വാഗമണ്ണിന്റെ അനിയത്തി

തിരശ്ശീലയിൽ നിറഞ്ഞാടുന്ന സിനിമ ആസ്വദിക്കും പോലെയാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര. മലനിരകൾ കാവൽ നിൽക്കുന്ന ഏന്തയാർ എന്ന ഗ്രാമമാണ് പശ്ചാത്തലം. നായ കനും നായികയും കാഴ്ചക്കാരനും നമ്മളാണ്. ഓരോ ഷോട്ടി ലും കഥയും പശ്ചാത്തലവും മാറി മാറി വരും. യാത്ര ഏതാണ്ട് ക്ലൈമാക്സിലേക്കെത്തുമ്പോഴേക്കും കാഴ്ചക്കാരനും ഉറുമ്പി ക്കരയും ഒന്നായി തീരും.

ഉറുമ്പിക്കരയുടെ ഉയരത്തിൽ

കോട്ടയത്തിന്റെയും ഇടുക്കിയുടെയും  ഹൃദയങ്ങൾ പരസ്പരം ചേരുന്നിടത്ത്, വാഗമണ്ണിന് മറുഭാഗ ത്ത്  അധികമാരും അറിയപ്പെടാതെ ഒളിഞ്ഞിരിക്കുകയാണ് ഉറുമ്പിക്കര. ഫോർ വീൽ ജീപ്പുകൾ കരുത്ത് തെളിയിച്ച, കല്ലു നിറഞ്ഞ കാട്ടുവഴിയാണ് എത്തിച്ചേരാനുള്ള മാർഗം. ഉറുമ്പിക്ക രയുടെ ഉച്ചിയിലേക്കെത്തുമ്പോഴേക്കും ആകാശത്തും താഴെ ഭൂമിയിലും നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണുചിമ്മിത്തുടങ്ങും. ഇരുമുലച്ചിക്കല്ലിനെ മൂടൽ മഞ്ഞ് പൊതിയും. പുൽമേടുകൾ ചൂളക്കാക്കയുടെ പാട്ടിന് നൃത്തം വയ്ക്കും. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ട ദിക്കുതേടി കാട്ടുചോലകൾ മലയിറങ്ങും. ഉറുമ്പിക്കരയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ഉയരങ്ങളെ  തോൽപ്പിച്ച ഈ ഓഫ് റോഡ് യാത്ര. 

വാഗമണ്ണിന്റെ അനിയത്തി

മലമുകളിലെ ക്ഷേത്രവും ഇരുമുലച്ചിക്കല്ലും

‘ഏന്തയാർ ഗ്രാമം കടന്ന് വടക്കേമല വഴി പോയാൽ ഉറുമ്പിക്കരയിലേക്കെത്താം. പക്ഷേ, കൃത്യമായി വഴി അറിയുന്ന ഗൈഡും പോകാന്‍ ജീപ്പും ഇല്ലെങ്കിൽ അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്.’ ഉറുമ്പിക്കരയിലേക്കുള്ള വഴി അന്വേഷണത്തിനിടയ്ക്ക് പലയിടത്തു നിന്നായി കേട്ട ഇത്തരം  നിർദേശങ്ങൾ വഴികാട്ടി കം ഡ്രൈവറെ നേരത്തേ റെഡിയാക്കാൻ കാരണമായി. പേര് മനോജ്. ഏന്തയാറിനടുത്തുള്ള ഒലയനാട് സ്കൂളിൽ അധ്യാപകനാണ് കക്ഷി. കോട്ടയം–മുണ്ടക്കയം വഴി ഏന്തയാറെത്താം. മുണ്ടക്കയത്ത് നിന്ന് ഏതാണ്ട് 12 കിലോ മീറ്റർ അകലെയാണ് ഏന്തയാർ. ഇവിടെ നിന്നാണ് ഉറുമ്പിക്കര ഓഫ് റോഡ് യാത്ര ആരംഭിക്കുന്നത്. ഏന്തയാറിന്റെ തണുപ്പിനെ തോൽപ്പിച്ച് ചൂടുചായ ഊതി കുടിക്കുമ്പോൾ അങ്ങു ദൂരെ കാണുന്ന മലനിരകളിലേക്ക് വിരൽ ചൂണ്ടി മനോജ് പറഞ്ഞു. ദേ ആ മലനിരകളിലേക്കാണ് നമ്മുടെ യാത്ര.

