മൂന്നാറിൽ രാപാർക്കാനൊരു കൊട്ടാരം: ടീ കൗണ്ടി

ktdc-tea-county-munnar
SHARE

മഞ്ഞിൻ പാളി പോലെ വിശുദ്ധമായ കുറേയനുഭവങ്ങളുടെ കഥക്കൂട്ട് മനസിലൊരിടത്ത് എഴുതിയിടാൻ ഇടയ്ക്കിടെയിങ്ങനെയൊരു യാത്ര നല്ലതാണ്...അത് നമ്മെ പുനർജനിപ്പിക്കും...പുതുമഴ നനഞ്ഞ വരണ്ട മണ്ണിനെ പോലെ നമ്മൾ പുനർജനിക്കും. ഇങ്ങനെ മണ്ണിനോടും മഴയോടും മഞ്ഞിനോടും ചേർന്നിരുന്നു കുറേ ദിനങ്ങൾ ചെലവഴിക്കാൻ നിങ്ങൾ കൊതിക്കുന്നുണ്ടെങ്കിൽ...ആ സ്വപ്ന യാത്ര ചെന്നു നിൽക്കേണ്ടത് മൂന്നാറിലും കൂടിയാണ്. രാപകലിന്റെ ഏതു നിമിഷ നേരത്തും എവിടേയ്ക്കൊന്നു കൺതുറന്നാലും ചന്തമുള്ള കാഴ്ചകൾ മാത്രമേയുള്ള മൂന്നാറിനെ അനുഭവിച്ചു തന്നെയറിയണം... അതിനൊരിടത്ത് രാപാർക്കണം നമ്മൾ...മൂന്നാറിലെ അനേകം മലമേടകളിലൊന്നിൽ ഉയർന്നു നിൽക്കുന്ന ടീ കൗണ്ടി എന്ന റിസോർട്ട് ഈ അനുഭവത്തെ അറിഞ്ഞു വരാൻ നമുക്കുള്ളൊരിടമാണ്.

Tea County Munnar | KTDC Hill Resort | Hill Stations, Kerala Tourism | Manorama Online

മൂന്നാറിലെ സൗന്ദര്യത്തിലേക്ക് ഒരേ ദൂരം

ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുന്ന മൂന്നാറിൽ താമസിച്ചു മടങ്ങാൻ പറ്റിയൊരിടമാണ് മലമേട്ടിലേക്കു മിഴി ചിമ്മി നില്‍ക്കുന്ന റാന്തൽ വിളക്കുള്ള കെടിഡിസി ടീ കൗണ്ടി ‌റിസോർട്ട്. പതിനെട്ടു വർഷം മുൻപാണ് മൂന്നാറിൽ ഈ സുഖവാസകേന്ദ്രം ഉയർന്നുപൊങ്ങിയത്. കെടിഡിസിയുടെ റിസോർട്ട് ആണെങ്കിലും ടീ കൗണ്ടി ആ മേൽവിലാസത്തിനപ്പുറം സഞ്ചരിച്ചു പോകുന്നു. പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും മാത്രമുള്ള മൂന്നാറിലെ ഏറ്റവും പ്രാദേശികമായൊരിടത്തെ ഒരു ചെറുമലയ്ക്കു മുകളിൽ പരന്നു കിടക്കുന്ന കൊട്ടാരം. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലേക്കും മാട്ടുപ്പെട്ടിയിലെ സൂര്യോദയത്തിലേക്കും നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുള്ള ഇരവികുളം ദേശീയോദ്യാനത്തിലേക്കും പിന്നെ എണ്ണിയാലൊടുങ്ങാത്ത മലമേടുകളിലേക്കും സ്വപ്നങ്ങൾ കണ്ട് യാത്ര ചെയ്യാൻ മൂന്നാർ ടൗണിൽ സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയിൽ നിന്ന് ഒരേ ദൂരമാണ്.

Munnar
മൂന്നാർ ടീകൗണ്ടിയിൽ നിന്നുള്ള ദൃശ്യം

റിസോർട്ടിന്റെ ഏതൊരിടത്തു നിന്നു നോക്കിയാലും മലമടക്കുകളിൽ ഒളിപ്പിച്ച മൂന്നാർ സൗന്ദര്യത്തെ കാണാനാകും. മൂന്നാറിലെ പുലരിയും മഴമേഘപ്പറക്കലും കോടമഞ്ഞിറക്കവുമെല്ലാം പ്രകൃതിയ്ക്കും നമുക്കുമിടയിൽ മറ്റേതൊരു മാധ്യമത്തിന്റേയും സാന്നിധ്യമില്ലാതെ അനുഭവിച്ചറിയാം. ഇവിടുത്തെ ഇടനാഴികളിൽ പ്രകൃതി അതിന്റെ സമസ്ത ഭംഗിയോടും കൂടി നിഴലായി കിടക്കുന്നു.

ktdc-tea-county-munnar-3
KTDC Tea County Munnar

മൂന്നാറിലെ ആകാശം

കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കുഞ്ഞരുവിയില്‍ നിന്നു ചിന്നിച്ചിതറി പറന്നുപൊങ്ങുന്ന മുത്തുമണിയോളം പോന്ന വെള്ളത്തുള്ളികൾ...അവ കല്ലിൽ തട്ടി തെറിച്ചുപോകുന്നതു നോക്കിനിൽക്കാൻ നല്ല ചേലാണ്...അതുപോലെയാണു മൂന്നാറും...ആ ജലത്തുള്ളികൾ പോലെ ചിതറിക്കിടക്കുകയാണ് മൂന്നാറിലെ കാഴ്ചകളും...മധുരപ്പുഴയും നല്ലത്താണിപ്പുഴയും കുണ്ഢലിപ്പുഴയും ഒന്നു ചേരുന്ന നാടിനെ മൂന്നാർ എന്നു പേരിട്ടു വിളിച്ചു മലനാട്... ചുരുക്കി പറഞ്ഞാൽ മൂന്നാറിൽ എവിടെ നിന്നു നോക്കിയാലും നമ്മളൊരിക്കലും മറക്കാത്ത പ്രകൃതി സൗന്ദര്യമുണ്ട്. അതിൽ മുങ്ങിയങ്ങു ഒഴുകി നടക്കുമ്പോൾ മറന്നുപോകരുത് മൂന്നാറിന്റെ ആകാശം കാണാൻ. ആ അന്തരീക്ഷത്തെ സ്വർഗതുല്യമായ അനുഭൂതി അറിയാൻ. മൂന്നാറിന്റെ അന്തരീക്ഷത്തിന് നമുക്കുള്ളിലെ എല്ലാ സമ്മർദ്ദങ്ങളേയും നിരാശകളേയും കെട്ടഴിഞ്ഞ പട്ടം പോലെ പറത്തിവിടാനുള്ള മാന്ത്രികതയുണ്ട്. സ്വന്തം വീട്ടിലെന്ന പോലെ അല്ലെങ്കിൽ ആത്മസുഹൃത്തിന്റെ വീട്ടിലെന്ന പോലെയിരുന്ന് ആ പ്രകൃതിയെ അനുഭവിച്ചറിയാൻ‌ ടീ കൗണ്ടിയല്ലാതെ മറ്റൊരിടം മൂന്നാറിലുണ്ടോയെന്നു സംശയമാണ്.

പൂന്തോട്ടങ്ങളുടെ വീട്

ktdc-tea-county-munnar-2
Royal Suite Room

ടീ കൗണ്ടിയിലെത്തുന്നവരെല്ലാം ഒരുപൊലെ പറയുന്നതാണ് ഇവിടുത്തെ പൂക്കളുടെ ഭംഗി. അറുന്നൂറ് റോസ ചെടികളാണ് നാല് പൂന്തോട്ടങ്ങളിലായി വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ 150 നു മുകളിൽ വെറൈറ്റിയുമുണ്ട്. ഏക റോയൽ സ്യൂട്ടിനെ അലങ്കരിക്കുന്നത് വിവിധ നിറങ്ങളിലുള്ള ആൻഡ്രീനിയം പുഷ്പങ്ങളാണ്. ഫ്യൂസിയ, ഇംപേഷ്യൻസ് തുടങ്ങിയ പുഷ്പങ്ങളുമുണ്ട്. റിസോർട്ട് നിൽക്കുന്നയിടം മുൻപ് കാട് ആയിരുന്നു. ആ കാട്ടിലെ പരമാവധി മരങ്ങൾ നിലനിർത്തിക്കൊണ്ടാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. ആകാശത്ത് കൂടാരം കെട്ടി നിൽക്കുന്ന മരക്കൂട്ടങ്ങളാണെങ്ങും. അവയുടെ ഇലകളുടെ ചെറിയ വിടവിലൂടെ മാത്രമേ സൂര്യപ്രകാശത്തിന് കടന്നുവരാൻ കഴിയൂ. ഇവയുടെ ഇലകൾ വീണ വഴികളിലൂടെ വേണം റിസർട്ടിലെ ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു പോകാൻ.

ktdc-tea-county-munnar-1
Suite Room

രാജകീയം ഈ മുറികൾ...

എട്ട് ഏക്കറിൽ നിലനിൽക്കുന്ന ടീ കൗണ്ടിയിൽ 67 റൂമുകളാണുള്ളത്. ഡീലക്സ്, പ്രീമിയം, സ്യൂട്ട്, റോയൽ സ്യൂട്ട് എന്നിങ്ങനെയുള്ള വിവിധ തരം മുറികള്‍. ഡീലക്സ് റൂമുകളാണ് അധികവും. 36 എണ്ണം. 26 പ്രീമിയം റൂമുകളും നാല് സ്യൂട്ടുകളും ഒരു റോയല്‍ സ്യൂട്ടും. എല്ലാ റൂമിനുമുണ്ട് ഒരു പ്രത്യേക ഭംഗി. നടുമുറ്റങ്ങളുടെ ഭംഗിയും പിന്നെ നാലു ദിക്കിലുമുള്ള കാഴ്ചകളും കൂടിയാകുമ്പോൾ മുറികളിലെ വ്യത്യാസമെല്ലാം അപ്രസക്തമാകുമെന്നാണു വാസ്തവം.

ktdc-tea-county-munnar-17
Premium Room

രാജകീയ ഭംഗിയുള്ള ഫർണിച്ചറുകളാണ് എല്ലാ മുറിയിലും. മലമുകളിലേക്കു തുറക്കുന്നു ഓരോ മുറിയുടെയും ബാൽക്കണി. മലയിറങ്ങുന്ന മഞ്ഞിനേയും മഴയേയും കരിനീല മലകളേയും തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പാറിപ്പറന്നുപോകുന്ന മേഘക്കൂട്ടങ്ങളേയും ചാഞ്ഞും ചരിഞ്ഞും പറന്നകലുന്ന പേരറിയാ പക്ഷികളെയുമെല്ലാം ഇവിടെയിരുന്ന് കണ്ടിരിക്കാം. കിളികളുടെ നാദവും കാറ്റില്‍ ഇളകുന്ന മരക്കൂട്ടങ്ങൾക്കിടയിൽ നിന്നുയരുന്ന മൂളലുമല്ലാതെ മറ്റൊരു ശബ്ദവും ഈ മുറികളിലേക്കു കടന്നുവരില്ല.

ശാന്തമീ രാപ്പകലുകൾ....

ktdc-tea-county-munnar-8
KTDC Tea County Reception area

ഒരിക്കൽ നിശബ്ദ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിലെത്തിയ അമിതാഭ് ബച്ചൻ ടീ കൗണ്ടിയിലാണ് താമസിച്ചത്. ഒരു പ്രീമിയം റൂമിൽ. ഇന്ന് ആ റൂമിന് സമീപത്തായാണ് ടീ കൗണ്ടിയിലെ ഏറ്റവും മനോഹരമായ റോസ ചെടി പൂന്തോട്ടമുള്ളത്. താമസിച്ചു മടങ്ങുമ്പോൾ ബച്ചൻ പറഞ്ഞതും ടീ കൗണ്ടിയുടെ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. ശാന്തത മാത്രമുള്ള ടീ കൗണ്ടിയെ കുറിച്ച്....

ktdc-tea-county-munnar-10
KTDC Tea County Restaurant

താഴേക്ക് തലതാഴ്ത്തിക്കിടന്നു മിഴി ചിമ്മുന്ന അനേകം ദീപങ്ങളുണ്ട്. ഭക്ഷണശാലയുടെ ഒരു വശ‌ം നിറയെ ജനലുകളാണ്. നിനച്ചിരിക്കാതെയാണ് മഞ്ഞും മഴയും വന്നുപോകുന്നതയിടമാണ് മൂന്നാറെന്ന് അവിടെയിരുന്നു ഭക്ഷണം കഴിക്കാൻ നേരം നമുക്ക് മനസിലാകും.

ktdc-tea-county-munnar-11
ടീകൗണ്ടിയിലെ ചില ഭക്ഷണയിനങ്ങൾ

കോടമഞ്ഞിറങ്ങുന്നതു കണ്ട്...

കോടമഞ്ഞിറങ്ങുന്നതു കണ്ടുകൊണ്ടൊരു കട്ടൻ ചായ കുടിയ്ക്കണം....പ്രിയ പുസ്തകത്തിലെ പലവട്ടം വായിച്ച വരികളിലെ ഇടയ്ക്കിടെയൊന്നു പോയിവരണം....പിന്നെ എന്നെന്നും കൊതിപ്പിക്കുന്ന കുറേ രുചിക്കൂട്ടുകളെ അറിയണം...മഞ്ഞ് വരുന്നതും പോകുന്നതും ചാഞ്ഞ് പെയ്യുന്ന മഴയും കണ്ടിരുന്നു ആ രുചികളെ നാവിൻ തുമ്പത്തു നിർത്തണം...ഇങ്ങനെയൊക്കെ കൊതിക്കുന്നുണ്ടെങ്കിൽ ടീ കൗണ്ടിയിലെ ഭക്ഷണപ്പുര നിങ്ങൾക്ക് ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ്. അവിടത്തെ മാനേജരുടെ വാക്കുകൾ കടമെടുത്താൽ...ഭാഗ്യമുണ്ടേൽ കാടിന്റെ രാജാക്കൻമാരെ പോലെ ആനക്കൂട്ടങ്ങൾ അങ്ങകലെ മലമേട്ടിൽ പതിയെ നടന്നകലുന്നതും കാണാം ഇവിടെയിരുന്നാൽ....

ktdc-tea-county-munnar-7
KTDC Tea County Munnar

കൊളോണിയൽ ശൈലിയിലാണ് ടീ കൗണ്ടിയിലെ ഭക്ഷണപ്പുര. അതുകൊണ്ട് ഏതൊക്കെയോ സിനിമകളിൽ കണ്ടതുപോലെ ഒരു പുതപ്പൊക്കെ പുതച്ചിരുന്ന് പുസ്തകം വായിച്ച് ഭക്ഷണം കഴിച്ചിരിക്കാം. ഭക്ഷണം കഴിക്കാനായി മാത്രം ടീ കൗണ്ടിയിലെത്തുന്നവർ കുറവാണ്. എല്ലാത്തരം ഭക്ഷണവും ടീ കൗണ്ടിയിൽ ലഭ്യമാകും. കാരണം ടീ കൗണ്ടിയിൽ താമസിക്കാനെത്തുന്നത് നാനാഭാഗത്തു നിന്നുള്ളവരാണ്്. വിവിധ തരം ഭക്ഷണ ശൈലികളെ കൂട്ടിയോജിപ്പിച്ചാണ് ബുഫേ തയ്യാറാക്കാറ്. കഴിച്ച ഭക്ഷണത്തിനും അസാധ്യ രുചിയാണെന്നു പറയാതെ വയ്യ. മീൻ കറിയും പ്രോൺ ബിരിയാണിയ്ക്കും എന്തിനു ഒരു ഗ്ലാസ് കട്ടൻ ചായയ്ക്കും പോലും നല്ല രുചിയാണ്.

ktdc-tea-county-munnar-16
KTDC Tea County Room Tariff

നീലക്കുറിഞ്ഞികൾ പൂക്കുന്ന....

പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും മഞ്ഞിൻ പാളിയെ വകഞ്ഞെത്തുന്ന സൂര്യരശ്മികളും കാടിറങ്ങി വരുന്ന മഴ മലമ്പാതകളിലേക്ക് ഇറങ്ങിവരുന്ന കാടിന്റെ സന്തതികളുമൊക്കെയാണ് മൂന്നാർ നൽകുന്ന അപൂർവ്വ കാഴ്ചകൾ. പുതിയ ജീവിതത്തിലേക്കു നടന്നു തുടങ്ങിയവരും തിരക്കിൽ നിന്ന് ഓടിയെത്തുന്നവരുമൊക്കെ പോകാൻ കൊതിക്കുന്ന ഇടം. അതുകൊണ്ട് മൂന്നാര്‍ എപ്പോഴും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. കെടിഡിസി ടീ കൗണ്ടിയുടെ മനോഹാരിതകേട്ടറിഞ്ഞ് എത്തുന്നവരാണ് അധികവും. ഒരിക്കൽ വന്നു പോയവർ മൂന്നാറിലെത്തിയാൽ പിന്നെ താമസിക്കാൻ മറ്റൊരിടം അന്വേഷിക്കാറില്ല. ഈ വർഷം നീലക്കുറിഞ്ഞി പൂക്കുന്ന വർഷമാണ്...ടീ കൗണ്ടിയും പ്രതീക്ഷയിലാണ് സഞ്ചാരികൾ നീലക്കുറിഞ്ഞിപ്പാടം കണ്ടുമടങ്ങാൻ എത്തുമെന്ന്...

ktdc-tea-county-munnar-13
KTDC Tea County Lawn

കൊതിപ്പിക്കും ആ വഴികൾ

മൂന്നാർ ടൗണിലേക്കുള്ള യാത്ര തന്നെ വളഞ്ഞു പുളഞ്ഞ മലമ്പാതകളും കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളും മലമടക്കുകളും കണ്ടുകൊണ്ടാണ്....മൂന്നാർ ടൗണിൽ തന്നെയാണു കെടിഡിസി ടീ കൗണ്ടി...കുറച്ചു നേരം വിശ്രമിക്കാം...പിന്നെ മൂന്നാർ കാണാനിറങ്ങാം...എന്നു ചിന്തിച്ചു പോകുന്നവരുടെ മനസിലൊരു കൊളുത്തിട്ട് നിർത്തും ടീ കൗണ്ടി...അത്രയേറെ ഭംഗിയുണ്ട് ഈ വഴികൾക്കു. റോസ പുഷ്പങ്ങള്‍ പുഞ്ചിരിച്ചു നിൽക്കുന്ന, വൻ മരങ്ങളുടെ ഇലകൾ അടർന്നു വീണു കിടക്കുന്ന കൽവഴികള്‍ പ്രിയപ്പെട്ട പാട്ടു േകട്ട് മഞ്ഞു കൊണ്ട് കയ്യിലൊരു കാമറയും തൂക്കി എത്ര നടന്നാലും ഈ വഴികൾ പിന്നെയും നമ്മെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും.

ktdc-tea-county-munnar-14
Royal Suite

രാവിന്റെ പകുതിയിൽ ചെറുനിലാ വെട്ടത്ത് മഞ്ഞു പെയ്തിറങ്ങുന്നത് കാണണം. രാക്കിളിയുടെ നാദം മാത്രമുള്ളൊരു രാത്രി വെറുതെ കണ്ണടച്ച് ജനാലയ്ക്കരികിലിരിക്കണ. കാടിന്റെ കറുപ്പഴകുള്ള രാത്രിയുടെ മൗനത്തിനപ്പുറം ഒഴുകിപ്പോകുന്ന അരുവിയുടെ നാദത്തിലേക്ക് കാതോർത്ത് വെറുതെയിറങ്ങി നടക്കണം. ഈറനണിഞ്ഞ് കിടക്കുന്ന കരിയിലക്കൂട്ടങ്ങളിലൂടെ നടന്ന് മലകയറണം. പുലരി വിരിഞ്ഞുണർന്നു ചിരിക്കുന്നത് ആ മലമുകളിലൊരിടത്തിരുന്നു കാറ്റുകൊണ്ടിരുന്നു കാണണം. പിന്നെ വൈകുന്നേരം പാതികറുത്ത മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ അങ്ങകലെയൊരു പക്ഷി കൂടണയാൻ പാറിപ്പോകുന്നത് കണ്ട് മലയിറങ്ങണം.

ktdc-tea-county-munnar-9
Conference Hall

നമ്മുടെ കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഒരു ചേല്...കാമറയിൽ പകർത്തുമ്പോള്‍ മറ്റൊരു ചേല്...ആധുനിക സൗകര്യങ്ങളെല്ലാമുണ്ട് ഇവിടെ. അതും പ്രകൃതിയോട് അത്രമേൽ ചേർന്നുനിൽക്കുന്നത്. അതുപോലെ തന്നെ ലളിതവും. നമ്മുടെ വീടു പോലെ തോന്നും...ജോലിയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മഞ്ഞും മഴയും കണ്ടിരിക്കാൻ തോന്നുമ്പോൾ മൂന്നാർ ആയിരിക്കുമല്ലോ ലക്ഷ്യങ്ങളിലൊന്ന്. അങ്ങനെ ഇവിടേക്കു പോന്നാൽ ഏറ്റവും നല്ല സൗകര്യങ്ങളോടെ ശാന്തമായി പ്രകൃതിയെ അറിഞ്ഞ് കുറേ ദിവസങ്ങൾ കഴിഞ്ഞു കൂടാം. മലമടക്കിനുള്ളിലെ കൊട്ടാരമാണ് ടീ കൗണ്ടി.

For Booking: 9400008631, Email: teacounty@ktdc.com

Click here to read the aricle in English

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA