മുണ്ടക്കയം ഈസ്റ്റ്∙ ദൃശ്യമനോഹരമായ പ്രകൃതിഭംഗിക്കൊപ്പം വിനോദസഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങളുമായി പാഞ്ചാലിമേട് അണിഞ്ഞൊരുങ്ങി. ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ ഇവിടെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറും. മൂന്നു കോടി 94 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അനുമതി. ഇതിൽ രണ്ടു കോടി 60 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിച്ചു. ആദ്യഘട്ട ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു.
കെ കെ റോഡ് വഴി തേക്കടി തമിഴ്നാട് എന്നിവിടങ്ങളിലേക്കുള്ള യാത്രികർക്ക് ഒരു ഇടത്താവളം മാത്രമായിരുന്നു പാഞ്ചാലിമേട്. പുരാണകഥയിലെ പാഞ്ചാലിയും പഞ്ചപാണ്ഡവരും വനവാസകാലത്ത് സന്ദർശിച്ചു എന്ന ഐതിഹ്യമുള്ള പാഞ്ചാലിമേട്ടിൽ മൊട്ടക്കുന്നുകൾക്കു സമീപം കുരിശുമലയും കുപ്പക്കയം വള്ളിയാംകാവ് ക്ഷേത്രത്തിന്റെ മൂല സ്ഥാനമായ ഭുവനേശ്വരി ക്ഷേത്രവുമുണ്ട്.
മകരവിളക്ക് കാണുവാൻ അയ്യപ്പ ഭക്തർ തിരഞ്ഞെടുക്കുക പാഞ്ചാലിമേടിന്റെ മൊട്ടക്കുന്നുകളാണ്. സൗകര്യം കുറവായതോടെ സഞ്ചാരികളുടെ വരവു കുറഞ്ഞു. ഇതോടെയാണ് എംഎൽഎയുടെയും പെരുവന്താനം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിനോദസഞ്ചാര പദ്ധതികള്‍ക്കു രൂപം നൽകിയത്.
ദേശീയപാതയിൽ കോട്ടയം കുമളി റൂട്ടിൽ മുറിഞ്ഞ പുഴയിൽ നിന്നു 11 കിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിൽ എത്താം. മുണ്ടക്കയത്തു നിന്നു 30 കിലോമീറ്ററും കുട്ടിക്കാന ത്തുനിന്ന് 20 കിലോമീറ്ററുമാണു ദൂരം.