മലയിടുക്കിലൂടെ ഒഴുകുന്ന കാട്ടരുവി

ഒറ്റവട്ടം നോക്കിയേ ഉള്ളൂ. ഹൃദയമിടിപ്പ് ഠപ്പ ഠപ്പ കൂടി. വടക്കേമല കയറിത്തുടങ്ങിയതു മുതൽ റോഡ് തനി നിറം പുറത്തെടുത്തു. അല്പദൂരം പിന്നിടുന്നതേയുള്ളൂ. താഴെ ഏന്തയാർ– കൂട്ടിക്കൽ ഭാഗം മനോഹരമായി വരച്ചിട്ട പെയിന്റിങ് പോലെ കാണാം. കാറ്റിന്റെ ശീൽക്കാരത്തിനു ശക്തി കൂടി വരുന്നു. ചെറിയ ചാറ്റൽ മഴ. വാഗമണ്ണിനിപ്പുറമാണെങ്കിലും അവിടെയുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രദേശമാണ് ഉറുമ്പിക്കര. ജീപ്പിന്റെ  ഞരക്കം ഒന്നു കുറഞ്ഞപ്പോൾ പാപ്പാനി വെള്ളച്ചാട്ടത്തിന്റെ സ്വാഗതഗാനം കേട്ടു. പാറയിൽ തട്ടിത്തെറിച്ച് ചിരിച്ചു കളിച്ച് കുത്തിയൊഴുകുന്ന പാപ്പാനി വെള്ളച്ചാട്ടത്തിന് ‘മധുരപ്പതിനേഴുകാരി’ യുടെ ചന്തമുണ്ട്. റോഡരികിൽ നിന്നുള്ള കാഴ്ച പാപ്പാനിയുടെ ഭംഗിയുടെ ഒരംശം മാത്രമേയുള്ളൂ. അത് പൂർണമാവാൻ അരികിലൂടെയു ള്ള ദുർഘടമായ ഉയരങ്ങൾ താണ്ടണം. പാറയിൽ അള്ളിപ്പിടി ച്ചും വഴുക്കിനെതിരെ പോരാടിയും അട്ടയുടെ കടി സഹിച്ചും എത്തുന്ന ‘വീരന്മാർ’ ക്ക് മുന്നിൽ പാപ്പാനി വെള്ളച്ചാട്ടം പൂർണ ദർശനം നൽകും. 

ഏക ചായക്കട

മലനിരകളിലൂടെയുള്ള ‘കല്ലുവഴി’യേ ജീപ്പ് ഉയരങ്ങൾ കയറി പിന്നെയും ഉയരങ്ങളിലേക്ക്. ചെറിയൊരു ചായക്കടയ്ക്ക് മുന്നിലാണ് ജീപ്പ് നിർത്തിയത്. ‘ഇതാണ് ഇവിടുത്തെ ഏക ചായക്കട. ശശീന്ദ്രൻ എന്നൊരാളാണ് നടത്തിപ്പുകാരൻ. ഏഴു വർഷത്തോളമായി ഇവിടുത്തുകാരുടെ ഏക അത്താണിയാണ് ഇത്. പ്രത്യേകത എന്തെന്നാല്‍ രാവിലെ 11 വരെയും വൈകിട്ട് മൂന്നു മണിക്ക് ശേഷവും മാത്രമേ കട തുറക്കൂ. അതിനായി ആളുകൾ കാത്തിരിക്കും. നമ്മൾ മലയിറങ്ങി വരുമ്പോഴേക്കും കട തുറക്കുന്ന സമയമാകും.’ മനോജ് പറഞ്ഞു. 

പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളും റബർ എസ്റ്റേറ്റും നിറഞ്ഞ കാർഷിക മലയോരമേഖലയായിരുന്നു. ഉറുമ്പിക്കര അതിന്റെ സ്മരണയെന്നോണം പൊട്ടിപ്പൊളിഞ്ഞ ഒരു ടീ ഫാക്ടറി കടന്ന് മുകളിലേക്ക് കയറുമ്പോൾ അത്ര നേരം വന്ന വഴി ആരോ വരച്ചിട്ട െകട്ടു പിണഞ്ഞ വര പോലെ താഴെ. യൂറോപ്യൻ ഗസ്റ്റുകൾക്ക് താമസിക്കാനായി ബ്രിട്ടീഷു കാരുടെ കാലത്ത് ഉണ്ടാക്കിയ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് ജീപ്പ് നിർത്തി. ഇതാണ് സായിപ്പൻ ബംഗ്ലാവ്. 

ടീ ഫാക്ടറി

‘മർഫി സായിപ്പിന്റെ പേരാണ് ഉറുമ്പിക്കരയുടെ ചരിത്രം അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ ഉറുമ്പിക്കരയുടെ ഒരു ഭാഗത്ത് അയാളുടെ എസ്റ്റേറ്റ് ഉണ്ടെന്നതല്ലാതെ ഈ നാടിന്റെ ചരിത്ര ത്തിൽ മർഫി സായിപ്പിന് സ്ഥാനമില്ല എന്നതാണ് സത്യം. 1600 ഏക്കറോളം വരുന്ന ഉറുമ്പിക്കരയെന്ന മലയോരമേഖലയുടെ ഉടമ ഒരു മലയാളിയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ വല്ലാട്ട് രാമൻ എന്നയാളുടെ സ്വകാര്യഭൂമിയായിരുന്നു ഇത്.

അക്കാലത്ത് പൂഞ്ഞാര്‍ രാജ കുടുംബത്തിൽ നിന്നാണ് വല്ലാട്ട് രാമൻ ഈ സ്ഥലം മേടിക്കുന്നത് തോട്ടം തൊഴിലാളികളുടെ 300 കുടുംബങ്ങൾ അന്ന് ഇവിടെ താമസിച്ചിരുന്നെന്ന് കേട്ടിട്ടു ണ്ട്. അവർക്ക് വേണ്ട വീട്, സ്കൂൾ, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളൊക്കെ രാമൻ ഒരുക്കി. തേയില കയറ്റുമതിക്ക് ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് വേണമാ യിരുന്നു. അങ്ങനെയാണ് മലകടന്ന്  മെഫേർസൻ സായിപ്പ് ഇൻസ്പെക്ഷനായി ഇവിടെ എത്തുന്നത്. അദ്ദേഹത്തിന് താമസിക്കാനായി രാമൻ മലമുകളിൽ ഒരു ബംഗ്ലാവ് പണിതു. അതാണ് ഇന്നത്തെ ‘സായിപ്പൻ ബംഗ്ലാവ്’ വല്യാട്ട് രാമന്റെ പിൻമുറക്കാരനായ അനിൽ കുമാർ പറയുന്നു. 

ഇരുമുലച്ചിക്കല്ലും 360 ഡിഗ്രിയും

കാട്ടുനാരകം കായ്ചു നിൽക്കുന്ന,അരിപ്പൂക്കളുടെ സുഗന്ധ മുള്ള വഴിയേ ജീപ്പ് ഉയരത്തിലേക്ക് നീങ്ങി. മുകളിലേക്ക് പോകാൻ ശ്രമിക്കുന്ന ജീപ്പിനെ താഴേക്ക് വലിച്ചിടുന്ന വഴി. അടുത്ത കാഴ്ചയെന്താകും എന്ന ആകാംക്ഷയിലാണ് ഇരിക്കു ന്നത്. വഴി കണ്ടാലോ ഇതൊരിക്കലും അവസാനിക്കുന്നേയി ല്ലെന്ന് തോന്നും. ചാഞ്ഞും ചരിഞ്ഞും ഞെങ്ങി നിരങ്ങിയും കല്ലുവഴികളെ തോൽപ്പിച്ച് മുന്നേറാൻ ജീപ്പ് നന്നായി പണിപ്പെ ടുന്നുണ്ട്. ഇരുഭാഗത്തും പുൽമേടുകളും ഇടയ്ക്കിടെ ചോല ക്കാടുകളും നിറഞ്ഞ പ്രദേശത്ത് വണ്ടി നിർത്തി. തൊട്ടടുത്ത് കൂറ്റൻ പാറകൾ. ആ പാറകളിലൊന്നിലേക്ക് വലിഞ്ഞ് കയറി ആരും മനസ്സറിഞ്ഞ് പറയും ‘വാ‍ാ‍ാഹ്’, 360 ഡിഗ്രി വ്യൂ പോയി ന്റ്. ചുറ്റും തിങ്ങി നിൽക്കുന്ന പുൽമേട്.

അതിനിടയിലൂടെ ശാന്തമായി ഒഴുകുന്ന അരുവി. മലമുകളിൽ ചെറിയൊരു ക്ഷേത്രം. അടുത്ത ലക്ഷ്യസ്ഥാനം അവിടമാണ്. എല്ലാ മലയാ ളമാസവും ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ പൂജ. അന്നേ ദിവസമൊഴികെ ബാക്കി സമയം ക്ഷേത്രം അടച്ചിടും. ക്ഷേത്രം കടന്ന് മുകളിലേക്കെത്തുമ്പോൾ വിശാലമായി പരന്നു കിടക്കു ന്ന പാറ. ട്രെക്കിങ് കഴിഞ്ഞെത്തുന്നവരും റൈഡിനു വരുന്ന വരും രാത്രി കാലങ്ങളിൽ താമസിക്കാൻ ടെന്റ് കെട്ടുന്നത് ഈ പാറപ്പുറത്താണ്. കയ്യിൽ കരുതിയ ഭക്ഷണം കഴിച്ച്. കാട്ടു ചോലയിലെ തെളി നീര് കുടിച്ച് ദാഹം മാറ്റി പ്രകൃതിയിലേ ക്കുള്ള യാത്ര തുടർന്നു. പുല്‍മേടുകളാണ് ചുറ്റിലും. അലഞ്ഞു തിരിഞ്ഞ് സ്വതന്ത്രരായി പുല്ലു മേയുന്ന കന്നുകാലി കൂട്ടം. ഈ പ്രദേശത്ത് പുള്ളിപ്പുലി വാസമുണ്ടെന്നും ട്രെക്കിങ് കഴിഞ്ഞെ ത്തിയ ഒരു രാത്രി കണ്ടിട്ടുണ്ടെന്നും മനോജ്  പറഞ്ഞത് മനസ്സിലെവിടെയോ ഭീതിയുടെ തിരി തെളിച്ചു. 

മദാമക്കുളം

മദാമ കുളമാണ് അടുത്ത കാഴ്ച. വഴി കൃത്യമായി പറയാൻ അടയാളമൊന്നും തന്നെയില്ല. ഗൈഡിനൊപ്പമല്ലാതെ ഇവിടേ ക്ക് എത്തിപ്പെടുന്നവർക്ക് ഈ വെള്ളച്ചാട്ടം കണ്ടെത്താൻ പ്രയാസമായിരിക്കും. സായിപ്പിന്റെ മദാമ കുളിക്കാൻ വരാറുള്ള വെള്ളച്ചാട്ടവും കുളവുമാണ് പിന്നീട് മദാമക്കുളമായതെന്ന് കഥ.

ഉറുമ്പിക്കരയുടെ സൗന്ദര്യം അവസാനമില്ലാതെ തുടരുക യാണ്. പോകും തോറും പിന്നെയും പിന്നെയും വഴി. പക്ഷേ, ഈ യാത്ര തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇരുട്ട് വീഴും മുമ്പ്, മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കും  മുമ്പ് വന്ന വഴി അത്രയും പിന്നിടണം. കയറ്റത്തേക്കാൾ ദുർഘടമാണ് ഇറക്കം. ഏതു നിമിഷവും അപകടം സംഭവിക്കാം.

സമയം വൈകിട്ട് നാലു മണി. ശശി ചേട്ടൻ ചായക്കട തുറന്നിട്ടുണ്ട്. ‘ഇവിടെ കടുപ്പത്തിൽ മൂന്ന് ചായ’.

ഓർഡർ ശബ്ദം പരിചയമില്ലാത്തതു കൊണ്ടോ എന്തോ ഒന്നു നോക്കിയ ശേഷം ശശിചേട്ടന്റെ ഡയലോഗ്, ‘ഉയരം കൂടും തോറും ചായയ്ക്ക് രുചി മാത്രമല്ല കടുപ്പോം കൂടും’. അതാ ഹൈറേഞ്ച്കാരുടെ ഒരു സ്റ്റൈലേ...

       എങ്ങനെ എത്താം

കോട്ടയത്തു നിന്ന് 73 കിലോ മീറ്റര്‍ അകലെയാണ് ഉറുമ്പിക്കര. മുണ്ടക്കയം– കൂട്ടിക്കൽ– വെമ്പ്ലി വഴി ഉറുമ്പിക്കരയിലെത്താം. കൂടുതൽ വിവരങ്ങൾക്ക്, 9995317073(മനോജ്) –പ്ലാനറ്റ് ഗ്രീൻ. (ഉറുമ്പിക്കര ട്രെക്കിങ്)

ചിത്രങ്ങൾ : റ്റിബിൻ‍ അഗസ്റ്റിൻ