കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും. പ്രകൃതിയെ മനോഹരമായി വരച്ചു വച്ച ക്യാൻവാസിൽ കാണുന്നതു പോലെ ആസ്വദിക്കാനും അവിടെ കുറച്ചു സമയം ചിലവഴിക്കാനും താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ രാജകുടുംബാംഗങ്ങൾ വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന ഒരിടമായിരുന്നു പൊൻമുടിയും. കടൽത്തീരത്തു നിന്നും ഏറ്റവും എളുപ്പത്തിലെത്താവുന്ന കോട പൊതിയുന്ന മലമുകളിലേക്ക് ഒരു സ്വപ്നതുല്യമായ യാത്രയ്ക്ക് തുടക്കം കുറിക്കാം.
പേരിലുണ്ട് അല്പം കാര്യം
പേരു സൂചിപ്പിക്കുന്നതു പോലെ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. അപ്പോൾ സ്വാഭാവികമായും പൊന്മുടിക്കും പൊന്നിനും തമ്മിൽ എന്തെങ്കിലും അഭേദ്യമായ ബന്ധം കാണണമല്ലോ? മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണു പൊൻമുടി എന്ന പേരു വന്നതെന്ന് ഇവിടുത്ത കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. എന്നാൽ ചരിത്രകാരന്മാർക്കു മറ്റൊരു അഭിപ്രായമാണുള്ളത്. ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നു വിളിച്ചിരുന്നെന്നും അവിടെ നിന്നാണ് ഈ മലയ്ക്ക് പൊൻമുടി എന്നു പേരു വന്നതെന്നുമാണ് നിഗമനം.
പൊന്മുടിയുടെ സൗന്ദര്യം
തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടിയെന്ന ഈ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് ഊറിയെടുക്കാനും ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം. സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. ഇവിടെ മിക്കവാറും എല്ലാ കാലാവസ്ഥയിലും തണുപ്പു തന്നെയാണ്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ.
22 ഹെയർ പിൻ വളവുകൾ
വനസൗന്ദര്യം ആസ്വദിച്ച്, തേയിലത്തോട്ടങ്ങളും കാട്ടരുവികളും കടന്ന് കാഴ്ചകളുടെ സദ്യയുണ്ണാൻ പൊന്മുടി കുന്നിന്റെ മുകളിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടക്കണം. ഇതിനിടെ ഇറങ്ങി വിശ്രമിക്കാവുന്ന ചെറിയ സ്ഥലങ്ങൾ നിരവധിയാണ്. കഷ്ടിച്ചു രണ്ട് വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാവുന്ന കുന്നിൻ ചെരുവുകളിലൂടെയുള്ള റോഡിലെ ഹെയർ പിൻ വളവുകൾ യാത്രയ്ക്ക് മറ്റൊരനുഭവം നൽകുന്നു. ഡ്രൈവ് ചെയ്ത് പോകുന്ന ഓരോ ഹെയർ പിൻ കഴിയുമ്പോഴും കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം നമുക്ക് അനുഭവിച്ചറിയാം. ഇത്രയും ഹെയർപിന്നിലൂടെ, ചെറു റോഡിലൂടെ വലിയ വാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടാണെന്ന നിഗമനത്തിലെത്താൻ വരട്ടെ. കേരള സർക്കാറിന്റെ വേണാട് ബസ് പൊന്മുടിയുടെ ഹൈറേഞ്ചിലേക്ക് സ്ഥിരം സർവീസ് നടത്തുന്നുണ്ട്.
പൊന്മുടിയിലെ താമസം
പൊന്‍മുടിയില്‍ വേനൽകാലത്തു വിശ്രമിക്കാൻ സങ്കേതങ്ങൾ ആദ്യം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. രാജകുടുബത്തിലുള്ളവർ വേട്ടയ്ക്കും മറ്റു വിനോദങ്ങൾക്കും വിശ്രമിക്കാനുമൊക്കെയെത്തിയിരുന്ന കൊട്ടാരം പോലൊരു കെട്ടിടം പൊന്മുടിയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഇന്ന് ആ കെട്ടിടത്തിൽ ശുഷ്കമായ ശേഷിപ്പുകൾ അവിടെ കാണുകയും ചെയ്യാം. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കും അവരുടെ അതിഥികൾക്കും മാത്രമേ അവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണിത്. അതിനാൽ തന്നെ സ്വകാര്യ ഹോട്ടലുകൾക്കും റിസോര്‍ട്ടുകൾക്കും പൊന്മുടിയിൽ പ്രവേശനമില്ല. പിന്നെ താമസിക്കാൻ കഴിയുന്ന ഏകസ്ഥലം കെടിഡിസിയുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് മാത്രമാണ്.
ലാറി ബേക്കർ സായിപ്പിന്റെ മാന്ത്രിക കൊട്ടാരം
ലോകപ്രശസ്തനായ വാസ്തുശിൽപി ലാറി ബേക്കർ സായിപ്പിന്റെ കരവിരുതിൽ ഒരുങ്ങിയ കെട്ടിടങ്ങളാണ് കെടിഡിസിയുടെ ഗോൾഡൻ പീക്കിന് സ്വന്തമായുള്ളത്. 1977-79 കാലഘട്ടത്തിൽ അന്നത്തെ പിഡബ്ല്യുഡി ചീഫ് എൻജിനിയർ കെ സി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ വെറും 6 ലക്ഷം രൂപയ്ക്കാണ് ഈ വനസൗധങ്ങൾ പണികഴിപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത ഈ റിസോർട്ട് നിർമ്മാണം കൊണ്ടു തന്നെ വ്യത്യസ്ഥത പുലർത്തുന്നു.
പൊന്മുടി ഗോൾഡൻ പീക്ക്
22 ഹെയർ പിൻ വളവുകൾ കടന്നു മുകളിലെത്താറാകുമ്പോൾ ഒരു ചെക്ക് പോസ്റ്റ് കാണാം. ഇവിടുന്നുള്ള പ്രവേശനത്തിനു പ്രത്യേക പാസ് വേണം. ഈ ചെക്ക് പോസ്റ്റിനരികിലായി ഇടതു ഭാഗത്തുള്ള ചെറു റോഡാണ് ഗോൾഡൻ പീക്കിലേക്കുള്ള വഴി. ആ വഴിയിലൂടെ മുന്നിലേക്കു പോകുമ്പോൾ ഇരുവശവും ഹരിതാഭമായ കാഴ്ചകൾ കാണാം. പോകുന്ന വഴിയിൽ ഇടത്തേക്ക് മറ്റൊരു ചെറിയ ടാറിട്ട റോഡ് കാണാം. ഇത് പൊന്മുടി പൊലീസ് സ്റ്റേഷനിലേക്കും ഇവിടുത്തെ ഏക റസ്റ്റോറന്റായ ഓർക്കിഡിലേക്കുമുള്ള വഴിയാണ്. ഈ വഴിയിലേക്കു കയറാതെ മുന്നോട്ടു നീങ്ങിയാൽ പ്രത്യേക രീതിയിൽ പണികഴിപ്പിച്ച ഗോൾഡൻ പീക്കിന്റെ സൗധങ്ങൾ കാണാം.
വാഹനം നേരെ വന്നു നിൽക്കുന്നത് ഒരു കൂറ്റൻ തൂണിനു സമീപമാണ്. രാത്രിയിൽ അത് ഇവിടുത്തെ ഏക മൊബൈൽ ടവറാണെന്നു മനസിലാക്കാൻ ചിലപ്പോൾ കഴിയില്ല. കാറിലെ എസിയുടെ തണുപ്പിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് അതിലേറെ തണുത്ത സുഖകരമായ കാലാവസ്ഥ പുറത്തനുഭവപ്പെടും. നിറയെ നാരുകൾ താഴേക്കിറങ്ങുന്ന ഒരു മരച്ചുവടിനു സമീപമാണ് ഗോൾഡൻ പീക്ക് റിസോർട്ടിന്റെ റിസപ്ഷൻ. ഇവിടെ നിന്നും ചെക്ക് ഇൻ ചെയ്ത് റൂമിലേക്കെത്തുമ്പോൾ തണുപ്പിന് ഒരു ആശ്വാസം ലഭിക്കാൻ കെടിഡിസിയുടെ മുദ്രയുള്ള ചായക്കോപ്പയിൽ നല്ല രുചികരമായ ചൂട് ചായ റെഡി.
മൂന്നുതരത്തിലുള്ള പതിനാലു കോട്ടേജുകളാണ് ഗോൾഡൻ പീക്കിലുള്ളത്. ഡീലക്സ്, പ്രീമിയം, സ്യൂട്ട്. എട്ട് ഡീലക്സ് കോട്ടേജുകളും, മൂന്നു വീതം പ്രീമിയം, സ്യൂട്ട് കോട്ടേജുകളും. വൈകുന്നേരം കണക്കാക്കി എത്തിയാൽ ഈ കോട്ടേജിനു ചുറ്റുമുള്ള ചില കാഴ്ചകൾ ചെറു തണുപ്പു നുകർന്നു തന്നെ ആസ്വദിക്കാം. കോട്ടേജിനു ചുറ്റും തന്നെ ഇരിക്കാനും നടക്കാനും ഉല്ലസിക്കാനുമൊക്കെ സ്ഥലമുണ്ട്. ഭീമൻ തൂണിനു സമീപത്തായി അഭിമുഖമായി രണ്ട് കോട്ടേജുകളുണ്ട്. ഡീലക്സ് റൂമുകളാണിവ. ഗ്രാനൈറ്റും, മാർബിളുമൊക്കെ ഉപയോഗിച്ചു പാകിയതാണ് ഇവിടുത്തെ മുറികളിലെ ഫ്ലോറുകൾ. മുറിക്കുള്ളിലെ മുകൾ ഭാഗം തേക്കും ഈട്ടിയും പോലുള്ള തടികൾ കൊണ്ടുള്ളതാണ്. പുറത്തെ തണുപ്പ് അകത്തേക്കു കയറാനായി തടി മേൽക്കൂരയ്ക്കും ഭിത്തിക്കുമിടയിൽ സ്ഥലമുള്ളതും കാണാം. അതിനാൽ തന്നെ മുറികളിൽ എസിയുടെ ആവശ്യമില്ല.
കോട്ടേജുകൾ പുറത്തു നിന്നും നോക്കിയാൽ കരിങ്കൽ കെട്ടിടമാണെന്നേ പറയൂ. കാരണം, കരിങ്കല്ലുകൊണ്ടാണ് പുറത്തെ കെട്ടു നിർമിച്ചിരിക്കുന്നത്. എന്നാൽ മുറിയ്ക്കകത്തു കടന്നാൽ ഈ കരിങ്കൽ കെട്ട് കാണാൻ കഴിയില്ല. സിമന്റു പൂശിയ ചുവരുകളാണ് കാണാനാകുക. ചുവരുകൾക്കു സാധാരണ കെട്ടിടങ്ങളിൽ കാണുന്നതിനേക്കാൾ കട്ടിയുള്ളതായി തോന്നും. പുറത്തു കരിങ്കൽക്കെട്ടിനും അകത്തെ ഇഷ്ടികക്കെട്ടിനുമിടയിൽ ഒരു ലെയർ കൂടി നിർമ്മാണമുണ്ടെന്ന് ഇവിടുത്തെ മാനേജർ പറഞ്ഞറിഞ്ഞു.
തടികൊണ്ടുണ്ടാക്കിയ കട്ടിലുകൾക്ക് നല്ല വീതിയുണ്ട്. ബാത്ത്റൂം ചെറുതാണെങ്കിലും നല്ല വൃത്തിയായി പരിപാലിക്കുന്നതാണ്. കെടിഡിസിയുടെ സ്വന്തം സോപ്പും ടവലുമെല്ലാം ബാത്ത് റൂമിൽ അതിഥികളെ കാത്തിരിക്കുന്നു. റൂമിൽ തുണിയും ബാഗുകളും സൂക്ഷിക്കാൻ ഒരു തടി അലമാര കാണാം. ഇരിക്കാൻ കസേരകളും ജനാലയ്ക്കരികെയിരിക്കാൻ വീതിയുള്ള സ്പെയ്സുകളുമുണ്ട്. മുറിയുടെ എല്ലാ ഭാഗത്തും ജനാലകളുണ്ട്. ഇവ നീളമുള്ള കർട്ടനുകൾ കൊണ്ട് മറച്ചിരിക്കുകയാണ്. ഈ കർട്ടൻ മാറ്റിയാൽ തെളിഞ്ഞ ചില്ലു ഗ്ലാസുകളിലൂടെ പൊന്മുടിയുടെ സൗന്ദര്യം മുറിക്കുള്ളിൽ നിന്നു തന്നെ ആസ്വദിക്കാം.
