പി പി എന്ന പാവം പയ്യൻ അഥവാ പ്രദീപ് കുമാർ ബുള്ളറ്റ് വാങ്ങിച്ചിട്ട് മാസം നാലായി, അന്നു മുതൽ ആ ബൈക്കിനു ഇരിക്കപ്പൊറുതിയില്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓട്ടം തന്നെ ഓട്ടം. ചിലപ്പോൾ ബുള്ളറ്റിന്റെ മുകളിൽ ഇരിക്കുന്ന പി പിയുടെ ട്രാവൽ ബാഗിന്റെ ഉള്ളിൽ ഒരു കൂടു വെട്ടു കേക്കും കാണും. കൊല്ലം, കേരളപുരത്തെ എഴുത്താണിക്കടയിലെ പ്രശസ്തമായ അതേ വെട്ടു കേക്ക് തന്നെ. കൊല്ലത്തു നിന്ന് ഈ വെട്ടു കേക്ക് ഏതൊക്കെ വഴിയേ ആണ് സഞ്ചരിക്കുന്നതെന്നറിഞ്ഞാൽ മൂക്കിൽ വിരൽ വച്ച് പോകും.
പ്രമുഖ പാചക ഗ്രൂപ്പായ ഫുഡിസ് പാരഡൈസിൽ ഒരിക്കൽ പ്രദീപ് കുമാർ എന്ന പി പി തന്റെ സ്ഥിരം ടെയ്സ്റ്റ് കോളത്തിനു വേണ്ടി ഒരു ഐറ്റം പോസ്റ്റ് ചെയ്യുന്നു. സംഭവം കൊല്ലം കേരളപുരം എഴുത്താണിക്കടയിലെ വെട്ടു കേക്കും മട്ടനും പെറോട്ടയും ഒക്കെ തന്നെ.
"ഇക്കഴിഞ്ഞ മാർച്ചിലാണ് പോസ്റ്റ് ഫുഡിസിൽ ഫ്ലാഷാവുന്നത്. അതിനെ തുടർന്ന് ഗ്രൂപ്പിൽ തന്നെയുള്ള വക്കീൽ കൂടിയായ അനുപ്രിയയ്ക്ക് ഒരാഗ്രഹം കേരളപുരത്തെ വെട്ടു കേക്ക് കഴിക്കണം. ആഗ്രഹം പങ്കു വയ്ക്കുമ്പോൾ എന്നാൽ പിന്നെ എങ്ങനെയെങ്കിലും എത്തിച്ചു കൊടുത്താലോ എന്ന് തോന്നി. സ്ഥലം പക്ഷെ അങ്ങ് കേരളത്തിന്റെ വടക്കേ അറ്റത്തു, നീലേശ്വരത്ത്. എങ്ങനെ എത്തിക്കും? പെട്ടെന്ന് ഒരു സുഹൃത്തിനെ ഓർത്തു. അദ്ദേഹം അവിടെ അടുത്താണ് ജോലി ചെയ്യുന്നത്, എല്ലാ ശനിയാഴ്ചയും നാട്ടിലെത്തും തിങ്കൾ മടങ്ങും. അനു ഇത് പറയുന്നത് ഒരു ശനിയാഴ്ചയാണ്, എന്റെ വീട് ചവറയാണ്. അങ്ങനെ കൊല്ലം പോയി കുറച്ചു കേക്ക് പാഴ്‌സൽ വാങ്ങി സുഹൃത്തിന്റെ കയ്യിൽ അനുവിന്റെ വിലാസം ഉൾപ്പെടെ കൊടുത്തുവിട്ടു. തിങ്കളാഴ്ച കേക്ക് അവിടെ ഹാജർ. അനുവിന് വലിയ സന്തോഷമായി. ഒപ്പം അവർ ഫുഡിസിൽ ഒരു പോസ്റ്റും ഇട്ടു. ആ പോസ്റ്റ് വളരെയധികം വായിക്കപ്പെട്ടു. അവിടം മുതൽ തുടങ്ങിയതാണ് കേക്ക് കൊണ്ടുള്ള യാത്രകളും കേക്കിന്റെ യാത്രകളും. ലോകത്തിന്റെ പല സ്ഥലങ്ങളിലും വെട്ടു കേക്ക് പലർ വഴി പൊയ്ക്കൊണ്ടേയിരിക്കുന്നു. അടുത്ത മാസം ചൈനയ്ക്ക് ഒരു പെട്ടി നിറയെ പാഴ്‌സൽ പോകുന്നുണ്ട്"- വെട്ടുകേക്ക് വൈറലായതിനെ കുറിച്ച് പ്രദീപ് കുമാർ എന്ന പി പി പറയുന്നതിങ്ങനെയാണ്.
കൊല്ലത്ത് കെ എസ് ഇ ബിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രദീപ് കുമാർ. വീട്ടിൽ ഭാര്യയും കുഞ്ഞും. യാത്ര എന്നാൽ ജീവിതം തന്നെയാണ് പ്രദീപിന് അതുകൊണ്ടു തന്നെയാണ് ആദ്യം ലഭിച്ച എൽ ഡി ക്ലർക്കിനെ ജോലി പോലും ഉപേക്ഷിച്ച് നാട്ടിൽ തന്നെ അദ്ദേഹം ജോലിക്ക് കയറുന്നതും. പ്രദീപ് പറയുന്നു,
"എന്റെ ജോലിയുടെ സ്വഭാവം ഒരിടത്ത് ഇരുന്നിട്ടുള്ളതല്ല, പല ബ്രാഞ്ചുകളിൽ പോകേണ്ടി വരും. അങ്ങനെയുള്ള യാത്രകൾ എനിക്കിഷ്ടമാണ്. അതല്ലാതെ യാത്രകൾ നിരവധി പോകും. പക്ഷെ ബുള്ളറ്റ് എടുത്തപ്പോൾ ഭാര്യ പറഞ്ഞ ഒരേ ഒരു കാര്യം സോളോ യാത്രകൾ ഒരു ദിവസത്തിൽ കൂടുതൽ നീളരുത് എന്നായിരുന്നു. അത് തെറ്റിച്ചിട്ടില്ല, ഒറ്റ ദിവസം പോയി വരാവുന്ന സോളോ യാത്രകൾ മാത്രമേ ഇപ്പോഴുള്ളൂ, ദൂരെ യാത്രകൾക്ക് കൂടെ ആരെങ്കിലും ഒപ്പമുണ്ടാകും. മാത്രമല്ല പ്രധാനപ്പെട്ട ജില്ലകളിലുള്ള ബുള്ളറ്റ് ഹുഡ് എന്ന സംഘടനയുടെ ഒപ്പം ബുള്ളറ്റ് റൈഡിനു പോകാറുണ്ട്. കാർ ഉണ്ടെങ്കിലും എന്റെ യാത്രകൾ എല്ലാം ബുള്ളറ്റിൽ തന്നെ"
പി പിയുടെ പ്രധാന യാത്രകളിൽ എല്ലായ്പ്പോഴും ഒപ്പമുണ്ടാകുന്ന ഒരാളുണ്ട്, സാക്ഷാൽ ഖലീൽ ജിബ്രാൻ. വായന ഏറെ ഇഷ്ടപ്പെടുന്ന, പ്രദീപിന് ജിബ്രാൻ ഏറെ പ്രിയപ്പെട്ടവനാണ്. പുസ്തകങ്ങളെ കുറിച്ചും വായനയെ കുറിച്ചും സമ്മാനങ്ങളെ കുറിച്ചും പ്രദീപ് പറയുന്നത് കേട്ടാൽ അസൂയ തോന്നും,
"എല്ലാ യാത്രകളിലും എന്റെ ബാഗിലുണ്ടാകും ജിബ്രാന്റെ ഒരു പുസ്തകം. വായന ഏറ്റവും പ്രിയപ്പെട്ട ഒന്നായി ഇപ്പോഴും കൂടെയുണ്ട്, അതുകൊണ്ടു പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നത് കൂടുതലും പുസ്തകങ്ങൾ തന്നെ. പക്ഷെ അഞ്ചു പുസ്തകം ആർക്കെങ്കിലും കൊടുക്കുമ്പോൾ വേറെ എവിടുന്നെങ്കിലും പത്തു പുസ്തകം സമ്മാനം ലഭിക്കും. ഫുഡീസിൽ കേക്ക് പോസ്റ്റുകൾ വന്നു തുടങ്ങിയ സമയത്താണ് യാത്രകൾ അതിലെ പ്രിയപ്പെട്ടവർക്കും കൂടി വേണ്ടിയാകുന്നത്. കേക്ക് വാങ്ങി അവർക്ക് നൽകുമ്പോൾ ഒപ്പം രണ്ടു പുസ്തകങ്ങൾ കൂടി വയ്ക്കാറുണ്ട്. വായന ഇഷ്ടമുള്ളവർക്ക് അത് നൽകുന്ന സന്തോഷം ചെറുതല്ലല്ലോ. പക്ഷെ ഞാൻ സമ്മാനങ്ങളായി നൽകിയ പുസ്തകങ്ങളുടെ ഇരട്ടി എനിക്ക് സമ്മാനങ്ങളായി ലഭിച്ചിട്ടുണ്ട്. അത് കൊറിയർ വഴിയും നേരിട്ടും ഒക്കെ ലഭിക്കാറുണ്ട്. ഒരുപക്ഷെ എനിക്ക് ഒരിക്കലും പരിചയമില്ലാത്തവർ ഒക്കെയാണ് സമ്മാനങ്ങൾ അയക്കുക, പലതിലും ആരാണ് അയച്ചതെന്ന് വിവരങ്ങൾ പോലും ഉണ്ടാകില്ല. കൊറിയർ അയച്ച അഡ്രസിൽ തിരികെ വിളിക്കുമ്പോഴാവും ആൾ ആരാണ് മനസ്സിലാവുക. അങ്ങനെ എത്രയോ സ്നേഹങ്ങൾ.". കൂടുതൽ കൊടുക്കുന്ന ഒരാൾക്ക് കൊടുക്കുന്നതിൽ കൂടുതൽ ലഭിക്കും എന്ന ആ പഴയ വാക്ക് പ്രദീപിന്റെ കാര്യത്തിൽ എത്രയോ സത്യമാണെന്നു തോന്നിപ്പോകും.
ചില ഇടങ്ങൾ ചില പ്രത്യേക ഭക്ഷണത്തിനു പേര് കേട്ടതാണ്. ബിരിയാണിയ്ക്ക് തലശ്ശേരി എന്ന പോലെ, ഹൽവയ്ക്ക് കോഴിക്കോട് എന്ന പോലെ വെട്ടു കേക്കിനു പ്രശസ്തമാണ് കൊല്ലം കേരളപുരത്തെ എഴുത്താണി എന്ന കട. സ്വാതന്ത്ര്യത്തിനും ഒരു വർഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 1948 മീര സാഹിബ് തുടങ്ങിയ നാടൻ ചായക്കട ഇപ്പോഴും അതിനെ ഭംഗിയും ഗൃഹാതുരതയും ചോരാതെ ഇപ്പോഴും പ്രവർത്തിക്കുന്നു. മീരാസാഹിബിന്റെ മകനാണ് ഇപ്പോൾ ഇവിടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ദിവസവും അയ്യായിരത്തിലധികം വെട്ടു കേക്കുകൾ ദിവസവും ഇവിടെ നിന്ന് വിറ്റു പോകുന്നുണ്ട്. ,
"കടയിൽ കയറി ശ്രദ്ധിച്ചാൽ കണ്ണ് തള്ളിപ്പോകും. അതുപോലെയാണ് കേക്കിന്റെ വിൽപ്പന. മട്ടൻ കറിയും പഞ്ഞി പോലുള്ള പൊറോട്ടയും ഇവിടുത്തെ മറ്റു സ്പെഷ്യലുകളാണെങ്കിലും കേക്കാണ് ഹിറ്റ്. പുറത്തേയ്ക്ക് കൊടുത്തയക്കാനാക്കുമ്പോൾ നൊസ്റ്റാൾജിയ ഒക്കെ അയവിറക്കാൻ കേടാകാതെ നിൽക്കുന്ന ഭക്ഷണം കൂടി വേണമല്ലോ. ഞാനിപ്പോൾ കേക്കിന്റെ ബ്രാൻഡ് അംബാസിഡർ ആയെന്നൊക്കെ പലരും തമാശയ്ക്ക് പറയും, പക്ഷെ ഈ കടയിൽ അതൊന്നും പ്രശ്നമല്ല, നല്ല കച്ചവടം നിത്യവും ഉള്ളതുകൊണ്ട് അവർ അതൊന്നും അറിയാറുമില്ല. പുറത്തേക്കുള്ള ഡിമാൻഡ് ഒക്കെ ഇവർക്ക് ഇപ്പോൾ നന്നായി അറിയാം. എനിക്ക് കൂടുതൽ കേക്ക് ആവശ്യമുള്ളപ്പോൾ ഫോൺ വിളിച്ചു പറയും. അവർ അത് പാക്ക് ചെയ്ത് നേരത്തെ മാറ്റി വയ്ക്കും. അല്ലെങ്കിൽ വൈകുന്നേരം ആവുമ്പോഴേക്കും കേക്കൊക്കെ തീർന്നു പോകും. " വെട്ടുകേക്ക് മാഹാത്മ്യത്തെ കുറിച്ച പ്രദീപ് കുമാർ പറയുന്നതിങ്ങനെ.
