നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നും ആഢ്യത്വം നിലനിർത്തുന്ന നിരവധി നിർമിതികൾ നമുക്ക് സ്വന്തമായുണ്ട്. അഭിമാനിക്കാനേറെ വക നൽകുന്നവയാണ് കേരളീയ തച്ചുശാസ്ത്രത്തിന്റെ മകുടോദാഹരണങ്ങളായ ഇത്തരം നിർമിതികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള കോവിലകങ്ങളും കൊട്ടാരങ്ങളും നാലും എട്ടും പന്ത്രണ്ടും കെട്ടുകളുള്ള സവിശേഷമായ നിർമിതികളും ഇന്നും നാമാവശേഷമാകാതെ നിലനിൽക്കുന്നുണ്ടെങ്കിൽ എത്ര മഹത്തരമാണ് അവയുടെ നിർമാണ ചാതുര്യം എന്ന് ഊഹിക്കാമല്ലോ.
വിശാലമായ അകത്തളങ്ങളും നടുമുറ്റവും പൗരാണിക വാസ്തുവിദ്യയുടെ ഭംഗിയും കെട്ടിലും മട്ടിലും രാജകീയമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നതുമായ ഈ മഹാനിർമിതി സ്ഥിതി ചെയ്യുന്നത് മലപ്പുറത്തെ നിലമ്പൂരാണ്. പറഞ്ഞു വന്നത് വേറൊന്നിനെ കുറിച്ചുമല്ല നിലമ്പൂർ കോവിലകം.
പന്ത്രണ്ടുകെട്ടിന്റെ കമനീയതയുണ്ട് നിലമ്പൂർ കോവിലകത്തിന്. മൂന്ന് നടുമുറ്റങ്ങളും. നടുമുറ്റത്ത് മഴത്തുള്ളികൾ പൊഴിയുമ്പോൾ കോവിലകത്തിന്റെ കാഴ്ചകൾക്ക് ഭംഗി കൂടും, ആ കാഴ്ചകൾക്ക് മാത്രമല്ല അന്നേരത്തെ മഴയ്ക്കും മോഹിപ്പിക്കുന്ന ഒരു വശ്യതയുണ്ട്. എത്രയോ പേരുടെ കാലടികൾ ഏറ്റുവാങ്ങിയ മരഗോവണികൾ മുകളിലേക്ക് കയറുമ്പോൾ ചെറിയ മൂളലും ഞരക്കവുമൊക്കെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതിഥികൾക്കുള്ള മുകളിലെ മുറി, കോവിലകത്തെത്തുന്ന അതിഥികളെ ശരിക്കും വിസ്മയിപ്പിക്കും.
ഗ്രാമഫോണിലെ പാട്ടുകളിൽ തുടങ്ങുന്ന പഴമ, നെല്ലുകോരുന്ന കുട്ടയും വിശറിയും രാജവാഴ്ച കാലത്തെ ആനത്തോട്ടിയും വിശക്കുന്നവനു അന്നം ലഭിക്കുമെന്നതിന്റെ അടയാളം പേറുന്ന അന്നക്കൊടിയും ഓട്ടുരുളിയും തൂക്കുവിളക്കും ഓടിൽ തീർത്ത പകർച്ചപത്രങ്ങളും എന്ന് വേണ്ട ഒരു കാലത്തു നമ്മുടെ കാഴ്ചകളിലെ നിത്യസാന്നിധ്യമായിരുന്ന, ഇന്ന് കണികാണാൻ പോലും ലഭിക്കാത്ത അത്തരം വസ്തുക്കളുടെ വിപുലമായ ഒരു ശേഖരമാണ് കോവിലകത്തിന്റെ അതിഥിമുറി. ചരിത്രത്താളുകളിൽ കഥകളായി അവശേഷിക്കുന്ന ഓരോ വസ്തുവകകളും ഇന്നത്തെ തലമുറയ്ക്ക് കാണുവാനുള്ള വലിയ അവസരമൊരുക്കുന്നുണ്ട് നിലമ്പൂർ കോവിലകം.
