നിറഞ്ഞൊഴുകി, കുറ്റാലം വിളിക്കുന്നു

kuttalam-6
SHARE

കേരളത്തിൽ മഴ പെയ്താൽ ആഘോഷം അങ്ങ് കുറ്റാലത്താണ്. തമിഴ്നാട്ടിൽ. അവിടുത്തെ വെള്ളച്ചാട്ടങ്ങളെല്ലാം നിറഞ്ഞൊഴുകിയതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. ആറുമാസത്തോളം ഇനി സഞ്ചാരികളുടെ സീസണാണ്. കേരളത്തിലെ പ്രമുഖ വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചാടുന്ന വെള്ളത്തിൽ നേരിട്ടു കുളിക്കാം എന്ന സൗകര്യവുമുണ്ടിവിടെ. താരതമ്യേന അപകടം കുറവാണെങ്കിൽ പോലും കനത്ത സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ സഹായത്തിനായി വനിതാ പൊലീസ് ഉൾപ്പെടെ ക്യാംപ് ചെയ്യുന്നുണ്ട്. മഴക്കാലത്ത് എന്ത് സഞ്ചാരം എന്നാലോചിച്ച് മടിപിടിച്ചിരിക്കുന്ന മലയാളിക്ക് ഉറപ്പായും യാത്ര പോകാവുന്ന സ്ഥലം. പത്തനംതിട്ട ജില്ലക്കാർക്ക് അധികം ആസൂത്രണം പോലും വേണ്ടാതെ പോകാവുന്ന ഇടം. 

kuttalam-8
കുറ്റാലത്തെ വലിയ വെള്ളച്ചാട്ടമായ പേരരുവി

വെള്ളച്ചാട്ടങ്ങളുടെ പറുദീസയായ കുറ്റാലത്ത് പ്രധാനമായും ഒൻപതെണ്ണമുണ്ട്. എണ്ണമറ്റ കൊച്ചരുവികളും. വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും പ്രശസ്തം പേരരുവിയും അയ്ന്തരുവിയുമാണ്. രണ്ടിടത്തും തിരക്കു തുടങ്ങിയിട്ടുണ്ട്. കടുവ വന്നു വെള്ളം കുടിക്കാറുണ്ടെന്നു പറയുന്ന പുലിയരുവി, പഴയരുവി, തേനരുവി, ചെമ്പകദേവി വെള്ളച്ചാട്ടം, ചിത്തിര അരുവി, പുതു അരുവി, പഴത്തോട്ട അരുവി തുടങ്ങിയവയെല്ലാം ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഔഷധമൂല്യമുള്ള വെള്ളമാണ് ഇവിടെയെന്നാണ് വിശ്വാസം. തൊട്ടടുത്ത നഗരങ്ങളായ ചെങ്കോട്ടയിൽ നിന്നും തെങ്കാശിയിൽ നിന്നും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ബസ് സർവീസും തുടങ്ങിയിട്ടുണ്ട്. തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം. 

പേരരുവി (മെയിൻ ഫാൾസ്)

പേരു പോലെത്തന്നെ പെരിയതും പേരെടുത്തതുമായ വെള്ളച്ചാട്ടമാണ് പേരരുവി. ഇവിടത്തെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടത്തിന് 60 മീറ്റർ ഉയരമുണ്ട്. എങ്കിലും പേടിക്കേണ്ട, മൂന്നു തട്ടായാണ് ചാടിയെത്തുന്നത്. കനത്ത രീതിയിൽ വെള്ളം ചാടുന്നത് നിയന്ത്രിക്കാൻ മുകളിൽ പ്രകൃതി തന്നെ ഒരുക്കിയ ഗർത്തമുണ്ട്. അതും കവിഞ്ഞെത്തുന്ന വെള്ളമാണ് താഴെയെത്തുന്നത്. മനം കുളിരും വരെ കുളിക്കാനുള്ള തണുത്ത വെള്ളം. വെള്ളച്ചാട്ടം രണ്ടു ഭാഗങ്ങളായി തിരിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും കുളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വഴുതി വീണാലും പിടിച്ചു നിൽക്കാൻ വേലി കെട്ടിയിട്ടുണ്ട്. സുരക്ഷിത അകലം നിലനിർത്തി അതിനിടയിൽ പൊലീസ് ഔട്ട് പോസ്റ്റുമുണ്ട്. 

kuttalam-2
കുറ്റാലത്തെ പേരരുവി വെള്ളച്ചാട്ടത്തിന്റെ സുന്ദരദൃശ്യം

വസ്ത്രം മാറാനും പ്രാഥമികാവശ്യങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. തോർത്തെടുക്കാൻ മറന്നവർക്ക് അതുവാങ്ങാൻ കടകളുണ്ട്. സോപ്പോ ഷാംപൂവോ ഉപയോഗിക്കരുതെന്ന് പ്രത്യേക നിർദേശമുണ്ട്. കാരണം താഴെ ഈ വെള്ളം കുടിക്കാനുപയോഗിക്കുന്നവരുണ്ട്. 

kuttalam-4
പേരരുവി വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിലേക്കുള്ള കവാടത്തിനരികിലായി ഇരിക്കാനും കുട്ടികൾക്കു കളിക്കാനുമുള്ള പാർക്കുകൾ ഉണ്ട്. ഒന്ന് സൗജന്യവും മറ്റേത് കാശ് കൊടുക്കേണ്ടതും. മസാജ് പാർലറുകളുമുണ്ട്. ഇവിടത്തെ തിരുകുറ്റാല നാഥക്ഷേത്രം എന്ന ശിവക്ഷേത്രം പ്രശസ്തമാണ്. ക്ഷേത്രവഴിയ്ക്കിരുവശവും പലതരം പൊരിക്കടകളും ഫാൻസി ഷോപ്പുകളുമുണ്ട്. ഷോപ്പിങ്ങിന് പറ്റിയ ഇടം. 

അയ്ന്തരുവി (ഫൈവ് ഫാൾസ്) 

അഞ്ചായി പിരിഞ്ഞൊഴുകുന്ന സുന്ദരൻ വെള്ളച്ചാട്ടമാണ് അയ്ന്തരുവി. എത്തുന്നവർ കുളിച്ചിട്ടേ പോകൂ. അത്രയും വശ്യതയുണ്ട്. അയ്ന്തരുവിയിലെ രണ്ടു പ്രധാന വെള്ളച്ചാട്ടങ്ങൾ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. ഇടയ്ക്ക് ഒരു കൊച്ചു വെള്ളച്ചാട്ടമുണ്ട്. അത് കുട്ടികൾക്ക്. അതു തന്നെ രണ്ടായി പിരിഞ്ഞ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും. ഇടതും വലതുമുള്ള വലിയ വെള്ളച്ചാട്ടങ്ങൾ ശക്തിയേറിയവയായതിനാൽ പ്രകൃതി തന്നെ കുട്ടികൾക്കായി ഒരുക്കിയതണെന്നു തോന്നും മധ്യത്തിലെ കൊച്ചു ചാട്ടം. ഇവിടെയും സുരക്ഷ ശക്തമാണ്. കമ്പിവേലികളും പൊലീസും ഇവിടെയുമുണ്ട്. കുസൃതികാട്ടി കുട്ടിക്കുരങ്ങൻമാരും പാഞ്ഞു നടക്കും. 

kuttalam-1
അയ്ന്തരുവി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നവർ

പേരരുവിയിൽ കുളിക്കാൻ പേടിയുള്ളവർക്കും അയ്ന്തരുവിയിൽ കുളിക്കാം. പാർക്കിങ്ങിന് വിശാലമായ സ്ഥലമുണ്ട്. ഷോപ്പിങ് സൗകര്യവും. ബസും കിട്ടും. ഓട്ടോയും പിടിക്കാം. 

മറ്റുള്ളവ 

മറ്റു വെള്ളച്ചാട്ടങ്ങളിലേക്കും ഇവിടെ നിന്നു പോകാം. പേരരുവിക്കും അയ്ന്തരുവിക്കും ഇടയിൽ കൃത്രിമ തടാകത്തിൽ ബോട്ടിങ് സൗകര്യവുമുണ്ട്. കുറ്റാലത്തും സമീപത്തുമായി താമസിക്കാനും സൗകര്യങ്ങളുണ്ട്. തെങ്കാശിയിലും സമീപത്തുമായി വിവിധ മതസ്ഥരുടെ തീർഥാടനകേന്ദ്രങ്ങളുമുണ്ട്. ഫല–പുഷ്പ–നെൽ കൃഷിയിടങ്ങളിലൂടെയുള്ള യാത്ര അതിസുന്ദരം. ഒപ്പം പടിഞ്ഞാറുഭാഗത്ത് കോട്ട ഭിത്തി പോലെ നിഴൽരൂപമായി സഹ്യപർവതവും മേഘങ്ങളുടെ സുന്ദരക്കാഴ്ചയും. ആര്യങ്കാവിനടുത്ത് കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടവും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

ബോർഡർ ചിക്കൻ 

ചെങ്കോട്ടയിൽ നിന്ന് കുറ്റാലത്തേക്കുള്ള വഴി തിരിയുന്ന ഭാഗത്താണ് റഹ്മത്ത് പൊറോട്ട സ്റ്റാൾ. ചെങ്കോട്ടയിൽ നിന്ന് രണ്ടു കിലോമീറ്റർ വരും. അൽപ്പം വിശാലമായ ഒരു തട്ടുകട എന്നു തോന്നാമെങ്കിലും ഇവിടത്തെ ബോർഡർ ചിക്കനും കുട്ടിപ്പൊറോട്ടയും പ്രശസ്തമാണ്. പ്രത്യേകിച്ചും പെപ്പർ ചിക്കൻ കൊത്തിയിട്ടത്. പൊരിച്ച ചിക്കനും കിട്ടും. ബ്രോയിലർ കോഴിയല്ല എന്നതാണ് പ്രത്യേകത. ഒഴിയ്ക്കാൻ കിട്ടുന്ന കറിയുടെ സ്വാദ് നാവിൽ നിന്നു പോകില്ല. വാഴയിലയിലാണ് വിളമ്പുക. കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷം റഹ്മത്തിലെ പൊറോട്ടയും ചിക്കനും കഴിച്ചു മടങ്ങുക എന്നൊരു ശൈലി തന്നെയുണ്ടത്രേ.

വഴി 

പുനലൂരിൽ നിന്ന് തെൻമല ചെങ്കോട്ട വഴിയോ തെങ്കാശിയിൽ നിന്നോ കുറ്റാലത്തേക്കു പോകാം. പുനലൂരിൽ നിന്ന് 25 കിലോമീറ്ററാണ് തെന്മലയിലേക്ക്. അവിടെ നിന്ന് 29 കിലോമീറ്റർ ചെങ്കോട്ടയിലേക്ക്. ചെങ്കോട്ടയിൽ നിന്ന് 7.5 കിലോമീറ്ററാണ് കുറ്റാലത്തേക്ക്. തെങ്കാശിയിൽ നിന്ന് ഏഴു കിലോമീറ്ററും. പുനലൂർ – ചെങ്കോട്ട മലയോര റെയിൽവേ പുനരാരംഭിച്ചതിനാൽ കാടും മലകളും അതിലപ്പുറം തുരങ്കങ്ങളുടെ ഘോഷയാത്രയും അനുഭവിച്ചറിഞ്ഞ് ട്രെയിൻ യാത്രയുമാവാം. ചെങ്കോട്ടയിലിറങ്ങിയാൽ മതി. കൊല്ലം – താംബരം എക്സ്പ്രസ് ആണ് ആകെയുള്ള ട്രെയിൻ. 2.12ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ചെങ്കോട്ടയിലെത്തും. അവിടെ നിന്ന് ബസോ ഓട്ടോയോ പിടിക്കാം. തിരിച്ചുള്ള ട്രെയിൻ പിറ്റേന്ന് രാവിലെ 11.45നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA