തൃപ്പൂണ്ണിത്തുറയിലെത്താം അത്തച്ച‌മയം കാണാൻ

മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേൽകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. വിവിധയിടങ്ങളിലെ ഒാണാഘോഷവും നിറപകിട്ടും കാഴ്ചകാർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. ചി‌ങ്ങമാസത്തിലെ അത്തം നാളില്‍ ഓണകാഴ്ചകൾ കാണാൻ യാത്ര ചെയ്യേണ്ടത് എറണാകുളത്തെ തൃപ്പൂണ്ണിത്തുറ‌യിലാണ്. തൃപ്പൂണ്ണിത്തുറയിലെ അത്തച്ച‌മയ കാഴ്ചകള്‍ സഞ്ചാ‌രികള്‍ക്ക് എന്നും പുത്തൻ അനുഭവമാണ്.

കൊച്ചി രാജ്യത്തിന്റെ ദേശീയോത്സവമായിരുന്നു അത്തംനാളില്‍ രാജ്യത്തിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറയില്‍ അരങ്ങേറിയിരുന്ന അത്തച്ചമയഘോഷയാത്ര. പിന്നീട് അനുസ്മരണമായി അത്തംനാളില്‍ തൃപ്പൂണിത്തുറയില്‍ അത്തം ഘോഷയാത്ര ഇപ്പോഴും മുടങ്ങാതെ നടത്തിവരുന്നു.

ഇന്ന് ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ്‌ അത്തച്ചമയം‌. തൃക്കാക്കര വാമന ക്ഷേത്രത്തിൽ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമായി. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ്‌ ഇപ്പോൾ അത്തച്ചമയത്തിൽ കാണികളെ ത്രസിപ്പിക്കുന്നത്. കാഴ്ചയ്ക്ക് വിസ്മയം സമ്മാനിക്കുന്ന തൃപ്പൂണിത്തുറയിലെ  അത്തചമയ ഘോഷയാത്ര കാണാൻ നാനാഭാഗത്തുനിന്നും വിദേശികളടക്കമുള്ളവർ ഒഴുകിയെത്തുന്നു. കേരളത്തിലെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം.

പഴമയും പാരമ്പര്യവും വിളിച്ചോതുന്ന തനി നാടന്‍ കലാരൂപങ്ങളോടൊപ്പം മേളകൊഴുപ്പിന്റ  അകമ്പടിയോടെ ഹൃദ്യമായ ദൃശ്യവിരുന്നൊരുക്കി രാജനഗരിയായ തൃപ്പൂണിത്തുറ മറ്റൊരു അത്തച്ചയത്തിനു കൂടി ആഥിത്യമരുളുന്നു. വിസ്മയ കാഴ്ചകള്‍ ഒരുക്കി നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക്‌ മിഴിവേകുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, അര്‍ജുന നൃത്തം, നിശ്ചല ദൃശ്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് എന്നും പകിട്ടേകുന്നു. താളമേളങ്ങള്‍ക്കൊപ്പം മയിലാട്ടം, മാവേലി വേഷങ്ങള്‍, അര്‍ദ്ധനാരീശ്വര നൃത്തം തുടങ്ങി നയനമനോഹരമായ കാഴ്‌ചകളും ഘോഷയാത്രയില്‍ കാണാം. തൃശൂരില്‍നിന്നെത്തുന്ന പുലിക്കൂട്ടങ്ങള്‍ അത്താഘോഷത്തില്‍ പൂരപ്പൊലിമ തീർക്കുന്നു.

കൂടുതൽ ഒാണ വിശേഷങ്ങൾ അറിയാം