ജലച്ചായചിത്രം പോലെ ഇഞ്ചത്തൊട്ടി

ഒറ്റനോട്ടത്തിൽ ഒരു പ്രകൃതിദൃശ്യത്തിന്റെ ജലച്ചായചിത്രം പോലെ തോന്നും. പച്ചയുടെ നിറഭേദങ്ങൾ പടർന്ന പുൽത്തകിടികൾ, നടുവിലൂടെ പുഴ, മെല്ലെ നീങ്ങുന്ന ചെറുവള്ളങ്ങൾ, പശ്ചാത്തലമായി മലനിരകൾ, പുഴയ്ക്കു കുറുകെ ഒരു തൂക്കുപാലം. ഇഞ്ചത്തൊട്ടിയെന്ന ഗ്രാമത്തിലേക്ക് ആളുകളെത്തുന്നത് ഈ തൂക്കുപാലം കാണാനാണ്. കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി. ആൾബഹളവും വാഹനത്തിരക്കും തീരെക്കുറഞ്ഞ ഗ്രാമം ഭൂതത്താൻ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു. 

ഒരു ടൂറിസ്റ്റ് സ്‌പോട്ടിന്റെ കെട്ടും മട്ടുമൊന്നുമില്ലാത്തൊരു നാട്ടിൻപുറം. പാലത്തിലേക്കുള്ള വഴിയിൽ സഞ്ചാരികളെയും കാത്ത് രണ്ടു ചെറിയ കടകൾ. ഗ്രാമീണതയുടെ നിഷ്കളങ്കതയുള്ള നാട്ടുകാർ. ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുൽത്തകിടികളിൽ ഒഴിവുസമയം ചിലവിടാനും പുഴയിൽ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാൽ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകൾ ഇവിടെയെത്തുന്നുണ്ട്. 

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽനിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമായാണ് 2012-ൽ തൂക്കുപാലം നിർമിച്ചത്. മുൻപ് പുഴ കടക്കാൻ കടത്തുവള്ളം മാത്രമായിരുന്നു നാട്ടുകാർക്ക് ആശ്രയം. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ അലൈഡ് ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (KEL) പാലത്തിന്റെ രൂപകല്പനയും നിർമാണവും. 185 മീറ്റർ നീളവും നാല് അടി വീതിയും ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരവുമുണ്ട് പാലത്തിന്. പാലത്തിൽനിന്നുള്ള പുഴയുടെയും തീരത്തിന്റെയും കാഴ്ച മനോഹരമാണ്.

കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽനിന്നു വലത്തോട്ടു തിരിഞ്ഞ് നേര്യമംഗലത്തേക്കു പോകുന്ന വഴിയിലാണ് ചാരുപ്പാറ. ഇവിടെ നിന്ന് തൂക്കുപാലത്തിലൂടെ ഇഞ്ചത്തൊട്ടിയിലേക്ക് കടക്കാം. നടത്തത്തിന്റെ താളത്തിൽ ആടിയിളകുന്ന പാലത്തിലൂടെയുള്ള യാത്ര അൽപ്പം സാഹസികമായിത്തന്നെ തോന്നും. പാലത്തിന്റെ ഇരുമ്പുകമ്പികളിൽ മുറുകെ പിടിച്ചു താഴെക്കൊന്നു നോക്കിയാൽ കാണാം ശാന്തസുന്ദരിയായി ഒഴുകുന്ന പുഴയെ. അപകടമാണെന്ന് അറിഞ്ഞിട്ടും തൂക്കുപാലത്തിലൂടെ ഇരുചക്ര വാഹനം കൊണ്ടുപോകുന്ന അതിസാഹസികരും കുറവല്ല. പാലം കടന്ന് ഇഞ്ചത്തൊട്ടിയിൽ എത്തിയാൽ ചെറിയൊരു കടവുണ്ട്. നീണ്ട പടിക്കെട്ടുകളും പഴയ പ്രതാപ കാലത്തിന്റെ ശേഷിപ്പുകളെന്നോണം ചെറിയ കടത്തുവള്ളങ്ങളും കാണാം. പുഴയിലിറങ്ങി കാൽനനച്ചാൽ കാലിൽ മുത്തമിടാൻ പരൽമീൻ കൂട്ടങ്ങൾ ഓടിയെത്തും.

തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികൾക്കു പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെയും ഇവിടെ എത്താം. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപാണ് തൂക്കുപാലം. വൈകുന്നേമാണ് സന്ദർശനത്തിനു പറ്റിയ സമയം.