ഓർമകളിലുറങ്ങുന്നു, ഓമനത്തിങ്കളുദിച്ച വീട്

മലയാളികളുടെ ഗൃഹാതുരമനസ്സ് തൊട്ട രണ്ടു താരാട്ടു പാട്ടുകളുണ്ട്. ഒന്ന് ശബരിമല അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം, രണ്ടാമത്തേത് ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ.. ആദ്യത്തേത് ഭക്തിരസപ്രധാനമാണെങ്കില്‍ മറ്റൊന്ന് വാത്സല്യത്തിന്റെ ലാളിത്യഭംഗിയാണ്. തലമുറകളുടെ ശൈശവനിഷ്കളങ്കതയെ തഴുകിയുറക്കിയ ഓമനത്തിങ്കള്‍ കിടാവോ എന്ന  താരാട്ടിന്‍റെ സ്രഷ്ടാവ് ഇരയിമ്മന്‍ തമ്പിയുടെ 161 -ാം ചരമവാര്‍ഷികമാണ് ഇന്ന്. ചരിത്രത്തോടുള്ള നീതികേട് എന്ന പോലെ, ആരുമറിയാതെ കടന്നു പോകാറുള്ള ഒരുപാടു ദിനങ്ങളില്‍ ഒന്ന്. ഇന്നു നമ്മൾ കൺതുറന്നു കാണേണ്ടത് അദ്ദേഹത്തിന്റെ ഓർമകളുള്ള ഏകസ്മാരകത്തിന്റെ പരിതാപകരമായ അവസ്ഥയാണ്. ചേര്‍ത്തല വാരനാട് നടുവിലേല്‍ കോവിലകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

ചേര്‍ത്തല വാരനാട് നടുവിലേൽ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന രാജകുടുംബത്തിലെ പാർവതിപ്പിള്ള തങ്കച്ചിയുടേയും മകനായി 1782 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ഇരയിമ്മന്‍ തമ്പിയുടെ ജനനം. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് കാർത്തിക തിരുനാൾ രാമവർമയുടെ സഹോദരൻ മകയിരം തിരുനാൾ രവിവർമയുടെ മകളായിരുന്നു പാർവതിപ്പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമയെ ഇരയിമ്മൻ എന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്. ബാല്യത്തില്‍ പിതാവില്‍നിന്നും പിന്നെ മൂത്താട്ട് ശങ്കരന്‍ ഇളയതില്‍നിന്നും ഭാഷയിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. പതിനാലാമത്തെ വയസ്സില്‍ ഒരു ശ്ലോകം രചിച്ച് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ച ഇരയിമ്മനോട്, കൂടുതല്‍ പഠിച്ചിട്ടു വേണം കവിതയെഴുതാന്‍ എന്നു പറഞ്ഞ് മഹാരാജാവ് കൊട്ടാരത്തിലേക്കു കൂട്ടി. തുടര്‍ന്നങ്ങോട്ട്‌ കേരളചരിത്രത്തിന്റെ ഭാഗമായ തമ്പിയുടെ സാഹിത്യ-സംഗീത ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് അനന്തപുരിയിലെ രാജകൊട്ടാരം സാക്ഷിയാവുകയായിരുന്നു.

ധര്‍മരാജാവിന്റെ കാലത്തു തന്നെ ഇരയിമ്മന് കൊട്ടാരത്തില്‍നിന്ന് എല്ലാ സൗകര്യങ്ങളും അടുത്തൂണ്‍ പതിച്ച് കിട്ടിയിരുന്നു. എഴുത്തിലും സംഗീതത്തിലും പ്രഗത്ഭനായ അദ്ദേഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന എന്തും തന്റെ സൃഷ്ടികള്‍ക്കു വിഷയമാക്കി. ആട്ടക്കഥകളും കൊട്ടാരവര്‍ണ്ണനകളും എഴുതി. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ ഭാഗമായ ചരിത്രസംഭവങ്ങളുടെയെല്ലാം ഒരു തെളിവു കൂടിയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. 1003 ലെ സ്വാതി തിരുനാളിന്റെ കുലശേഖരമണ്ഡപ നവീകരണം, മുറജപം, രഥത്തിലെഴുന്നള്ളത്ത്, രാജകുമാരന്മാരുടെ ജനനം, വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം എന്നുവേണ്ട, രാജകൊട്ടാരവുമായി ബന്ധപ്പെട്ട സംഭവങ്ങളെല്ലാം  അദ്ദേഹത്തിന്‍റെ കൃതികളിലുണ്ട്. ‌

കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വേണ്ടിയാണ് പ്രശസ്തമായ ‘വീര വിരാട കുമാരവിഭോ’ എന്ന കുമ്മി എഴുതിയത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരമായിരുന്നു കുഞ്ഞായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനായി ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ട് എഴുതി ഈണം നല്‍കിയത്. വളര്‍ന്നപ്പോഴും സ്വാതി തിരുനാളിന് സൗഹാര്‍ദ്ദപരമായ സ്നേഹബന്ധമാണ് അദ്ദേഹത്തോടുണ്ടായിരുന്നത്. സ്വാതിതിരുനാള്‍ അദ്ദേഹത്തെ സ്നേഹ ബഹുമാനങ്ങളോടെ തമ്പി അമ്മാവന്‍ എന്നാണു സംബോധന ചെയ്തിരുന്നത്. 

അവര്‍ തമ്മില്‍ രസകരമായ പല മത്സരങ്ങളും നടത്തിയിരുന്നു. അത്തരത്തില്‍ ശൃംഗാര രസത്തെ ആസ്പദമാക്കി സ്വാതിതിരുനാള്‍ എഴുതിയ ‘പഞ്ചബാണന്‍ തന്നുടയ’ എന്ന കൃതിക്കു പകരമായി ഇരയിമ്മന്‍ തമ്പി എഴുതിയതാണ് ‘പ്രാണനാഥൻ എനിക്കു നല്‍കിയ’ എന്ന പദം. രതിയില്‍ സ്ത്രീക്കു സര്‍വ സ്വാതന്ത്ര്യങ്ങളും നല്‍കിക്കൊണ്ടുള്ള ഈ കൃതിയിലെ ശൃംഗാരവര്‍ണ്ണന തലമുറകളെ ത്രസിപ്പിച്ചിരുന്നു. ഇത്തരം മത്സരസ്വഭാവം എഴുത്തില്‍ രാജാവും തമ്പിയും തമ്മിലുണ്ടായത് തമ്പിക്ക് കൂടുതല്‍ നന്നായി കവിതകള്‍ രചിക്കാന്‍ പ്രചോദനമായി. 

23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പിയുടെ കൃതികളില്‍ ശൃംഗാരവും ഭക്തിയുമാണ് നിറഞ്ഞുനിന്നിരുന്നത്. രസങ്ങളെയും ഭാവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് തമ്പി രചനകള്‍ നടത്തിയിരുന്നത്. രോഗക്കിടക്കയില്‍ അദ്ദേഹം പറഞ്ഞെഴുതിച്ചതാണ് ഗുരുവായൂരപ്പനോടുള്ള പ്രാര്‍ഥനയായ, ശ്രീരാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘കരുണ ചെയ്‌വാനെന്തൂ’ എന്ന കൃതി. ത്യാഗരാജ സ്വാമികളുടെ ഇഷ്ടകീര്‍ത്തനമായിരുന്നു ഇത്. ഒറ്റ ശ്ലോകങ്ങള്‍, കൃതികള്‍, മലയാള പദങ്ങള്‍, വര്‍ണങ്ങള്‍, മുറജപപ്പാന, സുഭദ്രാഹരണം, നവരാത്രി പ്രബന്ധം, ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകള്‍, രാസക്രീഡവാസിഷ്ഠം കിളിപ്പാട്ടുകള്‍, അംബഗൗരിയെന്നാരംഭിക്കുന്ന വര്‍ണം, തോഡി രാഗത്തിലുള്ള ‘പരദേവതേ…..’ കാംബോജി രാഗത്തിലുള്ള ‘കമലാദികളാം’ സാവേരി രാഗത്തിലുള്ള ‘പാഹിമാം ഗിരിതനയേ’, മുഖാരിരാഗത്തിലുള്ള ‘അടിമലരിണതന്നെ’, സുരുട്ടി രാഗത്തില്‍ ‘നീല വര്‍ണ പാഹിമാം’ എന്നീ കൃതികള്‍ എക്കാലവും പ്രചുരപ്രചാരം നേടിയവയായിരുന്നു.

രാജകുടുംബാംഗമായിരുന്നെങ്കിലും കഷ്ടസ്ഥിതിയിലായിരുന്ന കേരള വര്‍മ്മയുടെ (ഇരയിമ്മന്റെ പിതാവ്) ദുരവസ്ഥ വാരനാട് ക്ഷേത്രത്തില്‍ ദേവീ ദര്‍ശനത്തിനെത്തിയ ഉത്രം തിരുനാള്‍ മഹാരാജാവ് കാണുന്നതോടെയാണ് നടുവിലേ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന് ക്ഷേത്രത്തിനോടു ചേര്‍ന്ന സ്ഥലത്ത് ഒരു പതിനാറുകെട്ടു  നിര്‍മിച്ചു കൊടുക്കാന്‍ തമ്പുരാന്‍ ഉത്തരവിട്ടു‌. എന്നാല്‍ എട്ടുകെട്ട് മതി എന്നു പറഞ്ഞ് പണി അവിടെ നിര്‍ത്തുകയായിരുന്നു. പതിനാലു വയസ്സ് വരെ മാത്രമേ ഇരയിമ്മന്‍ തമ്പി വാരനാട് നടുവിലേല്‍ എന്ന ഈ കൊട്ടാരത്തില്‍ കഴിഞ്ഞുള്ളൂ. അതിനുശേഷം അദ്ദേഹം അനന്തപുരിയിലേക്കു പോകുകയായിരുന്നു. 1856 ജൂലൈ ഇരുപത്തൊമ്പതിന്,  എഴുപത്തിനാലാം വയസ്സില്‍ ഇരയിമ്മന്‍ തമ്പി അന്തരിച്ചു. 

ആട്ടക്കഥാവിദഗ്ദ്ധയായിരുന്ന മകള്‍ കുട്ടിക്കുഞ്ഞുതങ്കച്ചിയിലൂടെ ആ മഹത്തായ സാഹിത്യപാരമ്പര്യം തുടർന്നു. തലമുറകള്‍ കടന്നു പോയതോടെ കൊട്ടാരത്തിന്‍റെ മേലുള്ള അവകാശത്തര്‍ക്കങ്ങളും പതിവായി. തൃപ്പൂണിത്തുറ, പാലക്കാട് കോവിലകങ്ങളിലുള്ള അവകാശികള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമായി. ഏക്കര്‍ കണക്കിനുണ്ടായിരുന്ന ഭൂമി പലപ്പോഴായി പലരും മുറിച്ച് കച്ചവടം ചെയ്തു. അഞ്ചാം തലമുറയില്‍ അവശേഷിച്ച രുഗ്മിണി ഭായി തമ്പുരാട്ടിയും ഇളയ സഹോദരന്‍ കൃഷ്ണന്‍ തമ്പുരാനും മാത്രമാണ് കൊട്ടാരം സംരക്ഷിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിന്നത്. അവകാശത്തര്‍ക്കങ്ങളുടെ തുടര്‍ച്ചയെന്നോണം 1996 ജൂലൈ 16 ന് നടുവിലേല്‍ കൊട്ടാരത്തിന്റെ കുറച്ചുഭാഗം പൊളിക്കുകയും  ചെയ്തു. അന്ന് രുക്മിണി ഭായി വാവിട്ടു നിലവിളിയ്ക്കുന്ന രംഗമൊക്കെ നാട്ടിലെ ചില മുതിര്‍ന്ന തലമുറക്കാർ ഓര്‍ത്തെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് അധ്യാപികയായിരുന്നു അവിവാഹിതയായ രുഗ്മിണി ഭായി. ജോലി വേണ്ടെന്നുവച്ച് കൊട്ടാരത്തില്‍ വന്നു താമസമായി. 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെ കൊട്ടാരം സംരക്ഷിച്ചു നിര്‍ത്തിയ രുഗ്മിണി ഭായി സമാനമനസ്‌കരായ ബന്ധുക്കളെയും നാട്ടുകാരെയും ചേര്‍ത്ത് ഒരു ട്രസ്റ്റും രൂപീകരിച്ചു. അങ്ങനെ കൊട്ടാരം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി സ്റ്റേ ഉത്തരവുണ്ടായി. സ്റ്റാറ്റസ് കോ നിലനിര്‍ത്തണം എന്ന ഉത്തരവിനെത്തുടര്‍ന്ന്, പൊളിച്ച് മാറ്റിയ ഓടും പട്ടികയുമെല്ലാം വീണ്ടും സ്ഥാപിച്ചു. തുടര്‍ന്ന് കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തു.

2006 ല്‍ കൊട്ടാരവും നാല്‍പ്പത് സെന്റ്‌ സ്ഥലവും  പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകം എന്ന നിലയിലാക്കി. പക്ഷേ ഇപ്പോഴും ബന്ധുക്കളുടെ ജന്മാവകാശം നിലനില്‍ക്കുന്നുണ്ട്. കൊട്ടാരം സര്‍ക്കാര്‍ സംരക്ഷിത മേഖലയായതിനാൽ വില്‍ക്കാനാവില്ല എന്ന ആശ്വാസമുണ്ട്. നഷ്ടപരിഹാരം നല്‍കി അവകാശികളില്‍നിന്ന് ഏറ്റെടുത്താല്‍ മാത്രമേ കൊട്ടാരം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകൂ. അങ്ങനെ ചെയ്യണമെന്നാണ് ഇപ്പോഴുള്ള ട്രസ്റ്റിന്റെ ഭാഗമായ നാട്ടുകാരുടെ ആഗ്രഹം.

സംരക്ഷിതസ്മാരകം  ആണെങ്കിലും അതിന്‍റേതായ  പരിഗണനകളോ ഗ്രാന്റോ ഒന്നും കൊട്ടാരത്തിനു ലഭിക്കുന്നില്ല. 2011ല്‍  സര്‍ക്കാര്‍ പതിനഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതുപയോഗിച്ചാണ്‌ കൊട്ടാരത്തിന്റെ ചുറ്റുമതില്‍ പണിതത്. പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തിലുള്ള വസ്തുവകകളില്‍ എന്തു തരത്തിലുള്ള വികസനങ്ങള്‍  നടത്തണമെങ്കിലും പ്രത്യേക അനുമതി വേണം. ശില്‍പ്പപാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പരിഷ്ക്കാരങ്ങള്‍ മാത്രമേ  പാടുള്ളൂ. അതുകൊണ്ട് തന്നെ വൈക്കം ക്ഷേത്രത്തിന്റെ മാതൃകയില്‍ ആനപ്പള്ള രീതിയിലാണ് ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത്.

ട്രസ്റ്റിലെ അംഗങ്ങൾ സ്വന്തം നിലയ്ക്കു പണം മുടക്കിയാണ് ഇരയിമ്മൻ തമ്പിയുടെ ജന്മവാര്‍ഷികവും മറ്റും  നടത്തുന്നത്. മുപ്പത്തിനാല് വര്‍ഷത്തോളം രുഗ്മിണി തമ്പുരാട്ടിയുടെ ആശ്രിതയായിരുന്ന അംബിക എന്ന സ്ത്രീയാണ് ഇപ്പോള്‍ കൊട്ടാരത്തില്‍ താമസിച്ച് സംരക്ഷിക്കുന്നത്. അവര്‍ക്ക് ദൈനംദിനം ചെലവിനുള്ള തുക പോലും ലഭിച്ചിരുന്നില്ല. രുഗ്മിണി തമ്പുരാട്ടിയുടെ സഹോദരന്‍ കൃഷ്ണന്‍ തമ്പുരാന്‍ ഇവര്‍ക്കു വേണ്ടി ഒരു തുക നല്‍കിയിരുന്നു. അടുത്തകാലത്ത് പുരാവസ്തുവകുപ്പ് ചെറിയ തുക നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൊട്ടാരത്തിന്റെ കറണ്ട് ചാര്‍ജ് ഉള്‍പ്പെടെ ഈ തുകയില്‍ നിന്നാണ് കണ്ടെത്തേണ്ടത്. ബില്‍ അടയ്ക്കാത്തതിനാല്‍ ഫോണ്‍ പ്രവർത്തിക്കുന്നില്ല. രാജകുടുംബത്തിലെ പുതുതലമുറയ്ക്കും നാട്ടുകാര്‍ക്കും പോലും ഈ ചരിത്രസ്മാരകത്തോട് അവഗണനയും പുച്ഛവുമാണ്. സമീപവാസികളായ ടി.പി. നാസര്‍, അമ്പലപ്പുഴ കോളജിലെ പ്രഫസർ തോമസ്‌ പുളിയ്ക്കന്‍, അപ്പു ചേട്ടന്‍ എന്ന് വിളിക്കുന്ന എന്‍. സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ സംരക്ഷണശ്രമങ്ങൾ. വ്യക്തിപരമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങളുടെ പേരിലല്ല, മഹത്തായ ഒരു ചരിത്ര സ്മാരകം സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്ന ചിന്തയാലാണ് അവരുടെ പ്രവർത്തനം

അടുത്തിടെ ബ്ലോക്കില്‍നിന്ന് അനുവദിച്ച ഒരു ലക്ഷം രൂപ ചിലവഴിച്ച് കൊട്ടാരത്തില്‍ സംഗീത ക്ലാസ് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഈ തുക കൊണ്ട് അധ്യാപകരുടെ ശമ്പളവും സംഗീത ഉപകരണങ്ങള്‍ വാങ്ങലുമെല്ലാം എങ്ങനെ മുന്നോട്ടു പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. സ്ഥിരം ഗ്രാന്റ് അനുവദിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. സര്‍ക്കാരും പുരാവസ്തുവകുപ്പും മനസ്സു വച്ചാല്‍ നടുവിലേല്‍ കൊട്ടാരത്തെ ഒരു മികച്ച സാംസ്ക്കാരിക കേന്ദ്രമായി മാറ്റാന്‍ സാധിക്കും. 

2016 ൽ മന്ത്രി തോമസ്‌ ഐസക്ക് ഇരുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷേ തുക ഇതുവരെ ലഭിച്ചിട്ടില്ല. ആകാശവാണി കൊട്ടാരത്തെ സംബന്ധിച്ച് സൗജന്യമായി ഒരു പരിപാടി ചെയ്തിരുന്നു. പക്ഷേ അതിനാവശ്യമായ ശബ്ദ സംവിധാനങ്ങള്‍ ചെയ്തതോടെഫണ്ട് തീരാറായി. ഇപ്പോള്‍ ഇരയിമ്മന്‍ തമ്പിയുടെ ജന്മവാര്‍ഷികം മാത്രമേ നടത്തുന്നുള്ളൂ. ഈ സ്മാരകത്തിലേക്കു വഴി ചൂണ്ടുന്ന ഒരു ആര്‍ച്ച്, ഒരു ചെറിയ  ഓഡിറ്റോറിയം‍, സംഗീതക്ലാസിനുള്ള സൗകര്യം‍, ഒരു ലൈബ്രറി  ഇവയൊക്കെയാണ് ട്രസ്റ്റിന്റെ ആഗ്രഹം. പക്ഷേ ഫണ്ട് അനുവദിച്ചിട്ടില്ല.

കൊട്ടാരം പലയിടത്തും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. പട്ടികയും കഴുക്കോലുമൊക്കെ അടര്‍ന്ന സ്ഥലങ്ങളില്‍ ഷീറ്റ് ഇട്ടു മറച്ചിരിയ്ക്കുകയാണ്. ഒരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. നിത്യവും വിളക്ക് വച്ച് പൂജയുണ്ട്. തൊട്ടടുത്ത് തന്നെ സര്‍പ്പ പ്രതിഷ്ഠയുമുണ്ട്. കൊട്ടാരമുറ്റത്തെ കിണറ്റില്‍ സര്‍പ്പമുണ്ട് എന്നാണ് വിശ്വാസം.

അടുത്തിടെ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ട് ഓസ്കര്‍ വിവാദത്തിലും നിറഞ്ഞു നിന്നിരുന്നു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിനായി ബോംബെ ജയശ്രീ ഈ പാട്ട് പുനര്‍നിര്‍മിക്കുകയും അത് മികച്ച ‘ഒറിജിനല്‍’ സംഗീതത്തിനുള്ള ഓസ്കര്‍ പട്ടികയില്‍ ഇടം നേടുകയും ചെയ്തിരുന്നു. എന്നാല്‍ വാരനാട് കൊട്ടാരത്തിലെ ട്രസ്റ്റ് അംഗങ്ങളുടെ നേൃത്വത്തിൽ എതിർപ്പുയർന്നു

ആറ് തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ സദസ്സിനെ അലങ്കരിച്ച കവിയായിരുന്നു ഇരയിമ്മന്‍ തമ്പി. സാഹിത്യകാരന്‍, സംഗീതകാരന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മഹത് വ്യക്തിത്വം. ഇതൊക്കെ മാറ്റി വച്ചാലും, ഒരു കല്ലിനെ പോലും അലിയിക്കുന്ന വാത്സല്യത്തിന്റെ അമൃതധാരയായ  ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ട് മാത്രംമതി ഈ മനുഷ്യനെ തലമുറകള്‍ക്ക് ഓര്‍മിക്കാന്‍. 

ഈ ചരിത്ര സ്മാരകത്തോടു കാട്ടുന്ന അനാദരവ് ചരിത്രത്തോടുള്ള കുറ്റകൃത്യമാണ്. ഇത്തരം സ്മാരകങ്ങളോടുള്ള മനോഭാവത്തില്‍ ഒരു തലമുറയുടെ സാംസ്ക്കാരിക നിലവാരം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഊഷരമായ നാഗരികസംസ്ക്കാരത്തിനുമപ്പുറം വരുംതലമുറകള്‍ക്കു വേണ്ടി ചില നനവുകള്‍ നമ്മള്‍ കാത്തു സൂക്ഷിയ്ക്കേണ്ടതില്ലേ? ഉത്തരം സ്വയം തേടേണ്ടതാണ്.