വർഷത്തിലൊരിക്കൽ തുറക്കുന്ന കാട്ടിലെ ക്ഷേത്രം

Mangaladevi Temple
SHARE

ഭർത്താവ് മരിച്ച കണ്ണകി രോഷം കൊണ്ട് ചുട്ടു ചാമ്പലാക്കിയ മധുരയിൽ നിന്നും ഇറങ്ങി നടന്നു. അവൾ വല്ലാതെ കരയുന്നുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയതു പ്രാണനെ പോലെ കരുതിയിരുന്ന ഒരുവനാണ്. ലക്ഷ്യമില്ലാതെ നടന്നു, മലയും കാടും കടക്കുമ്പോൾ മരണപ്പെട്ടു എന്ന് വിചാരിച്ചവൻ കണ്ണകിയുടെ പ്രണയത്താൽ പുനർജനി നേടിയ കോവലൻ അവളെ കാത്തിരിക്കുകയായിരുന്നു, ശേഷം അവർ ഇരുവരും സന്തോഷ മൂർത്തികളായി അവിടെ കുടിയിരുത്തപെട്ടു. ഇടുക്കി ജില്ലയിലെ കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിന്റെ പറഞ്ഞു പഴകിയ ഐതിഹ്യ കഥയാണ്. ഈ പ്രദേശം ഇപ്പോൾ അതിർത്തി തർക്കം നേരിടുന്നൊരു ഭൂമി കൂടിയാണ് എന്നതും സമകാലീനമായ അവസ്ഥയിൽ ഈ ക്ഷേത്രം ചർച്ചാ വിഷയമാകുന്നതിന്റെ കാരണങ്ങളിൽ പെടുന്നുണ്ട്. 

mangaladevi-temple
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണ്ണമി

വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിൽ ദർശനം. മേടമാസത്തിലെ ചിത്രാപൗര്‍ണമി ദിവസം ഇവിടെ വിവിധ ജില്ലകളിൽ നിന്നും മംഗളാദേവിയെ കണ്ടു തൊഴാൻ ഭക്തരെത്തുന്നുണ്ട്. ഈ ഒരു ദിവസമല്ലാതെ മറ്റൊരു ദിവസവും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ വനംവകുപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രവും ഇതിന്റെ പരിസരപ്രദേശങ്ങളും, അതിനാൽ തന്നെ ഇവിടം നിബിഡമായ കാടാണെന്നു ഊഹിക്കാമല്ലോ.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ ചിത്രാപൗർണ്ണമി. നൂറു കണക്കിന് ആരാധകരാണ് അന്നേ ദിവസം ഇവിടെ ക്ഷേത്ര ദർശനത്തിനായി എത്തിയത്. ഒരിക്കലും നേരിട്ട് ഇവിടെ വരെ സ്വന്തം വാഹനങ്ങളിൽ എത്താനാകില്ല. കുമളിയിൽ ബസിറങ്ങിയ ശേഷം, അല്ലെങ്കിൽ സ്വന്തം വാഹനം നിർത്തിയ ശേഷം കുമളിയിൽ നിന്നും ഈ സമയങ്ങളിൽ മംഗളാദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ജീപ്പുകളിൽ യാത്ര പോകാം. ട്രിപ്പുകളായി ആണ് ജീപ്പുകൾ യാത്രക്കാരെ കൊണ്ട് പോകുന്നത്. അതുമല്ലെങ്കിൽ പതിനാലു കിലോമീറ്റർ കാട്ടിലൂടെ നടന്നും ഇവിടെയെത്താം. അതുകൊണ്ടു തന്നെ ഇ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരിക്കലും വെറുമൊരു ക്ഷേത്ര ദർശനമല്ല, മറിച്ച് കാടിന്റെ ഗന്ധവും തണുപ്പുമുള്ള വഴികളിലൂടെ അവനവനെ തിരഞ്ഞുള്ള ഒരു യാത്ര കൂടിയാണ്.

mangaladevi-temple-3
ചിത്രാപൗർണ്ണമി നാൾ

കേരളവും തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ഇവിടം തകർന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ കിടന്ന ക്ഷേത്രത്തിലേക്ക് ആദ്യം ശ്രദ്ധ പതിഞ്ഞത് തമിഴന്റേതായിരുന്നു. തുടർന്ന് തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഭൂമിയുടെ ആധിപത്യം കേരളത്തിനെന്നു ഉന്നയിച്ചു മലയാളിയും തർക്കത്തിന്റെ ഭാഗമാകുന്നത്. ഇപ്പോഴും ഇത് അതിർത്തി തർക്ക ഭൂമി തന്നെയാണ്, അതുകൊണ്ടു കേരളത്തിലെയും തമിഴ്‌നാട്ടിലെയും രണ്ടു പൂജാരിമാരാണ് ചിത്ര പൗർണമി ദിവസം ഈ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്.

idukki-mangaladevi

പതിനായിരക്കണക്കിനായ ഭക്തരാണ് ഇവിടെ ഈ വിശേഷ ദിവസത്തിൽ എത്തുന്നത്. പണ്ട് ശൈവ സന്യാസിമാരാൽ ആക്രമിക്കപ്പെട്ടു നശിച്ചു പോയതാണ് ഈ ക്ഷേത്രം എന്നാണു ഐതിഹ്യം. പ്രസിദ്ധമായ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും ഈ ക്ഷേത്രം ഉൾപ്പെടുന്നുണ്ട്. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാർ വനമാണ് ചുറ്റിലുമുള്ളത്. കനത്ത സുരക്ഷാ സംവിധത്തിലാണ്‌ ഇവിടെ പൂജകളെ എത്തിക്കുന്നത്. മാത്രമല്ല സന്ധ്യയാകുന്നതോടെ എല്ലാ ഭക്തരും ഇവിടെ നിന്നും മലയിറങ്ങണമെന്ന കർശന നിർദ്ദേശവുമുണ്ട്. അതിനു ശേഷമുള്ള വിശേഷപ്പെട്ട ചില പൂജകൾ ദർശനത്തിനു അനുമതിയുള്ളതല്ല.

mangaladevi-temple-4

കുമളിയിൽ ബസിറങ്ങിയാൽ മംഗളവനത്തിലേക്കുള്ള യാത്ര വളരെ ദുസ്സഹമാണ്‌, അതുകൊണ്ടു തന്നെ സ്വന്തം വാഹനങ്ങളിൽ ഇങ്ങോട്ടേക്ക് പോകാനാകില്ല. ജീപ്പുകൾ തന്നെ യാത്രികർക്ക് ആശ്രയിക്കേണ്ടി വരും. ദുർഘടം പിടിച്ച കാട്ടു വഴിയിലൂടെയുള്ള യാത്ര സാഹസികരായ സഞ്ചാരികൾക്ക് വളരെ രസകരമായ അനുഭവമായിരിക്കും. കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലൂടെ മലമുകളിലേയ്ക്ക് എത്താം. ഇവിടെ നിര നിരയായി ജീപ്പുകൾ സഞ്ചാരികളെ കാത്ത് കിടപ്പുണ്ടാകും. ഇനിയിപ്പോൾ നടന്നു പോകാനാണെങ്കിൽ കാട വഴിയേ ഉള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കുമെങ്കിലും യാത്രികരുടെ സുരക്ഷിതത്വത്തിൽ അധികൃതർ ഉറപ്പു നൽകുന്നില്ല. അതായതു സ്വന്തം റിസ്കിൽ നടക്കാം എന്നർത്ഥം.വരയാടിന്റെ കൂട്ടവും മാനുകളും എല്ലാം ഇവിടുത്തെ വനയാത്രികർക്ക് മികച്ച കാഴ്ചകളായിരിക്കും ,എന്നാൽ ഉപദ്രവകാരികളായ വന്യമൃഗങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

