ഹൈറേഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ആർദ്രമായ കുളിരിലാണ്ട് ജലക്കാഴ്ചകളുടെ വലിയ ലോകം സഞ്ചാരികൾക്കായി തുറന്നു നൽകി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇൗറനണിഞ്ഞു കാത്തിരിക്കുന്നു. മഴയും പുഴയും മലകളും പകിട്ടേകുന്ന ഇടുക്കിക്കു പറയാൻ ഏറെ കാഴ്ചകളുണ്ടെങ്കിലും മഴക്കാല വിനോദസഞ്ചാരത്തിന്റെ പ്രൗഢി നിറഞ്ഞുതുളുമ്പുന്നതു വെള്ളച്ചാട്ടങ്ങളിലാണ്. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങളാണു ജില്ലയിലുള്ളതെന്നാണു കണക്ക്.
പെരുമഴയിൽ കുതിച്ചൊഴുകി ശ്രീനാരായണപുരം
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽനിന്നു കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്കു പോകുന്ന വഴിയോരത്താണു ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിൻകാനത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ മുതിരപ്പുഴയാറ്റിലാണ് അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങൾ കാഴ്ചയുടെ പൂരം തീർക്കുന്നത്. നാലു വർഷം മുമ്പ് ഒരുകോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കിയതോടെ നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണു പദ്ധതിയുടെ ചുമതല. വേനൽക്കാലത്തു വെള്ളച്ചാട്ടങ്ങളുടെ ശക്തി അൽപം കുറയുമെങ്കിലും ഒരു മഴകൊണ്ടുതന്നെ മുതിരപ്പുഴയാർ ജലസമൃദ്ധമാകുമെന്നതിനാൽ ശ്രീനാരായണപുരം വെള്ളച്ചാട്ടം എല്ലാക്കാലത്തും ആകർഷകമാണ്.
കാണാതായി, തിരിച്ചെത്തി കുത്തുങ്കൽ വെള്ളച്ചാട്ടം
അണക്കെട്ടു വന്നതോടെ വിസ്മൃതിയിലേക്ക് ഒഴുകിമറഞ്ഞ കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് ഇൗ മഴക്കാലം പുനർജന്മമേകിയതു ഹൈറേഞ്ചിന്റെ വിനോദസഞ്ചാര സ്വപ്നങ്ങൾക്കു കരുത്തേകുന്നു. രാജാക്കാട്ടുനിന്ന് ആറു കിലോമീറ്റർ അകലെ മുക്കുടിലിനു സമീപം പന്നിയാർ പുഴയിലാണു കുത്തുങ്കൽ വെള്ളച്ചാട്ടം. 30 മീറ്ററോളം ഉയരെനിന്നു പാറക്കെട്ടുകളിൽ പതിക്കുന്ന വെള്ളച്ചാട്ടം വശ്യമായ സൗന്ദര്യം ഉള്ളിലൊളിപ്പിച്ചിരുന്നു. 2002ൽ ഇവിടെ അണക്കെട്ടു നിർമിച്ച് പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കമ്മിഷൻ ചെയ്തതോടെ കുത്തുങ്കൽ വെള്ളച്ചാട്ടം അപ്രത്യക്ഷമായി. വൈദ്യുതി ബോർഡുമായുള്ള ഉടമ്പടിയനുസരിച്ചു സ്വകാര്യ കമ്പനിയാണ് ഇൗ അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി നിർമിച്ച് കെഎസ്ഇബിക്കു നൽകുന്നത്. പകരം കമ്പനിക്കു പാലക്കാട് കെഎസ്ഇബി വൈദ്യുതി നൽകുന്നു. അണക്കെട്ടു വരുന്നതിനു മുമ്പു വേനൽക്കാലത്തുപോലും കുത്തുങ്കൽ വെള്ളച്ചാട്ടം സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ അണക്കെട്ടു കവിഞ്ഞൊഴുകിയതോടെയാണ് ഒരിക്കൽ കാഴ്ചക്കപ്പുറം മറഞ്ഞ വെള്ളച്ചാട്ടത്തിനു പുനർജന്മമുണ്ടായത്.
പളുങ്കുവെള്ളം പതഞ്ഞൊഴുകി തൊമ്മൻകുത്ത്
സദാസമയവും പളുങ്കുമണികൾ വിതറി കാഴ്ചയുടെ വസന്തമൊരുക്കുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. ചട്ടക്കാരി എന്ന മലയാള സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചതോടെ തൊമ്മൻകുത്തിനു പ്രശസ്തിയേറി. തൊടുപുഴയിൽനിന്നു 18 കിലോമീറ്റർ അകലെയാണ് നയനമനോഹരമായ ഇൗ വെള്ളച്ചാട്ടം. ഏഴു തട്ടുകളായുള്ള വെള്ളച്ചാട്ടത്തിന് മഴക്കാലമായാൽ അഴകിന്റെ പൂർണത കൈവരും.
കുളിരണിയിച്ച് ചീയപ്പാറ
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലാണു വന്യസൗന്ദര്യം പെയ്തിറങ്ങുന്ന ചീയപ്പാറ. ഇതുവഴി ബസിൽ യാത്രചെയ്യുന്നവരെപ്പോലും കുളിരണിയിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം ആകാശത്തുനിന്നുതിരുന്ന പാൽപുഴപോലെ സുന്ദരിയാണ്. സമുദ്രനിരപ്പിൽനിന്ന് 1000 മീറ്ററിലധികം ഉയരെയാണ് വശ്യമനോഹരമായ ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രധാന ട്രക്കിങ് കേന്ദ്രമാണ് അടിമാലിയിൽനിന്നു 16 കിലോമീറ്റർ അകലെയുള്ള ചീയപ്പാറയും പരിസരപ്രദേശങ്ങളും.
ഐതിഹ്യകഥകളുടെ പള്ളിവാസൽ
മൂന്നാറിലെത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന വിനോദസഞ്ചാര കേന്ദ്രമാണു പള്ളിവാസൽ വെള്ളച്ചാട്ടം. മൂന്നാറിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ദേവികുളത്താണ് ഇൗ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഐതിഹ്യ കഥകളിൽ സീതാദേവി നീരാടിയതെന്നു കരുതുന്ന സീതാതടാകത്തിൽനിന്ന് ഉത്ഭവിക്കുന്ന അരുവിയിലാണ് ഇൗ വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽനിന്ന് 1700 മീറ്റർ ഉയരത്തിലാണു വെള്ളച്ചാട്ടമുള്ളത്.
ജില്ലയിൽ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടവും ഇതുതന്നെ. 200 മീറ്ററിലധികം ഉയത്തിൽനിന്നു പല തട്ടുകളായാണു വെള്ളച്ചാട്ടം താഴെ പതിക്കുന്നത്.
വേനലിലും കുതിച്ചൊഴുകി തൂവൽച്ചാട്ടം
നെടുങ്കണ്ടത്തുനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള തൂവൽ അരുവിയിലാണു തൂവൽ വെള്ളച്ചാട്ടം. കല്ലാർ പുഴയുടെ ഭാഗമാണു തൂവൽ അരുവി. വേനൽക്കാലത്തുപോലും ജലസമൃദ്ധമായ ഇൗ വെള്ളച്ചാട്ടത്തിനു 180 അടി ഉയരമുണ്ട്.
കാടിനുള്ളിൽ മലക്കംമറിഞ്ഞ് ലക്കം
മൂന്നാർ – മറയൂർ റോഡിൽ മൂന്നാറിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയാണു ലക്കം വെള്ളച്ചാട്ടം. ഇരവികുളത്തോടു ചേർന്ന്, വാകമരങ്ങൾ ഇടതിങ്ങി വളരുന്ന വനപ്രദേശത്താണു വെള്ളച്ചാട്ടം. ഇരവികുളത്തുനിന്ന് ഉത്ഭവിക്കുന്ന തണുപ്പേറിയ ശുദ്ധജലമാണ് ലക്കം വെള്ളച്ചാട്ടത്തിനു സമൃദ്ധിയേകുന്നത്.
ശുഭ്രശോഭയോടെ ചിന്നിച്ചിതറി ഇടുക്കിയുടെ മണ്ണിനെ പുൽകുന്ന വെള്ളച്ചാട്ടങ്ങളുടെ പേരും പെരുമയും അവസാനിക്കുന്നില്ല. വാളറയും നയമക്കാടും കീഴാർകുത്തുമെല്ലാം വർണനകൾക്കപ്പുറം നയനമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.
സാഹസികർക്കു സ്വാഗതമോതി ആറ്റുകാട്
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനും മൂന്നാറിനും ഇടയിലാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാറിൽ നിന്നും ഒൻപതു കിലോമീറ്റർ അകലെ തേയിലമലക്കൾക്കിടയിലാണ് നയനമനോഹരമായ ആറ്റുകാട് വെള്ളച്ചാട്ടം നിലകൊള്ളുന്നത്.