തേക്കടിയിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ

thekkady-view
SHARE

മിടുമിടുക്കിയാണ് ഇടുക്കിയെന്നു പറയേണ്ടതില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഇത്രയധികം സുന്ദരമായയിടങ്ങൾ ഉള്ള വേറൊരു നാടും നമുക്കില്ല. സുന്ദരമായ പ്രകൃതി മാത്രമല്ല, അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട്  സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട് ഇടുക്കി. എത്രകണ്ടാലും അനുഭവിച്ചാലും ഒരിക്കലും അന്നാട്ടിലെ കാഴ്ചകൾ ആർക്കും മടുക്കില്ല. അതുകൊണ്ടു തന്നെയാകണം ഒഴിവുദിവസങ്ങളിൽ ഒരു യാത്രക്ക് പദ്ധതികൾ തയ്യാറാക്കുമ്പോൾ  ആ പട്ടികയിൽ മൂന്നാറിനും തേക്കടിക്കുമൊക്കെ ഇപ്പോഴും ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരു സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ. കണ്ടുമടുത്ത തേക്കടി കാഴ്ചകൾക്ക്  പുത്തനുണർവ് നൽകും പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും ഗ്രാമ്പിയും അബ്രഹാമിന്റെ സുഗന്ധനവ്യഞ്ജന തോട്ടവുമെല്ലാം. തേക്കടി കാണുന്ന കൂട്ടത്തിൽ ഇവകൂടി കാണാം,  യാത്രയെ കൂടുതൽ സുന്ദരമാക്കുകയും ചെയ്യാം.

thekkady-lake-view

പാണ്ടിക്കുഴി 

മോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് പാണ്ടിക്കുഴി. തമിഴ്‌നാടിനോട് ചേർന്നാണിത് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തു കാണുന്ന കാഴ്ചകളും തമിഴ്നാട്ടിലേതു തന്നെയാണ്. അധികം സഞ്ചാരികളൊന്നുമെത്താത്ത   പാണ്ടിക്കുഴി മനോഹരമായ  പ്രകൃതിയാൽ  അനുഗ്രഹീതയാണ്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുമിവിടം. ഒരു  ചിത്രകാരൻ ഭാവനയിൽ കണ്ടുവരച്ച മനോഹരമായ പ്രകൃതിയോട് ഉപമിക്കാൻ കഴിയുന്നതാണ് മലമുകളിൽ നിന്നുള്ള കാഴ്ച്ചകൾ.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചവിരിച്ച അടിവാരവും മലമുകളിലെ കുളിരുന്ന കാറ്റും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകർന്നുനല്കും. പാണ്ടിക്കുഴിയിലേക്കുള്ള യാത്ര അല്പം അപകടം പിടിച്ചതാണ്. റോഡരികിലെ ആയിരമടിയോളം താഴ്ചയുള്ള കൊക്ക യാത്രയെ കൂടുതൽ ഭയപ്പെടുത്തുമെങ്കിലും ഒരിക്കലും നിരാശ  തോന്നുകയില്ലാത്ത കാഴ്ചകൾ സമ്മാനിക്കാൻ പാണ്ടിക്കുഴിക്ക് കഴിയുമെന്നതിൽ സംശയിക്കേണ്ടതില്ല. 

കുരിശുമല  

പാണ്ടിക്കുഴി പോലെ തന്നെ ട്രെക്കിങ്ങിനോട് താല്പര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും കുരിശുമല. പെരിയാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കോട്ടയ്ക്കു സമാനമായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. മലമുകളിൽ നിന്നുള്ള കാഴ്ചകൾ ഇവിടെയും സഞ്ചാരികളിൽ ഏറെ കൗതുകമുണർത്തും.

മലയുടെ ഏറ്റവും മുകളിൽ നിന്ന് നോക്കിയാൽ പെരിയാർ വന്യജീവി സങ്കേതത്തിലെ കാഴ്ചകളും ദൃശ്യമാകും. അതുകൊണ്ടു തന്നെ തേക്കടിയിലേക്കാണ് യാത്രയെങ്കിൽ കുരിശുമല കൂടി കണ്ടുകൊണ്ടാകുന്നത് ആ യാത്രയെ കൂടുതൽ  ആസ്വാദ്യകരമാക്കുക തന്നെ ചെയ്യും. തേക്കടിയിൽ നിന്നും നാല് കിലോമീറ്റർ മാത്രമാണ് കുരിശുമലയിലേക്കുള്ള ദൂരം.

ചെല്ലാർകോവിൽ  

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി മുകളിലാണ് ചെല്ലാർകോവിൽ സ്ഥിതി ചെയ്യുന്നത്. കാഴ്ചകളാസ്വദിക്കാൻ മലമുകളിലേക്ക് കയറേണ്ടി വരും. കുളിരു പകരുന്ന കാറ്റും പുണർന്നു നീങ്ങുന്ന കോടമഞ്ഞും യാത്രയുടെ ആലസ്യത്തെ നിശേഷമകറ്റും.

ചെല്ലാർകോവിലിലെ മലമുകളിൽ നിന്നുള്ള കാഴ്ചകളും തമിഴ്‌നാട്ടിലെ  കൃഷിയിടങ്ങൾ തന്നെയാണ്. പച്ചപ്പട്ടു വിരിച്ച പാടങ്ങളും പ്രകൃതിയും കാഴ്ചകൾക്ക് നവാനുഭൂതി സമ്മാനിക്കുക തന്നെ ചെയ്യും. വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യവും ചെല്ലാർകോവിലിന്റെ അഴക് വർധിപ്പിക്കുന്നു. കുമളിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ മാത്രമാണ് ചെല്ലാർകോവിലിലേക്കുള്ള ദൂരം.

ഗ്രാമ്പി 

അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഗ്രാമ്പി. ചുറ്റിലും മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും ഇടയ്ക്കിടെ പൊഴിയുന്ന മഴത്തുള്ളികളും ഈ ഭൂമിയെ സ്വർഗ്ഗതുല്യമാക്കുന്നു. മനസ്സുനിറക്കുന്ന കാഴ്ചകൾ കൊണ്ടും സുന്ദരമായ പ്രകൃതിയാലും അനുഗ്രഹീതയാണ് ഗ്രാമ്പി. ഒരിക്കലൊന്നു സന്ദർശിച്ചാൽ, മടങ്ങി പോകാൻ പോലും മനസ്സനുവദിക്കാതെ സ്ഥലമെന്നാണ് ഗ്രാമ്പിയെ കുറിച്ച്  സഞ്ചാരികളുടെ അഭിപ്രായം.

അഗാധമായ കൊക്കയാണ് ഗ്രാമ്പിയിലേക്കുള്ള യാത്രയെ ഭയപ്പെടുത്തുന്നതും  ദുര്ഘടവുമാക്കിമാറ്റുന്നത്. ആത്മഹത്യാമുനമ്പ് പോലുള്ളിടങ്ങളും ഇവിടെയുണ്ട്. തേക്കടിയിൽ നിന്നും ഇരുപത്തിനാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമ്പിയിലെത്താം.

അബ്രഹാമിന്റെ സ്‌പൈസസ് ഗാർഡൻ 

കൃഷിയോടും കാർഷികവൃത്തിയോടും താല്പര്യമുള്ളവർക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരമായ ഒരിടമാണ് അബ്രഹാമിന്റെ സുഗന്ധവ്യഞ്ജന തോട്ടം. 1952 ലാണ് അബ്രഹാം ഇതാരംഭിച്ചത്. കൃഷിയോടുള്ള അഭിനിവേശം മാത്രമാണ് ഇത്തരത്തിലൊന്ന് ഇവിടെ ഉണ്ടാക്കിയെടുക്കാൻ അബ്രഹാമിനെ പ്രേരിപ്പിച്ചത്. സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, ഔഷധ സസ്യങ്ങൾ, ഫലവർഗങ്ങൾ, പൂക്കൾ തുടങ്ങി നിരവധി സസ്യജാലങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.

ഓരോ വിളകളെക്കുറിച്ചും ഇവിടെയെത്തുന്നവർക്കു പലഭാഷകളിൽ വിവരിച്ചു നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ കൃഷിത്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നും വിത്തുകളും തൈകളും വാങ്ങുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. കാലത്ത് 8 മണി മുതൽ വൈകുന്നേരം 6.30 വരെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളു. 200 രൂപയാണ് പ്രവേശനഫീസ്. തേക്കടിയിൽ നിന്നും 15 കിലോമീറ്ററാണ് അബ്രഹാമിന്റെ സ്‌പൈസസ് ഗാർഡനിലേക്കുള്ള ദൂരം.  

യാത്ര തേക്കടിയിലേക്കാണെങ്കിൽ സ്ഥിരം കാഴ്ചകൾക്കപ്പുറത്ത്, ഏകദേശം 25 കിലോമീറ്റർ ചുറ്റളവിൽ മനോഹരമായ നിരവധിയിടങ്ങൾ ഇനിയും ധാരാളമുണ്ട്. ഇനിയുള്ള തേക്കടി യാത്രകൾ അവിടെ വരെ നീണ്ടാലും ആ യാത്രകൾ ഒരുതരത്തിലും മുഷിപ്പിക്കുകയില്ലന്നു മാത്രമല്ല, സഞ്ചാരികളെ  കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്യുമെന്നത്  ഉറപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA