർ ദേശീയ പാതയോരത്തു നീല ഷീറ്റിട്ടുകെട്ടിയ കടകളിൽ പലതും അടഞ്ഞുകിടക്കുന്നു. ആക്സിലറേറ്ററിലെ ചവിട്ട് ഇത്തിരി കൂടിപ്പോയോ! ബ്രേക്കിട്ടതു ഹൈവേ പൊലീസിന്റെ സ്പീഡ് റഡാർ വാഹനത്തിനു മുൻപിൽ.

‘ഇവിടെ അനുവദിച്ചിരിക്കുന്ന സ്പീഡ് 40 കിലോമീറ്റർ. 70 കിലോമീറ്റർവരെ എസ്പി സർ അനുവദിച്ചിട്ടുണ്ട്. ഇതു പക്ഷേ, 74 കിലോമീറ്റർ– സ്‌ലിപ് നീട്ടി പൊലീസുകാരന്റെ വിശദീകരണം. 300 രൂപ ഫൈൻ അടച്ച് ചെറിയൊരു ചമ്മലോടെ കാറിൽ കയറുമ്പോൾ ഫൊട്ടോഗ്രഫർ റിജോയുടെ കമന്റ്– എന്തായാലും തുടക്കം ഗംഭീരം! മൂന്നാർ ടോപ് സ്റ്റേഷനുമപ്പുറം പാമ്പാടുംചോലയിലേക്കുള്ള യാത്രയായിരുന്നു അത്. ഹോണ്ടയുടെ പുത്തൻ ജാസിൽ.

എലിനോറിനെ കൊതിപ്പിച്ച ദൃശ്യം

മൂന്നാർ എത്തിയെന്നു നമ്മെ ഓർമിപ്പിക്കും സിഎസ്ഐ പള്ളിയുടെ കൽഭിത്തികളും മുറ്റത്തെ കോണിഫെറസ് മരങ്ങളും. എലിനോർ നൈറ്റ്സ് എന്ന ഇംഗ്ലിഷ് യുവതിയുടെ ആത്മാവുറങ്ങുന്ന മണ്ണ്. മഞ്ഞുതുള്ളി മൂടിയ മൂന്നാറിന്റെ ദൃശ്യഭംഗി കണ്ട് എലിനോർ ഭർത്താവിനോടു പറഞ്ഞത്രേ... ഞാൻ മരിച്ചാൽ ഈ കുന്നിൻപുറത്തു സംസ്കരിക്കണം. രണ്ടു ദിവസത്തിനകം അവർ മരിച്ചു. കുന്നിൻമുകളിൽ, പള്ളിക്കും വളരെ മുൻപേ സെമിത്തേരിയുണ്ടായി. അവർ അവിടെയുറങ്ങുന്നു. മാർബിൾ ശിലയിൽ നിറംമങ്ങിയ അക്ഷരങ്ങളായി ആ കുഴിമാടം ഇന്നും കാണാം.

ചൂളംവിളിക്ക് പിന്നാലെ

മാട്ടുപ്പെട്ടിയിലെ പൂന്തോട്ടവും കുണ്ടള ഡാമും എക്കോ പോയിന്റും കടന്നു ടോപ്സ്റ്റേഷനിലേക്ക്. കേരളത്തിൽ ആദ്യമായി ട്രെയിൻ ചൂളംവിളിച്ചത് ഈ വഴിയിലൂടെയെന്ന് അധികമാർക്കുമറിയില്ല. നൂറുവർഷങ്ങൾക്കു മുൻപു മൂന്നാറിൽനിന്നു ടോപ് സ്റ്റേഷനിലേക്കു തേയിലക്കൊളുന്തും യാത്രക്കാരുമായി സർവീസ് നടത്തിയതു നാലു ട്രെയിനുകൾ! ഈ മലമുകളിൽ ട്രെയിനോ? ഒപ്പമുള്ള ഹോണ്ട സെയിൽസ് കൺസൽറ്റന്റ് അനീഷ് മോഹന്റെ കണ്ണുകളിൽ അദ്ഭുതം മിഴിച്ചു.

കേരളത്തിന്റെ വാഗ ബോർഡർ

‘കേരളവും തമിഴ്നാടും അതിരു തിരിച്ചൊരു കളിയാണ് ഇനിയങ്ങോട്ട്. ടോപ് സ്റ്റേഷൻ തമിഴ്നാടിന്റെ സ്ഥലമാണ്. രണ്ടു കിലോമീറ്ററിനപ്പുറം പാമ്പാടുംചോല ചെക്പോസ്റ്റ് കേരളത്തിന്റെ വക. മഴവെള്ളം ഒഴുകുന്ന ദിശ നോക്കി വേണം അതിരു നിർണയിക്കാൻ’, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ക്രിസ്റ്റോ ജോസഫ് പറഞ്ഞുകൊണ്ടിരുന്നു. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ക്രിസ്റ്റോ മൂന്നാറിനെ ഉള്ളംകയ്യിൽ സൂക്ഷിച്ചിരിക്കുകയാണെന്നു തോന്നും. ചെക്പോസ്റ്റ് കടന്നാൽ വെള്ളയും ബ്രൗണും നിറങ്ങളിൽ 200 അടി ഉയരത്തിൽ യൂക്കാലി മരങ്ങളുടെ ഒറ്റത്തലപ്പൊക്കം. പച്ചപ്പിനപ്പുറം സഞ്ചാരികളെ കാത്തു വനംവകുപ്പിന്റെ ലോഗ് ഹൗസ്.

പച്ചക്കറിക്കായ തട്ട്

തേന്മാവിൻ കൊമ്പത്ത് സിനിമയുടെ ലൊക്കേഷൻ ഓർമിപ്പിക്കും പാമ്പാടും ചോലയിൽനിന്നു വട്ടവടയിലേക്കുള്ള യാത്ര. പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങൾ തിങ്ങിയ കളർബോക്സ് പോലെ കുന്നിൽ തട്ടുതട്ടായി പച്ചക്കറി കൃഷി. കോവിലൂരിൽനിന്നു രണ്ടുകിലോമീറ്റർ പോയാൽ കൊട്ടക്കാമ്പൂരിലെത്തും. പക്ഷേ, കോൺക്രീറ്റ് ചെയ്ത റോഡിലൂടെ കാർ വളച്ചെടുത്തപ്പോൾ ചെന്നെത്തിയതു കൊച്ചുകൂരകൾക്കു നടുവിൽ. എതിർദിശയിൽ വണ്ടി വന്നാൽ ഒഴിഞ്ഞുമാറാൻ പോലും ഇടമില്ല.

ഓണക്കാലത്തു വന്നാൽ കുന്നിൻ ചെരുവിനു താഴെ നിറയെ പൂപ്പാടം കാണാം. സീസൺ കഴിഞ്ഞതു കൊണ്ട് പുരുഷന്മാർ പോക്കുവെയിൽ രാശികളിച്ചു രസിക്കുന്നു. യൂക്കാലി മരങ്ങളുടെ നീളമുള്ള കമ്പുകൾ ചുമന്നെത്തിച്ച് എളിയിൽ കൈകൊടുത്തു വിയർപ്പാറ്റുന്നു, സ്ത്രീകൾ. മടക്കയാത്രയിൽ കാറിനു മുൻപിൽത്തന്നെ വന്നു തലയെടുപ്പുള്ളൊരു കാട്ടുപോത്ത്. ലോഗ് ഹൗസിനോടു ചേർന്നു മേഞ്ഞു നടക്കുന്നു വേറെയും കാട്ടുപോത്തുകൾ. ആക്രമിക്കാനുള്ള ഒരുക്കത്തിലാണോ അവൻ.

ഓടാൻ തയാറായി ഞങ്ങളിരുന്നു. പക്ഷേ, ഒന്നു നോക്കി പേടിപ്പിക്കുകപോലും ചെയ്യാതെ പാവം കാട്ടിൽ മറഞ്ഞു. റോഡിലെ കാഴ്ച മറച്ച് കട്ടിമഞ്ഞ് കയറിത്തുടങ്ങി. മൂന്നാർ ടൗണിൽ കമ്പിളി ഉടുപ്പും തൊപ്പിയും വിൽക്കുന്നവരുടെ തിരക്ക്. കടകളിൽ കൗതുകവസ്തുക്കൾ തിരയുന്ന യുവമിഥുനങ്ങൾ. മേൽക്കൂരയില്ലാത്ത തട്ടുകടയിൽ ചായയുടെ കടുപ്പമുള്ള ഗന്ധത്തിനൊപ്പം റേഡിയോ ഉറക്കെപ്പാടുന്നു.

*ഇവിടത്തെ കാറ്റാണു കാറ്റ് മലമൂടും മഞ്ഞാണു മഞ്ഞ് *

പാമ്പാടും ചോലയിൽ എത്താൻ

മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി വഴി 40 കിലോമീറ്റർ ടോപ്സ്‌സ്റ്റേഷനിലേക്ക്. അവിടെ നിന്ന് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്ന് പാമ്പാടും ചോലയിലെത്താം. നാലുകിലോമീറ്റർ കൂടിപോയാൽ വട്ടവട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA