പത്തോണയാത്രകൾ- ഇടുക്കിയും മധ്യകേരളവും

മഴനിഴൽക്കാട്ടിലെ മരവീട്ടിൽ താമസിക്കാം

ചിന്നാർ കേരളത്തിന്റെ മഴനിഴൽ സുന്ദരിയാണ്. മൂന്നാറിനപ്പുറം മറയൂരിനടുത്താണ് ഈ കാട്. ഒരു മലക്കിപ്പുറം മഴ പെയ്യുന്പോൾ അപ്പുറത്തു മഴയുടെ നിഴൽ മാത്രം ലഭിക്കുന്നതിനാലാണ് ചിന്നാറിൽ വരണ്ട കാടുകൾ കാണപ്പെടുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ചിന്നാറിലെ കൊച്ചുപുഴകൾക്കും കാട്ടിലെ മരവീടുകൾക്കും സ്ഥാനമുമുണ്ട്. കൂട്ടാറിലെ മരവീട്ടിലെ താമസവും തൂവാനം ജലപാതത്തിനടുത്തുള്ള താമസവുമാണ് ആകർഷകം.

ചിന്നാർ കാടും മരവീടും

ചിന്നാറും കൂട്ടാറും ചേരുന്നിടത്താണ് കൂട്ടാറിലെ മരവീട്. പാറപ്പുറത്ത്, മരത്തണലിൽ പച്ചച്ചായമടിച്ച കൊച്ചുവീട്ടിൽ താമസിക്കാം. കാടറിയാം. ചിന്നാറെന്ന കൊച്ചുപുഴയിൽ ഇറങ്ങാം. മാനുകളെയും മുയലുകളെയും ചിന്നാറിന്റെ മുഖമുദ്രയായ ചാന്പൽ മലയണ്ണാനെയും കാണാം. ആനയും പുള്ളിപ്പുലിയും വെള്ളംകുടിക്കാനിറങ്ങുന്നിടത്തൂടെ ചെറിയ ട്രെക്കിങ് നടത്താം. 

കൂടുതൽ വിവരങ്ങൾക്ക് -മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടാം. 8301024187

അടുത്തുള്ള സ്ഥലങ്ങൾ- മൂന്നാർ, മറയൂർ. തമിഴ്നാട്ടിലെ ഉഡുമൽപേട്ട്. 

വഴി- അടിമാലി-മൂന്നാർ-മറയൂർ-ചിന്നാർ

മറയൂരിലെ-ചന്ദനവഴികൾ

ശർക്കരശാലയിതാ മുന്നിൽ

ശർക്കരശാല

ചന്ദനക്കാടുകളുടെ നാടാണു മറയൂർ. ചന്ദനവും ചരിത്രവും ഭംഗിയാർന്ന ഭൂപ്രകൃതിയും സമന്വയിക്കുന്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാകും മറയൂർ. ചന്ദനമരങ്ങൾ അതിരിടുന്ന വഴികളിലൂടെ വാഹനമോടിക്കാം. കാട്ടുപോത്തുകളെ അടുത്തു കാണാം. കരിന്പിൻപൂക്കളെ തലോടാം. വിഖ്യാതമായ ശർക്കര ശാലകളിൽനിന്നു മറയൂർശർക്കര നേരിട്ടു വാങ്ങാം. ശർക്കര നിർമാണം നേരിട്ടറിയാം.  നീലമലകളുടെ ഇടയിൽ കൃഷിയിടങ്ങളോടു ചേർന്ന് താമസിക്കാം. ചരിത്രാതീതകാലത്തെ മുനിയറകൾ കാണപ്പെടുന്ന കുന്നുകളിലലയാം, ചരിത്രഗന്ധമറിയാം. കാന്തല്ലൂരിലെ ശീതകാലവിളത്തോട്ടങ്ങളിലൂടെ ഒന്നു കറങ്ങിയടിക്കാം. ഇങ്ങനെ മറയൂരിന്റെ സവിശേഷതകൾ ഏറെയാണ്. 

മറയൂരിലെ-കരിമ്പിൻത്തോട്ടം

അടുത്തുള്ള സ്ഥലങ്ങൾ- ചിന്നാർ, മൂന്നാർ. 

വഴി- അടിമാലി-മൂന്നാർ-മറയൂർ 166 km

എഴുനിലക്കുത്തുകളുള്ള തൊമ്മൻകുത്ത്

തൊമ്മൻകുത്ത്–വെള്ളച്ചാട്ടം

സ്വൽപ്പം സാഹസികതയാകാമെങ്കിൽ തൊമ്മൻകുത്തിലേക്കു സ്വാഗതം. കാട്ടിലൂടെ നടന്ന് അതിസുന്ദരമായ, എന്നാൽ ചെറിയ വെള്ളച്ചാട്ടമായ തൊമ്മൻകുത്തിലേക്കെത്താം. തെളിനീരരുവിയിൽ സകുടുംബം നല്ലൊരു കുളി പാസാക്കാം. ആറ്റോരത്തെ മണൽപ്പരപ്പിലിരുന്നോ പാറപ്പുറത്തിരുന്നോ വട്ടംകൂടി ആഹാരം കഴിക്കാം(പ്ലാസ്റ്റിക്, ഭക്ഷണഅവശിഷ്ടങ്ങൾ എന്നിവ തിരികെ കൊണ്ടുവരാൻ മറക്കില്ലല്ലോ ). കാടിന്റെ നൈർമല്യം അനുഭവിക്കാം. തൊമ്മൻകുത്തിൽനിന്ന് അതിസാഹസികർക്ക് മീനൊളിയൻപാറയെന്ന പാറപ്പുറത്തെ കാട്ടിലേക്കു നടന്നു കയറാം. 

വഴി- എറണാകുളം-മൂവാറ്റുപുഴ-പോത്താനിക്കാട്-വണ്ണപ്പുറം-തൊമ്മൻകുത്ത്  70 Km

തേക്കടിത്തടാകത്തിലൂടെ

തേക്കടി–തടാകം

തേക്കടിക്കു മുഖവുര ആവശ്യമില്ലല്ലോ.. വിനോദസഞ്ചാരരംഗത്ത് കേരളത്തിന്രെ മുഖമുദ്ര എന്നു വേണമെങ്കിൽ പറയാവുന്നിടമാണു തേക്കടി. തടാകത്തിലൂടെയുള്ള ബോട്ടിങ് തന്നെ പ്രധാന ആകർഷണം. മുല്ലപ്പെരിയാർ ഡാമിന്റെ ക്യാച്മെന്റെ ഏരിയകളിലൂടെയാണു ബോട്ടിങ്. ഒട്ടേറെ മൃഗങ്ങളെയും പറവകളെയും കാണാം. 

പെരിയാർ ടൈഗർ റിസർവ് വനത്തിലാണ് തേക്കടി. സഞ്ചാരികൾക്കായി വനംവകുപ്പ്  ട്രെക്കിങ് തുടങ്ങിയ ഒട്ടേറെ പ്രവൃത്തികൾ ഒരുക്കിയിട്ടുണ്ട്. കുമളിയിലെ വനംവകുപ്പിന്റെ തന്നെ ബാംബൂഹട്ടുകളിൽ താമസിക്കാം. 

അസുരൻകുണ്ട്-ഡാം

അടുത്തുള്ള സ്ഥലങ്ങൾ-ഇടുക്കി ഡാം. വാഗമൺ,കുട്ടിക്കാനം

വഴി- എറണാകുളം- പാലാ—മുണ്ടക്കയം-കുട്ടിക്കാനം- കുമളി   169 km

കാൽവരിമൌണ്ട്

കാൽവരിമൌണ്ട്

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ പക്ഷിക്കണ്ണിലെന്നവണ്ണം കണ്ടാസ്വദിക്കാനുള്ള ഇടമാണ് കാൽവരിമൌണ്ട്. കണ്ണെത്താദൂരത്തോളം മലനിരകളും  നീലജലാശയവും മാന്ത്രികവിദ്യ കാണിച്ചു മറയുന്ന മഞ്ഞും മലഞ്ചെരിവുകളിലെ തേയിലത്തോട്ടങ്ങളും കാൽവരിമൌണ്ട് എന്ന കുന്നിനെ യാത്രക്കാരുടെ പറുദീസയാക്കിമാറ്റുന്നു.  

മറയൂരിലെ-ചന്ദനക്കാട്

കുറവൻ കുറത്തി മലകളെ ചേർത്തുനിർത്തുന്ന ഇടുക്കി ഡാമിന്റെ കാഴ്ചയാസ്വദിച്ച് റിസോർട്ടിൽ താമസിക്കാനുള്ള സൌകര്യമുണ്ട്. സർക്കാരിന്രെ ഐബിയും താമസസൌകര്യത്തിനായി ലഭിക്കും. ഇടുക്കി ഡാമിലെ ബോട്ടിങ് ആസ്വദിക്കാം… 

ഇടുക്കി ഡാമിൽനിന്ന് എട്ടുകിലോമീറ്റർ ദൂരം.

താമസസൌകര്യത്തിന് ബന്ധപ്പെടുക- 9744678537

നുമ്മടെ കൊച്ചിക്കാഴ്ചകൾ

നുമ്മടെ കൊച്ചിക്കാഴ്ചകൾ

കൊച്ചിയിലെത്തുന്നവർക്ക് നഗരവും ചുറ്റുപാടുകളും തന്നെ ചുറ്റിയടിക്കാം. ബീച്ചുകളിൽ സമയം ചിലവിടാൻ നോർത്ത് പറവൂർ ഭാഗത്തേക്കു നീങ്ങാം. ഗോശ്രീ പാലം കയറിയിറങ്ങി വലത്തോട്ടു തിരിഞ്ഞുപോയാൽ ബീച്ചുകളുടെ ഒരു മാലതന്നെയുണ്ട്. മുനന്പം,  കുഴുപ്പിള്ളി, ചെറായി എന്നിടങ്ങളിൽ കടലോരയാത്രയാവാം.  ഇനി കായലാണു വേണ്ടതെങ്കിൽ മറൈൻഡ്രൈവിലെത്തി ബോട്ടിങ് നടത്താം.  കുറച്ചുകൂടി ശാന്തമായ അന്തരീക്ഷത്തിൽ ദിനം കഴിക്കണമെങ്കിൽ ഞാറയ്ക്കൽ ഫിഷ് ഫാമിലേക്കു വച്ചുപിടിക്കാം. എടവനക്കാട് ഗ്രാമത്തിലൂടെ ആസ്വദിച്ചു വണ്ടിയോടിക്കാം. പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടും ഇടക്കിടെയുള്ള ദ്വീപുകളും മനംമയക്കും തീർച്ച. 

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും തെരുവുകളിലൂടെ അലസഗമനം നടത്താം. മട്ടാഞ്ചേരി കായീസ് ബിരിയാണി കഴിക്കാം.. വാസ്കോഡഗാമയുടെയും മറ്റുള്ളവരുടെയും സ്മാരകങ്ങളും ജൂതപ്പള്ളിയും നിങ്ങളെ തീർച്ചയായും ചരിത്രത്തൊടൊപ്പം നടത്തിക്കും.. 

കോട്ടയിൽകോവിലകവും സിനഗോഗും

കോട്ടയിൽകോവിലകവും സിനഗോഗും

നോർത്ത് പറവൂരിലെ ബീച്ചുകൾ ആസ്വദിക്കുന്നതിനു മുൻപ് തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണു കോട്ടയിൽ കോവിലകം. സുന്ദരമായൊരു ജൂതസിനഗോഗ് ആണ് ഇവിടെത്തെ ആകർഷണം.  കായലോരത്ത് ഈ കുഞ്ഞ് ആരാധനാലയം അറിയപ്പെടാതെ കിടക്കുന്നു.   മുസിരിസ് പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കാനും സഹോദരൻ അയ്യപ്പന്റെ ജൻമഗൃഹം കാണാനും ചവിട്ടുനാടകപ്പെരുമയുള്ള ഗോതുരുത്തിന്റെ ഗ്രാമ്യഭംഗി അറിയാനും ഈ യാത്രയിലൂടെ സാധിക്കും. 

വഴി- എറണാകുളം-ഇടപ്പള്ളി-വരാപ്പുഴ-നോർത്ത് പറവൂർ-കോട്ടയിൽക്കോവിലകം- 28 km

ചൊക്രമുടിക്കടുത്തുനിന്നു പകർത്തിയ സൂര്യോദയം

മൂന്നാറിന്റെ അറിയാക്കാഴ്ചകൾ

ചിന്നാറിലെ-ചിന്ന-ആർ

തേയിലത്തോട്ടത്തിൽനിന്നുള്ള സെൽഫിയെടുക്കലിൽനിന്നു മൂന്നാറിലെ സഞ്ചാരരീതികൾ മാറിക്കഴിഞ്ഞു. സാഹസികർക്കും കാടിനെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവർക്കും ഏറെ സൌകര്യങ്ങൾ ഇപ്പോൾ മൂന്നാറിൽ ലഭ്യമാണ്. അതിലൊന്നാണു ചൊക്രമുടി കയറ്റവും ടെന്റിലെ താമസവും. മൂന്നാറിലെ മൂന്നാമെത്ത ഉയരം കൂടിയ മലയാണു ചൊക്രമുടി. ഗ്യാപ് റോഡിലേക്ക് എത്തുന്നതിനുമുൻപ് വലത്തുകാണുന്ന ചൊക്രമുടിയിൽ ഇപ്പോൾ ടെന്റ് സൌകര്യം ലഭിക്കും. നീലക്കുറിഞ്ഞികൾ പൂക്കുന്ന ചൊക്രമുടിയിൽ മഞ്ഞിനോടു കഥപറഞ്ഞ് തീകാഞ്ഞിരിക്കുക അവിസ്മരണീയമായിരിക്കില്ലേ.. ?

അടുത്തുള്ള സ്ഥലങ്ങൾ- ചിന്നക്കനാൽ, ഗ്യാപ് റോഡ്. 

പാമ്പാടുംചോലയിലെ മഞ്ഞൂകൂടാരങ്ങൾ

പാമ്പാടുംചോലയിലെ-മരവീടുകൾ

ബന്തർ മല പിന്നിൽ തലയുയർത്തിനിൽക്കുന്നു. മഞ്ഞ് മുറ്റത്തൂകൂടി തണുപ്പേകി കടന്നുപോകുന്നു. താഴെയുള്ള പുൽമൈതാനത്തിൽ കാട്ടുപോത്തുകൾ മേയുന്നു. ആ ഇരട്ടവീടുകളിൽ നിങ്ങൾ കാടിനോടു കഥ പറഞ്ഞിരിക്കുന്നു.  പാന്പാടുംചോല ദേശീയോദ്യാനത്തിൽ രണ്ടു മരവീടുകളിൽ താമസിച്ചാലുള്ള ഫീൽ ആണ് മുകളിൽ പറഞ്ഞത്. പ്രകൃതിസ്നേഹികൾക്ക് ട്രെക്കിങ് ആവാം. അത്യപൂർവമായി മാത്രം കണ്ണിൽപ്പെടുന്ന നീലഗിരി മാർട്ടെൻ എന്ന മൃഗം ഭാഗ്യമുണ്ടെങ്കിൽ മുന്നിൽപ്പെടും. കാട്ടുപോത്തുകൾ നിങ്ങളുടെ വാഹനത്തെ മുട്ടിയുരുമ്മി പോകും. അവധിക്കാലം ചെലവിടാൻ ഇത്രയും നല്ലൊരു സ്ഥലം മൂന്നാറിനടുത്തില്ലെന്നു പറയാം. 

കൂടുതൽ വിവരങ്ങൾക്ക് - മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസ്-8301024187

വഴി- എറണാകുളം-അടിമാലി-മൂന്നാർ-ടോപ് സ്റ്റേഷൻ-പാന്പാടുംചോല. 161 km

കുമരകത്തെ കായലോരങ്ങൾ

ഞാറക്കൽ-ചെമ്മീൻകെട്ട്

നമ്മുടെ യാത്രാലിസ്റ്റിൽ ഒഴിവാക്കാൻ പറ്റാത്തൊരു പേരാണ് കുമരകം. കായലുകളുമായി കഥ പറഞ്ഞിരിക്കുന്ന സുന്ദരിയായ ഗ്രാമം. കോട്ടയം ജില്ലയിലാണ് ഈ വിശ്വവിഖ്യാതമായ പ്രദേശം. ചെറുകനാലുകളിലൂടെ കൊച്ചുവഞ്ചിയിലേറി ഗ്രാമ്യഭംഗി ആസ്വദിച്ചു കറങ്ങാനും കുമരകം പക്ഷിസങ്കേതത്തിൽ വിരുന്നിനെത്തുന്ന ദേശാടനക്കാരെ കാണാനും നല്ല കരിമീനും കള്ളുംകൂട്ടി ശാപ്പാടടിക്കാനും കായൽക്കാറ്റേറ്റ് ഒന്നു മയങ്ങാനും ഇത്രയും നല്ല സ്ഥലമുണ്ടോ.. 

മഞ്ഞു ചൊരിയുന്ന ചൊക്രമുടി

പക്ഷിനിരീക്ഷകരാണെങ്കിൽ അതിരാവിലെത്തന്നെ ബോട്ടിങ്ങിനിറങ്ങണം എന്നു പ്രത്യേകം പറയേണ്ടല്ലോ.. ചെലവു കുറഞ്ഞ യാത്രയാണു ലക്ഷ്യമെങ്കിൽ കുമരകത്തുനിന്നു ഒട്ടേറെ സർക്കാർ ബോട്ടുകൾ ഉണ്ട്. അഞ്ചുരൂപ കൊടുത്താൽ ഇഷ്ടംപോലെ കറങ്ങാം. പ്രൈവറ്റ് ബോട്ടെടുത്താൽ വള്ളംകളിയുടെ ട്രയലുകൾ നടക്കുന്ന മുത്തേരിമടയുടെ വിശാലമായ കായൽപ്പരപ്പിലൂടെ ശാന്തമായി ദിനം ചെലവിടാം. 

അടുത്തുള്ള സ്ഥലങ്ങൾ- കോട്ടയം, വൈക്കം. തണ്ണീർമുക്കം ബണ്ട്.

വഴി- എറണാകുളം-ചേർത്തല-കുമരകം 55 km