നീലക്കൊടുവേലിയുടെ അദ്ഭുതകഥകള്‍ ഉറങ്ങുന്ന ഇടം

ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. മീനച്ചിലാറിന്റെ തീരത്തു കൂടി പാലായിലെത്തിയപ്പോഴാണ് കല്ലിന്റെ കഥയുടെ ആദ്യ കെട്ടഴിഞ്ഞു വീണത്. ‘‘പണ്ടു പണ്ട്, പാലാ ചന്തയിലേക്കുള്ള സാധനങ്ങൾ മീനച്ചിലാറു വഴി വള്ളത്തിൽ കൊണ്ടുവന്ന കാലത്ത് നടന്ന സംഭവമാണ്. മീനച്ചിലാറു നിറഞ്ഞൊഴുകിയ ഒരു മഴക്കാലത്ത് വള്ളത്തിൽ ഉപ്പുമായി ഒരു കച്ചവടക്കാരൻ പാലായിലെത്തി. വള്ളത്തിൽ നിന്ന് ഉപ്പ് ഇറക്കിയിട്ടും ഇറക്കിയിട്ടും തീരുന്നില്ല. കച്ചവടക്കാരൻ നോക്കുമ്പോൾ വള്ളത്തിൽ ഒരില പറ്റിയിരിക്കുന്നു. അയാളതെടുത്ത് മണത്തു നോക്കിയിട്ട് പുഴയിലെ ഒഴുക്കിലേക്ക് എറിഞ്ഞു. പിന്നീട് വള്ളത്തിലെ ഉപ്പെല്ലാം പെട്ടെന്ന് ഇറക്കി തീർത്തു. സംഭവമറിഞ്ഞ നാട്ടുകാർ കച്ചവടക്കാരനോടു പറഞ്ഞു, തേടി വന്ന ഭാഗ്യത്തെയാണത്രെ അയാൾ ഒഴുക്കി വിട്ടത്. അത് നീലക്കൊടുവേലിയുടെ ഇലയാണത്രെ.



ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിനു മുകളിലുള്ള ചെറിയ കുളത്തിൽ നീലക്കൊടുവേലിയുണ്ടെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്. അതിവർഷത്തിൽ അതിന്റെ ഒരില മഴവെള്ളിത്തിലൊഴുകി എത്തും. ഈ നീലക്കൊടുവേലി കിട്ടിയവരൊക്കെ വലിയ കാശുകാരായിട്ടുണ്ട്.’’ പാലാ ടൗണിൽ വച്ചു പരിചയപ്പെട്ട രാഘവൻ ചേട്ടൻ ഒന്നു നിർത്തി. ‘എന്നാപ്പിന്നെ കല്ലിന്റെ മുകളിൽ കയറി നീലക്കൊടുവേലി പൊക്കിയാൽ പോരെ കാശുകാരനാവാൻ?’ ചേട്ടനെ ഒന്ന് ചൊറിഞ്ഞു.

‘‘അങ്ങ് ചെല്ല്. കുടക്കല്ലിന്റെ മുകളിൽ ആർക്കും കയറാനാവില്ല. ഇനി കയറിയന്നിരിക്കട്ടെ, നീലക്കൊടുവേലി തൊടാൻ കിട്ടില്ല. ഇറങ്ങും തോറും വെള്ളം താഴ്ന്നു താഴ്ന്ന്, കുളം ഇറങ്ങുന്ന ആളെ വിഴുങ്ങും. ഇതൊക്കെ കാർന്നോമാര് പറഞ്ഞു കേട്ട കഥകളാ... ’’ ബസ് പിടിക്കാൻ ഒാടുന്നതിനിടയിൽ രാഘവൻ ചേട്ടൻ പറഞ്ഞു. പാതി കേട്ട കഥകളുടെ വേരു തേടി, കാഴ്ച കാണാൻ ഇല്ലിക്കൽ കല്ലിലേക്കു വണ്ടി വിട്ടു. പച്ചപ്പിന്റെയും കോടമഞ്ഞിന്റെയും വിസ്മയങ്ങളെ തൊട്ടറി‍ഞ്ഞ്, കുടക്കല്ലിന്റെ മാറിലൊളിച്ചിരിക്കുന്ന കഥകൾക്ക് ചെവിയോർത്ത്, കാറ്റിന്റെ കൈപിടിച്ച് ഒരു യാത്ര. 

മീനച്ചിലാറിന്റെ തീരത്തൂടെ...

കോട്ടയത്തിന്റെ ഗ്രാമക്കാഴ്ചകൾ കണ്ടു മീനച്ചിലാറിന്റെ തീരത്തൂടെ  ഇല്ലിക്കൽ കല്ലിലേക്ക്. ഒരു കാലത്ത് മീനച്ചിലിനെ  സമൃദ്ധിയോട് ഒച്ചിച്ചേർത്ത റബർ മരങ്ങൾ നിഴൽ വിരിക്കുന്ന ഈരാറ്റുപേട്ട റോഡ്.  തീക്കോയിയോട് അടുക്കുമ്പോൾ കാഴ്ചപ്പച്ചയുടെ ക ട്ടിയേറും. തീക്കോയിയിൽ നിന്ന് ‘ഇല്ലിക്കൽ ക ല്ലി’ന്റെ അടയാളത്തിലേക്ക് വാഹനം തിരിയുന്നിടം തൊട്ട് കാഴ്ചയുടെ ആഴവും കൂടുന്നു.  

ഹരിതദൃശ്യങ്ങളിൽ മനംമയങ്ങി മലയടിവാരത്തെത്തി. വാഹനമൊതുക്കി നോക്കുമ്പോള്‍ മുകളിൽ ഒരു കോട്ട പോലെ ഇല്ലിക്കൽ മലനിര. കയറ്റത്തിനു പാകത്തിൽ ഗിയറിട്ടു. തണുത്ത കാറ്റ് അരിച്ചിറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതിമനോഹരമായ പച്ചപ്പിനിടയിലൂടെയാണ് റോഡ്. നടന്നു കയറാൻ പാകത്തിലുള്ള കുന്നിന്റെ താഴെ റോഡ് ചെന്നവസാനിച്ചു. ഇരുവശത്തും ചെറിയ ചായക്കടകൾ. വാഹനമൊതുക്കിയിട്ട് കുന്നിൻ മുകളിലേക്കു ന ടന്നു– യാത്രയുടെ ഹൈലൈറ്റ് ഒളിഞ്ഞിരിക്കുന്നത് ആ മലമുകളിലെ മൂടുപടത്തിലാണ്.

ചെമ്പു നിറമുള്ള കല്ലുകൾ

വാഹനം നിർത്തുന്നിടത്തു നിന്ന് ഒരു കുന്നുകയറി വേണം വ്യൂ പോയിന്റിലെത്താൻ. കുറ്റിയീന്തുകള്‍ തിങ്ങിവളരുന്ന മലഞ്ചെരിവിലൂടെ മുകളിലേക്കു നടന്നു. ഇരുവശത്തും അഗാധമായ താഴ്ചയാണ്. പച്ചപ്പിന്റെ കടലിനിടയിൽ ഇടയ്ക്ക് പൊട്ടുപോലെ ചെറുപട്ടണങ്ങൾ കാണാം. അതിനിടയിലൂടെ ഞരമ്പുകൾ പോലെ മീനച്ചിലാറിന്റെ കൈവഴികൾ. കാഴ്ചകളാസ്വദിച്ച് കുന്നുകയറുമ്പോഴാണ് ചിതറിത്തെറിച്ചു കിടക്കുന്ന കല്ലുകൾ ശ്രദ്ധിച്ചത്. തുരുമ്പു പിടിച്ചതു പോലെ ചുവന്ന നിറമുള്ള കല്ലുകൾ.

‘‘ഇല്ലിക്കൽ കല്ല് വെറുമൊരു മലനിരയല്ല. പഴയ തമിഴ് കൃതികളിൽ ചിത്രകൂടം എന്നായിരുന്നു ഈ മലനിരകളെ വിശേഷിപ്പിക്കുന്നത്. അയിരു മല എന്നായിരുന്നു കല്ലിരിക്കുന്ന മലയുടെ പേര്. നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ ഇരുമ്പും മറ്റും ഖനനം ചെയ്തിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ല്. ഈ പ്രദേശത്തെ കല്ലുകളിൽ ചെമ്പിന്റെ അംശമുണ്ട്.’’ – കല്ലിന്റെ ചുവന്ന നിറത്തിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളെക്കുറിച്ച് ജോസ് വാചാലനായി. ഇല്ലിക്കൽ മലനിരയെയും പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും വർഷങ്ങളായി പഠനം നടത്തുന്നയാളാണ് എലിവാലി സ്വദേശി കെ. സി. ജോസ്.

കല്ലിനു പിന്നിലെ കഥ കേട്ടു കുന്നു കയറി. ഇവിടെ അതിസാഹസികത കാണിച്ച് മരണത്തിലേക്കു നടന്നിറങ്ങിയവരെ ഓർമപ്പെടുത്തുന്ന ബോർഡാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. തൊട്ടപ്പുറത്ത് കമ്പിവേലി കെട്ടിയൊരുക്കിയ വ്യൂപോയിന്റ്. ചുറ്റുമുള്ള കാഴ്ചകൾ കുന്നിന്റെ മുകളില്‍ നിന്നു കാണാൻ പാകത്തിലുള്ള ഇടം. ഇല്ലിക്കൽ കല്ലിന്റെ മോഹനചിത്രം കാണാനെത്തിയ ഞങ്ങളെ പക്ഷേ സ്വീകരിച്ചത് കോടമഞ്ഞിന്റെ കട്ടിയേറിയ മൂടുപടമായിരുന്നു. ചുറ്റുമുള്ള ഒന്നും കാണാനാവുന്നില്ല. എല്ലായിടത്തും വെളുപ്പു നിറം മാത്രം. ലോകത്തിന്റെ അറ്റത്തുവന്ന് താഴേക്ക് നോക്കുന്ന പോലെ.

നിമിഷങ്ങൾക്കകം ഇളംകാറ്റ് വീശി. കോടമഞ്ഞിന്റെ വെള്ളത്തിരശ്ശീല മാറിത്തുടങ്ങുന്നു. പ തിയെ പതിയെ കാഴ്ചകൾ തെളിഞ്ഞു. മഞ്ഞുപുതപ്പിനു പിന്നിൽ നിന്ന് സ്വപ്നം പോലെ ആ കാഴ്ച തെളിഞ്ഞു – ഇല്ലിക്കല്‍ കല്ല്. പച്ച പുതച്ചു നിൽക്കുന്ന കുന്നിനുമുകളിൽ, ആരോ കൊത്തിവച്ച ശിൽപം പോലെ തലയുയർത്തി ഇല്ലിക്കൽ കല്ല്.

കല്ലിന്റെ മാജിക്

കാണുന്നവരുടെ കണ്ണിലാണ് ഇ ല്ലിക്കൽ കല്ലിന്റെ രൂപം. പത്തി വിട ർത്തിയ പാമ്പിനെ പോലെ, പിൻകാലുകൾ മടക്കി വച്ച് കിടക്കുന്ന സിംഹത്തെപ്പോലെ... ഇങ്ങനെ ഒരോ സഞ്ചാരിക്കും ഓരോ കാഴ്ചയാണ് ഇല്ലിക്കൽ കല്ല് പകരുന്നത്. കാണുന്നവരുടെ മനസ്സിലെ ചിന്തകളെ പിടിച്ചെടുത്ത് ഇല്ലിക്കൽ കല്ല് കാഴ്ചയൊരുക്കുന്നു. പാതി മുറിഞ്ഞു പോയ കുന്നിന്റെയറ്റത്തു നിവർത്തിവച്ച കുട പോലെയൊരു കല്ല്. ‘കുടക്കല്ല്’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അതിനു ചുവട്ടിലായി ഒരു ഗുഹ. തൊട്ടപ്പുറത്തു കിരീടം വച്ചതു പോലെ മുച്ചിരി കല്ല്. പിന്നീടങ്ങോട്ട് അതുപോലെയുള്ള അഞ്ചു കുന്നുകളാണ്. ഓരോ കുന്നിനുമിടയിലും നേർത്ത ‘നരകപ്പാലങ്ങൾ’.

ഉളിയറ്റം പോലെ കൂർത്ത ഈ പാലങ്ങളാണ് കുന്നുകളെ തമ്മിൽ ചേർത്തു നിർത്തുന്നത്. അതിലൂടെ നടക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട! പേരിലെന്ന പോലെ ഇരുവശത്തും ആയിരക്കണക്കിനു അടി താഴ്ചയാണ്. ‘‘കോപം ഉള്ളിലൊതുക്കി ചിരിക്കുന്ന ഒരു യുവതിയുടെ മുഖമാണ് ഇല്ലിക്കൽ ക ല്ലിലെ മുച്ചിരി കല്ലിന്. കുടക്കല്ലിന്റെ രൂപം ശ്രദ്ധിച്ചോ, ശിൽപികൾ കൊത്തിയെടുത്ത പോലാ ണ് അതിന്റെ മകുടം. ’’ – ജോസിനുള്ളിലെ ചരിത്രകാരന് ഇല്ലിക്കൽ കല്ലിനെക്കുറിച്ചും വേറിട്ട കഥകളാണ് പറയാനുള്ളത്. വിശ്വാസത്തിന്റെ മാത്രം വേരുകളാഴ്ന്നു കിടക്കുന്ന കഥകൾ. സ മുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലുള്ള ഈ മലനിരയും ഇല്ലിക്കൽ കല്ലും പണ്ടു കാലത്തു കപ്പൽ സഞ്ചാരികൾക്ക് അടയാളമായിരുന്നത്രെ.

നിമിഷങ്ങള്‍ക്കുള്ളിൽ കാഴ്ച മറഞ്ഞു. വീണ്ടും കോടമഞ്ഞ് പടർന്നു. മേഘങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന പോലെ... അടുത്ത നിമിഷത്തിൽ കാറ്റുവീശി. കാഴ്ച വീണ്ടും തെളിഞ്ഞു. മഞ്ഞിൽ മുഖം കഴുകി ഇല്ലിക്കൽ കല്ല് കൂടുതൽ സുന്ദരിയായ പോലെ. ഇങ്ങനെ എണ്ണമില്ലാത്ത തവണ മഞ്ഞിൽ മുഖം കഴുകിയാവണം ഈ മലനിര ഇത്രമേൽ സുന്ദരിയായത്. കോടമഞ്ഞിന്റെ നനവിൽ മുഖം കഴുകുന്ന പുൽമേടിലൂടെ തിരികെ കുന്നിറങ്ങിത്തുടങ്ങി. ഇടയ്ക്ക് കോട കാഴ്ച മറയ്ക്കുന്നുണ്ട്.

മീനച്ചിലാറിന്റെ കൈപിടിച്ച് തിരികെ വരുമ്പോൾ മഴ കോപ്പു കൂട്ടുന്നുണ്ടായിരുന്നു. വഴിയുടെ ഒാരം ചേർന്നൊഴുകുന്ന തോടുകൾ ആ പഴയ നീലക്കൊടുവേലി കഥയുടെ ഒാർമയിലേക്ക് തിരിെകയെത്തിച്ചു. കാണുന്നവരുടെ കണ്ണിലും പറയുന്നവരുെട നാവിലും ഒരിക്കലും തീരാത്ത കാഴ്ചയും കഥകളും നിറയ്ക്കുന്ന ഇല്ലിക്കൽ കല്ല്.  നീലക്കൊടുവേലിയുടെ സാന്നിധ്യമുണ്ടെങ്കിൽ ഒന്നും തീർന്നു പോവില്ലല്ലോ! ഇല്ലിക്കൽ കല്ല്, കേരള ടൂറിസത്തെ തൊട്ട നീലകൊടുവേലി.

സാഹസികതയും പ്ലാസ്റ്റിക്കും വേണ്ട

പ്രകൃതിയുടെ വിസ്മയമൊരുക്കുന്ന ഇല്ലിക്കൽ മലയിൽ ഇപ്പോള്‍ കർശന നിയന്ത്രണങ്ങളുണ്ട്. അപകടകരമായ വഴികളിലേക്കും ചരിവുകളിലേക്കും സാഹസികത കാണിക്കാൻ ഇറങ്ങിച്ചെല്ലരുത്. നിയമവിരുദ്ധമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. പൊലിഞ്ഞു വീണ ജീവനുകളും വിള്ളൽ വീണ ഇല്ലിക്കൽ കല്ലിന്റെ ഭാവങ്ങളും തെളിവുകളായി മുന്നിലുള്ളപ്പോള്‍ സാഹസികത അരുത്. രണ്ടു ജീവനുകൾ അവിടെ പൊലിഞ്ഞിട്ടുണ്ട്. അതുപോലെ, പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും വാഹനത്തിൽ തന്നെ സൂക്ഷിക്കുക. മലഞ്ചെരിവിലെ പച്ചപ്പിൽ ഒഴിഞ്ഞ കുപ്പികൾ നിക്ഷേപിക്കുന്നത് കാഴ്ചയുടെ രസത്തെ മാത്രമല്ല, പ്രകൃതിയുടെ വരദാനത്തെയും നശിപ്പിക്കുന്നു.



GETTING THERE

കോട്ടയം –ഏറ്റുമാനൂർ– പാലാ– വാഗമൺ റൂട്ടിൽ തീക്കോയിയിൽ നിന്ന് അടുക്കം വഴി ഇല്ലിക്കൽ കല്ല്. തൊടുപുഴ– മുട്ടം – മേലുകാവ്– മേച്ചൽ–പഴുക്കാകാനം വഴി ഇല്ലിക്കൽ കല്ല്.