കോട്ടേജുകളുടെ നടുവിലൂടെ താഴേക്കിറങ്ങാൻ ഒരു പാത കാണാം. ഇതിന്റെ ഇരുവശങ്ങളും നിരവധി പൂച്ചെടികൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. ഇറങ്ങുമ്പോൾ സർക്കാറിന്റെ വലിയ മുദ്രപതിപ്പിച്ച ചില ഡോറുകളുള്ള കെട്ടിടങ്ങൾ കണ്ടു. അവ കുറച്ചു കൂടി ഉയർന്ന നിലവാരത്തിലുള്ള മുറികളാണ്. ഇതിൽ ഒരു കോട്ടേജിൽ ഒരേ സമയം ഒന്നിലധികം കുടുംബങ്ങൾക്കു താമസിക്കാനും സൗകര്യമുണ്ട്. ഈ പടവുകൾ ചെന്നിറങ്ങുന്നത് ഓർക്കിഡ് എന്ന ഇവിടുത്തെ ഏക ഭക്ഷണശാലയിലേക്കാണ്. നല്ല ചൂടു ഭക്ഷണം കഴിക്കാൻ വലിയൊരു ഹാളിൽ തീൻമേശകൾ മനോഹരമായി ഒരുക്കിയിട്ടുണ്ട്. ചുറ്റും കണ്ണാടി ചുവരുകളാണ്. ഇതിലൂടെ മഞ്ഞുപൊതിഞ്ഞ കുന്നുകളുടെ വന്യശോഭ ആസ്വദിക്കാം. ഓർക്കിഡിനു മുൻവശത്തായി സൈറ്റ് സീയിങ് ഏര്യയുമുണ്ട്.
ഈ പതിനാല് കോട്ടേജുകളല്ലാതെ ഹട്ടുകൾ പോലെ തോന്നിക്കുന്ന മനോഹരമായ കോട്ടേജുകൾ പതിനാലെണ്ണം വേറെയുമുണ്ടിവിടെ. എന്നാൽ അവ അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. ഈ കോട്ടേജുകളാണ് മഞ്ഞുപൊതിയുന്ന മലകളിലേക്ക് കാഴ്ചയുടെ വസന്തം കൂടുതൽ ചൊരിയുന്നതെന്നു തോന്നി. പണികൾ അവസാനിച്ചാൽ അവയിൽ പോയി താമസിക്കണമെന്നു മനസിൽ ഉറപ്പിക്കുകയും ചെയ്തു. എല്ലാം കോട്ടേജുകളുടെയും മുന്നിലായി ഇരിക്കാനും ഉല്ലസിക്കാനും ബഞ്ചുകൾ ഉണ്ടായിരുന്നു. ഒരിടത്തു പച്ചനിറച്ചു നിൽക്കുന്ന മരത്തിനു ചുവട്ടിലായി ക്യാമ്പ് ഫയർ ഒരുക്കാനുള്ള സൗകര്യവുമുണ്ട്. അതിഥികളുടെ ആവശ്യപ്രകാരം രാത്രിയിൽ ഇവിടെ കെടിഡിസി തന്നെ ക്യാമ്പ് ഫയർ ഒരുക്കി കൊടുക്കുന്നു. സന്തോഷിക്കാനും ആർത്തട്ടഹസിക്കാനും നൃത്തം ചെയ്യാനുമൊക്കെ അതിഥികൾ ഈ സ്ഥലം ഉപയോഗിക്കുന്നു. ഉല്ലാസയാത്രയുടെ ഉത്സാഹം പൊട്ടിവിടരുന്നത് ഈ ക്യാമ്പ് ഫയർ സ്പെയ്സിൽ എത്തുമ്പോഴാണ്.
പൊന്മുടിയുടെ ടോപ് സ്റ്റേഷൻ
രാവിലെ 8.30 മണിമുതലാണ് പൊന്മുടിയുടെ ടോപ് സ്റ്റേഷനിലേക്ക് പോകാൻ അനുമതിയുള്ളത്. ചെക്ക് പോസ്റ്റും കടന്നു പൊന്മുടിയുടെ അമരത്തേക്കെത്താൻ രണ്ടു കിലോമീറ്ററോളം ദൂരമാണുള്ളത്. മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ റിസോർട്ടിൽ നിന്നും നടന്നെത്തുന്നവരും കുറവല്ല. പൊന്മുടിയുടെ ടോപ് സ്റ്റേഷനിൽ പുൽമേടുകളും മലഞ്ചെരിവുകളും ചോലവനങ്ങളും കാണാം. അവിടെയുമുണ്ട് ആളൊഴിഞ്ഞ ചെറിയൊരു ചെക്ക് പോസ്റ്റ്. ഇവിടെ വരെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഈ ചെക്ക് പോസ്റ്റിനരികിലായി പൊന്മുടി ടൂറിസത്തിന്റെ ശിലാഫലകവും ശില്പങ്ങളും കാണാം. അവിടിവിടായി വിശ്രമിക്കാനുള്ള ഹട്ടുകൾ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. മഴയുള്ളപ്പോൾ ഈ ഹട്ടുകൾ മാത്രമാണ് സഞ്ചാരികൾക്ക് ഏക ആശ്രയം. ആ ചെക്ക് പോസ്റ്റും കടന്നു പൊന്മുടി കുന്നിന്റെ അരികിലേക്കെത്താം. അവിടെ നിന്നും ട്രക്കിങിനിറങ്ങുന്നതു പോലെ കുറച്ചു ദൂരം വരെ മലയിറങ്ങാനും കഴിയും. എന്നാൽ മൂടൽ മഞ്ഞു കൂടുതലുള്ളപ്പോൾ ഇത് അസാധ്യമാണ്.
പൊന്‍മുടിയില്‍നിന്നു തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട ട്രക്കിങ് കേന്ദ്രങ്ങളിലേക്കു പോകാൻ കഴിയും. ഏകദേശം മൂന്നു മണിക്കൂർ വേണം അവിടെയെത്താൻ . സാധാരണ കേരളത്തിലെ ടൂറിസം സീസണായ നവംമ്പർ മുതലാണ് ട്രക്കിങിന് അനുയോജ്യമായ സമയം. മേയ് വരെ ട്രക്കിങിനായി നിരവധി ആളുകളെത്താറുണ്ട്. പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാറും. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കെത്താൻ 4 കിലോമീറ്റർ ട്രക്കിങ് ആവശ്യമാണ്. ഉരുളൻ കല്ലുകളും പച്ചമരങ്ങളും നല്ല തെളിഞ്ഞ തണുത്ത വെള്ളവും നിറഞ്ഞതാണ് കല്ലാർ. കല്ലാറിൽ മുങ്ങി കുളിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
കുടുംബത്തോടൊപ്പം എല്ലാം മറന്നു താമസിക്കാനും തണുപ്പും വനസൗന്ദര്യവും ആവോളം ആസ്വദിക്കാനും കേരളത്തിന്റെ തലസ്ഥാനത്ത് പൊന്മുടിയല്ലാതെ മറ്റൊരു സ്ഥലമില്ലെന്ന് ഉറപ്പിച്ചു പറയാം.
മറ്റ് ആകർഷണങ്ങൾ
2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടം അടുത്താണ്.
ബ്രൈമൂർ, ബോണക്കാട്, പേപ്പാറ വൈൽഡ് ലൈഫ് സാഞ്ച്വറി, കോയിക്കൽ കൊട്ടാരം (നെടുമങ്ങാട്)
ഗോൾഡൻ പീക്കിൽ താമസിക്കാൻ
വിളിക്കുക: +91-94000 08640
Phone: +91-472-2890225, 2890186
Email: goldenpeak@ktdc.com