യാത്രകളും കാഴ്ചകളും നല്‍കുന്ന ആനന്ദം വാക്കുകൾക്ക് അതീതമാണ്. ഒഴിവുകിട്ടുന്ന സമയങ്ങളെല്ലാം യാത്രാപ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളാണ്. സഞ്ചാരികളെ കാത്ത് കേരളത്തിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ അനവധി ഇടങ്ങളുണ്ട്. പറഞ്ഞുകേട്ട കാഴ്ചകളിലൂടെയുള്ള യാത്ര സമ്മാനിക്കുന്ന അദ്ഭുതങ്ങള്‍ നിരവധിയാണ്.
പ്രകൃതിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും കാഴ്ചയും ഒരിക്കലും മനസ്സിനെ നിരാശപ്പെടുത്തില്ല. അത്തരം സുന്ദരകാഴ്ചകളാണ് മൂന്നാറിലും ഇടുക്കിയുമൊക്കെയുള്ളത്. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്ര വശ്യതയുണ്ടോ എന്നു തോന്നും ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം.

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന മലയാളചലച്ചിത്രം ഇടുക്കിയുെട വശ്യതയിൽ ചിത്രീകരിച്ചതാണ്. മഴയുെടയും മഞ്ഞിന്റെയും നിറസാന്നിദ്ധ്യം അറിയിക്കുന്ന ഇൗ ചിത്രം കാണുന്നവർ ഒരിക്കലെങ്കിലും ഇടുക്കിയുടെ മടിത്തട്ടിലെ കാഴ്ചകൾ ആസ്വദിക്കണമെന്ന് ആഗ്രഹിക്കും. ചിത്രത്തിൽ മുഴുനീളം ഇടുക്കിയുടെ സൗരഭ്യം നിറഞ്ഞ കാഴ്ചകളാണ്. മിക്ക സിനിമകളിലും ഇടം നേടിയിട്ടുള്ള ഇടുക്കിയുെട ഹൃദയത്തിലൂടെ ഒരു യാത്ര...
ഇവളാണ് മിടുമിടുക്കി

വിളയും വെളിച്ചവും കുടിനീരും മൃദുകാഴ്ചകളും ചൊരിയുന്ന ജീവനാഡി, സുന്ദരിയാണിവൾ. പച്ചപ്പിനു നിറച്ചാർത്തേകിയ മലമടക്കുകളും മുല്ലമൊട്ടുകൾ പോലെ നീർച്ചാർത്തു കുടഞ്ഞിട്ടു ചിരിക്കുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സുന്ദരഭൂമി കാണാൻ ആരാണ് കൊതിക്കാത്തത്. പരന്നുകിടക്കുന്ന പുൽമേടുകളും കരിമ്പാറക്കൂട്ടങ്ങളും മറികടന്ന് നേരെ യാത്ര തിരിച്ചത് കൂട്ടാറിന്റെ മനോഹാരിതയിലേക്കായിരുന്നു. കിഴക്കൻ മലയുെട സൗന്ദര്യം ആവോളം ആസ്വദിച്ച യാത്ര. മഴനീർത്തുള്ളികൾ പതിച്ച തേയിലക്കൊളുന്തുകളും മഴമേഘം മൂടിയ മലയോരവും മനോഹരം. തണുത്തുമരവിച്ച കാലാവസ്ഥയിൽ ചൂടുചായ ഊതിക്കുടിച്ചപ്പോൾ തണുപ്പിന്റെ ലഹരി ചൂടിൽ ലയിച്ചു.

കൂട്ടാറിൽ എത്തിയപ്പോഴേക്കും ഭൂമി ഇരുണ്ടു തുടങ്ങി. കാതടപ്പിക്കുന്ന ചീവിടിന്റെ ശബ്ദം വല്ലാതെ അലോസരമായി തോന്നി. എങ്കിലും പ്രകൃതിയുടെ വിരിമാറിലൂടെയുള്ള യാത്ര നന്നായി ആസ്വദിച്ചു. ഞങ്ങളുടെ വരവും കാത്ത് കൂട്ടാറിൽ കാത്തിരിക്കുന്ന ബന്ധുവീട്ടിലേക്ക് ഒൻപതുമണിയോടെ എത്തി. പുറത്തേക്കിറങ്ങാൻ പറ്റാത്ത തണുപ്പ്. പല്ലുകൾ കൂട്ടിയിടിക്കുന്ന കുളിര്. വിരുന്നു സൽക്കാരവും കഴിഞ്ഞ് നേരേ കരിമ്പടം പുതച്ച് ഉറക്കത്തിലാഴ്ന്നു.

പാറക്കെട്ടുകളിൽനിന്നു വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. കണ്ണുകൾ പതിയെ തുറന്നു. കാർമേഘം മൂടിയിരിക്കുന്നു. കനത്ത മഴപെയ്യും, തീർച്ച. കാഴ്ചകളുടെ മായാലോകത്തേക്കു യാത്ര തിരിക്കാൻ രാവിലെ തന്നെ റെഡിയായി. കൂട്ടാർസിറ്റിയിൽനിന്നു തിരിച്ചു. ഇടുക്കിയിൽ ടൗണിനു പകരം സിറ്റിയാണ്. ചെറിയ ഗ്രാമപ്രദേശമാണെങ്കിലും സ്ഥലപ്പേരോടുകൂടി സിറ്റിയെന്ന പ്രയോഗം പുതുതായി കേൾക്കുന്നവര്‍ക്കു കൗതുകമാകും..
മരണത്തിൽനിന്നു രക്ഷപ്പെട്ടു

പെരിയാറിന്റെ കൈവഴിയായി ഒഴുകുന്ന വെള്ളച്ചാട്ടത്തിൽ കണ്ണുടക്കി. എങ്ങനെയും വെള്ളത്തിൽ കാലു നനയ്ക്കണമെന്നായി. പാറക്കെട്ടുകളുടെ ഇടയിലൂടെ നൂഴ്ന്നിറങ്ങി കുത്തനെ വെള്ളം ഒഴുകിയെത്തുന്നയിടത്ത് എത്തി. മഴയായതിനാൽ വെള്ളത്തിന് നല്ല ഒഴുക്കുണ്ട്. ഇൗ വെള്ളം ഒഴുകിയെത്തുന്നത് അഞ്ചുരുളിയിലാണ്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിനോടൊപ്പം സെൽഫി പകർത്താൻ തുനിഞ്ഞ ചേട്ടൻ വെള്ളത്തിന്റെ ഒഴുക്കിലേക്കു വീണു. ഞങ്ങൾ എല്ലാവരും ഉറക്കെ വിളിച്ചു കൂവി, ജലതരംഗങ്ങളോടൊപ്പം പ്രതിധ്വനിച്ച അലർച്ച ആരു കേൾക്കാൻ. ഭാഗ്യം തുണച്ചു. വള്ളിപ്പടർപ്പിൽ പിടികിട്ടിയതുകൊണ്ട് മരണത്തിൽനിന്നു രക്ഷപ്പെട്ടു. വെള്ളച്ചാട്ടത്തിനോടു കൈകൂപ്പി പ്രാർഥിച്ചു നേരെ കാറ്റാടിപ്പാടത്തേക്കു തിരിച്ചു.

ഇടുക്കിയിലെ ബംഗ്ലദേശ്
പോത്തിൻകണ്ടം-. പാറക്കടവ്-. കുഴിക്കണ്ടം-പൂന്തോപ്പിൽപടി വഴി ബംഗ്ലദേശ് റോഡിലെത്തി. ഇടുക്കിയിൽ ബംഗ്ലദേശോ? കൗതുകം തോന്നി. ബംഗാളിയുെട വാസസ്ഥലമല്ല കേട്ടോ. മലയാളികളുടെ ഏരിയ തന്നെയാണ്. കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ചെറിയൊരു ഗ്രാമമാണ് ബംഗ്ലദേശ്. പേരിനു പിന്നിലെ കഥയൊന്നും സമീപവാസികൾക്കുപോലും നിശ്ചയമില്ല. അവിടുന്നു നേരെ ഞങ്ങൾ കാറ്റാടിപ്പാടത്തെത്തി.

കൊടുങ്കാറ്റിന്റെ ശക്തി

കാറ്റാടിപ്പാടം കേട്ടതിലും വലിയ അദ്ഭുതമായിരുന്നു. പച്ചവിരിച്ച താഴ്‍വാരങ്ങളിൽ അങ്ങിങ്ങായി നിലകൊള്ളുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ. അധികം ആരും കടന്നുചെല്ലാത്ത ഇടം. കാണേണ്ട കാഴ്ച തന്നെയാണിവിടം. മറ്റൊരു പ്രത്യേകത കാറ്റിന്റെ ശക്തിയാണ്. കാതടപ്പിക്കുന്ന കാറ്റിന്റെ ശബ്ദം. കൊടുങ്കാറ്റ് എന്നുതന്നെ പറയാം.

കാറ്റിന്റെ ശക്തിയിൽ വാഹനം വരെ പറന്നുപോകുന്നമെന്നു തോന്നി. കാറ്റിൽ പറന്ന് അടിവാരത്തു വീഴുമോ എന്നായിരുന്നു പേടി. രസവും അതിശയവും ഉണര്‍ത്തുന്ന കാറ്റാടിപ്പാടം കണ്ടു കൊതിതീരില്ല. അദ്ഭുതം നിറഞ്ഞ കാഴ്ചകൾക്കു സാക്ഷിയാകുമ്പോൾ അറിയാതെ പറഞ്ഞു പോകും പ്രകൃതി അപ്സരസ്സ് തന്നെയാണെന്ന്.

ഇടുക്കിയാത്രയ്ക്ക് അടിവരയിട്ടു കൊണ്ടുള്ള അടുത്ത കാഴ്ച രാമക്കൽമേടായിരുന്നു. പ്രകൃതിയുടെ ദൃശ്യവിരുന്നിനൊപ്പം കുറവൻ കുറത്തി ശിൽപവും കൽമണ്ഡപവും തമിഴ്നാടിന്റെ വിദൂരദൃശ്യവുമൊക്കെ അദ്ഭുതപ്പെടുത്തും. കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകളായിരുന്നു. അതു കണ്ടു തന്നെ അനുഭവിക്കണം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റ വീശുന്നയിടം. തമിഴ്നാടിന്റ് വിദൂരദ്യശ്യം കാൻവാസിൽ വരച്ച ചിത്രം പോലെയാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലമുകളിൽ, തമിഴ്‌നാട്ടിലേക്കു നോക്കിയിരിക്കുന്ന കുറവന്‍റെയും കുറത്തിയുടെയും കുട്ടിയുടെയും പ്രതിമകൾ ആരെയും ആകർഷിക്കും.

രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ ശേഷം ശ്രീരാമൻ സീതയെ തിരഞ്ഞു പോകും വഴി ഒരു കാൽ കുത്തിയ മലയാണ് രാമക്കൽമേട് എന്നാണ് െഎതിഹ്യം. കാറ്റാണ് രാമക്കൽമേട്ടിലെ താരം. അതു സാക്ഷ്യം പറയുന്നതാണ് ഇവിടുത്തെ കാറ്റാടിപ്പാടങ്ങൾ. കാറ്റിനൊപ്പം മഴ പെയ്തതോടെ രാമക്കൽമേടിനോടു യാത്ര പറഞ്ഞു. ഉച്ചയൂണ് സമയം അതിക്രമിച്ചിരിക്കുന്നു, കുട്ടികളടക്കം ഒരേ സ്വരത്തിൽ വിശപ്പിന്റെ സൈറൻ മുഴക്കാൻ തുടങ്ങി. വഴിയരികിൽ കണ്ട നാടൻ ഭക്ഷണശാലയിൽ കണ്ണുടക്കി. വാഹനം നേരെ ഹോട്ടലിലേക്ക് തിരിച്ചു. ചൂടുപാറുന്ന ചോറും സാമ്പാറും മീൻവറുത്തതും കൂട്ടി പിടിപിടിച്ചും. നാവിലെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന സ്വാദായിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഉൗണ് കലക്കി. അപ്പോഴെക്കും നേരം മൂന്നുമണി കഴിഞ്ഞിരുന്നു. ഇരുട്ടവീഴുന്നതിനുമുമ്പ് നാട്ടിലെത്തണം. ഇടുക്കിയുടെ സുന്ദരകാഴ്ചകളുടെ ലഹരിയിൽ നിന്നും തിരിച്ച് കാറിലേക്ക് കയറി. കണ്ടകാഴ്ചകളുടെ ഒാർമയുമായി നാട്ടിലേക്ക് മടങ്ങി.