പ്രകൃതിയുടെ കുമ്പിളാണ് മാങ്കുളം; വഴി, ചിത്രങ്ങള്‍

മൂന്നാറിലെ തിരക്കുകളും ആരവങ്ങളും സ്ഥിരം കാഴ്ചകളും മടുത്തെങ്കിൽ ഒന്ന് തിരിഞ്ഞ് നേരെ വിട്ടോളൂ മാങ്കുളത്തേക്ക്.  അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസിൽ നിന്നും ടിക്കറ്റെടുത്ത് ഗൈഡിനൊപ്പം നടന്നുകഴിഞ്ഞാൽ മാങ്കുളമെന്ന് പ്രകൃതിയുടെ കുമ്പിളിലേക്ക് ഇറങ്ങിചെല്ലാം. 



രാജമലയിലെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പും മലയാറ്റൂർ വനത്തിന്റെ വന്യതയും കൂടിചേരുന്നതാണ് മാങ്കുളമെന്ന പ്രകൃതി ഗ്രാമം. ആളുംആരവവും കടന്നുചെല്ലാൻ തുടങ്ങിയിട്ടില്ലാത്തതിനാൽ പ്രകൃതി നിഷ്കളങ്ക മനോഹാരിതയോടെ തന്നെ പരിലസിക്കുന്നു.  വേരുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ടൈഗർ കേവും കടന്ന് നക്ഷത്രകുത്തിലേക്ക് നടക്കാം. 



നക്ഷത്രകുത്ത്



വിരിപ്പാറയിൽ നിന്നും മൂന്നരമണിക്കൂർ നടന്നാൽ നക്ഷത്രകുത്തിലെത്താം. കാട്ടിലൂടെ ആദിവാസി ഊരുകളും കണ്ട് കാനനഭംഗിയറിഞ്ഞ് ട്രെക്കിങ്ങ് നടത്താം.  വന്യമൃഗപാത ഒഴവാക്കി വഴികാട്ടികളായി ആദിവസികളും ഒപ്പംവരും. കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രക്കിങ് അവസരമൊരുക്കുന്നു.



കൈനഗരി വെള്ളച്ചാട്ടം



നല്ലതണ്ണിയാർ കൈനഗരിപ്പാറയിലൂടെയൊഴുകി കൈനഗരി വെള്ളച്ചാട്ടമായി മാറുന്നു. കാടിന്റെ നടുവിലൂടെയുള്ള തെളിഞ്ഞവെള്ളം തടഞ്ഞുനിറുത്തുന്ന തടയണയുണ്ട്.  വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് വെള്ളച്ചാട്ടം ആസ്വദിക്കാം. ആർത്തലയ്ക്കുന്ന കൈനഗിരി വെള്ളച്ചാട്ടത്തിനു താഴെ പുകമൂടിയ നീന്തൽക്കുളത്തിൽ നീരാട്ടത്തിനു സൗകര്യമുണ്ട്.



ആനക്കുളം 



ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണ് ആനക്കുളം. മാങ്കുളത്തു നിന്നും നാലുകിലോമീറ്റർ നടന്നാൽ ആനക്കുളത്ത് എത്താം. നല്ലതണ്ണിയാറിന്റെ കടവ് കൂടിയായ ആനക്കുളത്തെ ചെറിയ ചായക്കടയിൽ നിന്നും ചൂടുചായ ആറ്റി കുടിക്കാം. കാട്ടിൽ നിന്നും വെള്ളംകുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. ആളുകൾ ഉണ്ടെങ്കിലും ആനകൾ കൃത്യമായി ഇവിടെ വെള്ളം കുടിക്കാൻ എത്താറുണ്ട്. ഇതിനപ്പുറം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനാണ്. 



പെരുമ്പൻകുത്ത്



ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന മൂന്നാർ–ആലുവ റോഡിനെ ബന്ധിപ്പിക്കുന്ന പെരുമ്പൻകുത്ത് പാലത്തിൽ നിന്ന് മാങ്കുളത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം കാണാം. കൈവരിയില്ലാത്തതിനാൽ സാഹസികത കുറയ്ക്കണമെന്ന് മുന്നറിയിപ്പുണ്ട്. കോതമംഗലം–തട്ടേക്കാട്–കുട്ടമ്പുഴ–കടന്ന്, മലയാറ്റൂർ കാടിന്റെ അകത്തുകൂടി 37 കിലോമീറ്റർ നടന്നും മാങ്കുളത്ത് എത്താം. മാങ്കുളത്തെ ചരിത്രശേഷിപ്പുകളിൽ ഒന്നാണ് പെരുമ്പൻകുത്ത് പാലം. ഈ പാലം കടന്നാൽ കുവൈത്ത് സിറ്റിയിലുമെത്താം.



മാങ്കുളത്ത് മലയുടെ മുകളിൽ ടെന്റ് കെട്ടി രാപ്പാർക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജൻ: 9526772367,  9447979044. അടിമാലി, കല്ലാർ, മാങ്കുളം. കോട്ടയം–മാങ്കുളം, തിരുവല്ല– ആനക്കുളം ബസ് സർവീസുകളുണ്ട്.