രുചി തേടി മുല്ലപന്തൽ ഷാപ്പിലേക്ക്

എറണാകുളം  നഗരത്തിൽ അംബരചുംബികളായി നിരവധി സ്റ്റാർ ഹോട്ടലുകൾ ഉണ്ടെങ്കിലും ഒട്ടുമിക്കവർക്കും തനിനാടന്‍ രുചിയൊരുക്കുന്ന ഹോട്ടലുകളോടും വിഭവങ്ങളോടുമാണ് പ്രിയം. പ്രത്യേകിച്ച് ഷാപ്പു കറികളോട്. ഷാപ്പിലെ രുചിയോളം വരില്ല മറ്റെന്തിനും. ശരിയല്ലേ? മുളകരച്ചുചേർത്ത മീൻകറിയും കുരുമുളക് ചതച്ചുചേര്‍ത്ത മീൻഫ്രൈയുമൊക്കെ അകത്താക്കി എരിവ് കാരണം കണ്ണുകൾ നിറഞ്ഞാലും പ്രശ്നമിെല്ലന്ന മട്ടാണ്. എറണാകുളം തൃപ്പുണിത്തുറയിൽ ഉദയംപേരൂരിലെ നല്ലൊന്നാന്തരം രുചിപ്പുരയാണ് മുല്ലപന്തൽ കള്ള് ഷാപ്പ്.

നല്ലനാടൻ ചെത്തുകള്ളും ഒപ്പം വാഴയിലയിൽ വേകുന്ന കരിമീനിന്റെ രുചിയും കുടംപുളിയിൽ പറ്റിച്ചെടുക്കുന്ന മീൻകറിയുമൊക്കെ ഒാര്‍ക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. നീണ്ടകാലത്തെ രുചിപെരുമയുമായി എറണാകുളം നഗരത്തിൽ തലയുർത്തി നിൽക്കുന്ന ഇൗ ഷാപ്പിന് ആരാധകർ ഒരുപാടാണ്.

ഒറ്റ തവണ ഇവിടുത്തെ രുചിയറിഞ്ഞവരെ മാടി വിളിക്കും ഇൗ രുചിയിടം. സ്വദേശീയരും വിദേശീയരും വിരുന്നെത്തുന്ന മുല്ലപന്തൽ ഷാപ്പ് വിഭവങ്ങളുടെ രുചി വർണനയിൽ ഒതുക്കാനാവില്ല.

മത്സ്യ–മാംസ വിഭവങ്ങളാണ് ഇവിടുത്തെ പ്രധാനാകർഷണം. കപ്പയും മീൻതലക്കറിയുമാണ് അതിലേറെ ഹിറ്റായ കോമ്പിനേഷൻ. മീൻ തലയുടെ വലുപ്പമനുസരിച്ചാണ് കറിയുടെ വില തീരുമാനിക്കുന്നത്. ഇവിടുത്തെ കരിമീൻ പൊള്ളിച്ചതിനും ആരാധകരേറെയാണ്.

ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും എണ്ണയിൽ വഴറ്റി തേങ്ങാപാൽ ചേർത്ത് വറ്റിച്ചെടുത്തതിൽ മസാല ചേർത്ത്, വാഴയിലയിൽ പാതി വറുത്ത കരിമീൻ പൊതിഞ്ഞ് വിറകടുപ്പിലെ ചട്ടിയിൽ എണ്ണയൊഴിച്ച് പൊള്ളി വരുമ്പോൾ ഏതൊരു ഭക്ഷണ പ്രേമിയുടെയും വായിൽ വെള്ളമൂറും. ആരും രുചിക്കാൻ കൊതിക്കും.

ഷാപ്പിന്റ അടുക്കള ഒരുക്കുന്നത് പാചകറാണിമാരാണ്. അമ്മരുചി പകരുന്ന വിഭവങ്ങളാണ്. അമ്മമാരുടെ കൈപുണ്യത്തിൽ തയാറാകുന്ന വിഭവങ്ങള്‍ക്ക് വൻ ഡിമാന്റാണ്. വിപണിയിലെ ഇൻസ്റ്റന്റ് കറികൂട്ടുകളെ കൂട്ടുപിടിക്കാതെ മുളകും മല്ലിയും മസാലകൂട്ടുകളും സ്വന്തമായി വറുത്തുപൊടിച്ചെടുക്കുന്ന രീതിയാണ് ഷാപ്പിന്റെ രുചികൂട്ടിനു പിന്നിൽ.

വിറകടുപ്പിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. യാതൊരു തരത്തിലുള്ള കൃത്രിമ രുചിക്കൂട്ടുകളും ഭക്ഷണത്തിൽ ചേർക്കാറില്ല. ഞണ്ട് റോസ്റ്റ്, പോർക്ക് റോസ്റ്റ്, ബീഫ് റോസ്റ്റ് തുടങ്ങി നിരവധി വിഭവങ്ങൾ ഇവിടുത്തെ മെനുവിലെ സ്ഥിരം കഥാപാത്രങ്ങളാണ്.

ടൗണിൽ നിന്നു മാറി, ഗ്രാമീണാന്തരീക്ഷത്തിലാണ് മുല്ലപന്തൽ കള്ളു ഷാപ്പ് നിലകൊള്ളുന്നത്. മുല്ലവള്ളികൾ പടർന്നു നിൽക്കുന്ന കവാടവും പന്തലുമാണ്, പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഉള്ളാടംവേലി കള്ളുഷാപ്പിന് മുല്ലപന്തൽ എന്ന പേരു നൽകാൻ കാരണമായതെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഷാപ്പിന്റെ പ്രവർത്തന സമയം.

കള്ളുഷാപ്പെന്നു കരുതി മുല്ലപന്തലിനെ ചെറുതാക്കി കാണേണ്ടതില്ല. കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ കൊള്ളാവുന്ന നല്ലുഗ്രൻ റസ്റ്റോറന്റ് കൂടിയാണ് ഈ കള്ളുഷാപ്പ്.

രുചിയുടെ പെരുമ പേറുന്ന ഈ ഷാപ്പ് വിഭവങ്ങൾക്ക് വിലയുടെ കാര്യത്തിലും ആ പെരുമയോളം പോരുന്ന ലാളിത്യമുണ്ട്. വാരാന്ത്യങ്ങളിൽ നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുല്ലപന്തൽ വിഭവവൈവിധ്യത്താൽ രുചിമേളമൊരുക്കുമെന്നതിൽ സംശയമില്ല.