ചായത്തോട്ടങ്ങളുടെ നടുവിൽ, കോടമഞ്ഞിന്റെ തണുപ്പിൽ, ആനച്ചൂരിന്റെ ഗന്ധത്തിൽ

munnnar-trip7
SHARE

കോടമഞ്ഞു പോലെ കുളിർമ നൽകുന്ന ഓർമകളുടെ പേരാണ് മൂന്നാർ. ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടിൽ അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടിച്ച് അത് മനസിലാക്കിയ പ്രിയപ്പെട്ട അധ്യാപകൻ അദ്ദേഹത്തിന്റെ സ്വന്തം റിസ്കിൽ കൊണ്ടുപോയ യാത്രയിലെ ആ വഴികളൊക്കെയും അന്നുമുതൽ ചങ്കിൽ കയറിക്കൂടിയതാണ്. രാത്രിയിലായിരുന്നു അന്ന് ചുരം കയറിയത്. താഴോട്ടു നോക്കുമ്പോൾ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ പോലെ എണ്ണമറ്റ ബൾബുകൾ. മാല പോലെ കൊരുത്തിട്ടിരിക്കുന്ന വെളിച്ചങ്ങൾ, വഴിയിലെവിടെയോ തട്ടുകടയിൽ നിർത്തിയപ്പോൾ മഞ്ഞ വെളിച്ചത്തിലേക്ക് ചിതറി തെറിയ്ക്കുന്ന ചാറ്റൽ മഴ...  സ്വെറ്ററിടാതെയാണ് ആ രാത്രിയിൽ മഴയിലിറങ്ങിയത്, തണുപ്പും മഴയും തിങ്ങി കൂടി കയറിയത് ആത്മാവിനുള്ളിലേക്കായിരുന്നു. ഈ ഓർമ്മകൾക്ക് എന്തു മധുരമാണ്!

munnnar-trip6

മൂന്നാറിൽ എന്തൊക്കെയുണ്ട് കാണാൻ! വിവാഹം കഴിഞ്ഞ ഹണിമൂൺ സമയങ്ങളിൽ മിക്ക ദമ്പതികളും ഏറ്റവും കൂടുതൽ പ്ലാൻ ചെയ്യുന്നത് മൂന്നാർ ട്രിപ്പു തന്നെയാണ്.പ്രത്യേകിച്ച് ഇങ്ങു മധ്യ കേരളത്തിലും തെക്കോട്ടുമുള്ള ജില്ലക്കാർക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന, ആസ്വദിക്കാൻ പറ്റുന്ന യാത്രയെന്ന നിലയിലാണ് മൂന്നാർ തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ നേരെ മൂന്നാറിൽ എന്തെങ്കിലും കാണാനുണ്ടെന്ന തോന്നലിൽ ചെല്ലുന്നവർ അമ്പരന്നു പോകും, പടർന്നു പന്തലിച്ചു നിൽക്കുന്ന മൂന്നാറാണ് സഞ്ചാരികളുടെ പ്രതീക്ഷ.

munnnar-trip5

നാലാമത്തെ തവണയാണ് മൂന്നാർ പോകുന്നത്. ഓരോ തവണയും സന്ദർശിച്ചത് മൂന്നാറിലെ ഓരോ പ്രദേശങ്ങളായിരുന്നു. ഒന്നും ഒന്നിനോടും താരതമ്യപ്പെടുത്താൻ പറ്റില്ല. ഓരോന്നും ഓരോ അനുഭവങ്ങളാണ് നൽകുന്നത്.

munnnar-trip3

ഫോട്ടോഗ്രാഫറായ ഷോബിൻ എന്ന സുഹൃത്താണ് യെല്ലോ ടെയിൽ എന്ന മനോഹരമായ ഹോംസ്റ്റയിലേക്ക് ‍ഞങ്ങളെ കൂട്ടികൊണ്ട് പോയത്. അടിമാലിയിൽ നിന്നും പൂപ്പാറ വഴി ചെല്ലുമ്പോൾ എത്തുന്ന പെരിയകനാൽ ടീ എസ്റ്റേറ്റ് . ഇത്രയും നേരം പോയ വഴി കുഞ്ഞു കുഞ്ഞു ജംഗ്ഷനുകൾ.ചെറിയ ഗ്രാമങ്ങൾ, മണ്ണ് പറക്കുന്ന പാതയോരങ്ങൾ... പെട്ടെന്ന് കയറി ചെല്ലുന്ന തേയിലത്തോട്ടം അസാധ്യ കാഴ്ചയാണ്. റോഡിന്റെ രണ്ടു വശത്തും തേയിലത്തോട്ടം. വഴിക്ക് വീതി കൂട്ടാൻ മണ്ണെടുപ്പ് നടക്കുന്നതുകൊണ്ടു കുറച്ചു ദൂരം പൊടി മണ്ണ് ശല്യപ്പെടുത്തി.  ഇങ്ങു റോഡിൽ നിന്നു കാണാം, അങ്ങ് ദൂരെ ചായത്തോട്ടത്തിന്റെ മധ്യത്തിലെന്ന പോലെ സന്ധ്യയാകാൻ പോകുന്ന നേരത്തു കോടമഞ്ഞിൽ പൊതിഞ്ഞ ഒരു കുഞ്ഞു വീട്. പെരിയ കനാൽ ടീ എസ്റേറ്റിനുള്ളിലാണ് ഈ ഹോം സ്റ്റേ.

munnnar-trip2

എസ്റ്റേറ്റിന്റെ ഉള്ളിൽ കാർ പ്രവേശനം അസാധ്യം, പുറത്തു വണ്ടിയിട്ട് ഏതാണ്ട് നാനൂറു മീറ്ററോളം തേയില തോട്ടങ്ങൾക്കു നടുവിലൂടെ നടക്കണം. നടപ്പിന്റെ കിതപ്പില്‍ വീടിന്റെ മുന്നിലെത്തിയപ്പോൾ സിനിമയിൽ കാണുന്നത് പോലെ മനോഹരമായ ഇടം. ചുവപ്പും വെള്ളയും റോസും നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞ വർണ്ണവിസ്മയം. ഞങ്ങൾ നടന്നു വന്ന വഴി ആനത്താരയാണെന്ന് ഷോബിൻ പറയുന്നുണ്ടായിരുന്നു. താഴെയുള്ള ചെറിയ കുളത്തിലേക്ക് വെള്ളം കുടിയ്ക്കാൻ ഒറ്റയ്ക്കും കൂട്ടാമായും ആനകൾ സ്ഥിരമായി എത്താറുണ്ട്. രാത്രി സമയമായാൽ വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നും ഷോബിൻ പറഞ്ഞു ഭയപ്പെടുത്തി. അതിനു എരിവ് കൂട്ടാൻ, ഒരിക്കൽ രാത്രി എട്ടു മണിയ്ക്ക് വീടിന്റെ മുന്നിൽ നിന്ന് താഴെ എസ്റ്റേറ്റ് ഓഫീസ് വരെ ആന ഓടിച്ച കഥയും പറഞ്ഞു.

munnnar-trip4

തേയില തോട്ടങ്ങളുടെ ഇടയ്ക്ക് ഓറഞ്ച് മരങ്ങളുടെ കൂടുകളുണ്ട്. അതിൽ നിറയെ ഓറഞ്ച്  പഴുക്കാൻ പാകത്തിന് നിൽക്കുന്നു. രാവിലെ ഓറഞ്ച് പറിക്കാൻ പോകുന്ന വഴിയിൽ ആനപ്പിണ്ടം വഴി നീളെ ഉണങ്ങിയും പാതിയുണങ്ങിയുമൊക്കെ കിടക്കുന്നുണ്ടായിരുന്നു. കാട്ടുപോത്തുകളുടെ ചാണകം ഒട്ടും ഉണങ്ങാതെ അപ്പോൾ പോയെന്ന മട്ടിലും കണ്ടു. കാട്ടുപോത്തുകളുടെയും വിഹാര രംഗമാണത്രെ അവിടം. ശ്വാസം മുട്ടിയിട്ടും തേയില തോട്ടങ്ങൾക്കു നടുവിലൂടെ ഏറ്റവും ഉയർന്ന മലയുടെ മുകളിലെത്തി. പിന്നിലേക്ക് നോക്കിയപ്പോൾ കൊടും കാട്. തേയിലയിൽ നിന്നും നേരെ കാട്ടിലേക്കാണ് കയറുന്നത്. അപരിചിതമായ ഏതൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്ന കാട്ടിലേക്ക് ഞങ്ങൾ ചെവി വട്ടം പിടിച്ചു. ചെറിയൊരു അലർച്ച കേട്ട് ഷോബിൻ വെറുതെയൊന്ന് കുറേദൂരം മുന്നോട്ടു നടന്ന ശേഷം വേഗത്തിൽ തിരികെയെത്തി. പെട്ടെന്ന് തിരികെ നടക്കാൻ നിർദ്ദേശിച്ചു.

തൊട്ടടുത്ത് എവിടെയോ ആനയുണ്ടത്രേ, അതും കുട്ടി ഒപ്പമുള്ള ആന. ആനക്കുട്ടിയുണ്ടെങ്കിൽ മുതിർന്ന ആനകൾ, അത് പിടി ആണെങ്കിലും അക്രമകാരിയാണ്. സ്വാഭാവികമായുമുള്ള അവരുടെ പ്രതിരോധത്തിന്റെ ഭാഗമാണ് ആ ആക്രമണം. അതുകൊണ്ടു കൂടുതൽ ആലോചിക്കാൻ നിന്നില്ല തിരിച്ചിറക്കം അൽപ്പം പ്രയാസമായിരുന്നു, പക്ഷെ ആവേശത്തിൽ കുറവില്ലാത്തതു കൊണ്ട് തിരികെ വീട്ടിലെത്തി.

അടുക്കളയും രണ്ടു കിടപ്പുമുറികളും മനോഹരമായ വിശാലമായ സ്വീകരണമുറിയും ഒരുക്കി നല്ലൊരു വീട്. പ്രഭാതത്തിലെ കട്ടൻ ചായയുടെ ചൂടിൽ മഞ്ഞു കണങ്ങൾ അലിഞ്ഞിറങ്ങുന്നത് അടുത്ത് നിന്നറിയാം. ചില കാഴ്ചകൾ എന്ത് മനോഹരമാണ്, ഒരിക്കലും മായാതെ എന്നേയ്ക്കുമായി മനസ്സിൽ ഉറച്ചു പോകുന്ന കാഴ്ചകൾ. അത്തരമൊരു കാഴ്ചയായിരുന്നു പെരിയകനാൽ ചായ തോട്ടത്തിന്റെ നടിവിലെ ആ കൂടും മഞ്ഞും...

ജീപ്പ് സഫാരി

അവിടെ നിന്നാണ് കൊളുക്കുമല ജീപ്പ് സഫാരിക്ക് ഞങ്ങൾ തയാറായത്. സൂര്യനെല്ലിയിലെത്തി അവിടെ നിന്നും നേരെ കൊളുക്കുമല. ഡ്രൈവുചെയ്യുന്ന ആളെ നമിച്ചു പോകും. ഇതുവരെ സഞ്ചരിച്ച ജീപ്പ് സഫാരികളിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് കുടജാദ്രി സഫാരിയായിരുന്നെങ്കിൽ അതൊന്നും ഒന്നുമല്ലെന്ന് മനസിലായ യാത്രയായിരുന്നു കൊളുക്കുമല യാത്ര. അങ്ങോട്ടേക്ക് ട്രെക്കിങ്ങും ഉണ്ടെങ്കിലും കുടുംബം, കുട്ടികൾ ഒക്കെ കൂടെ ഉള്ളവർക്ക് ട്രെക്കിങ്ങ് അത്ര സുഖകരമാവില്ല. ജീപ്പ് സഫാരി തന്നെയാണ് സുരക്ഷിതത്വവും. പോകുന്ന വഴിയിൽ പ്രധാനപ്പെട്ട ടൂറിസ്റ്റ് പോയിന്റുകളിൽ ഡ്രൈവർ വാഹനം നിർത്തി അവ പരിചയപ്പെടുത്തി തരും. കൊളുക്കുമല ചായ ഫാക്ടറിയിലാണ് യാത്ര അവസാനിക്കുക. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ചായ ഫാക്ടറിയാണിത്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിലാണിത്. ഉയരം കൂടുന്തോറും ചായയ്ക്ക് രുചിയുണ്ടോ എന്നറിയാൻ അവിടെ നിന്ന് ഓരോ ഗ്ലാസ് ചായയും വാങ്ങി കുടിക്കാം, സത്യമാണ്, ഇത്ര രുചിയുള്ള ചായ അതുവരെ കുടിച്ചിരുന്നതേയില്ലെന്ന് തോന്നി. ഉയരം കൂടും തോറും ചായയ്ക്ക് സ്വാദ് കൂടും!

munnnar-trip1

തമിഴ്‌നാടിന്റെ ഭാഗമാണ് ആ ചായ തോട്ടം. അതിർത്തി പ്രദേശവുമാണ്. തമിഴരാണ് പണിക്കാർ കൂടുതലും. പുതിയ തരത്തിലുള്ള മെഷീനുകളുടെ അഭാവത്തിൽ പഴയ ചായ ഉണ്ടാക്കുന്ന രീതി നല്ല മലയാളം കലർന്ന തമിഴിൽ അവിടുത്തെ ൈഗഡ് വിശദീകരിച്ചു തന്നു. ചായയിലകൾ വാട്ടിയുണക്കുന്ന ഗന്ധം ഇപ്പോഴും വീട്ടു മാറാത്തത് പോലെ.

കോടമഞ്ഞിറങ്ങിയ വഴികളിൽ ജീപ്പിൽ നിന്നിറങ്ങി ഞങ്ങൾ ഏറെ ദൂരം നടന്നു. പുലർച്ച ആയാലേ ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച ആസ്വദിക്കാനാകൂ എന്ന് ഡ്രൈവർ പറയുന്നുണ്ടായിരുന്നു, ഈ വൈകുന്നേരം പോലും ഇവിടം ഇത്ര കൊതിപ്പിക്കുന്നതാണെങ്കിൽ പുലർച്ചെ എന്തായിരിക്കണം! ചെറിയൊരു നിരാശ ബാധിച്ചെങ്കിലും മഞ്ഞിന്റെ തണുപ്പ് സങ്കടങ്ങളെയൊക്കെ ഖനീഭവിപ്പിച്ചു. മഞ്ഞിന്റെ ഇടയിൽ നിന്നെടുത്ത ചിത്രങ്ങൾ കാണുമ്പോൾ ഏതോ കണ്ടു മറന്ന ഭീതിപ്പെടുത്തുന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഓർമ്മകൾ! മഞ്ഞിന്റെ ഇടയിലും വെള്ളത്തിന്റെ രേഖകൾ കുറുകെയുള്ള ഒരു ചിത്രം കണ്ടപ്പോൾ അതിശയം തോന്നി, അവ്യക്തമായൊരു രേഖാചിത്രം പോലെ അത് വീണ്ടും ഭീതിപ്പെടുത്തുന്നു.

കൊളുക്കുമല ഒരു മഞ്ഞിന്റെ അനുഭൂതിയാണ്. തമിഴ്‌നാടിന്റെ ചൂടും കേരളത്തിന്റെ മഞ്ഞും ഒരു പോലെ അടിച്ചു കയറുന്ന അതിർത്തി പങ്കിടുന്ന ഒരിടം. കുരങ്ങിണി വളരെ അടുത്താണ്, പക്ഷെ കഴിഞ്ഞ മാസങ്ങളിലായി നടന്ന തീ പിടിത്തത്തെ തുടർന്ന് വഴികൾ അടച്ചിരിക്കുന്നു. കൊളുക്കുമലയിലേക്കുള്ള യാത്രയും നിയന്ത്രിതമാണ്. പലയിടങ്ങളിലും ബോർഡുകൾ തൂക്കിയിരിക്കുന്നു, അതിൽ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് പ്രകൃതിയിലേക്ക് വലിച്ചെറിയരുത് എന്നത് തന്നെ.

വന്ന വഴിയിലൂടെ വണ്ടി തിരിച്ചെടുത്തു. വിദഗ്ധമായ ഡ്രൈവിങ് ആവശ്യപ്പെടുന്ന മാരക ഗട്ടറുകൾ ഉള്ള പാത. മുറുകെ പിടിച്ചിരുന്നില്ലെങ്കിൽ അറ്റത്തു ഇരിക്കുന്നയാൾ തെറിച്ചു പോകാൻ സാധ്യത ഏറെയാണ്. വഴിയിൽ ആന സ്ഥിരമിറങ്ങുന്ന വഴിയിലേക്ക് ജീപ്പോടോച്ചെങ്കിലും ഒന്നിനെയും കാണാൻ കഴിഞ്ഞില്ല, പക്ഷെ കാട്ടാനകൾ ഒരു ആഗ്രഹവും ആയിരുന്നില്ല. കാരണം കണ്ടില്ലെങ്കിൽ പോലും അവ ഒരു സാന്നിധ്യമായി കൂടെ തലേന്ന് വൈകുന്നേരം മുതൽ ഉണ്ടായിരുന്നുവല്ലോ.

munnnar-trip

പിറ്റേന്ന് രാവിലെ പെരിയ കനാലിൽ നിന്നും തേയില തോട്ടങ്ങളുടെ നടുവിൽ നിന്നും മഞ്ഞു പാളികളിലൂടെ തിരിച്ചിറങ്ങുമ്പോൾ ആനന്ദം. ചായ തോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചിരുന്നവർ എത്ര പെട്ടെന്നാണ് ടൗൺഷിപ്പിലെത്തുന്നത്. പിന്നിൽ ഉപേക്ഷിച്ചു പോകുന്നില്ല, ഓർമകൾ കൂടെ കൊണ്ടാണ് പോകുന്നത്. മൂന്നാർ യാത്ര എന്ന് പറയാമെങ്കിലും വഴി മൂന്നാറിൽ നിന്നും ഇരുപതു കിലോമീറ്ററോളം അകലെയാണ് പെരിയകനാൽ. മൂന്നാർ- ദേവികുളം വഴി പൂപ്പാറ റൂട്ടാണ് പെരിയ കനാൽ. (മൂന്നാർ -കുമളി ഹൈവേ). ഇനിയും വരുമ്പോൾ മൂന്നാറിന് ഒരുപാകത്തെ മറ്റൊരു രൂപമായിരിക്കാം. എങ്കിലും ഓരോ രൂപവും മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു.  നാല് യാത്രകളിലുംവച്ച് ഏറെ പ്രിയമായതു ഇത്തവണ തന്നെ!

കൂടുതൽ വിവരങ്ങൾക്ക് ഷോബിൻ : 9946478846

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA