സഞ്ചാരപ്രിയരായ മലയാളസിനിമാപ്രേമികൾക്ക് കൃത്യമായ ഇടവേളകളിൽ യാത്രപോകാൻ ഒരിടം സമ്മാനിക്കുന്ന ചില സിനിമകളുണ്ട്. മീശപ്പുലിമലയുടെയും ഗവിയുടെയുമൊക്കെ മനംമയക്കും സൗന്ദര്യം സിനിമയിലൂടെ കണ്ടു യാത്ര തിരിച്ച നിരവധി പേരുണ്ട്. പ്രകൃതിയുടെ സൗന്ദര്യകൂട്ടിലേക്ക് ഇനി ഒരു പേരു കൂടി ചേർക്കാം. കുട്ടിക്കാനത്തിനടുത്തു സ്ഥിതി ചെയ്യുന്ന 'അമ്മച്ചി കൊട്ടാരം'. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിലും മംമ്തയും താരജോടികളായി അഭിനയിച്ച സംവിധായകൻ വേണുവിന്റെ കാർബൺ എന്ന ചിത്രത്തിലാണ് അമ്മച്ചി കൊട്ടാരവും അതിന്റെ പ്രൗഢിയും പഴമയുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. മഞ്ഞിൽ മൂടി നിൽക്കുന്ന ഈ കൊട്ടാരത്തിന്റെ മുറ്റത്തു നിൽക്കുന്ന ഫഹദിന്റെ ആദ്യ ദൃശ്യം തന്നെ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതായിരുന്നു. സിനിമയുടെ രണ്ടാംപാതിയിൽ മുഖ്യ കഥാപാത്രമായി തന്നെ ഈ കൊട്ടാരമുണ്ട്. നിരവധി നിഗൂഢതകൾ ഒളിപ്പിച്ച ഒന്നായാണ് ചിത്രത്തിൽ ഈ കൊട്ടാരത്തെ ദൃശ്യവത്കരിച്ചിരിക്കുന്നത്. കാർബണിൽ മാത്രമല്ല, ഇന്ദ്രിയം, പൈലറ്റ് പോലുള്ള ചിത്രങ്ങളിലും നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ അമ്മച്ചി കൊട്ടാരം.
അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്. തിരുവിതാംകൂർ രാജാവിന്റെ വേനൽ കാലവസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്.
പകലുകളിൽ മഞ്ഞുമൂടിയും ചെറുമഴത്തുള്ളികളാൽ പുണർന്നും സ്വീകരിക്കുന്ന പ്രകൃതിയാണ് കുട്ടിക്കാനത്തേത്. നട്ടുച്ച നേരത്തും മഞ്ഞിൽ പാതി മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരം, കാഴ്ചക്കാരിൽ ചിത്രകഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും. ജെ.ഡി.മൺറോ എന്ന വിദേശിയാണ് ഈ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. കേരളീയ വാസ്തു ശില്പശൈലിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങൾക്കു വിദേശ നിർമിതിയുടെ മുഖഛായ നൽകിയിട്ടുണ്ട്. കൊട്ടാരത്തിന് മരപ്പലകകളാൽ മച്ചുകൾ നിർമിച്ചിട്ടുണ്ട്. നിലത്തിനു ഭംഗിയേകിയിരിക്കുന്നതു തറയോടുകളാണ്. വിദേശ നിർമിത വിളക്കുകൾ, ബാത്റൂം ഉത്പന്നങ്ങള്‍, ടൈലുകൾ തുടങ്ങി അക്കാലത്തു ലഭ്യമായ മുന്തിയ സാമഗ്രികൾ എല്ലാം തന്നെ ഈ കൊട്ടാര നിർമിതിക്ക് ഉപയോഗിച്ചിട്ടുണ്ട്.
നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകൾ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്. ഇതിൽ ഒരു ഇടനാഴി കൊട്ടാരം സേവകർക്കു കൊട്ടാരത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ളതായിരുന്നുവെന്നു കരുതപ്പെടുന്നു. മറ്റൊരു ഭൂഗർഭപാത പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ളതാണ്.
ഇരുപത്തിയഞ്ചു ഏക്കറിലാണ് ഈ അമ്മച്ചി കൊട്ടാരം നിലനിൽക്കുന്നത്. സംരക്ഷണത്തിൽ സംഭവിച്ച വീഴ്ചകൾ ചെറുതല്ലാത്ത രീതിയിൽ ഈ കൊട്ടാരത്തെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈകളിലാണ് ഇന്ന് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. പ്രൗഢി പേറുന്ന ഇതിന്റെ ആഢ്യത്വം കാണാൻ ഇനി ഈ മലകയറുന്നവർക്കു നമ്മുടെ സംസ്കാരത്തെയറിയാൻ കുറെയേറെ തിരുശേഷിപ്പുകൾ അവിടെയുണ്ട്.
കുട്ടിക്കാനത്തു നിന്നും കഷ്ടി ഒന്നര കിലോമീറ്റർ ദൂരം മാത്രമേ ഈ കൊട്ടാരവളപ്പിലേക്കുള്ളൂ. വാഹന സൗകര്യമുണ്ടെങ്കിലും കുറച്ചു സാഹസികത വേണമെന്നുള്ളവർക്ക് കെ.എ.പി.ബറ്റാലിയന് സമീപത്തിലൂടെ കാൽനടയായി കാട്ടിലൂടെ സഞ്ചരിച്ചു ഇവിടെ എത്തിച്ചേരാവുന്നതാണ്.