വശ്യമനോഹരമെങ്കിലും ഇതുവരെ വിനോദസഞ്ചാരികളുടെ കാലടികൾ പതിയാതെ നരിയമ്പാറ ട്രിപ്പിൾ വാട്ടർഫോൾസ്. സ്വദേശികൾക്കു പോലും ഈ വെള്ളച്ചാട്ടം അപരിചിതമാണ്.കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ നിന്ന് 400 മീറ്റർ മാത്രം ഉള്ളിൽ നഗരസഭയിലെ 27-ാം വാർഡിലാണ് പ്രകൃതിയുടെ ദൃശ്യവിരുന്ന് ഒളിഞ്ഞുകിടക്കുന്നത്. കടമാക്കുഴി മേഖലയിൽ നിന്നെത്തുന്ന വെള്ളം നരിയമ്പാറയ്ക്കും പ്ലാമൂടിനുമിടയ്ക്കുള്ള കലുങ്കിലൂടെയാണ് സംസ്ഥാന പാത മുറിച്ചു കടക്കുന്നത്. ഇതിനു സമീപത്തു നിന്ന് വള്ളക്കടവിനുള്ള റോഡിന്റെ എതിർദിശയിലൂടെ തൊവരയാർ ഭാഗത്തേക്കുള്ള വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനു സമീപമെത്താം. റോഡിലെ ഏതാനും വളവുകൾ തിരിഞ്ഞ് കലുങ്ക് കടന്ന് കുറച്ചു മീറ്റർ മുന്നോട്ടു നീങ്ങിയാൽ വെള്ളച്ചാട്ടമായി.
റോഡരികിൽ നിന്നാൽ ആദ്യ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗം കാണാനാകും. പ്രകൃതിയൊരുക്കിയ പച്ചപ്പരവതാനിക്കിടയിലൂടെ പാൽനുര ചിതറിയെത്തുന്ന വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. രണ്ടാമത്തെ വെള്ളച്ചാട്ടം പതിക്കുന്നത് പാറയിൽ നിന്ന് കുറച്ചു ദൂരം മാറിയാണ്. അതിനാൽ ഈ പാറയ്ക്കടിയിൽ കയറിയാൽ നനയുകപോലുമില്ല. എന്നാൽ വെള്ളം പതിക്കുന്ന സ്ഥലത്ത് ഇറങ്ങുന്നത് അപകടകരമാണ്. മൂന്നാമത്തെ വെള്ളച്ചാട്ടം പതിക്കുന്ന മേഖലയിൽ അപകടസാധ്യത കുറവാണ്. മണൽ അടിഞ്ഞു കിടക്കുന്നതിനാൽ വെള്ളത്തിലൂടെയിറങ്ങി വെള്ളച്ചാട്ടത്തിൽ കുളിക്കാം. ജൂൺ മാസം മുതൽ വെള്ളം കൂടുതലാണ്. അഞ്ചുരുളി തുരങ്ക മുഖത്തേക്ക് ഇവിടെ നിന്ന് അഞ്ചു കിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഇവിടവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും.
സഞ്ചാരികളെ ആകർഷിച്ച് കച്ചാരം വെള്ളച്ചാട്ടം
മറയൂർ ∙ അഞ്ചുനാട്ടിലെ പ്രകൃതിരമണീയമായ കാഴ്‌ചകൾക്കൊപ്പം കച്ചാരം വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ആകർഷകമാകുന്നു. മറയൂർ കാന്തല്ലൂരിലെത്തുന്ന വിനോദസഞ്ചാരികൾ മുനിയറകൾ, ചന്ദനക്കാട്, ആപ്പിൾത്തോട്ടം, ചിന്നാർ വന്യജീവി സങ്കേതം എന്നിവയാണ് പ്രധാനമായും കാണുന്നത്. ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും ഇവയെല്ലാം വനത്തിനുള്ളിലായതിനാൽ കൂടുതൽ സഞ്ചാരികളും അവ സന്ദർശിക്കാൻ താൽപര്യം കാട്ടാറില്ല. എന്നാൽ മറയൂർ – കാന്തല്ലൂർ റോഡിൽ കീഴാന്തൂരിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ പച്ചക്കറിത്തോട്ടങ്ങൾക്ക് നടുവിലുള്ള കച്ചാരം വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ഏറെ പ്രിയമാകുകയാണ്.
കീഴാന്തൂരിൽ നിന്ന് നടന്ന് പച്ചക്കറിത്തോട്ടം കണ്ട് ഈ വെള്ളച്ചാട്ടത്തിൽ ഏത്താവുന്നതാണ്. അഞ്ചു മീറ്റർ വീതിയിൽ ഇരുപതടി ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളത്തിൽ കുളിക്കാവുന്നതാണ്. വിശാലമായ പാറയ്ക്കിടയിൽ വീഴുന്നതും മൂന്നടി ഉയരത്തിൽ വെള്ളം തങ്ങിനിൽക്കുന്നതുമായതിനാൽ നീന്തിയും കുളിക്കാവുന്നതാണ്. എന്നാൽ കച്ചാരം വെള്ളച്ചാട്ടത്തിലേക്കുള്ള യാതൊരു അടിസ്ഥാന സൗകര്യവും പഞ്ചായത്ത് അധികൃതർ ഒരുക്കിയിട്ടില്ല. ഇതിനാൽ വിനോദസഞ്ചാരികൾ കാട്ടുപാതയിലൂടെയും സ്വകാര്യ ഭൂമിയിലൂടെയുമാണ് ഇവിടേക്കെത്തുന്നത്.