കാൽവരിമൗണ്ടിലേക്കെത്താം, കാട്ടുപാതയിലൂടെ

kalvarimount1
SHARE

കേരളത്തിന്റെ ജലസ്തംഭമാണ് ഇടുക്കി എന്ന മിടുക്കി. പർ‍വതനിരകളുടെ പനിനീരെന്നു കവി വാഴ്ത്തിയ പെരിയാറിലും തൊടുപുഴയാറിലുമായി പത്തു ഡാമുകളാണ് ഇടുക്കി ജില്ലയിലുള്ളത്. അതിലേറ്റവും പ്രസിദ്ധമായത് അറിയാമല്ലോ? കുറവനെയും കുറത്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാം. ഈ യാത്ര ഡാം കാണാനല്ല, ഇടുക്കിയെന്ന മലയോരമേഖലയിലേക്കുള്ള കാട്ടുപാതയറിയാനാണ്.

രാവിലെ തുടങ്ങിയ യാത്ര സന്ധ്യ മയങ്ങിയപ്പോൾ എത്തിയത് ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശമായ കാൽവരിമൗണ്ടിൽ. സൂര്യനെ നോക്കണോ, ജലാശയം നോക്കണോ, അതോ ആകാശത്തു കണ്ണുനടണോ എന്ന മട്ടിൽ അതിസുന്ദരമായ സായാഹ്നം. പുൽത്തലപ്പുകളിൽ സ്വർണവർണം പടരുന്നതിനെ സാക്ഷിയാക്കി സെൽഫിയെടുക്കുന്നവരുടെ തിരക്ക്. നീ എന്തിനാടാ ചക്കരേ, തലയിൽ തൊപ്പിയിട്ടത് എന്ന മട്ടിൽ പ്രേമപരവശയായി തലോടാൻ കൊതിക്കുന്ന കാറ്റ്. ഗൂഗിൾ മാപ്പിൽ എന്നവണ്ണം, അല്ലെങ്കിൽ ഒരു പക്ഷിക്കണ്ണിലൂടെയെന്നപോൽ കാണാവുന്ന ജലാശയം. ഇതാണ് കാഴ്ചകൾ വരിവരിയായി നിൽക്കുന്ന കാൽവരി മൗണ്ട്. 

മധുരയ്ക്കു പോവാതെടീ

kalvarimount2

നേര്യമംഗലം പാലം കഴിഞ്ഞ് കാട്ടുവഴി തുടങ്ങുമ്പോഴൊരു ബോർഡ് നിങ്ങളെ കൊതിപ്പിക്കും. നേരെ മധുര, വലത്തോട്ട് ഇടുക്കി. പെരിയാർ നട്ടുനനച്ചുവളർത്തിയ ഈ കാട്ടിലേക്കുള്ള കവാടമാണ് നേര്യമംഗലം പാലം- എൺപതു വയസ്സു കഴിഞ്ഞ യുവാവ്. 1935 ൽ തിരുവിതാംകൂർ മഹാരാജാവാണ് പാലം പണിയാൻ തീരുമാനിച്ചത്. പാലം കടന്നാൽ മൂന്നാറിലേക്കുള്ള വഴി രണ്ടായി പിരിയുന്നിടത്താണ് ആ ബോർഡ്. രണ്ടുവഴിയും മനോഹരം. കേരളത്തിലെ ശരാശരി വർഷപാതം ഏറ്റവും കൂടുതൽ കിട്ടുന്ന സ്ഥലമാണ് നേര്യമംഗലം. റോഡിനിരുവശത്തും തിങ്ങിവളരുന്ന ഹരിതാഭ തന്നെ അതിനു സാക്ഷി. എന്തായാലും വലത്തോട്ടു പോകാം; ഇടുക്കിയിലേക്ക്. പെരിയാറിന്റെ ഒഴുക്കിനെതിരെയാണ് നാം പോകുന്നത്. 

kalvari-mount3

നേര്യമംഗലം–പൈനാവ് റോഡ് ഒരു കണ്ണീർച്ചാലാണ് ശരിക്കും. മഴക്കാലത്ത് ഒരു വാഹനവുമെടുത്ത് ഈ വഴിയൊന്നു കറങ്ങിനോക്കൂ. വലതുവശത്തുനിന്ന് മലകളുടെ ആനന്ദക്കണ്ണീർ നിങ്ങളുടെ മനസ്സുനിറയ്ക്കും. ഇത്തവണ തണുപ്പറിയാനാണു യാത്ര എന്നതുകൊണ്ട് വെള്ളച്ചാട്ടങ്ങൾ അധികമില്ല. ജലമൊഴുകിയിറങ്ങിയ ഇടങ്ങളിലെ പച്ചപ്പും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 

kalvari-mount4

ആനയിറങ്ങുന്ന വഴിയാണെന്നു മുന്നറിയിപ്പു കിട്ടിയിരുന്നു. ഇവിടെ ആനയെക്കാളും പേടിക്കേണ്ടത് ദാ, ഇക്കാണുന്ന കടപുഴകുന്ന മരങ്ങളാണ്. ഹനുമാനെ ബുദ്ധിമുട്ടിച്ച  ബാലിയുടെ വാൽപോലെ ചിലപ്പോൾ പാതയ്ക്കു കുറുകെ പടുവൃദ്ധരായ മരങ്ങൾ വീണുകിടക്കുന്നുണ്ടാകും. 

kalvari-mount5

ദാ, വഴി ഇങ്ങനെയാണ്. വളവുകൾ. ഇരുവശത്തും ഇടതൂർന്ന കാട്. ആന ഐഎസ്എൽ കളിച്ചാലും നമുക്കറിയില്ല. അതുകൊണ്ടു സൂക്ഷിച്ചായിരുന്നു പോക്ക്. 

kalvari-mount6

നാം ഈ വഴിയിൽ പെരിയാറിന്റെ ആദ്യ അണക്കെട്ടിലേക്കെത്തുന്നു. ലോവർ പെരിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഏരിയ എന്നെഴുതിയ കമാനത്തിനപ്പുറം ഇടുക്കിയും ഇപ്പുറം എറണാകുളവുമാണന്നു തൊട്ടടുത്ത കടയിലെ ചേട്ടൻ പറഞ്ഞു

kalvari-mount8

കുറച്ചുകൂടി മുന്നോട്ടുപോയാൽ വലതുവശത്ത് കുത്തനെയുയർന്നു നിൽക്കുന്ന നഗ്നമായ മലകൾ. പേരിനു നാണം മറയ്ക്കാനെന്നപോലെ അവിടവിടെയായി പുൽക്കൂട്ടങ്ങൾ. 

kalvari-mount9

കരിമലയ്ക്കുതാഴെ ജനം വസിക്കുന്നുണ്ട്. ഇക്കൂട്ടർ എന്നും ഈ മലയുടെ ഭീമാകാരം കണ്ടെണീക്കുന്നവരായിരിക്കുമല്ലോ? അഹങ്കാരം ഒട്ടും ഉണ്ടാവില്ലല്ലേ? അറിയില്ല. ചിലപ്പോൾ മഹാമനസ്ക്കർക്കടുത്തു കൂടുന്നവർക്കാകും ജാഡ. 

kalvari-mount11

കുളത്തിലെ ആമ്പലുകൾപോലെ ചില ചെടികൾ ജലമൊഴുകിയിരുന്ന പാറപ്പുറത്തു വലിഞ്ഞുകയറി പൂവിട്ടിരിക്കുന്നു. പൂക്കളും തണ്ടും തണ്ടൊടിഞ്ഞ കുഞ്ഞുതാമരയെപ്പോലെയോ ആമ്പലുകളെപ്പോലെയോ ഉണ്ട്. 

ഈറ്റക്കാടുകൾ. ആനയുടെ  ഇഷ്ടക്കാടുകൾ. 

kalvari-mount12

അങ്ങുദൂരെ കാടിനപ്പുറം തലയുയർത്തിനിൽക്കുകയാണൊരു മല. ഈ കാടിനുള്ളിലൂടെ എങ്ങനെയോ തിക്കിത്തിരക്കി പെരിയാർ താഴേക്കു കുതിക്കുന്നുണ്ട്. 

kalvari-mount13

ഈറക്കാടിനെ മനുഷ്യന്റെ നിത്യോപയോഗത്തിനായി ഒരുക്കിവച്ചിട്ടുള്ള ചെറിയൊരു കവല. കരിമണൽ. കുട്ടയും വട്ടിയും മുറവുമെല്ലാം തയാറാക്കുന്നത് തമിഴ് വംശജരാണ്. ഒരേ കുടുംബത്തിലുള്ളവർ ഒന്നിച്ചു കട കെട്ടി കച്ചവടം ചെയ്യുന്നു. 

kalvari-mount10

ലോവർ പെരിയാർ ജലവൈദ്യുതപദ്ധതിയുടെ അണയാണിത്. പാബ്ള ഡാം എന്നു കുട്ട നെയ്തുകൊണ്ടിരുന്നയാൾ പറഞ്ഞുതന്നിരുന്നു. പാമ്പുകളുടെ അള എന്നതു ലോപിച്ചാണ് പാബ്ള ആയതത്രേ. പാബ്ളോ നെരൂദയൊക്കെ ഇതറിയുന്നില്ലല്ലോ.. ല്ലേ..  ഡാം പണിക്കെത്തിയവർ പെരിയാറിന്റെ തീരത്തെ പാറക്കല്ലുകളിൽ ഏറെ പാമ്പുകളുടെ അളകൾ കണ്ടതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നു വാച്ചർ പറഞ്ഞു.  

kalvari-mount15

നേര്യമംഗലത്തുനിന്ന് അമ്പത്തഞ്ചു കിലോമീറ്റർ ഏതാണ്ടു വിജനമായ പാതയിലൂടെ നാം ഇടുക്കിയിലെ പൈനാവിലെത്തി. കട്ടപ്പന റോഡിൽ ചെറുകയറ്റം കയറുമ്പോൾ ആരോ വലിച്ചുകെട്ടിയ വെള്ളത്തുണിപോലെ, വെള്ളപെയിന്റടിച്ച ഇടുക്കി ആർച്ച് ഡാം കാണാം. ഡാം അല്ല,  നമ്മുടെ ലക്ഷ്യം ക്യാച്മെന്റ് ഏരിയയാണ്.

kalvari-mount16

ആദ്യ കണ്ട കാൽവരി മൗണ്ട്. ടിക്കറ്റെടുത്ത് കാർ പാർക്ക് ചെയ്ത് ഇറങ്ങിയതു മുതൽ കാറ്റായിരുന്നു. ഉത്തരേന്ത്യൻ സഞ്ചാരികൾ ഈ സുന്ദരമായ സ്ഥലം കണ്ട് അദ്ഭുതം കൂറുന്നുണ്ട്. ചെന്നെയിൽനിന്നെത്തിയ കാർത്തി ആത്മഗതം ചെയ്യുന്നുണ്ട്– ഈ കേരളത്തിൽ നിറയെ ഡാമുകളാണല്ലോ എന്ന്. അതെ, നിങ്ങൾ ഈ കാണുന്ന ഡാം അടക്കം പത്തെണ്ണത്തെ ഉൾക്കൊള്ളുന്ന മണ്ണിലാണ് കാർത്തീ നിങ്ങൾ നിൽക്കുന്നതെന്നു മനസ്സിൽ പറഞ്ഞു കാറ്റിനു തിരിഞ്ഞുനടന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA