‘ചേട്ടാ, ഈ വള്ളം മുങ്ങാൻ വല്ല സാധ്യതയുമുണ്ടോ..?ഉള്ളിന്റെയുള്ളിൽ നിന്നു വന്ന ചോദ്യമായിരുന്നു അത്. കുട്ടനാടൻ യാത്രയിലായിരുന്നു. കായലിലെ മഴ കാണാനും മഴക്കാറ്റേല്‍ക്കാനും വന്നതാണ്. പക്ഷേ ഇന്നലെ രാത്രി വരെ ഇടിവെട്ടിപ്പെയ്ത മഴ ഇന്നു നേരം വെളുത്തപ്പോൾ കൂട്ടുവെട്ടി പോയിരിക്കുന്നു. മഴക്കാലത്തിനു തന്നെ പേരുദോഷം കേൾപ്പിക്കും വിധം കനത്ത വെയിൽ. എന്നിട്ടും ആകാശം കൈവിട്ടില്ല. പമ്പയാറിന്റെ കൈവഴികളിലൂടെ തുഴഞ്ഞു തുഴഞ്ഞ് വള്ളം വേമ്പനാട്ടു കായലിലേക്ക് കടന്നതും പതിയെപ്പതിയെ ആകാശവെളുപ്പങ്ങോട്ട് അപ്രത്യക്ഷമായിത്തുടങ്ങി; നേർത്ത കാറ്റ്. ആകാശത്തിന്റെ മുഖം കറുത്തും ഞങ്ങളുടെ മുഖം തെളിഞ്ഞും വന്നു. തൊട്ടുപുറകെ ആദ്യ മഴത്തുള്ളി. രണ്ട്, മൂന്ന്, നാല്...എണ്ണിയാലൊടുങ്ങാത്ത മഴത്തുള്ളികൾ മുഖത്തേക്കടിച്ചു വീഴുന്നതിന്റെ ആഹ്ലാദത്തിൽ ഞങ്ങളോടൊപ്പം വഞ്ചിയും ഒന്നാടിയുലഞ്ഞു.
ചുറ്റിലും തിമിർത്തു പെയ്യുകയാണ് മഴ. കായലിലെ മഴ. വള്ളത്തിനിപ്പോൾ നന്നായി കാറ്റുപിടിച്ചിരിക്കുന്നു. നടുക്കായലിലേക്കു കടക്കാൻ സമ്മതിക്കാത്ത വിധം അത് വഞ്ചിയെ ആടിയുലയ്ക്കുന്നു. അന്നേരം ഉള്ളൊന്നാന്തിയപ്പോൾ അറിയാതെ ചോദിച്ചു പോയതാണ് ‘വള്ളം മുങ്ങുമോ’ എന്ന ചോദ്യം. ജയലാൽ ചേട്ടനായിരുന്നു ഞങ്ങളുടെ സാരഥി. പുള്ളിക്കാരൻ ധൈര്യം തന്നു: ‘ഏയ്, ഇതങ്ങനെയൊന്നും മുങ്ങുന്ന വള്ളമല്ലന്നേ...അഥവാ മുങ്ങിയാൽത്തന്നെ ചുറ്റിനുംനിന്ന് ആൾക്കാർ വഞ്ചികളിൽ പാഞ്ഞെത്തും...’ ആ ധൈര്യത്തിന്റെ ബലത്തിൽ ഒന്നു ചുറ്റിലും നോക്കി. ദൈവമേ, നോക്കെത്താദൂരത്തോളം മഴ തിമിർത്തു പെയ്യുന്ന കായൽ മാത്രം. കനത്ത കാറ്റിൽ തലയറഞ്ഞാടുന്ന തെങ്ങുകൾ. ഒരൊറ്റ മനുഷ്യനില്ല! ഇവിടെ ആര് രക്ഷിക്കാൻ വരുമെന്നാണ്? എന്തായാലും അധികം ആധിയെടുക്കേണ്ടി വന്നില്ല. ഇപ്പോൾ മഴ പെയ്തൊഴിഞ്ഞിരിക്കുന്നു, വെയിൽ തെളിഞ്ഞിരിക്കുന്നു, കായലോളങ്ങൾ നിശബ്ദമായിരിക്കുന്നു. കുട്ടനാട് ഒരു കൊച്ചുസുന്ദരിയായി വള്ളത്തിന്നരികിലൂടെ ഓളംതല്ലിയൊഴുകാൻ തുടങ്ങിയിരിക്കുന്നു...
