കായലിലൂടെ ഒഴുകുന്ന കോട്ടേജിൽ താമസിക്കാം

കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാർ. സുന്ദരമായ കാഴ്ചകളാൽ പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായൊരിടം. അറബിക്കടലിന്റെ തീരത്തുള്ള വളരെ ശാന്തസുന്ദരമായ ബീച്ചാണ് ഇവിടുത്തെ പ്രധാന ആകർഷണം. കായലും കടലും മണൽത്തിട്ടകൊണ്ട്  വേർതിരിച്ച ഇമ്പമാർന്ന കാഴ്ചയാൽ അതിശയിപ്പിക്കും ഈ തിരയും തീരവും. വേലിയേറ്റ സമയങ്ങളിൽ കായലിന്റെ അരികിലേക്ക് കടല്‍ കേറി വരുന്ന പൊഴിയും ഇവിടെയുണ്ട്.

പൂവാർ ബീച്ച്

കായലിന്റെ ഇരുകരകളിലും ഇടതൂർന്ന കണ്ടൽ കാടുകളും തെങ്ങുകളും നിറഞ്ഞ് പച്ചപ്പിന്റ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിന് സമീപമുള്ള ഈ ഗ്രാമത്തിലെ മനോഹരമായ കടല്‍ത്തീരം അനവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഈ മനോഹരതീരത്തെ  പ്രധാന ആകർഷണം ഒഴുകുന്ന കോട്ടേജുകളാണ്. പൂവാർ ഐലൻഡ് റിസോർട്ട്. ആരെയും ആകർഷിക്കും.

വളരെ ശാന്തവും സുന്ദരവുമാണ് പൂവാർ ഐലൻഡ് റിസോർട്ട്. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിങ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി പൂവാറിലുണ്ട്. 86 കോട്ടേജുകളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 16  എണ്ണവും ഒഴുകുന്ന കോട്ടേജുകളാണ്.

ഫ്ളോട്ടിങ് കോട്ടേജ്

അതിൽ 4 ഡീലക്സ് കോട്ടേജുകൾ എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ളവയാണ്. നയനസുന്ദര കാഴ്ചകൾ മാത്രമല്ല ഇവിടെയെത്തുന്ന അഥിതികൾക്കായി ആയുർവേദ ചികിത്സയ്ക്കായുള്ള സ്പെഷ്യൽ പാക്കേജുകളും ഈ റിസോർട്ട് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ഒഴിവു ദിനങ്ങൾ ചെലവഴിക്കാൻ നിരവധി മറ്റു കോട്ടേജുകളുമുണ്ട്. കായലിൽ പ്രകൃതിയെ കണ്ടു.

പൂവാർ െഎലന്റ റിസോർട്ട്

ആ മനോഹാരിതയിൽ മനസ് കുളിർപ്പിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള ബോട്ട്  യാത്രയും ഐലൻഡ് റിസോർട്ടിന്റെ പ്രത്യേകതയാണ്. ഓളപ്പരപ്പിലെ തണുത്ത കാറ്റേറ്റ്, നിലാവുള്ള രാത്രിയിൽ പ്രിയപ്പെട്ടവൾക്കൊപ്പം സ്വപ്നതുല്യമായ ഒരു ദിനം ചെലവിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ ആഗ്രഹത്തിന് എല്ലാ രീതിയിലും പൂർണത നല്‍കാൻ ഇവിടുത്തെ ഒഴുകുന്ന കോട്ടേജുകൾ റെഡിയാണ്.

നാവിനു കൊതിയൂറും തനിനാടൻ വിഭവങ്ങളും റിസോർട്ടിൽ തയാറാണ്. കാഴ്ചകൾ കണ്ട് മനസ്സ് നിറയും പോലെ രുചിയൂറും വിഭവങ്ങൾക്കൊപ്പം വയറും നിറയ്ക്കാം. 1999 ലാണ് ഈ ഐലൻഡ് റിസോർട്ട് നിർമ്മിച്ചത്.

പൂവാർ െഎലന്റ റിസോർട്ട്

ഇരുപത്തിയഞ്ചു ഏക്കറോളം തെങ്ങിൻ തോപ്പുകൾ നിറഞ്ഞ മണ്ണിൽ കായൽകരയോട് ചേർന്നാണ് ഇതിന്റെ സ്ഥാനം. പക്ഷി നിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും താൽപര്യമുള്ളവരെ പൂവാര്‍ യാത്ര ഒരിക്കലും  നിരാശപ്പെടുത്തുകയില്ല.

ശാന്തസുന്ദരം പൂവാർ

തിരുവനന്തപുരത്തു നിന്നും ഏറെ ഒന്നും അകലെയല്ല പൂവാർ. കോവളത്തു നിന്നും പൂവാറിലേക്ക് പതിനാറു കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പൂവാറിലേക്കു മുപ്പതു കിലോമീറ്ററാണ് ദൂരം.  ഇരുപത്തിയൊൻപതു കിലോമീറ്റർ മാത്രമാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂവാറിലേക്കുള്ള ദൂരം.