കോവളത്തുണ്ട് ഒരു മഹാ‘സമുദ്ര’

കപ്പല്‍ച്ചേതത്തിൽപ്പെട്ട നാവികന് കടല്‍ ഒരു ദുരന്തമായിരിക്കാം. തോണി അര്‍ഥഗര്‍ഭമായ ഒരു മൗനവും... ഒരേ സമയം ആഘോഷങ്ങളുടെ ആർത്തിരമ്പങ്ങളും ഏകാന്തതയുടെ ചെറുതിരകളും കൊണ്ട് ഓർമകളുടെ വേലിയേറ്റങ്ങളൊരുക്കാൻ കടലിനു കഴിയുന്നതും നമ്മുടെ ആദിമ ജീനുകളിൽ എവിടെയോ ഒരു നാവികനുള്ളതു കൊണ്ടാണ്.

കോവളം തീരത്തു കറങ്ങി നടക്കുമ്പോൾ ഓർത്തത് പണ്ട് പദ്മരാജന്റെ സംവിധാന മികവിൽ മോഹൻലാൽ നായകനായ സീസൺ എന്ന സിനിമയാണ്. കോവളത്തിന്റെ സൗന്ദര്യം അതിനു ശേഷം ഇത്ര മനോഹരമായി പകർത്തിയ മലയാള സിനിമകൾ കുറവ്. കോവളത്തെ ആ സായാഹ്നത്തിന് ഒരു ആഘോഷത്തിന്റെ തിരക്കായിരുന്നു. നിരവധി വിദേശികൾ അവധിക്കാലം ആഘോഷിക്കാൻ കോവളത്ത് തമ്പടിച്ചിട്ടുണ്ട്. വസ്ത്രമുടുത്തും അൽപ വസ്ത്രധാരികളായും ചീറിയടിക്കുന്ന കടൽത്തിരമാലകളിൽ മുങ്ങിപ്പൊങ്ങുന്നവർ നിരവധി. ഒരിടത്ത് കച്ചവടം പൊടിപൊടിക്കുന്നു. മറ്റൊരിടത്ത് ഹണിമൂൺ ആഘോഷത്തിനെത്തിയ ദമ്പതികൾ സെൽഫി തിരക്കിലാണ്. കടൽക്കാറ്റേറ്റ് ഏതോ ലോകങ്ങളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്ന ചിലരുമുണ്ട്.

സമുദ്ര പൂൾ വ്യൂ

ആര്യവംശജർ അവരുടെ ആസ്ഥാനമാക്കിയിരുന്നത് വിഴിഞ്ഞമായിരുന്നുവെന്ന് ചരിത്രം. അതിനാൽ തന്നെ അതിനടുത്തുള്ള കോവളം തിരുവിതാംകൂർ രാജവംശം താമസസ്ഥലമാക്കി. 1920 കളിൽ സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയാണ് ആദ്യമായി ഇവിടൊരു ബീച്ച് റിസോർട്ട് പണിയുന്നത്. 1930 കളിൽ കോവളം ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്ക് അറിയപ്പെടാൻ തുടങ്ങിയിരുന്നു. കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. പിന്നീട് അത് കോവകുളമായും കോവളവുമായി മാറിയതാവാമെന്നാണ് നിഗമനം. രാജാവിന്റെ താമസസ്ഥലം എന്നാണ് കോവളത്തിന്റെ അർഥം.

സമുദ്ര ബീച്ച്

കടൽ കണ്ടുറങ്ങാൻ ഒരു ദിനം 

കടൽ കണ്ടുകണ്ട് ഒരുറക്കം, അത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. അതിനുള്ള അന്വേഷണമാണ് കെടിഡിസിയുടെ ബീച്ച് റിസോർട്ട് സമുദ്രയിലേക്ക് എത്തിച്ചത്. കടൽത്തീരത്തിനു തൊട്ടരികിലാണ് കവാടം. അകത്തേക്കു കയറുന്നതിന്റെ വലതുഭാഗത്ത്, 1981ൽ വക്കം പുരുഷോത്തമൻ റിസോർട്ട് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കാണാം.

സമുദ്ര റിസോർട്ടിലെ ലാൻഡ്സ്കേപ് ഏര്യ. (ഇൻസൈറ്റിൽ ജിവി രാജയുടെ ചിത്രം)

മനോഹരമായി അലങ്കരിച്ചിരിക്കുന്ന ലോണിന്റെ ചുമരുകളിൽ പങ്കായങ്ങൾ നിരത്തി വച്ച് അലങ്കരിച്ചിരിക്കുന്നു. ചെക്ക് ഇൻ ചെയ്ത് ലിഫ്റ്റിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ ഇടതു ഭാഗത്തായി മുക്കുവർ ഉപയോഗിക്കുന്ന മരം (മീൻപിടിത്തത്തിന് കടലിൽ കൊണ്ടുപോകുന്ന ഏറ്റവും ചെറിയ വള്ളം) കാഴ്ചയാക്കി അലങ്കരിച്ചിരിക്കുന്നു. അതിനുമുകളിൽ രാജാരവിവർമയുടെ പെയിന്റിങ്. റിസോർട്ടിനുള്ളിൽപ്പോലും, ഞങ്ങൾ ബീച്ചിൽ തന്നെയാണ് എന്ന ഫീലിങ് തരാൻ ഉതകുന്ന അലങ്കാരങ്ങൾ കണ്ട് നേരെ റൂമിലേക്ക്.

ബീച്ച് വെഡ്ഡിങ്, റിസപ്ഷൻ എന്നിവയിക്കായുള്ള ഒരുക്കങ്ങൾ

രാജകീയ താമസം 

അഞ്ചേക്കർ 44 സെന്റ് ഭൂമിയിലാണ് സമുദ്ര ബീച്ച് റിസോർട്ട്. സമുദ്ര ആരംഭിക്കുമ്പോൾ 50 മുറികളാണുണ്ടായിരുന്നത്. ഇപ്പോൾ രണ്ട് പ്രീമിയം സ്വീറ്റും 52 ഡീലക്സും ഉൾപ്പെടെ 64 മുറികളാണുള്ളത്. അവന്യു റൂംസ് എന്ന ബജറ്റ് മുറികൾ പത്തെണ്ണമുണ്ട്. റിസോർട്ടിലേക്ക് കടന്നുവരുന്ന ഭാഗത്തെ ബജറ്റ് റൂമുകളാണ് അവന്യു. ആദ്യകാലത്ത് ലാൻഡ്സ്കേപ്പിങ് ഒന്നും ചെയ്തിട്ടില്ല. 96-97 കാലഘട്ടത്തിലാണ് റിസോർട്ട് പുതുക്കുന്നത്. അന്ന് കൂടുതൽ മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്തെന്ന് റിസപ്ഷനിൽ പരിചയപ്പെട്ട മാനേജർ അജിത്ത് പറഞ്ഞു.

പ്രീമിയം റൂം

ഡീലക്സ് മുറിയിലാണ് ഞങ്ങൾക്ക് താമസസൗകര്യം. കയറുന്ന വാതിലിന് എതിർ വശത്ത് മുറിയുടെ പിന്നിലായി വൃത്തിയുള്ള കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നു. കർട്ടൻ മാറ്റിയപ്പോൾ കാണുന്ന കാഴ്ച ആരുടെയും മനസിൽ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടാക്കും. മുറിയുടെ ആ ഭാഗത്തെ വാതിൽ തുറന്നാൽ കോവളം കടപ്പുറം. കുറച്ച് ഭാഗം നന്നായി ലാൻഡ് സ്കേപ്പിങ് ചെയ്തിരിക്കുന്നു. അവിടിവിടെയായി വിശ്രമിക്കാൻ വലിയ ഉരുളൻ കല്ലുകളും കിടക്കാൻ കയറിൽ തീർത്ത ഊഞ്ഞാലുകളും. ലാൻഡ് സ്കേപ്പിൽ നിറയെ തെങ്ങാണ്.

ഡീലക്സ് റൂം

വഴിതെളിച്ച് ഇരുവശങ്ങളിലുമായി ഗാർഡൻ ഒരുക്കിയിട്ടുണ്ട്. കടലിന്റെ ഒച്ചയും ഉപ്പ് രുചിക്കുന്ന കടൽക്കാറ്റും മുറിക്കുള്ളിൽ വരെയെത്തും. മുറിയുടെ പുറകിൽനിന്നും ലാൻഡ്സ്കേപ്പിലൂടെ താഴേക്ക് നടന്നാൽ ഇടത് ഭാഗത്ത് മനോഹരമായ സ്വിമ്മിങ് പൂളുണ്ട്. കൃത്യമായ മാർഗനിർദ്ദേശങ്ങൾ എഴുതിവച്ചിരിക്കുന്നു. പൂളിൽ ഇറങ്ങുന്നതിന് മുമ്പ് കർശനമായും കുളിക്കണം. അതിനായി ഒരു ഓപ്പൺ ഷവർ സംവിധാനവും അടുത്തുതന്നെയുണ്ട്.