കിനാവു കണ്ട കൈനകരിയിലേക്ക്...
രാവിലെ ഏഴിനു കോട്ടയത്തു നിന്ന് പുറപ്പെട്ടതാണ്. ചങ്ങനാശേരിയിൽ ചെന്നിറങ്ങി അവിടെ നിന്ന് നെടുമുടി ബസ് കയറാനായിരുന്നു പ്ലാൻ. പക്ഷേ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുമ്പോൾ നെടുമുടിയിലേക്കുള്ള ഒരു ലോ ഫ്ലോർ ബസ് കൃത്യമായി മുന്നിൽ. ഒന്നരമണിക്കൂർ യാത്രയ്ക്കൊടുവിൽ ചങ്ങനാശേരിയും കടന്ന് കൈനകരിയിൽ. പഞ്ചായത്ത് ജംക്‌ഷനിലേക്കുള്ള ഓട്ടോയാത്രയ്ക്കിടെ ഇരുവശത്തും നെൽപ്പാടങ്ങളുടെ സമൃദ്ധി. പക്ഷേ മിക്കയിടത്തും വെള്ളം കെട്ടിനിർത്തിയിരിക്കുകയാണ്, ഇനി മഴ കുറഞ്ഞിട്ടേയുള്ളൂ അടുത്തഘട്ടം കൃഷി. ഇരുവശത്തെയും വെള്ളക്കെട്ടിനു നടുവിലൂടെ ടാറു കൊണ്ടു വരച്ചൊരു കറുത്ത വര പോലെയായിരുന്നു ആ റോഡ്. ‘ഈ റോഡിലേക്ക് വെള്ളം കയറാറുണ്ടോ..?’ എന്ന ചോദ്യം ഓട്ടോച്ചേട്ടൻ പ്രതീക്ഷിച്ചതു പോലെത്തോന്നി. ഒരു പോസ്റ്റിലേക്ക് ചൂണ്ടിക്കാണിച്ച് പുള്ളിക്കാരൻ പറഞ്ഞു: ‘ദാ ആ വര കാണുന്നത്രയും ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്...’ എന്നോ പ്രളയം ബാക്കി വച്ച ഒരു വരപ്പാടുണ്ട് ആ പോസ്റ്റിൽ.
‘ഓട്ടോയ്ക്കൊന്നും പിന്നെ ഇതുവഴി വരാനാകില്ല. ആകെ മടുപ്പാ...’ ആ വാക്കുകളിൽ നിന്നുതന്നെ തിരിച്ചറിയാം ‘മഴ പെയ്യല്ലേ..’ എന്ന ആത്മാർഥമായൊരു പ്രാർഥന. കോട്ടയത്താണെങ്കിൽ 70 രൂപയെങ്കിലും കൊടുക്കേണ്ട ആ ഓട്ടോട്രിപ്പിന് ചേട്ടൻ വാങ്ങിയത് 40 രൂപ! അതിനിടെയാണ് മറ്റൊരു കക്ഷി ഞങ്ങൾക്കടുത്തെത്തിയത് (പുള്ളിയുടെ പേര് മറന്നു) കൈനകരി സ്റ്റോപ്പ് കൃത്യമായി പറഞ്ഞുതന്ന് ബസിൽ നിന്നിറങ്ങാൻ സഹായിച്ചത് കക്ഷിയായിരുന്നു. കൈനകരിയിലെ അനേകം ഷാപ്പുകളിലൊന്നിലെ വിളമ്പുകാരനാണ്. അദ്ദേഹമാണ് ‘ഹിരോഷിമ’യിലേക്ക് ഞങ്ങളെ നയിച്ചത്. പേരുകേൾക്കും പോലെ ദുരന്തപ്രദേശമൊന്നുമല്ല ‘ഹിരോഷിമ’ ഒരു ശിക്കാരവള്ളത്തിന്റെ പേരാണ്.(Contact-9809938393, 9645611315) എട്ടു ചൂരൽക്കസേരയുമിട്ട്, വെയിലുകൊള്ളാതിരിക്കാനുള്ള മേലാപ്പുമെല്ലാമായി അതിങ്ങനെ കടവത്ത് ഒാളത്തിൽ ചാഞ്ചാടി, കുണുങ്ങി നിൽക്കുന്നു. നേരത്തേ കണ്ട കക്ഷി ഞങ്ങളെ നേരെ അതിലേക്ക് നയിച്ചു– സാരഥി ജയലാൽ ചേട്ടനും റെഡി. ഇനിയുള്ള യാത്ര ‘ഹിരോഷിമ’യിലാണ്. അന്നേരം കൗതുകം കൊണ്ടാണ് ചോദിച്ചത്:
‘അതെന്താ ചേട്ടാ വഞ്ചിക്ക് ഹിരോഷിമാന്നുള്ള പേര്...?’
‘അതെന്റെ മകളുടെ പേരാണ്...’
‘ആഹാ, ചേട്ടൻ സഖാവാണല്ലേ...?’
മറുപടിയായി പാർട്ടിപ്പത്രം ഞങ്ങൾക്കരികിലെ കസേരയിലിരുന്നൊന്ന് ഗമ കാണിച്ചു. മറ്റുപത്രങ്ങളും വള്ളത്തിൽ റെഡിയാണ്. പാട്ടുകേൾക്കാനൊരു ഡിവിഡിയുമുണ്ട്, കായലു മുഴുവൻ പാട്ടു കേൾപ്പിക്കാൻ തക്ക കഴിവുള്ളൊരുസെറ്റ് സ്പീക്കറും. നേരം ഒൻപതോടടുക്കുന്നു, ഒന്നും കഴിച്ചിട്ടില്ല. എന്നാൽപ്പിന്നെ ഷാപ്പിൽ നിന്നു തന്നെ തുടങ്ങിയേക്കാമെന്ന് സാരഥിയുടെ കമന്റ്. കിടുക്കാച്ചി ബീഫും കപ്പയും കക്കയും മീനും കിട്ടുന്ന ചെല്ലപ്പൻ ചേട്ടന്റെ ഷാപ്പിലേക്കാണ് വഞ്ചിയടുത്തത്. വിശപ്പേറി നിൽക്കുന്ന നേരം, അതിനേക്കാളുമേറെ വിഭവങ്ങൾ മുന്നിലെ മേശമേൽ. വിഭവസമൃദ്ധമായ പ്രാതൽ. ഇനിയങ്ങോട്ട് അഞ്ചുമണിക്കൂർ ഫുൾ വെള്ളത്തിലാണ്. മണിക്കൂറിന് 400 എന്നു വിലപേശിയെത്തിച്ചാണ് വഞ്ചിയാത്ര. അതാകുമ്പോൾ ജയലാൽ ചേട്ടനും ‘ഇന്നു പിന്നെ വേറൊരു ട്രിപ്പിനും പോകേണ്ട...’ എന്ന സന്തോഷവും.
കൈത്തോടുകള്‍ കടന്ന് കായലിലേക്ക്...
കുട്ടനാടിനു കിഴക്കുഭാഗത്തായാണ് കൈനകരി എന്ന ചെറുതുരുത്ത്. റോഡുകൾക്കു പകരം തുരുത്തിനിടയിലൂടെ തലങ്ങും വിലങ്ങും കൈത്തോടുകളാണ്. അതിലൂടെയാണ് ശിക്കാരവള്ളങ്ങളുടെയും ചെറുവഞ്ചികളുടെയും ഹൗസ്ബോട്ടുകളുടെയുമെല്ലാം യാത്ര. കൈത്തോടിന്റെ വളവിൽ നീട്ടി ഹോണടിച്ചേക്കണം, അല്ലെങ്കിൽ കൂട്ടിയിടി ഉറപ്പ്. ഒരു ഭീഷണി കൂടിയുണ്ട്– ഇടയ്ക്കിടെ സമീപത്തു കൂടെ കടന്നു പോകുന്ന ജലഗതാഗത വകുപ്പു വക (കെഎസ്ഡബ്ല്യുടിഡി) ബോട്ടുകൾ. ഒരു വള്ളപ്പാട് അകലെയാണെങ്കിൽപ്പോലും ബോട്ട് പോകുമ്പോഴുണ്ടാകുന്ന ‘തിരത്തള്ളലിൽ’ ശിക്കാരവള്ളം വല്ലാതെയൊന്നുലയും. അങ്ങനെ യാത്ര തുടരവേ കണ്മുന്നിലാകെ കാഴ്ചകളുടെ പ്രളയമാണ്. ഓരോ വീടിനു മുന്നിലൂടെയും ഒഴുകി അനുഗ്രഹിക്കുകയാണ് പമ്പയാർ. ഓരോരുത്തർക്കും ‘സ്വന്തമായുണ്ട്’ ഓരോ കടവ്. അവിടെ തുണിയലക്കും മീൻപിടിത്തവും കുളിയും പാത്രം കഴുകലുമൊക്കെയായി ആകെ ബഹളം. അതിനിടയിലും വള്ളത്തിൽ കൊണ്ടുപോകുന്ന ശുദ്ധജല ടാങ്കുകളോട് കൗതുകം. കിണറ്റിലേക്ക് ഓരുവെള്ളമിറങ്ങുന്നതിനാൽ കൈനകരിക്കാർക്ക് കുടിവെള്ളത്തിന് പുറംലോകത്തെ ആശ്രയിക്കുകയേ വഴിയുള്ളൂ. കുട്ടനാട്ടിലെ വൻതോതിലുള്ള കീടനാശിനി പ്രയോഗവും വെള്ളത്തെ മലിനമാക്കുന്നുണ്ട്. എന്തായാലും മഴക്കാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കുട്ടനാട്ടുകാരിപ്പോൾ. കായലിൽനിന്നു ചെളി വാരി ബണ്ട് കെട്ടിപ്പൊക്കണം. അല്ലെങ്കിൽ വീട്ടിലേക്കും കൃഷിയിടത്തിലേക്കുമെല്ലാം വെള്ളം കയറും. എക്കലടിഞ്ഞു കറുത്ത, പശിമയുള്ള ചെളിക്കട്ടകൾ ചെറുവള്ളങ്ങളിൽ ഞങ്ങൾക്കരികിലൂടെ ഇടയ്ക്കിടെ കടന്നുപോകുന്നുണ്ട്. എത്ര ബണ്ടു കെട്ടിയാലും മഴയൊന്നു മനസ്സു വച്ചാൽ തകർക്കാവുന്നതേയുള്ളൂ കുട്ടനാട്ടുകാരുടെ മനസ്സും ഈ ബണ്ടുകളും. അതവർക്ക് അറിയാവുന്നതുമാണ്. എങ്കിലും ഒരു അനുഷ്ഠാനം പോലെ ഓരോ മഴക്കാലത്തും അവർ ഈ ബണ്ടുകെട്ടൽ തുടർന്നുകൊണ്ടേയിരിക്കുന്നു...
അതാണ് ‘മൈ ബോസ്’ കടവ്!!
കുട്ടനാടൻ കായൽയാത്രയിൽ ഇപ്പോഴൊരു പുതിയ ടൂറിസം ട്രെൻഡ് കൂടിയുണ്ട്– അത് സിനിമാ ലൊക്കേഷൻ പരിചയപ്പെടുത്തലാണ്. കൈത്തോടിനരികിലെ രണ്ട് വീടുകൾ ചൂണ്ടിക്കാട്ടിയാണ് ജയലാൽ ചേട്ടൻ അതിന് തുടക്കമിട്ടത്. ‘ആ കാണുന്നതാണ് സൗണ്ട് തോമയിലെ നായികയുടെയും മുകേഷിന്റെയും വീടുകൾ...’ പിന്നീടൊരിടത്തെത്തിയപ്പോൾ ‘ആ ബോട്ട് ജെട്ടിയിലാണ് ‘മൈ ബോസ്’ സിനിമയിൽ മമ്തയും ദിലീപും വന്നിറങ്ങിയത്...’ എന്ന ഡയലോഗ്. പിന്നെയാണറിഞ്ഞത് ഞങ്ങളിപ്പോൾ പോകുന്ന തോട്ടിലൂടെ പണ്ട് കുഞ്ചാക്കോ ബോബൻ വഞ്ചിയോടിച്ചിട്ടുണ്ടെന്ന്. ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രത്തിൽ. മലയാള സിനിമയുടെ പ്രിയ ലൊക്കേഷൻ കൂടിയാണിപ്പോൾ കൈനകരി. കായലിൽ പലയിടത്തും ചെറുവള്ളങ്ങളില്‍ ഒട്ടേറെപ്പേർ മീൻ പിടിക്കുന്നുണ്ട്– ചൂണ്ടയിട്ടും വലയെറിഞ്ഞും. ലൈവ് ആയി വള്ളത്തിൽ വച്ചുതന്നെ വിലയുറപ്പിച്ചാണ് മീൻ വിൽപന.
മഴ പെയ്തൊഴിഞ്ഞ ശേഷം ഇപ്പോൾ തെളിഞ്ഞ കാലാവസ്ഥയാണ്. ശുദ്ധമായ കായൽക്കാറ്റും. വാഹനങ്ങളുടെ അതിപ്രസരമൊന്നുമില്ല കൈനകരിയിൽ. തുരുത്തിലുള്ളവർക്ക് പുറംലോകത്തെത്തണമെങ്കിൽ കടത്തോ ബോട്ടോ വേണം. പാലമൊരെണ്ണം തയാറായി വരുന്നുണ്ട്. പക്ഷേ വണ്ടികളെത്തിക്കാൻ വഴിയുണ്ടായാലും കൈനകരിയിലൂടെ ഓടിച്ചു പോകാൻ ഇടമില്ലല്ലോ! ഇപ്പോൾ കൈനകരിയുടെ അന്തരീക്ഷത്തെ മലിനമാക്കാൻ ആകെക്കൂടെയുള്ളത് ബോട്ടുകളിൽ നിന്നുള്ള പുക മാത്രമാണ്. അതുപക്ഷേ നാട്ടിലെ റോഡുകളുമായി തട്ടിച്ചു നോക്കിയാൽ ഒന്നുമല്ല താനും.
കൈവഴികൾ കടന്ന് ഇനി നേരെ ചെല്ലുന്നത് വേമ്പനാട്ടു കായലിലേക്കാണ്. അതോടെ തലങ്ങും വിലങ്ങും ഹൗസ് ബോട്ടുകളും കണ്ടുതുടങ്ങി. സീസണല്ലാത്തതിനാൽത്തന്നെ വിദേശികളെയൊന്നും പേരിനു പോലും കാണാനില്ല, പക്ഷേ സ്വദേശി ടൂറിസ്റ്റുകള്‍ക്ക് ഒരു കുറവുമില്ലതാനും. കൈനകരിയിൽ നിന്ന് ആർ ബ്ലോക്കിലേക്കു കടക്കുമ്പോഴാണ് നെൽപ്പാടങ്ങളുടെ വിസ്തൃതിയും വിസ്മയവും കണ്ണിൽത്തെളിയുക. ഇടയ്ക്ക് ആളൊഴിഞ്ഞ ബണ്ടുകളിലൊന്നില്‍ വഞ്ചിയടുപ്പിച്ച് ചുറ്റിക്കറങ്ങാനും അവസരമുണ്ട്. വീണ്ടും യാത്ര തുടരുമ്പോഴാണ് ജയലാൽ സാരഥിയുടെ അടുത്ത വാഗ്ദാനം: ‘സെൽഫിയെടുക്കാൻ പറ്റിയ ഒരുഗ്രൻ സ്ഥലം കാണിച്ചുതരാം...’ കായലരികത്ത് ഹൗസ് ബോട്ടുകൾക്കായി തയാറാക്കിയ പുതിയ സ്റ്റോപ്പ് പോയിന്റായിരുന്നു അത്. ‘സാരഥി’ പറഞ്ഞത് സത്യമാണ്. നീളത്തിൽ പണിതുയർത്തിയിരിക്കുന്ന സ്റ്റോപ് പോയിന്റിൽ സെൽഫിസാധ്യതകളുടെ പൊടിപൂരം.
പച്ചമീൻ @ ‘ലൈവ്’ പൊരിക്കൽ!
കുട്ടനാട്ടിലെ ഷാപ്പിലെ ഊണ് കഴിക്കാൻ മറക്കരുതെന്ന് ഒരു സുഹൃത്ത് ചട്ടം കെട്ടിയിട്ടുണ്ട്. അങ്ങനെയാണ് ഷാപ്പും ഹോട്ടലും ചേർന്ന ഒരുവീട്ടിലേക്ക് വഞ്ചിയടുപ്പിക്കുന്നത്. കൈകഴുകി റെഡിയായപ്പോൾ ഒരു വലിയ പാത്രവുമായി വിളമ്പുകാരനെത്തി. ദൈവമേ, പാത്രം നിറയെ പച്ചമീൻ! ഇതാണോ ഷാപ്പിലെ ആ വിഖ്യാത ഊണിന്റെ കറി? സംഗതി അതൊന്നുമല്ല. നമ്മൾ ചൂണ്ടിക്കാണിക്കുന്ന മീനിനെ കറിവച്ചോ പൊരിച്ചോ തരും. കുറച്ച് കാത്തിരിക്കണമെന്നു മാത്രം. കരിമീനും വരാലും കൊഞ്ചുമെല്ലാം കറിപ്പാത്രം സ്വപ്നം കണ്ടെന്ന മട്ടിൽ റെഡിയായി കിടപ്പുണ്ട്. പക്ഷേ വിലയ്ക്ക് ഒരു മയവുമില്ല. മറ്റിടങ്ങളിൽ ഊണിനൊപ്പം സാമ്പാർ ‘ഡിഫോൾട്ട്’ ആയി കിട്ടുന്നതു പോലെ കുട്ടനാട്ടിലെ ചോറിനൊപ്പം നല്ലൊന്നാന്തരം മീൻകറിയാണ്. വിശപ്പു മാറുവോളം കഴിക്കാം. ഭക്ഷണത്തിനൊടുവിൽ യാത്ര അവസാന ലാപ്പിലേക്കടുക്കുകയാണ്. പതിയെപ്പതിയെ വഞ്ചി യാത്ര തുടങ്ങിയയിടത്തു തന്നെ അടുത്തു, പക്ഷേ കായൽ യാത്ര തീർന്നിട്ടില്ല. ഇനി ആലപ്പുഴയിലേക്ക്. അതും സർക്കാർ വക ബോട്ടിൽ.
വഴിമാറിക്കോ, ഞങ്ങടെ ബോട്ട് വരുന്നത് കണ്ടില്ലേ...
നേരം മൂന്നരയാകുന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ കെഎസ്ഡബ്ല്യുടിഡി ബോട്ടെത്തി. രണ്ടു നിലയാണ്; മുകളിലേക്ക് ഓടിക്കയറി. അധികമാരുമില്ല. ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ്. ഒന്നു വിളിച്ചു കൂവിയാൽ കേൾക്കാകുന്നത്ര ദൂരത്തുള്ള ബോട്ടുജെട്ടികളിലെല്ലാം നിർത്തിയാണ് യാത്ര. സ്കൂൾ വിട്ട സമയമാണ്. കുട്ടിക്കൂട്ടം സകല കലപിലയോടും കൂടെ ബോട്ടിലേക്ക് ചാടിക്കയറുന്നുണ്ട്. പക്ഷേ ആരും മുകളിലേക്കു വരുന്നില്ല–ഇതെല്ലാം ഞങ്ങളെത്ര കണ്ടതാണെന്ന മട്ട്. കായലോരത്തെ ക്ഷേത്രങ്ങളും സ്കൂളുകളും പള്ളികളും പാടങ്ങളും വീടുകളുമെല്ലാം കണ്ടുകണ്ടുള്ള ആ യാത്രയിലേക്ക് അൽപം കൂടി കഴിഞ്ഞപ്പോൾ മറ്റൊരു ‘ഭീഷണി’ കൂടിയെത്തി. തലങ്ങും വിലങ്ങും പായുന്ന നൂറുകണക്കിന് ഹൗസ് ബോട്ടുകൾ. കടവിനോട് അടുക്കുമ്പോഴായിരിക്കും ഏതെങ്കിലുമൊരു ഹൗസ് ബോട്ട് ‘കീരിക്കാടൻ’ സ്റ്റൈലിൽ വിരട്ടലുമായെത്തുക. പിന്നെ അതിനെ ഹോണടിച്ചോടിക്കുന്നതു വരെ തനിക്കൊരു വിശ്രമമില്ലെന്ന മട്ടിലാണ് ഡ്രൈവറുടെ നീക്കങ്ങൾ. ‘എടുത്തോണ്ടു പോടാ നിന്റെ ഹൗസ്ബോട്ട്’ എന്നൊരു ചീത്തപറച്ചിൽ കേൾക്കാതെ കേൾക്കാം ഓരോ ഹോണടിയിലും. കാര്യമെന്തൊക്കെയാണെങ്കിലും സർക്കാർ ബോട്ടിനെ വെല്ലുവിളിച്ചും പിന്നെ തലകുനിച്ചും കുണുങ്ങിക്കുണുങ്ങിയുമുള്ള ഹൗസ് ബോട്ടുകളുടെ യാത്ര കായലിലെ രസികൻ കാഴ്ചകളിലൊന്നാണ്.
കായൽ‘വര’ച്ചിത്രങ്ങളിലൂടെ...
നാലരയോടെ ആ യാത്ര ആലപ്പുഴയിൽ തീർന്നു. 5.15ന് കോട്ടയത്തേക്കുള്ള ബോട്ടെത്തും. 16 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ ബോട്ടിനു പക്ഷേ ഡെക്കൊന്നുമില്ല. കട്ടപ്പുറത്തു കയറ്റാറായ കെഎസ്ആർടിസിയെ ഓർമിപ്പിക്കും പോലൊരു ബോട്ട്. പക്ഷേ കോട്ടയത്തേക്ക് യാത്ര തുടങ്ങിയതോടെ മനസിലായി, ലുക്കിലല്ല പെർഫോമൻസിലാണു കാര്യമെന്ന്. കായൽപ്പരപ്പിനെ ഒരു ദാക്ഷിണ്യവുമില്ലാതെ വശങ്ങളിലോട്ട് തുഴഞ്ഞുമാറ്റി പറപറക്കുകയാണ് ആ സർക്കാർ ബോട്ട്.
ഇനിയങ്ങോട്ട് കുറേനേരത്തേക്ക് നേരത്തേ കണ്ട കാഴ്ചകൾ തന്നെയാണ്. പക്ഷേ കാൻവാസ് മൊത്തം മാറിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങോട്ടു വരും വഴി വെയിൽത്തെളിച്ചത്തിലുള്ള കാഴ്ചയായിരുന്നെങ്കിൽ ഇനിയങ്ങോട്ട് ഇരുളും വെളിച്ചവും തീർക്കുന്ന അതിമനോഹരചിത്രങ്ങളാണ് കായലോരം നിറയെ. കാറ്റ് കീറിവിട്ട ഇലകളും വിറപ്പിച്ച് നിൽക്കുന്ന വാഴകള്‍, ഒറ്റപ്പെട്ടു പിണങ്ങി നിൽക്കുന്ന മരങ്ങൾ, കായൽക്കാറ്റിനോട് സൊറ പറഞ്ഞു ചിരിക്കുന്ന തെങ്ങോലകള്‍. ഒരു മണിക്കൂർ മുൻപേ പച്ചവിരിച്ചു നിന്ന ഇവയെല്ലാം ഇപ്പോൾ നിഴൽച്ചിത്രം പോലെ കറുപ്പിലേക്കു കൂടുമാറിയിരിക്കുന്നു. നീലാകാശം പ്രതിഫലിക്കുന്ന കായൽപ്പരപ്പും തീരത്തെ തെങ്ങും വാഴ–മരക്കൂട്ടങ്ങളുമെല്ലാം ക്യാമറയ്ക്ക് സമ്മാനിക്കുക ഓരോരോ പെയിന്റിങ്ങുകളായിരിക്കും, ഉറപ്പ്. രാത്രിയാകും തോറും ആ ഭംഗി കൂടിക്കൂടി വരുന്നു.
യാത്ര തീരുകയാണ്. കാഞ്ഞിരം ബോട്ടുജെട്ടിയാണ് കോട്ടയത്തിന്റെ സ്റ്റോപ്. അവിടെ നിന്നുള്ള അവസാന ബസും പോയിരിക്കുന്നു. 150 രൂപ കൊടുത്താൽ ഓട്ടോയിൽ കോട്ടയം ടൗണിലെത്താം. ഒരു പകലിന്റെ യാത്രയങ്ങനെ പതിയെ രാത്രിയുടെ കടവിലേക്കണഞ്ഞു തീരുന്നു. ഇപ്പോൾ, ഇതെഴുതുമ്പോൾ വെറുതെ ഓർത്തു. എന്നാലും അത്രയും നാൾ തിമിർത്തു പെയ്ത മഴ ആ ദിവസം മാത്രമെന്തായിരിക്കും മടിപിടിച്ചു നിന്നത്?
അന്നേരമാണ് ആ ചങ്ങാതി പറഞ്ഞതോർത്തത്:
‘അതിപ്പോൾ ആരേലും ആശിക്കണ സമയത്ത് പെയ്യണ ഒന്നല്ലല്ലോ മഴയും പ്രണയവും...’