mangaladevi-temple-1

പൂർണമായും കരിങ്കല്ലിലാണ് ക്ഷേത്ര നിർമ്മിതി. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി മാത്രമാണ് ഇവിടെ അടുക്കി വച്ചിരിക്കുന്നത്. പുരാതന പാണ്ഢ്യന്മാരുടെ നിർമ്മാണ ശൈലിയാണ് ഇതെന്ന് കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ പൗരാണികമായ ചരിത്രത്തിന്റെ കഥകളും ഈ ക്ഷേത്രം പേറുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രം ഈ ക്ഷേത്രം തുറക്കുന്നതിന്െ പിന്നിൽ പോലും കേരളം-തമിഴ്‌നാട് അതിർത്തിയിൽ പുകയുന്ന അവക്ഷ തർക്കമാണെന്നു പറയപ്പെടുന്നു. തമിഴ്‌നാട് ഭരിച്ചിരുന്ന പല മന്ത്രിമാരും ഇവിടെ പുനരുദ്ധരിക്കാനായി പണം ചിലവഴിക്കാൻ തയാറാവുകയും ഭക്തർ ഇവിടേയ്ക്ക് എത്തി ചേർന്നതുമാണ്. പക്ഷെ ഭൂമിശാസ്ത്രപ്രകാരം കേരളത്തിന്റെ കൈവശമുള്ള ഭൂമിയിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായപ്പോൾ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വഴികൾ അടച്ചു. അങ്ങനെയാണ് വർഷത്തിൽ ഒരിക്കൽ ഇരു സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഇവിടെ പൂജ നടത്തുന്നത്. 

chithra-pournami-4

പെരിയാർ ടൈഗർ റിസർവ്വ് പ്രദേശത്തിന്റെ ഭാഗമാണ് മംഗളാദേവി ക്ഷേത്രവും. അതുകൊണ്ടു കർശനമായ പരിശോധനകൾ ഇവിടേക്കുള്ള വഴിയിൽ സഞ്ചരികൾക്ക് നേരിടേണ്ടി വരും. തമിഴ്‌നാട് പോലീസും കേരളം പോലീസും ഇവിടെ പട്രോളിംഗിനും പരിശോധനയ്ക്കുമുണ്ട്. പ്ലാസ്റ്റിക്ക് യാതൊരു കാരണവശാലും ഈ പ്രദേശത്തു അനുവദനീയമല്ല. ഭക്ഷണം കൊണ്ട് വരുന്നവർ ഇലയിലോ പേപ്പറിലോ തന്നെ പൊതിഞ്ഞു എടുക്കേണ്ടി വരും. പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം അനുവദനീയമല്ല.  വഴിയരുകിൽ വെള്ളം ആവശ്യത്തിന് സഞ്ചാരികൾക്ക് ലഭിക്കും, കയ്യിൽ വെള്ളം കൊണ്ട് പോകണമെന്നുള്ളവർക്ക് കുപ്പി വെള്ളം കരുതാവുന്നതാണ്. കാടിന്റെ ഭംഗി അങ്ങനെ തന്നെ സൂക്ഷിക്കണമെന്നാഗ്രഹമുള്ളവർ മാത്രം മംഗളാദേവിയെ കാണാൻ പോവുക എന്നതാണ് ഈ കർക്കശമായ നിയമം നൽകുന്ന ആശയം. മാത്രമല്ല ഇവിടെ ക്യാമറയും അനുവദനീയമല്ല. പോവുക, കാഴ്ച്ചകൾ കാണുക, കാടിനെ അറിയുക, മംഗളാദേവിയെ നമസ്കരിക്കുക, അതിനപ്പുറം സാങ്കേതികതയുടെ സഹായം കൊണ്ട് ഈ കാട്ടിലൂടെ യാത്ര വേണ്ട എന്നർത്ഥം. നന്മയുടെ യാത്രയാകണം ഓരോ കാടൻ യാത്രകളും, അതെ ആശയം തന്നെ മംഗളാവനത്തിലേക്കുള്ള യാത്രയും ആവശ്യപ്പെടുന്നു. ഈ വർഷത്തെ ഉത്സവം കഴിഞ്ഞതിനാൽ അടുത്ത വർഷത്തെ യാത്രയ്ക്കുള്ള കൗതുകത്തിലാണ് സഞ്ചാരികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA