ഫഹദ് ആ കാട്ടുരാത്രിയിൽ മംമ്തയ്ക്കു കൂട്ടായി ഇരുന്നതെവിടെയാണ്

ഫഹദ് ഫാസിലും മംമ്താ മോഹൻദാസും മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഏതു കെട്ടിടത്തിന്റെ മുറ്റത്താണ് അന്തിയുറങ്ങിയത്…?  സിനിമാറ്റോഗ്രഫർ വേണു സംവിധാനം ചെയ്ത, തിയറ്ററുകളിൽ കഴിഞ്ഞമാസങ്ങളിൽ കാടനുഭവം സമ്മാനിച്ച കാർബൺ സിനിമ കണ്ടിറങ്ങിയ മിക്കവരുടെയും മനസ്സിൽ ഈ ചോദ്യമുണ്ടായിരുന്നിരിക്കും.  അതു കെട്ടിടമാണോ അതോ സെറ്റാണോ… ഇതിനെല്ലാം ഉത്തരം കഴിഞ്ഞ വാഗമൺ യാത്രയിലാണു കിട്ടിയത്. സഞ്ചാരവഴിയിലെ സാധാരണ ഇടത്താവളം മാത്രമായി ചുരുങ്ങാറുള്ള കുട്ടിക്കാനം എന്ന മഞ്ഞുനാട്ടിലാണ് ആ കെട്ടിടം. പേര് അമ്മച്ചിക്കൊട്ടാരം.  തകർച്ചയിലാണ്ടുകൊണ്ടിരിക്കുന്ന അമ്മച്ചിക്കൊട്ടാരത്തിലേക്കൊരു കുഞ്ഞുയാത്ര. 

സിനിമ കണ്ടവർക്ക് ഈ സീൻ ഓർമ വരുമായിരിക്കും. മഞ്ഞിൽ കുളിച്ചല്ല, കളിച്ചുനിൽക്കുന്ന പഴയൊരു ഭവനത്തിലേക്കു ജോലി തേടിയെത്തുന്ന ഫഹദ് ഫാസിലും, കാടുകാണാനെത്തുന്ന മംമ്താ മോഹൻദാസും ഒന്നിച്ചു താമസിക്കുന്ന ഇടം.  കൊടുംകാടിന്റെ പ്രതീതിയാണു ചിത്രത്തിലെങ്കിലും ചുറ്റുപാടും അത്ര കാടല്ല. 

ഇന്ദ്രിയം എന്ന മാന്ത്രികമൂവിയിൽ ഉല്ലാസയാത്രാസംഘം എത്തി താമസിക്കുന്ന, യക്ഷിയുടെ സ്വാധീനമുള്ള സ്ഥലമായാണ് അമ്മച്ചിക്കൊട്ടാരത്തെ കാണിക്കുന്നത്. അതിൽ തുടക്കത്തിൽ അമ്മച്ചിക്കൊട്ടാരം ഇങ്ങനെയാണു കാണിക്കുന്നത്. 

ദേ ഇതാണ് ക്യാമറകൾ മാന്ത്രികമാക്കുന്ന  ആ കൊട്ടാരത്തിന്റെ ഇന്നത്തെ രൂപം. ഇലച്ചാർത്തുകൾക്കിടയിലൂടെ ഇരുനൂറ്റാണ്ടു പഴക്കമുള്ള അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ വിളിക്കുന്നു. 

സിനിമക്കാർക്ക് മഞ്ഞും മഴയും നിമിഷനേരം കൊണ്ടുണ്ടാക്കാൻ പറ്റുമല്ലോ. ഇന്ദ്രിയത്തിലെ  ഈ മഴസീൻ അമ്മച്ചിക്കൊട്ടാരത്തിന്രെ ഉമ്മറം കാണിക്കുന്നു.  സിനിമാക്കാരെപ്പോലെത്തന്നെയാണു സിനിമയിലെ യക്ഷിയും. തന്നെ ആവാഹിച്ചുതറച്ച ആണി പറിച്ചെടുക്കുന്ന നിമിഷം തന്നെ അമ്മച്ചിക്കൊട്ടാരത്തിനുചുറ്റും മഴയിരന്പുകയായി, കൊടുംകാറ്റടിക്കുകയായി…

പല ചലച്ചിത്രങ്ങളിലും തന്റെ കെട്ടിടമുദ്ര പതിപ്പിച്ച അമ്മച്ചിക്കൊട്ടാരത്തിലേക്കുള്ള യാത്ര ഒരു ഹൊറർ ചിത്രത്തിന്റെ പ്രതീതി നൽകുന്നു പലപ്പോഴും.  ചെറുകാടുകൾക്കിടയിലൂടെ എന്പാടും വഴി.  കാറിന്റെ വീലുകൾ പതിയുന്പോൾ ഞെരിഞ്ഞമരുന്ന   കരിയിലകൾ. ഞങ്ങൾ കാർ നിർത്തിയിട്ടു നടന്നു. 

നടന്നുവരുന്ന ആ യുവാക്കളില്ലായിരുന്നെങ്കിൽ ഏതോ പ്രേതഭൂമിയിലെത്തിയെന്നുതന്നെ ഞങ്ങൾ ഉറപ്പിച്ചേനെ. ആ സ്തൂപവും അമ്മച്ചിക്കൊട്ടാരത്തിന്റെ എടുപ്പും മനസ്സിൽ പതിയും. ഇവിടെ ഇരുട്ടായിരുന്നെങ്കിൽ എന്നാലോചിച്ചുനോക്കൂ.. 

എതിരെ വന്ന യുവാക്കളിലൊരാൾ പറഞ്ഞു- ചേട്ടാ, ആ വഴിയിലൂടെ വണ്ടിചെല്ലൂം. ന്നാപ്പിന്നെ ആയ്ക്കോട്ടെ… മരങ്ങൾ ഏതോ സംഘനൃത്തത്തിന്റെ തുടക്കത്തിൽ കൈകളുയർത്തിനിൽക്കുന്നതുപോലെ റോഡിനു കാവലായി നിൽപ്പുണ്ട്.  മരത്തിൽകയറി ഊഞ്ഞാലാടാൻ തോന്നും. കാരണം വേനലിലും ഇവിടെയെത്തിയാൽ ഒന്നു കുളിരുമെന്നതുതന്നെ. അതുകൊണ്ടാണല്ലോ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത്  വേനൽക്കാലവസതിയായ അമമച്ചിക്കൊട്ടാരം ഉയർന്നത്. തിരുവിതാംകൂർ  ഭരണകാലത്ത് ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ചതാണ് സമ്മർപാലസ്. മഹാറാണിമാർ വന്നു താമസിച്ചിരുന്നയിടമായതുകൊണ്ടാണ് അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെട്ടത് എന്ന് സൂക്ഷിപ്പുകാർ പറയുന്നു. ബ്രിട്ടീഷുകാരുടെ കൈവശത്തിലായിരുന്ന അമമച്ചിക്കൊട്ടാരം ഇപ്പോൾ  സ്വാകാര്യഉടമസ്ഥതയിലാണ്.     മരത്തൂണുകളും മച്ചും ആധുനികരീതിയിലുള്ള മേൽക്കൂരയും ഒരു ശാപമോക്ഷത്തിനു തുടിക്കുന്നതുപോലെ തോന്നി കൊട്ടാരത്തിൽനിന്നിറങ്ങുന്പോൾ.  

എറണാകുളം- പാലാ-ഈരാറ്റുപേട്ട- കുട്ടിക്കാനം 120 km

ഇല്ലിക്കൽകല്ല്, വാഗമൺ എന്നിവ അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