ബാത്റൂം ആക്സസറീസ്

സ്വിമ്മിങ് പൂളിന് താഴെയായി ഹോം സ്റ്റേ പോലെ രണ്ട് കെട്ടിടങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നു. കണ്ടപ്പോൾത്തന്നെ അത് പ്രീമിയം മുറിയാണെന്ന് മനസിലായി. അതിനടുത്തേക്ക് പതുക്കെ നടന്നു. തത്കാലം ആൾതാമസമില്ല. അനുവാദം ചോദിച്ച് മുറി കാണാൻ അകത്തു കയറി. വൃത്തിയായി അലങ്കരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും കിടക്കയും. മുറിയിൽനിന്നു പുറത്തേക്ക് നോക്കിയാൽ അടുത്തായി കടൽ കാണാം. അരികിൽ തൊട്ടുമുകളിലാണ് സ്വിമ്മിങ് പൂളും. സ്റ്റാർ സെറ്റപ്പിൽ ബാത്ത് റൂം. കണ്ടപ്പോൾ ഇത് മതിയായിരുന്നുവെന്ന് ആഗ്രഹവും തോന്നി. എന്നാൽ ഡീലക്സ് അത്ര മോശമല്ലല്ലോ എന്ന ചിന്തിച്ച് പുറത്തിറങ്ങി.

മുൻ വശത്തെ ലോൺ ഏര്യ

കല്ലുകളിൽ തീർത്ത ചെറിയ വൈദ്യുതിവിളക്കുകൾ വഴിനീളെയുണ്ട്. വഴിയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ ചെറിയൊരു ഓലപ്പുര കാണാം. സെക്യുരിറ്റിയുടെ വിശ്രമസ്ഥലം. ലാൻഡ്സ്കേപ്പിലൂടെ അണ്ണാൻ കുട്ടന്മാർ ചിലച്ചുകൊണ്ട് പായുന്നുണ്ട്. പടികളിറങ്ങി താഴേക്ക് എത്തുമ്പോൾ ഒരു ഇരുമ്പ് ഗേറ്റാണ്. ഇതുവഴി നേരിട്ട് സമുദ്ര ബീച്ചിലേക്ക് ഇറങ്ങാം. കോവളം ബീച്ച് എന്നു പറയുന്നെങ്കിലും ഇവിടെ പ്രധാനമായും മൂന്ന് ബീച്ചുകളാണുള്ളത്. ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്, സമുദ്ര ബീച്ച്. ഇവയിൽ ഏറ്റവും തിരക്ക് കുറഞ്ഞ ബീച്ചാണ് സമുദ്ര ബീച്ച്. അതിനാൽ തന്നെയാണ് ഹണിമൂണേഴ്സ് പാരഡൈസ് എന്ന് സമുദ്ര റിസോർട്ടിനെ വിശേഷിപ്പിക്കുന്നത്. 

ഗേറ്റ് തുറന്ന് പുറത്തിറങ്ങി, കടൽ ക്ഷോഭത്തിലാണ്. അതിനാൽ കുളിക്കാൻ വിലക്കി അറിയിപ്പ് ബോർഡും റെഡ് സിഗ്നലും കാണാം. കുറച്ചു നേരം കടൽക്കാറ്റ് കൊണ്ട് മടങ്ങി. ഗേറ്റിനുള്ളിൽനിന്ന് അകത്തേക്ക് കടന്ന് ഇടതു ഭാഗത്ത് കൂടി മുകളിലേക്ക് കുറച്ച് നടന്നപ്പോഴാണ്. ടൈറ്റാനിക് കപ്പലിന്റെ മോഡലിൽ ലാൻഡ്സ്കേപ്പ് കണ്ടത്. അതിന്റെ അറ്റത്ത് പോയി നിന്നാൽ കടൽക്കാറ്റ് കുറച്ച് കൂടി ശക്തമായി കൊള്ളാം. പാറയിൽ അടിച്ചുയരുന്ന തിരമാലകൾ ആസ്വദിക്കാൻ പറ്റിയ സ്ഥലം.

ബീച്ച് വെ‍ഡ്ഡിങ് അലങ്കാരം

ബീച്ച് വെഡ്ഡിങ് 

പത്തിലധികം ഭീമൻപാറകൾക്കിടയിലൂടെ നടന്ന് മുകളിലേക്ക് കയറുമ്പോൾ ഒരു സ്റ്റേജിന്റെ പ്ലാറ്റ്ഫോം കാണാം. ഇവിടെ കലാപരിപാടികൾ നടക്കാറുണ്ടോയെന്ന് ഹോട്ടലിലെ ഒരു സ്റ്റാഫിനോട് ചുമ്മാതൊന്ന് ചോദിച്ചു. കേട്ടപാതി കേൾക്കാത്ത പാതി ആൾ ഓടി അടുത്തെത്തി. വിദേശികൾക്കായി സീസൺ സമയത്ത് കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ മുഖ്യമായും ഇവിടെ നടക്കുന്നത് ബീച്ച് വെഡ്ഡിങുകളും റിസപ്ഷനുകളുമൊക്കെയാണ്. ബീച്ച് വെഡ്ഡിങിന്റെ കുറച്ച് ചിത്രങ്ങൾ മൊബൈലിൽ കാണിക്കുകയും ചെയ്തു. ഇവിടുത്തെ സായാഹ്നത്തിനും വിളക്കുകൾക്കും ഇത്രയധികം ഭംഗിയുണ്ടെന്ന് ആ ചിത്രങ്ങൾ കണ്ടപ്പോൾ മനസിലായി.

രുചിയുള്ള ഭക്ഷണം കഴിക്കാൻ ഉഗ്രൻ ആംബിയൻസ് 

റസ്റ്റോറന്റ്

റൂമിലെത്തി ഫ്രഷായി. ബാത്ത് റൂമിലും നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെടിഡിസിയുടെ സ്വന്തം ലേബലിലുള്ള മഞ്ഞൾ-ചന്ദന സോപ്പ്, ടൂത്ത് കിറ്റ്, ചീപ്പ്, ഷേവിങ് കിറ്റ്, ഷാംപൂ, ഷവർ ക്യാപ്പ് എന്നിവ അലങ്കരിച്ച് വച്ചിരിക്കുന്നു. റൂമിന് മുന്നിൽ തന്നെയാണ് റെസ്റ്ററന്റ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റൂം സർവീസാണ് സമുദ്രക്കുള്ളത്. റെസ്റ്ററന്റിന് എതിർവശത്തായി ബിയർ ആൻഡ് വൈൻ പാർലറുമുണ്ട്. ഭക്ഷണം മുറിയിലെത്തിക്കും. അതല്ലെങ്കിൽ റെസ്റ്ററന്റിൽ പോയി കഴിക്കാം. അതുമല്ല, ഒരു വെറൈറ്റി വേണമെങ്കിൽ റെസ്റ്ററന്റിന് പുറത്ത് പുൽത്തകിടിൽ അലങ്കരിച്ച തീൻമേശയിൽ ഭക്ഷണമെത്തും. നാടൻ ഭക്ഷണങ്ങൾക്ക് തന്നെയാണ് പ്രാമുഖ്യം. ഇഡ്ഡലിയും സാമ്പാറും മുതൽ ചൈനീസ്, അറേബ്യൻ വിഭവങ്ങൾ വരെ രുചികരമായി എത്തിക്കാൻ ജീവനക്കാർ റെഡി. നെമ്മീനിന്റെയും ചെമ്മീനിന്റെയും വ്യത്യസ്ത വിഭവങ്ങളാണ് പലർക്കും പ്രിയം.

ബീച്ച് വെഡ്ഡിങ് കാഴ്ചകൾ

സ്ഥിരം വിദേശികൾ 

ഭക്ഷണം കഴിക്കുമ്പോൾ നേരത്തെ കാര്യങ്ങൾ വിവരിച്ച ജീവനക്കാരൻ വീണ്ടുമെത്തി. ഇവിടെ വിദേശികളുടെ വരവ് ഇപ്പോൾ കുറവാണോയെന്ന് ആരാഞ്ഞപ്പോൾ, അവർ വരുന്ന മുഖ്യ സീസൺ ഇതല്ലെന്ന് പറഞ്ഞു. കടലിലേക്ക് നല്ല വ്യൂ ഉള്ളതുകൊണ്ടുതന്നെ സീസൺ സമയത്ത് നമുക്ക് വിദേശികൾ ധാരാളമുെണ്ടന്ന് മറുപടിയും. ഇപ്പോൾ വരാമെന്ന് പറഞ്ഞ് അയാൾ റിസോർട്ടിലെ ഓഫിസിലേക്ക് പോയി. തിരികെയെത്തിയത് ഒരു നോട്ട് ബുക്കുമായാണ്. ബുക്കിൽ നിരവധി വിദേശി ദമ്പതികളുടെ ചിത്രങ്ങളും വിവരങ്ങളും. കഴിഞ്ഞ ഇരുപത് വർഷമായി സ്ഥിരമായി സമുദ്രയിലെത്തി താമസിക്കുന്നവരാണ് അധികവും. വിദേശികൾ തന്നെ മെയിൽ ചെയ്ത് നൽകിയ ചിത്രങ്ങൾ ഒരു ഡോക്യുമെന്റിനായി സൂക്ഷിച്ചിരിക്കുകയാണിവർ. ഇവർക്കൊക്കെ കെടിഡിസി സമുദ്ര ഒരു സെക്കൻഡ് ഹോമാണ്. ഡെറക് ജൂൺ കോക്സ്, ആൻഡി, ഹിൽഡ സ്മാൾ, ഇയാൻ, റോവ് എന്നിങ്ങനെ നീളുന്നു പേരുകൾ. അവരുടെ പ്രതികരണങ്ങൾ കൈപ്പടയിൽ എഴുതിയിട്ടുമുണ്ട്.

കൺവെൻഷൻ സെന്ററും ആയുർവേദിക് തെറാപ്പിയും 

കൺവെൻഷൻ സെന്റർ

റിസോർട്ടുകളിൽ കൺവെൻഷൻ സെന്ററുകൾ പുതുമയുള്ള കാര്യമല്ലെങ്കിലും ആയിരം പേരെ ഉൾക്കൊള്ളുന്ന ഒരു ഹാൾ സമുദ്രയിലുണ്ടാകുമെന്ന് കരുതിയില്ല. മനോഹരമായി ലൈറ്റിങ് ചെയ്തിരിക്കുന്നു. ഇതിന് ജിവി രാജ സെന്റർ എന്നാണ് പേര്. ജിവി രാജയുടെ വലിയൊരു ഛായാചിത്രവും കെട്ടിടത്തിന്റെ കവാടത്തിനുള്ളിൽ വച്ചിട്ടുണ്ട്.

ആയുർവേദ തെറാപ്പി സെന്റർ

കൺവെൻഷൻ സെന്ററിന് താഴെയായി ഇരുനൂറിലധികം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണപ്പുരയുമുണ്ട്. ഇവിടെ നിന്നുമിറങ്ങി മുകളിലേക്ക് നടന്ന് നേരെ സ്പാ, ആയുർവേദ തെറാപ്പി എന്നിവ നടക്കുന്ന കെട്ടിടത്തിലേക്ക് ചെന്നു. ഓടിട്ട കെട്ടിടം. ശാന്തിഗിരിയാണ് സെന്ററിന്റെ മേൽനോട്ടം. അകത്തു കയറിയാൽ നല്ല തൈലത്തിന്റെ മണം. എണ്ണത്തോണിയും സ്റ്റീം ബാത്തിങ്ങിനായുള്ള സൗകര്യങ്ങളും ഒരു മുറിയിൽ ഒരുക്കിയിട്ടുണ്ട്.

റൂം താരിഫ്

സമുദ്രയിൽ താമസിച്ച് പോകാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ 

കെടിഡിസി സമുദ്രയിൽ താമസിച്ച് പോകാൻ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയാണ്. ഏറ്റവും അടുത്തുള്ള കോവളം ലൈറ്റ്ഹൗസ് ബീച്ചിലേക്ക് പോയാൽ ലൈറ്റ് ഹൗസിന് മുകളിൽ കയറി കുറച്ച് സമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. താഴെ കടലിൽ കുളിയുമാകാം. വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം, വെള്ളായണി തടാകം എന്നിവ കോവളത്തിന് അടുത്താണ്. തിരുവനന്തപുരം നഗരത്തിൽനിന്നു 14 കിലോമീറ്റർ മാത്രം ദൂരമുള്ളതിനാൽ നഗരത്തിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം കവർ ചെയ്യാം. 

റൂം താരിഫ്

ശംഖുമുഖം കടപ്പുറം, വേളിക്കായൽ, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, ബീമാപ്പള്ളി, ആറ്റുകാൽ ക്ഷേത്രം എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ പകൽ സമയങ്ങളിൽ തിരഞ്ഞെടുക്കാം. ജീവിതത്തിൽ ഒരിക്കലെങ്കിലും താമസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്പോട്ടാണ് കോവളമെന്നതിൽ സംശയം ആർക്കുമുണ്ടാകില്ല. സീസൺ അല്ലാത്ത സമയങ്ങളിൽ ബജറ്റ് ഹോട്ടൽ പോലെ താമസിക്കാൻ കഴിയുന്ന റിസോർട്ടുമാണ് കെടിഡിസി സമുദ്ര. ബുക്കിങ്ങിന് സൗകര്യമുണ്ട്. 

For Booking: 9400008570, samudra@ktdc.com

Click here to read the aricle in English