പ്രദീപിനെ ഇപ്പോഴും സുഹൃത്തുക്കൾ വിളിച്ചുകൊണ്ടേയിരിക്കുന്നു. 'എനിക്കും വേണം വെട്ടു കേക്ക്' എന്ന ഓർമ്മപ്പെടുത്തുന്നു. അടുത്തുള്ള ദൂരമാണെങ്കിൽ ബുള്ളറ്റിലും ഇത്തിരിയകലെയാണെങ്കിൽ കൊറിയറിലും ആ സ്നേഹ മധുരം എത്താൻ പിന്നെ താമസമില്ല. "കേരളത്തിൽ മാത്രമല്ല വെട്ടു കേക്ക് പല രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ചില സുഹൃത്തുക്കൾ നാട്ടിൽ വരുമ്പോൾ ഒരു കെട്ടു നിറയെ പാഴ്‌സൽ ചെയ്ത് കൊടുത്തു വിടും. അവിടെയുള്ള മറ്റുള്ളവർക്കും അത് ഉപയോഗിക്കാമല്ലോ! നാലഞ്ചു ദിവസം കേക്ക് കേടു കൂടാതെ ഇരിക്കുന്നത് കൊണ്ട് കുഴപ്പവുമില്ല. ഗൾഫിലേക്കാണ് ഏറ്റവും കൂടുതൽ കേരളപുരത്തെ രുചി പറന്നത്. ഇനിയിപ്പോൾ ജപ്പാനിലേക്ക് ഒരു കൊറിയർ അടുത്ത മാസം പറക്കും. ",പറയുമ്പോൾ പ്രദീപിന്റെ മുഖത്തു ആനന്ദം. കേക്ക് അയക്കൽ കാരണം സുഹൃത്തുക്കളുടെ എണ്ണം കൂടിയെന്ന സന്തോഷവും ഇതിന്റെ പിന്നിലുണ്ട്. ഇതിനു വേണ്ടി ചിലവാക്കുന്ന തുക ഒട്ടും കൂടുതൽ അല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം, കൊടുക്കുന്നതിന്റെ ഇരട്ടിയിലധികം രൂപയുടെ സമ്മാനങ്ങൾ അറിയുക പോലുമില്ലാത്ത പലരും തിരിച്ചു തരുമ്പോൾ, അതിലും ഉപരി പല നാടുകളിലെ മനുഷ്യരുടെ സ്നേഹം കിട്ടുമ്പോൾ പണത്തിനൊക്കെ അല്ലെങ്കിലും എന്ത് വില!
"ഒരിക്കൽ അമ്പരന്നു പോയി, ഫുഡിസിൽ സംസാരിക്കാത്ത ഒരാളാൾ, എനിക്ക് മെസേജ് അയച്ചു, കൊല്ലത്തു എവിടെയാണ് എഴുത്താണി കട എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു, അവർ പക്ഷെ എറണാകുളത്താണ്, 'അതിനു വേണ്ടി വരണ്ട, കൊണ്ട് തരാം' - ഞാൻ പറഞ്ഞു. അപ്പോൾ അവർ കൂടുതൽ കാര്യങ്ങൾ പറഞ്ഞു, നമ്മുടെ കുട്ടി സിനിമാ താരം എസ്തറിന്റെ അമ്മയായിരുന്നു അത്. കടയിൽ നിന്ന് കേക്ക് വാങ്ങി ഞാൻ തന്നെ എസ്തറിന്റെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു. സിനിമയോട് എനിക്ക് ഇഷ്ടമാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും വിട്ടു പോകാതെ കാണുന്ന ഒരാളെന്ന നിലയ്ക്ക് അങ്ങനെ ഒരു അവസരം നഷ്ടപ്പെടുത്താൻ ആവില്ലല്ലോ. എസ്തർ മിടുക്കിയാണ്, അന്ന് കുറെ സംസാരിച്ചിരുന്നു. എല്ലാം ഈ കേക്കും അതിനു വേണ്ടിയുള്ള യാത്രകളും കൊണ്ട് തന്നതാണ്", യാത്രകൾ നൽകിയ സന്തോഷങ്ങളെ കുറിച്ച് പറയുമ്പോൾ പ്രദീപിന് നൂറു നാവാണ്.
ഹിമാലയത്തിലേക്ക് ബുള്ളറ്റിൽ ഒരു യാത്രയാണ് പി പിയുടെ സ്വപ്നം. ഒപ്പം കേരളപുരത്തെ നാടൻ തനിമയുള്ള സ്വാദ് പരമാവധി മനുഷ്യരിൽ എത്തിക്കുകയും. പരിചയപ്പെടാൻ , ഇടിച്ചു കയറി മിണ്ടാൻ മടിയുള്ള പ്രദീപ് പക്ഷെ പരിചയമായിക്കഴിഞ്ഞാൽ ഏറ്റവും നിഷ്കളങ്കനായ, വാചാലനായ സുഹൃത്താണെന്ന് ബോധ്യമാവും. മഴ പെയ്യുമ്പോൾ നനഞ്ഞു കൊണ്ട് ബുള്ളറ്റോടിക്കാൻ ഇഷ്ടപ്പെടുന്ന, സ്നേഹം പങ്കിട്ടു കൊടുക്കാൻ ഇഷ്ടപ്പെടുന്ന ഇങ്ങനെയൊരു മനുഷ്യൻ നിഷ്കളങ്കനല്ലെങ്കിൽ പിന്നെന്താണ്.