വൈക്കത്ത് ബീച്ചുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ഭുതമായിരുന്നു പത്തനംതിട്ടക്കാരനായ സുഹൃത്തിന്. ഉണ്ടെന്നങ്ങു തറപ്പിച്ചു പറയാൻ എനിക്കു മടിയുമായിരുന്നു. കാരണം, വർഷങ്ങളായി പേരിനു മാത്രമായൊരു ബീച്ചായിരുന്നു വെമ്പനാട്ടു കായലിനോടു ചേർന്ന് വൈക്കത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി.
ഏഴേക്കർ സ്ഥലത്ത്, മനോഹരമായ ശിൽപങ്ങൾക്കൂടി ഉൾപ്പെടുത്തി ബീച്ചിനെ അടിമുടി മാറ്റിയിരിക്കുകയാണ്.
കായൽക്കാറ്റേറ്റ് വിശ്രമിക്കണമെങ്കിൽ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായൽ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവർത്തിക്കുന്നുണ്ട്.
ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശിൽപങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശിൽപികള്‍ തയറാക്കിയിരിക്കുന്ന പത്തു ശിൽപങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്.
വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താൻ താൽപര്യമുള്ളവർക്ക് വൈക്കം-തവണക്കടവ് റൂട്ടിൽ ഒരു ബോട്ട്‌യാത്രയുമാകാം.
രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ടായ ആദിത്യയിൽ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താൻ. ബോട്ടിൽ മറുകരയിലെത്തിയാൽ നിങ്ങളെ സ്വീകരിക്കുന്നത് ആലപ്പുഴ ജില്ലയാണ്.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഇടം നേടിയതാണ് വൈക്കം ബോട്ടുജെട്ടിയും. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാരഥന്‍മാരെല്ലാം വൈക്കത്തെത്തിയത് ഈ ബോട്ടുജെട്ടിയിലൂടെയാണ്.
തിരുവിതാംകൂർ രാജവംശത്തിന്റെ മുദ്ര ആലേഖനം ചെയ്ത കവാടമുള്ള പഴയ ബോട്ടുജെട്ടിയിൽ നിന്നുള്ള അസ്തമയക്കാഴ്ചയും പ്രത്യേക ഫീല്‍ തന്നെ. ഇപ്പോൾ ബോട്ട് സർവീസ് നടത്തുന്നത് പുതിയ ബോട്ടുജെട്ടിയിൽ നിന്നാണ്. അതിനടുത്തായി ജങ്കാർ സർവീസും ഉണ്ട്.
ബീച്ചിനടുത്തായി കായലിനോട് ചേർന്ന് മുനിസിപ്പൽ പാർക്കമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി റൈഡുകളും മുതിർന്നവർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്രോണിക്കിൾ ഓഫ് ദി ഷോർസ് ഫോർടോൾഡ് (Chronicle of the Shores Foretold) എന്ന വലിയ മണിയും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിനോട് ചേർന്ന് വേമ്പനാട്ട് കായലിലാണ് കഴിഞ്ഞ ബെനാലെയിൽ പ്രദർശിപ്പിച്ച ഈ കൂറ്റൻ മണി സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോൾ വൈക്കത്തെത്തിയാൽ ബീച്ചിന്റെ സൗന്ദര്യം മാത്രമല്ല വൈക്കത്തഷ്ടമിയും കൂടി മടങ്ങാം. ഡിസംബർ 10 നാണ് ഈ വർഷത്തെ അഷ്ടമി. വൈക്കം മഹാദേവക്ഷേത്രത്തിലെ 12 ദിവസം നീണ്ടു നിൽക്കുന്ന ഉൽസവമാണ് വൈക്കത്തഷ്ടമി.
മനോഹരമായ അസ്തമയക്കാഴ്ച, ബോട്ട് യാത്ര, ആദ്യത്തെ സോളർ ബോട്ട്... വെള്ളവും വള്ളവും നിറഞ്ഞ, ചരിത്രത്തിൽ ഇടം പിടിച്ച വൈക്കത്തെക്കാഴ്ചകൾ അവസാനിക്കുന്നില്ല.