കോവിലകത്തിന്റെ പടവുകൾ ഇറങ്ങി ചെല്ലുന്നതു ചാലിയാർ പുഴയുടെ തീരത്തേക്കാണ്. ഇവിടെയെത്തുമ്പോൾ ചാലിയാർ പുഴയ്ക്ക് 'എസ്' ആകൃതിയാണ്. വാർധ്യകത്തിന്റെ അവശതകൾ ഒന്നുമേൽക്കാത്ത നൂറുകഴിഞ്ഞ ആൽമരമുത്തശ്ശി മഴയിൽ കുതിർന്നു നിൽക്കുന്നതും പടവുകളിൽ മഴയാസ്വദിച്ചുകൊണ്ടുള്ള ഇരുപ്പും എത്ര മനോഹരം എന്ന് പറയുക പ്രയാസമാണ്. സ്വർണമുഖി എന്നും പേരുള്ള ചാലിയാറിൽ സ്വർണമുണ്ടെന്നു തന്നെയാണ് ഇന്നും ഇവിടുള്ളവർ വിശ്വസിക്കുന്നത്. കോവിലകത്തിലെ പഴയ രേഖകളിൽ സ്വർണ്ണഖനനവുമായി ബന്ധപ്പെട്ടു വിദേശികളുമായി നടത്തിയ കത്തിടപാടുകൾ ആ കേട്ടുകേൾവികളെ ശരിവെക്കുന്നുണ്ട്.
ട്രിപ്പിങ് ഒാഡിയോ കേൾക്കാം
എഴുപത്തിരണ്ടോളം ആനകളുണ്ടായിരുന്നു ഒരു കാലത്ത് നിലമ്പൂർ കോവിലകത്ത്. അതിൽ റേഷൻ കാർഡിൽ പേര് ചേർക്കപ്പെട്ടിട്ടുള്ള ആനകൾ വരെയുണ്ടായിരുന്നു എന്നത് ചരിത്രം. അരി, ചെറുപയർ, നിലക്കടല എന്നിവ ആ ഏഴ് ആനകൾക്ക് ലഭ്യമായിരുന്നു അക്കാലത്ത്. വെറ്റിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയത് പ്രകാരമാണ് ഇത്തരത്തിൽ ആനകളെ റേഷൻ കാർഡിൽ ചേർക്കാൻ കഴിഞ്ഞത്. കോവിലകത്തിന്റെ തോട്ടങ്ങളിൽ അക്കാലത്തു പണി ചെയ്തിരുന്ന ആനകൾക്കാണ് റേഷൻ അനുവദിക്കപ്പെട്ടത് എന്ന രസകരമായ ഒരു ചരിത്രവും നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ടുണ്ട്.
പഴമയുടെ കാഴ്ചകൾക്ക് നിലമ്പൂർ കോവിലകത്ത് ഒരു പഞ്ഞവുമില്ല. ആ കാഴ്ചകൾ കണ്ടുകൊണ്ട് അവിടെ താമസിക്കണമെങ്കിൽ അതിനുള്ള അവസരവും ഇപ്പോഴുണ്ട്. മുൻകൂട്ടി വിളിച്ചു സംസാരിച്ചാൽ അതിനുള്ള സൗകര്യങ്ങളും ഇപ്പോൾ കോവിലകത്തുള്ളവർ ചെയ്തുതരുന്നതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കോവിലകത്തിന്റെ ഭംഗിയും സ്വർണമുഖി പുഴയുടെ സൗന്ദര്യവും കണ്ട് മനസു കുളിർപ്പിക്കണമെങ്കിൽ ഇനിയും യാത്ര വൈകിക്കേണ്ടാ. ഉടനെ പുറപ്പെടാം..നിലമ്പൂർ കോവിലകത്തേക്ക്...