അൻപത് ശതമാനത്തിലധികം സംരക്ഷിത വനഭൂമിയുള്ള കേരളത്തിലെ ജില്ലയാണ് ഇടുക്കി. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള ഇടുക്കി ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളുമാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ആനമുടിയും, മീശപ്പുലിമലയുമെല്ലാം ഇവിടെ തന്നെയാണ്. സുഗന്ധദ്രവ്യങ്ങളുടെ നാടായ ഇടുക്കി കൂടുതൽ അറിയപ്പെടുന്നത് ഇടുക്കി ഡാമിന്റെ പേരിലുമാണ്.

ഇടുക്കി ജലാശയത്തോട് ചേര്‍ന്ന് കാനന ഭംഗിയിൽ ഇടവപ്പാതി മഴയും ആസ്വദിച്ച് കഴിയാൻ നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ ഇടുക്കി വന്യജീവി സങ്കേതം ഇക്കോ ടൂറിസം ജംഗിൾ കോട്ടേജുകൾ ഈ കാനനവാസത്തിന് പുതിയ തലങ്ങൾ ഒരുക്കുന്നു. ഇടുക്കിയില്‍ വെള്ളാപ്പാറയിൽ ചെറുതോണി – തൊടുപുഴ റോഡിൽ നിന്നും ഇടുക്കി ഇക്കോ ടൂറിസം ബോട്ട് ലാന്‍ഡിംഗിലേക്കുള്ള വഴിയിലാണ് ജംഗിൾ കോട്ടേജുകൾ സ്ഥിതി ചെയ്യുന്നത്. പില്ലറുകളില്‍ അഷ്‌ടഭുജക്ഷേത്ര രൂപത്തിൽ നിര്‍മ്മിച്ചിരിക്കുന്ന കോട്ടേജുകളിൽ സുഖകരമായ താമസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കോട്ടേജുകളുടെ പുറം ചുവരുകളിൽ മനോഹരമായ രേഖാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

കാട്ടില്‍ രാപ്പാര്‍ക്കാൻ ഇടുക്കി വിളിക്കുന്നു
ടെന്‍ഷനുകൾ ഉപേക്ഷിച്ച് കാട്ടിൽ താമസിക്കണോ? എങ്കിൽ ഇടുക്കിയില്‍ വനംവകുപ്പിന്‍റെ ലേക്ക് വ്യൂ നെസ്റ്റിലേക്ക് (Lake View Nest) പോരുന്നത് മികച്ച ഓപ്ഷനാണ്. ഇടുക്കി ജലാശയത്തിന്‍റെയും ഇടുക്കി വന്യജീവി സങ്കേതത്തിന്‍റെയും മാസ്മരിക ഭംഗി ഈ കെട്ടിടത്തിൽ നിന്ന് ആസ്വദിക്കുന്നത് ഒരു വ്യത്യസ്തമായ അനുഭൂതിയാണ്. കാനന ഭംഗി മുറികളിലേക്ക് ഒഴുകി എത്തുന്നതിനായി മുന്‍ഭാഗം പൂര്‍ണ്ണമായും കണ്ണാടിയിലാണ് നിര്‍മ്മിതി. കാഴ്ച മനോഹരമാക്കാനും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പില്ലറുകളിലാണ് ലേക്ക് വ്യൂ നെസ്റ്റ് പണിതിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും റൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് ഏജന്‍സിയുടെ കീഴിലാണ് ലേക്ക് വ്യൂ നെസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി ബോട്ടിംഗ്
കാനനകാഴ്ച്ചകളും ഗംഭീരങ്ങളായ ചെറുതോണി ഡാമും ഇടുക്കി ആര്‍ച്ച് ഡാമും കണ്ട് ഇടുക്കി ജലാശയത്തിലൂടെ ബോട്ട് സവാരി വനംവകുപ്പ് ഒരുക്കിയിരിക്കുന്നു. ഇടുക്കി ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് ഏജന്‍സിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഇക്കോ ടൂറിസമാണ് ബോട്ടിങ് നടത്തുന്നത്. വിസ്താരമേറിയ ഇടുക്കി റിസര്‍വോയറിലൂടെയുള്ള ബോട്ടിങ് ടൂറിസ്റ്റുകള്‍ക്ക് വേറിട്ട ഒരനുഭവം പ്രദാനം ചെയ്യുന്നു. വന്യജീവികളെയും കാട്ടുകൊമ്പന്‍മാരെയും കണ്ട് വനംവകുപ്പിന്‍റെ കൊലുമ്പന്‍ ബോട്ടിൽ ഒരു സവാരി നടത്താം.
ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: 8547603184 & 9496821481